SPECIAL NEWS
  Jun 24, 2015
എന്താണ് മതാതീതമനുഷ്യത്വം?
ഹമീദ് ചേന്നമംഗലൂര്‍
മതാതീതമായ സംസ്‌കാരത്തെയും അതില്‍നിന്ന് വിളയുകയും ജ്വലിക്കുകയും ചെയ്യുന്ന മാനവസ്‌നേഹത്തെയും തല്ലിക്കെടുത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്നപോലെ നമ്മുടെനാട്ടിലും ചിരകാലമായി മതവര്‍ഗീയദുശ്ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപരജനസ്‌നേഹത്തിനു പകരം അപരജനവിദ്വേഷമാണ് അത്തരക്കാര്‍ ഉദ്േബാധിപ്പിക്കുന്നതും വളര്‍ത്തുന്നതും. ഒരുവശത്ത് ആസൂത്രിതമായി ഇമ്മട്ടിലുള്ള പ്രവര്‍ത്തനങ്ങളരങ്ങേറുമ്പോഴും മതാതീതമായ മനുഷ്യത്വവും മാനവസ്‌നേഹവും ഹൃദയത്തില്‍ അണയാതെസൂക്ഷിക്കുന്നവര്‍ നമുക്കുചുറ്റുമുണ്ട് എന്നതിനുള്ള ദീപ്തവും അഭിമാനകരവുമായ തെളിവത്രേ ഏപ്രില്‍ എട്ടിലെ കടലുണ്ടി അനുഭവം. ആമട്ടില്‍ അതിനെക്കാണുന്നതിനുപകരം ആവശ്യമേതുമില്ലാതെ ആസംഭവത്തെ മതസങ്കുചിതത്വവുമായി കൂട്ടിക്കുഴയ്ക്കുകയാണ് ബഹുമാന്യനായ കെ.പി. രാമനുണ്ണി,
(ഏപ്രില്‍ 23),
(മെയ് 13) എന്നീ ലേഖനങ്ങളിലൂടെ ചെയ്തത്.

ബധിരനായ രാമനെ തീവണ്ടിമുട്ടുന്നതില്‍നിന്നു രക്ഷിക്കാന്‍ ആഞ്ഞുപാഞ്ഞ അബ്ദുറഹിമാന്റെ മനസ്സില്‍ രാമന്‍ ഹിന്ദുവാണെന്നോ താന്‍ മുസ്ലിമാണെന്നോ ഉള്ള ചിന്ത അശേഷമുണ്ടായിരിക്കാനിടയില്ല. ഇടയുള്ളത് തന്നെപ്പോലെ ഒരു മനുഷ്യനാണ് വണ്ടിതട്ടി മരിക്കാന്‍ പോകുന്നതെന്ന ആധിയും ആകുലതയുമാണ്. രാമന്റെ സ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിക്കുകയായിരുന്നു അബ്ദുറഹിമാന്‍. കഷ്ടമെന്നു പറയണം, രാമനുണ്ണിക്ക് ആ മഹാസത്യം കാണാന്‍കഴിയാതെപോയി. മുസ്ലിമായ അബ്ദുറഹിമാന്‍ ഹിന്ദുവായ രാമനെ രക്ഷിക്കാന്‍ പാഞ്ഞടുത്ത് മൃതിയടഞ്ഞുവെന്നും അതിന് അബ്ദുറഹിമാനു പ്രേരകമായത് അയാളുടെ ഇസ്ലാം മതവിശ്വാസവും ഇസ്ലാം മതസംസ്‌കാരവുമാണെന്നും ലേഖകന്‍ ഇടംവലംനോക്കാതെ വിധിയെഴുതുന്നു.

ഈ വിധിയെഴുത്ത് തികച്ചും വസ്തുതാവിരുദ്ധവും നൂറ്റിയൊന്നുശതമാനം അപകടകരവുമായ ഒരു സന്ദേശം നല്‍കുന്നുണ്ട്. ഒരു മുസ്ലിം ഒരു ഹിന്ദുവിനെ(അമുസ്ലിമിനെ) രക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് അപൂര്‍വത്തില്‍ അപൂര്‍വമായ സംഭവമാണെന്നതാണ് ആ സന്ദേശം. അപരമതക്കാരോട് സഹജീവിമനോഭാവം പുലര്‍ത്താത്ത മുസ്ലിങ്ങള്‍ക്കിടയിലെ ഒരപവാദമാണ് അബ്ദുറഹിമാന്‍ എന്നാണ് രാമനുണ്ണിലിഖിതങ്ങള്‍ വായിച്ചാല്‍ തോന്നുക. ഭൂരിപക്ഷവര്‍ഗീയസ്വരൂപങ്ങള്‍ ദീര്‍ഘകാലമായി എന്താണോ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്, അതത്രയും ശരിയാണെന്നു സമര്‍ഥിക്കാന്‍ ഇതിനെക്കാള്‍ വലിയൊരു സാക്ഷ്യപത്രം മറ്റാര്‍ക്കുനല്‍കാന്‍ സാധിക്കും?
അബ്ദുറഹിമാനെ മുസ്ലിമും രാമനെ ഹിന്ദുവുമായി അടയാളപ്പെടുത്തുകയും കടലുണ്ടിസംഭവം മുന്‍നിര്‍ത്തി മുസ്ലിം ഹിന്ദുവിനെ രക്ഷിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ചുവെന്നു പറയുകയുംചെയ്യുമ്പോള്‍ കേരളത്തില്‍ കാലമേറെയായി നിലനില്‍ക്കുന്ന മതാതീതമാനവമൈത്രിയുടെ ഊഷ്മളസാന്നിധ്യം തമസ്‌കരിക്കുകയാണ് മാന്യലേഖകന്‍ ചെയ്യുന്നത്. ഉത്തരന്ത്യേയില്‍ ചിലയിടങ്ങളില്‍ മുസ്ലിം മൊഹല്ലയും ഹിന്ദു മൊഹല്ലയും മാത്രമല്ല, ഹിന്ദുപാനിയും മുസ്ലിം പാനിയും പോലും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ പക്ഷേ, മനുഷ്യമൊഹല്ലയും മനുഷ്യപാനിയുമാണ് നിലനിന്നുപോന്നിട്ടുള്ളത്. ശ്രേയസ്‌കരമായ ആ പാരമ്പര്യം മിഥ്യയാണെന്നുവരുത്താന്‍ ശ്രമിക്കുന്ന മതമൗലികശക്തികള്‍ ഇന്നു സംസ്ഥാനത്ത് കര്‍മനിരതമാണ്. അവര്‍ക്ക് ചൂട്ടുതെളിക്കുംവിധമുള്ള അക്ഷരവിന്യാസമാണ് രാമനുണ്ണിയുടെ വിരല്‍ത്തുമ്പില്‍നിന്നുതിര്‍ന്നുവീണതെന്ന് ഖേദപൂര്‍വം പറയേണ്ടിവരുന്നു.

