
സ്വാതന്ത്ര്യസമര കാലത്തെ ജ്വലിക്കുന്ന ഓര്‍മകളും ഇന്ത്യ-പാക് വിഭജനത്തിന്റെ നൊമ്പരങ്ങളും നെഞ്ചിലേറ്റി നടന്നുനീങ്ങിയ അസാധാരണനായ ഒരു സാധാരണക്കാരന്‍...അതായിരുന്നു മഹേന്ദ്രനാഥ് സത്യാര്‍ഥി എന്ന എം.എന്‍. സത്യാര്‍ഥി. ആരുടെ മുമ്പിലും കുനിയാത്ത തല. സ്വാതന്ത്ര്യസമര പെന്‍ഷനോ താമ്രപത്രത്തിനോ വേണ്ടി ഒരു ഭരണകൂടത്തിനുമുന്‍പിലും സ്വന്തം വ്യക്തിത്വം അടിയറ വെക്കാത്ത ധീരവിപ്ലവകാരി. ഇത്രയൊക്കെ ആയിരുന്നിട്ടും ഒരു സാധാരണ കൃഷിക്കാരന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച ഒരസാമാന്യ വ്യക്തിത്വത്തിനുടമ - ഇതായിരുന്നു എന്റെ അച്ഛന്‍.
അച്ഛനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യമായി മനസ്സിലേക്കോടിയെത്തുകഅകലെനിന്ന് മിന്നുന്ന ചൂട്ടിന്റെ വെളിച്ചമാണ്. ടോര്‍ച്ചുലൈറ്റുകള്‍ വ്യാപകമല്ലാതിരുന്ന കാലം.
കോഴിക്കോട് ടൗണിലെ സാംസ്‌കാരിക പരിപാടികള്‍ കഴിഞ്ഞാവും വീട്ടിലേക്കുള്ള വരവ്.മുണ്ടിക്കല്‍താഴത്തെ പച്ചക്കറിക്കടയില്‍നിന്ന് ഒരു ഓലച്ചൂട്ടും വാങ്ങി അതും തെളിച്ച് കുന്നിനുമുകളിലെ വീട്ടിലേക്ക് നടന്നുവരാറുള്ള അച്ഛന്‍. ഒരു കൈയില്‍ തൂക്കിപ്പിടിച്ച സഞ്ചിയില്‍ വീട്ടിലേക്കുവേണ്ട സാധനങ്ങളും അന്ന് രാവിലെ പോസ്റ്റോഫീസില്‍നിന്ന് കിട്ടിയ പത്രക്കെട്ടുകളും ഉണ്ടായിരിക്കും കഞ്ഞിയും മീന്‍ വറുത്തതും ആയിരുന്നു ഇഷ്ട ഭക്ഷണം. അതും കഴിച്ച് നേരെ എഴുത്തുമുറിയിലേക്ക് കയറിപ്പോവും.
ഞങ്ങള്‍ ഒന്നുറങ്ങി എണീക്കുമ്പോഴും അച്ഛന്റെ മുറിയില്‍നിന്ന് നേര്‍ത്ത പ്രകാശം വരാന്തയില്‍ വീണു കിടപ്പുണ്ടാവും. അന്നത്തെ തപാലില്‍ വന്നതെല്ലാം വായിച്ചു നോക്കുകയും പത്രങ്ങള്‍ക്ക് കൊടുക്കാനുള്ള കഥകളും ലേഖനങ്ങളും എഴുതുകയും ചെയ്യുകയാണ് എന്നറിയാവുന്നതിനാല്‍ ഞാനോ അനുജനോ അമ്മയോ ആ മുറിയിലേക്ക് കടന്നുചെല്ലാറില്ലായിരുന്നു.
ഒട്ടും സംസാരപ്രിയനല്ലാതിരുന്നതു കൊണ്ടുതന്നെ കുട്ടിക്കാലത്തെക്കുറിച്ചോ തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ചോ കൂടുതല്‍ ആരോടും സംസാരിക്കാന്‍ അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ദിവസം ഗാന്ധിജിയെക്കുറിച്ചുള്ള ഒരു പാഠഭാഗത്തില്‍ 'ഹിന്ദു പാനി' എന്നും 'മുസല്‍മാന്‍ പാനി' എന്നും കണ്ടപ്പോള്‍ ഞാന്‍ അതേക്കുറിച്ച് അച്ഛനോട് ചോദിച്ചു. അപ്പോഴാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും അച്ഛന്‍ അതില്‍ പങ്കെടുക്കാന്‍ ഇടവന്നതിനെക്കുറിച്ചും വളരെ കുറച്ചുകാര്യങ്ങള്‍മാത്രം എന്നോട് പറഞ്ഞുതന്നത്.
നാഷണല്‍ കോളേജില്‍ ഇന്‍റര്‍ മീഡിയറ്റിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ലാഹോറിലെ ബ്രിട്ടീഷ് പോലീസ് അസിസ്റ്റന്‍റ് കമ്മീഷണറെ ആരോ വെടി വെച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട് കോളേജില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ അച്ഛനും ഉള്‍പ്പെട്ടിരുന്നു. 1928 ല്‍ സൈമണ്‍ കമ്മീഷനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച കാലഘട്ടമായിരുന്നു അത്. രണ്ട് മാസത്തോളം പോലീസ് അവരെ പൈശാചികമായി മര്‍ദിച്ചു. എന്നിട്ടും തെളിവ് ലഭിക്കാതിരുന്നതിനാല്‍ അച്ഛനെ ഒഴികെമറ്റുള്ളവരെയെല്ലാം പോലീസ് വിട്ടയച്ചു.
ചെറുപ്പം മുതല്‍ക്കേ അക്ഷരങ്ങളും വാക്കുകളും ചിന്തകളും അച്ഛന് കൂട്ടായിരുന്നു. പ്രശസ്ത കവി മൗലാന സഫര്‍ അലിഖാന്‍ നടത്തിയിരുന്ന പഞ്ചാബിലെ 'ജമീന്ദാര്‍' എന്ന മാസികയുടെ ബാലപംക്തിയില്‍ അച്ഛന്‍ കഥകളും കവിതകളും എഴുതാറുണ്ടായിരുന്നു. മഹാകവി ഇക്ബാലും എഴുതാനുള്ള പ്രചോദനം അച്ഛന് നല്കിയിരുന്നു. അവയെല്ലാം ബ്രിട്ടീഷ് ഭരണകൂടത്തെ അട്ടിമറിക്കാനും സായുധസമരം നടത്താനും ആഹ്വാനം നല്കുന്നവയാണ് എന്ന കാരണത്താലാണത്രേ അച്ഛനെ വിടാതിരുന്നത്.
പിന്നീട് പഞ്ചാബില്‍നിന്ന് നാടുകടത്തി, ചങ്ങലയ്ക്കിട്ട നിലയില്‍ അച്ഛനെ കല്‍ക്കട്ട റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയാണ് പോലീസ് ചെയ്തത്. ബംഗാളിലെ അന്നത്തെ വിപ്ലവ സംഘടനയായ അനുശീലന്‍ സമിതി അച്ഛന് അഭയം നല്‍കി. പിന്നീടുള്ള കുറച്ചു കാലം അവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം വരെ സഞ്ചരിച്ചു.
മനുഷ്യജീവിതത്തിന്റെ എല്ലാ മുഖങ്ങളും അച്ഛന്‍ മനസ്സിലാക്കിത്തുടങ്ങുകയായിരുന്നു. അതേസമയം, തന്നെ കുറ്റവാളി ആക്കിയവരില്‍ ഒരാളെയെങ്കിലും കൊല്ലണം എന്നപ്രതികാരചിന്ത മനസ്സില്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
1930 ഡിസംബര്‍ 26-ന് നാഷണല്‍ കോളേജില്‍ സന്നദ്ദാന ചടങ്ങിനായി എത്തുന്ന പഞ്ചാബ് ഗവര്‍ണര്‍ സര്‍ ജാഫ്രഡി മോണ്ട് മൊഴ്സിയെ വെടിവെക്കാന്‍ അച്ഛനും കൂട്ടരും പദ്ധതിയിട്ടു. സുഹൃത്തായിരുന്ന ഹരികിഷന്‍ ആയിരുന്നു കൂടെ. പുസ്തകങ്ങള്‍ക്കിടയില്‍ ആയുധങ്ങള്‍ ഒളിപ്പിച്ച് സെനറ്റ് ഹാളിന്റെ രണ്ടു ഭാഗത്തായി രണ്ടുപേരും നിലയുറപ്പിച്ചു. ഗവര്‍ണര്‍ വെടിയേറ്റുവീണ ഉടന്‍തന്നെ രക്ഷപ്പെടണം എന്നതായിരുന്നത്രേ പ്ലാന്‍. ഹാളിനു പുറത്ത് വേറെയും സുഹൃത്തുക്കള്‍ സഹായികളായി ഉണ്ടായിരുന്നു. എന്നാല്‍ ഹരികിഷന് ഉന്നം തെറ്റിയതിനാല്‍ ഗവര്‍ണറുടെ താടിയെല്ലിനാണ് വെടിയേറ്റത്. അച്ഛനും ഹരികിഷനും പോലീസ് പിടിയില്‍ അകപ്പെട്ടു.
1931 ജൂണ്‍ 9-ന് ഹരികിഷനെ തൂക്കിലേറ്റുകയും അച്ഛനെ ജീവപര്യന്തം ആന്‍ഡമാനിലേക്ക് നാടുകടത്താന്‍ ഉത്തരവാകുകയും ചെയ്തു.
അക്കാലത്ത് ആന്‍ഡമാനില്‍ എത്തിയാല്‍ മരണം ഉറപ്പായിരുന്നതിനാല്‍ അവിടേക്ക് പോവാതെ പഠനം തുടരാന്‍ നേതാക്കള്‍ ഉപദേശിച്ചു. അങ്ങനെ വടക്കേ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ തടവുശിക്ഷ അനുഭവിക്കുകയും പഠനം തുടരുകയും ചെയ്തു. ലാഹോര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഉര്‍ദുവില്‍ ഓണേഴ്സ് ലഭിച്ചു. പഠനം കഴിഞ്ഞ് ആന്‍ഡമാനിലേക്ക് അയയ്ക്കാനുള്ള തീരുമാനം വീണ്ടും വന്നു. ആന്‍ഡമാനിലെ ജയില്‍വാസത്തേക്കാള്‍ കഴുമരമാണ് എന്തുകൊണ്ടും നല്ലതെന്ന് തോന്നിയ നാളുകള്‍ ആയിരുന്നത്രെ അത്. രണ്ട് ഇന്ത്യന്‍ പോലീസുകാരുടെയും ഒരു ആംഗ്ലോ ഇന്ത്യന്‍ സര്‍ജന്റെയും അകമ്പടിയോടെ കല്‍ക്കത്തയ്ക്കുള്ള യാത്രയ്ക്കിടയില്‍ അകമ്പടിക്കാരുടെ കണ്ണുവെട്ടിച്ച് അച്ഛന്‍ ട്രെയിനില്‍ നിന്ന് പുറത്തുചാടി.
പിന്നീടങ്ങോട്ട് നീണ്ട ഒളിവുജീവിതം ആയിരുന്നു. ഗ്രാമീണരുടെ ഇടയില്‍ സംഘബോധത്തിന്റെ വിത്ത് പാകാന്‍ ഒരു നിയോഗം പോലെ ചെലവിട്ട വര്‍ഷങ്ങള്‍...കര്‍ഷകത്തൊഴിലാളികളുടെ ദയനീയാവസ്ഥ മനസ്സിലാക്കുകയുംഅവയെക്കുറിച്ച് പല പേരുകളില്‍ പാര്‍ട്ടി പത്രങ്ങളിലൂടെ ബഹുജനങ്ങളെ അറിയിക്കുകയും ചെയ്തു.
സുഭാഷ് ചന്ദ്രബോസ് രൂപവത്കരിച്ച സ്വതന്ത്ര രാഷ്ട്രീയ സംഘടനയായ ഫോര്‍വേഡ് ബ്ലോക്കിന്റെ മുഖപത്രമായി ഫോര്‍വേഡ് ബ്ലോക്ക് വാരിക തുടങ്ങിയപ്പോള്‍ അച്ഛനും പ്രതിഫലം വാങ്ങാതെ അതില്‍ ജോലി ചെയ്തു. ഇതിനിടയില്‍ സുഭാഷ് ചന്ദ്രബോസിനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. അവിടെനിന്നും നേതാജി രാജ്യം വിടാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനപ്രകാരം അദ്ദേഹത്തെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടത് ഭഗത് റാം തല്‍വാറും അച്ഛനും ആയിരുന്നു.
പഠാന്‍കാരുടെ വേഷത്തില്‍ അവര്‍ നേതാജിയെ പുറത്തിറക്കി കാബൂളില്‍ എത്തിക്കുകയും അവിടെനിന്ന് റഷ്യയിലേക്ക് കടത്തുകയുമായിരുന്നു ലക്ഷ്യം. ധന്‍ബാദില്‍നിന്ന് കല്‍ക്കത്ത മെയിലില്‍ ഡല്‍ഹി, ഡല്‍ഹിയില്‍ നിന്ന് ഫ്രോണ്ടിയര്‍ മെയിലില്‍ പെഷവാര്‍ എന്നിങ്ങനെ ആയിരുന്നു യാത്ര തീരുമാനിച്ചിരുന്നത്.
പക്ഷേ, നേതാജി കാബൂളില്‍ എത്തുമ്പോഴേക്കും റഷ്യ സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ഈ സമയത്തെ നേതാജിയുടെ തിരോധാനം ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ചു. ഇതൊന്നുമറിയാതെ ഭഗത്റാമും അച്ഛനും ഗിരിവര്‍ഗ പഠാന്‍കാരെ സംഘടിപ്പിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയായിരുന്നു.
1945 ല്‍ വേഷപ്രച്ഛന്നനായി ബംഗാളില്‍ തിരിച്ചെത്തുകയും ചമന്‍ലാല്‍ ആസാദ് എന്ന പേരില്‍ ബംഗാളിലെ 'സ്വാധീനത'എന്ന കമ്യൂണിസ്റ്റ് പത്രത്തിന്റെ പ്രതിനിധി ആവുകയും ചെയ്തു അച്ഛന്‍. 1947 ആഗസ്ത് 15-ന് ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന്റെ പുലരിയെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാവില്‍നിന്ന് ആദ്യം കേള്‍ക്കാന്‍ കഴിഞ്ഞ പത്രപ്രവര്‍ത്തകന്‍ ഞാനാണ് എന്ന് പറയുമ്പോള്‍ ആ വിപ്ലവകാരിയുടെ മുഖത്തുനിന്ന് അഭിമാനത്തിന്റെ അഗ്‌നിജ്വാലകള്‍ ഉയരുന്നുണ്ടായിരുന്നു. അതേപോലെ വിഭജനം തീര്‍ത്ത മുറിപ്പാടുകള്‍ സമരവീര്യമുള്ള രണ്ടു ജനതകളെ ബംഗാളികളെയും പഞ്ചാബികളെയും വെട്ടി മാറ്റപ്പെടുന്നതുകൂടി കാണേണ്ടിവന്നു എന്ന് പറയുമ്പോള്‍ ആ മനസ്സിന്റെ വേദനയും ഞാന്‍ അറിഞ്ഞിരുന്നു.
ലാഹോറില്‍നിന്ന് അമൃത്സറിലേക്ക് ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്കൊപ്പംനടത്തിയ 28 ദിവസം നീണ്ട യാത്രയെക്കുറിച്ചും അച്ഛന്‍ എന്റെ ആദ്യത്തെ സംശയത്തിന് ഉത്തരമായി വിവരിച്ചിരുന്നു. ദാഹവും വിശപ്പും കൊണ്ട് വലഞ്ഞ് വെള്ളം കുടിക്കാന്‍ ഓടിയെത്തുമ്പോള്‍ 'ഹിന്ദു പാനി' 'മുസല്‍മാന്‍ പാനി' എന്നിങ്ങനെ വേര്‍തിരിച്ച് വെള്ളം നല്കുന്നതും അസഹനീയമായിരുന്നു.
മരണത്തെ മുഖാമുഖം കണ്ട ദിനരാത്രങ്ങള്‍ ആയിരുന്നു അതെല്ലാം. അച്ഛന്‍ ആരോടും അധികം സംസാരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. സ്വഭാവം അറിയാവുന്നത് കൊണ്ടുതന്നെ ഞങ്ങളും അതിനനുസരിച്ച് ജീവിച്ചുപോന്നു. കുന്നിനുമുകളിലെ വീട്ടില്‍ വല്ലപ്പോഴും വരാറുള്ള ചുരുക്കം ചില പത്രപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും അച്ഛന്‍ പങ്കുവെച്ച ചില വിവരങ്ങള്‍ ഞാനും കുറിച്ചിടുന്നു...
അച്ഛനെ ഒരു എഴുത്തുകാരന്‍ ആക്കി മാറ്റിയതില്‍ പ്രധാനപങ്ക് വഹിച്ചത് ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന്‍ ആയിരുന്നു. ബിമല്‍ മിത്രയുടെ 'കടി ദിയെ കിന്‍ലാം'എന്ന ബംഗാളി നോവല്‍ 'വിലയ്ക്ക് വാങ്ങാം' എന്ന പേരില്‍ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ചു. ആ കൃതിയിലൂടെയാണ് അച്ഛന്‍ മലയാളികള്‍ക്ക് സുപരിചിതനായത്. പിന്നീടങ്ങോട്ട് നാല്പതോളം പുസ്തകങ്ങള്‍ വിവര്‍ത്തനമായും സ്വന്തം കൃതിയായും വന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍, ഗാന്ധിജി, നേതാജി, ഭഗത് സിങ്, രാജ്ഗുരു എന്നിവരോടൊപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അനുഭവങ്ങള്‍ മലയാളികള്‍ക്ക് മുമ്പില്‍ തുറന്നുകാണിച്ചു. ബംഗാളി, പഞ്ചാബി, ഉര്‍ദു, ഹിന്ദി എന്നീ ഭാഷകളിലെ ധാരാളം പുസ്തകങ്ങളിലെ വാക്കുകളുടെ വര്‍ണപ്രപഞ്ചം മലയാളിക്ക് മുന്നില്‍ കാഴ്ചവെച്ചു. മലയാളികളുടെ ഹൃദയത്തില്‍ കല്‍ക്കത്തയ്ക്കും അവിടത്തെ സാധാരണമനുഷ്യര്‍ക്കും ഒരു സ്ഥാനം നല്‍കുന്നതില്‍ അച്ഛന്റെ വിവര്‍ത്തന ശൈലി കാരണമായിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ മറ്റു ഭാഷകളിലെ വാക്കുകള്‍ക്ക് ഏറ്റവും യോജിച്ച മലയാളവാക്കുകള്‍ കണ്ടെത്തി ഉപയോഗിക്കുക എന്നത് അച്ഛന്റെ നിര്‍ബന്ധമായിരുന്നു. എന്നിട്ടും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അച്ഛനെത്തേടി എത്തിയോ എന്ന സന്ദേഹം എനിക്കുണ്ട്, അച്ഛന്‍ അതാഗ്രഹിച്ചിരുന്നില്ലെങ്കില്‍ പോലും...
കെ.എ. അബ്ബാസ്, മൃണാള്‍ സെന്‍, സത്യജിത് റായ് തുടങ്ങിയ അനേകം പ്രഗല്‍ഭര്‍ അച്ഛന്റെ സുഹൃദ്വലയത്തില്‍ ഉണ്ടായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള പല എഴുത്തുകാരും വീട്ടില്‍ വരുമ്പോള്‍ ഉര്‍ദു, പഞ്ചാബി, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെ സംഭാഷണങ്ങള്‍ കൊണ്ട് വീട് ശബ്ദമുഖരിതമാവുമായിരുന്നു എന്ന് ഞാന്‍ ഓര്‍മിക്കുന്നു. സ്‌നേഹം മനസ്സില്‍ ഒളിപ്പിച്ചുവെച്ച് കുറെയേറെ പറഞ്ഞും ഒരുപാട് പറയാതെയും അച്ഛന്‍ അരങ്ങൊഴിഞ്ഞു പോയപ്പോള്‍ വല്ലാത്തൊരു ശൂന്യത...
മരണത്തിന് കുറച്ചുദിവസം മുന്‍പ് തോളിലെ ഒരു അടയാളത്തില്‍ തൊട്ടു കാണിച്ച് ഇത് വെടിയുണ്ട ഏറ്റതാണ് എന്ന് സ്വതഃസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞത് ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ജൂലായ് നാല് വീണ്ടും വന്നു. അച്ഛന്‍ നടന്നകന്നിട്ട് പതിനേഴ് വര്‍ഷം...