കാലം സോഷ്യല്‍മീഡിയയുടേതാണ്. വ്യക്തികളിലേക്ക് ഊര്‍ന്നിറങ്ങിയ വിവരസാങ്കേതിക വിദ്യയുടെ കാലം. സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി സോഷ്യല്‍ മീഡിയ മാറിക്കൊണ്ടിരിക്കുന്നതിനൊപ്പം അതിന്റെ ദുരുപയോഗത്തിന്റെ തിക്തഫലങ്ങളും നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. നല്ലതിനെ നല്ലതായി കാണുന്നതുപോലെ അതിന്റെ ചില ചീത്തവശങ്ങളെ കണ്ടില്ലെന്നു നടിക്കാനുമാകില്ല. പ്രണയ/ജീവിതത്തകര്‍ച്ചകളില്‍ എതിരാളിയെ മാനസികമായും സാമൂഹികമായും തറപറ്റിക്കാന്‍ സോഷ്യല്‍മീഡിയയെ കരുവാക്കുന്ന സംഭവങ്ങള്‍ ഏറിവരികയാണ്.
പ്രണയം തകരുമ്പോള്‍ അതുവരെ സ്വന്തമെന്നു കരുതിയ പ്രണയിനിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലും ഡേറ്റിങ് സൈറ്റുകളിലും പ്രചരിപ്പിക്കുന്നത് - റിവഞ്ച് പോണ്‍ - ഇന്ന് അന്താരാഷ്ട്രതലത്തില്‍ വളര്‍ന്നുവരുന്ന കുറ്റകൃത്യമാണ്. കേരളത്തിലും ഇത്തരം കേസുകള്‍ പലതവണ റിപ്പോര്‍ട്ടു ചെയ്തു. ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2012-13 കാലഘട്ടത്തേക്കാള്‍ 63.7 ശതമാനം വര്‍ദ്ധനയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഈ വര്‍ഷം ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായാണ് എന്‍.സി.ആര്‍.ബി ഡയറക്ടര്‍ ആര്‍.ആര്‍ വര്‍മ്മ വ്യക്തമാക്കുന്നത്. ഈ ഗണത്തില്‍പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ ഇതിനെതിരെ ഭരണകൂടം എന്തുചെയ്യുന്നു എന്ന ചോദ്യം പ്രസക്തമാണ്.
പ്രേമിച്ചു നടന്ന കാലത്ത് എടുത്തുവെച്ച ചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപ്പ് വഴിയും ഫെയ്‌സ്ബുക്കുവഴിയും പ്രചരിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. വാര്‍ത്തയില്‍ നിറഞ്ഞ പല ആത്മഹത്യക്കു പിന്നിലും ഇത്തരം സംഭവങ്ങള്‍ കണ്ടെത്തി. എന്നാല്‍ മറ്റു വന്‍നഗരങ്ങളിലെ കഥ കുറച്ചുകൂടി വ്യത്യസ്തമാണ്. യു.എസിലും ബ്രിട്ടണിലുമൊക്കെ റിപ്പോര്‍ട്ടു ചെയ്ത ആസൂത്രിത കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലേക്കു പോലും ഇവയില്‍ ചിലത് എത്തിച്ചേര്‍ന്നിട്ടുണ്ട്.
മുംബൈക്കാരി കല്‍പ്പനക്ക് (പേര് യഥാര്‍ത്ഥമല്ല) നേരിട്ട അനുഭവം: പതിവുപോലെ ഇമെയില്‍ അക്കൗണ്ട് തുറന്ന കല്പനക്ക് ഒരു പോണ്‍സൈറ്റില്‍ നിന്നുള്ള ലിങ്ക്- അതില്‍ available for sex എന്ന ക്യാച്ച് വേഡില്‍ കണ്ടത് സ്വന്തം നഗ്ന ചിത്രമായിരുന്നു. സൈബര്‍വിദഗ്ധരുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വിവാഹമോചനം നേടിയ ഭര്‍ത്താവ്, പ്രണോയി, കുറ്റക്കാരനെന്ന് കണ്ടെത്തി. ഒന്നിച്ചു ജീവിച്ചകാലത്ത് മൊബൈലില്‍ പകര്‍ത്തിയ ഫോട്ടാ ആയിരുന്നു അദ്ദേഹം പ്രതികാരം തീര്‍ക്കാന്‍ ഉപയോഗിച്ചത്. കല്പനയുടേത് ഒറ്റപ്പെട്ട കേസല്ല, കര്‍ണാടകയിലും ഉത്തര്‍ഖണ്ഡിലും കൊല്‍ക്കത്തയിലുമൊക്കെ സമാനമായ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇരകള്‍ മിക്കവരും കോളേജ് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍ പ്രതികള്‍ സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍. കാമുകര്‍ എന്ന സ്ഥാനവുമുണ്ടായിരുന്നു അവര്‍ക്ക് അതിന് തൊട്ടുമുമ്പുവരെ.
ഇത്തരം വീണുകിട്ടുന്ന അശ്ലീല ചിത്രങ്ങള്‍ ഉപയോഗിച്ചു മാത്രം നടത്തുന്ന അനധികൃത വെബ്‌സൈറ്റുകള്‍ ആയിരക്കണക്കിനുണ്ട്. ദേഷ്യം തീര്‍ക്കുന്നവര്‍ മിക്കവരും ഇവയെ ആണ് ആശ്രയിച്ചുകാണുന്നത്. വ്യാജ ഫോട്ടോകളില്‍ യഥാര്‍ത്ഥ അഡ്രസ്സും ഫോണ്‍നമ്പറും നല്‍കുന്നതും പതിവായിക്കൊണ്ടിരിക്കുന്നു. പൊതുകക്കൂസുകളില്‍ ഫോണ്‍നമ്പറുകള്‍ എഴുതിവെക്കുന്ന മാനസികരോഗം പോലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്ന്.
ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഭരണകൂടത്തിന്റെ കൈയിലുള്ളത് ഐടി ആക്ടിലെ അത്ര ശക്തമല്ലാത്ത വകുപ്പുകളും ക്രിമിനല്‍ നിയമങ്ങളുടെ ദുര്‍ബലമായ പിന്‍ബലവും മാത്രമാണ്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണമോ പ്രചാരണപ്രവര്‍ത്തനങ്ങളോ വേണ്ടത്രയുണ്ടായിട്ടുമില്ല. ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സ്വഭാവവും കൂടി മനസ്സിലാക്കിയാല്‍ ബോധവല്‍ക്കരണത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസ്സിലാകും. ചെയ്യാന്‍പോകുന്ന തെറ്റിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് മിക്കവരും ഇറങ്ങിപ്പുറപ്പെടുന്നത്. പെട്ടെന്നുണ്ടാകുന്ന വിദ്വേഷത്തിന്റെ ബലത്തില്‍. വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇതൊക്കെ മതിയോ എന്നതും സജീവമായ ചര്‍ച്ചയാണ്.
സൈബര്‍ നിയമത്തില്‍ ഇത്തരം വിദ്വേഷ കുറ്റകൃത്യം കൃത്യമായി നിര്‍വചിച്ചിട്ടില്ല. ഐ.ടി ആക്ട് 2000 ന്റെ അമെന്റ്‌മെന്റിലെ (2008) 66ഇ, 67എ വകുപ്പുകളിലാണ് ഇവ ഉള്‍പ്പെടുന്നത്. 66 ഇ വകുപ്പുപ്രകാരം കൂടിവന്നാല്‍ മൂന്നുവര്‍ഷം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയുമോ 67 എ വകുപ്പുപ്രകാരം കൂടിവന്നാല്‍ അഞ്ചുവര്‍ഷം തടവോ അഞ്ചുലക്ഷം രൂപയോ ആണ് ശിക്ഷ ലഭിക്കുക. അനുദിനമെന്നോണം വ്യാപിക്കുന്ന കുറ്റകൃത്യത്തിന് ഇതുമതിയോ ശിക്ഷ എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. ക്രിമിനല്‍ നിയമം 2013, വകുപ്പ് 354 [C] പോലെ ചിലതും പ്രസക്തമാണ്.
ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഏറ്റവും അവസാനമായി രംഗത്തുവന്നത് സാക്ഷാല്‍ ഗൂഗിള്‍ സെര്‍ച്ചു തന്നെയാണ്. ഇരകളായവര്‍ ഗൂഗിളിനെ വിവരമറിയിച്ചാല്‍ ഉടന്‍ സെര്‍ച്ച് റിസള്‍ട്ടില്‍ നിന്നും അത്തരം ഉള്ളടക്കങ്ങള്‍ മാറ്റുമെന്നാണ് ജൂണ്‍ 19ന് ഗൂഗിള്‍ അറിയിച്ചത്. മാര്‍ച്ചില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, റെഡിറ്റ് എന്നിവരും ഇതേ പ്രഖ്യാപനം നടത്തിയിരുന്നു.
സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ നന്നായി പഠിച്ച് അവ ഉപയോഗിക്കുക.
മോര്‍ഫ് ചെയ്യാനും അതുവഴിയുള്ള ദുരുപയോഗത്തിനും സഹായിക്കുന്ന ക്ലോസ് ഷോട്ട് ചിത്രങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഷെയര്‍ ചെയ്യുന്നത് കഴിവതും ഒഴിവാക്കുക.
അടുത്തിഴപകുന്ന രംഗങ്ങള്‍ പെന്‍ഡ്രൈവുകളിലോ ഫോണ്‍ മെമ്മറിയിലോ മറ്റോ പകര്‍ത്തിവെക്കാതിരിക്കുക. കാരണം അവ ഡിലീറ്റ് ചെയ്താലും തിരിച്ചെടുക്കാനാകും. സര്‍വീസ് സെന്ററുകളില്‍ നിന്ന് ഇവ പുറത്തുവന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.
വെബ്ക്യാമുള്ള ലാപ്‌ടോപ്പുകളിലും മറ്റും ശക്തമായ ആന്റിവൈറസുകള്‍ ഉപയോഗിക്കുക. ലാപ്പ്‌ടോപ്പുകളില്‍ നുഴഞ്ഞുകയറി ക്യാമറ തനിയേ പ്രവര്‍ത്തിപ്പിച്ച് വീഡിയോകള്‍ പകര്‍ത്തുന്ന പ്രോഗ്രാമുകള്‍ നിരവധിയുണ്ട്.
സ്മാര്‍ട്‌ഫോണുകള്‍ കൃത്യമായി ലോക്കുചെയ്ത് ഉപയോഗിക്കുക. സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ എന്‍ക്രിപ്റ്റ് ചെയ്ത് പാസ്‌വേഡ് നല്‍കി മാത്രം കൈമാറുക. തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്.
ഇന്റര്‍നെറ്റില്‍ വല്ലതും എത്തിപ്പെട്ടാല്‍ അവ പൂര്‍ണമായും ഡിലീറ്റ് ചെയ്യുന്നത് എത്രത്തോളം ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണെന്ന് ആ മാധ്യമത്തെ അടുത്തറിയുന്നവര്‍ക്കറിയാം. മുന്‍കരുതലെടുക്കേണ്ടത് അത്യാവശ്യമാണ്. സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സ്വകാര്യമാക്കിവെക്കുന്നതാണ് ഏറ്റവും നല്ല പ്രതിവിധി.