ഒരുനൂറ്റാണ്ടിലേറെയായി മതമനുഷ്യനില്‍നിന്ന് മതേതര/മതാതീത മനുഷ്യനിലേക്കുള്ള അനുക്രമപ്രയാണമാണ് ഇന്ത്യയും നടത്തുന്നത്. ഈ വസ്തുത പൂഴ്ത്തിവെയ്ക്കാനത്രെ ഇടശ്ശേരി(19061974)യിലേക്ക് രാമനുണ്ണി ഊളിയിടുന്നത്. 65വര്‍ഷംമുമ്പ്, 1950ല്‍, എഴുതപ്പെട്ടതും ഒരു നൂറ്റാണ്ടോളംമുമ്പ് ഇടശ്ശേരിയുടെ കൗമാരദശയില്‍ നിലനിന്ന അവസ്ഥ ചിത്രീകരിക്കുന്നതുമായ കവിതയുടെ സാമൂഹികപശ്ചാത്തലത്തെ വര്‍ത്തമാനകാലത്തിലധ്യാരോപിക്കുന്നത് കവിയോടും കവിതയോടും ചെയ്യുന്ന മഹാപരാധമാണ്. ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കുട്ടിക്കാലത്ത് (1906'16) നിലനിന്ന മത/ജാതി മനുഷ്യന്‍ എന്ന സങ്കല്പത്തില്‍നിന്ന്, നവോത്ഥാനത്തിലൂടെ കടന്നുപോയ പില്‍ക്കാലകേരളം എത്രമുന്നോട്ടുപോയെന്നതു പരിഗണിക്കാതെ ഇടശ്ശേരിക്കവിതയില്‍ 'കൂറും പെരുമയുമുള്ള മുസ്ലിം' പരാമര്‍ശിക്കപ്പെടുന്നില്ലേയെന്നു ചോദിക്കുന്നത് സ്ഥലജലഭ്രമത്തിന്റെ നിദര്‍ശനമായിമാത്രമേ വിലയിരുത്തപ്പെടൂ.
മനുഷ്യന്‍ എന്ന അമൂര്‍ത്തതയിലലിയിച്ച് ആളുകളുടെ സൂക്ഷ്മവ്യക്തിത്വമായ മതത്തെ മൂടിവെയ്ക്കുന്നത് ശരിയല്ലെന്നവാദവും രാമനുണ്ണി ഉന്നയിക്കുന്നുണ്ട്. ഇത്രമേല്‍ കാമ്പുകുറഞ്ഞ ഒരു വാദവുമായി ഇറങ്ങിത്തിരിക്കുംമുമ്പ് മനുഷ്യന്‍ എന്ന മൂര്‍ത്തതയാണ് ആദ്യമുണ്ടായതെന്നും മതം പില്‍ക്കാലത്തുരുവംകൊണ്ട സാമൂഹികബോധത്തിന്റെ അനേകം രൂപങ്ങളില്‍ ഒന്നുമാത്രമാണെന്നുമുള്ള യാഥാര്‍ഥ്യത്തിലേക്കെങ്കിലും ലേഖകന്റെ കണ്ണുകള്‍ തുറക്കണമായിരുന്നു. മതമാണ് മനുഷ്യന്റെ സൂക്ഷ്മവ്യക്തിത്വമെന്ന വാദം മതങ്ങള്‍പോലും അംഗീകരിക്കുന്നില്ല. ഇസ്ലാമുള്‍പ്പെടെയുള്ള മതങ്ങള്‍ മാനവരാശിയെയാണ് അഭിസംബോധനചെയ്യുന്നത്. മനുഷ്യന്റെ സൂക്ഷ്മവ്യക്തിത്വം മാനവികതയാണെന്നതുകൊണ്ടാണത്.


Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -