SPECIAL NEWS
  May 31, 2015
മാധവിക്കുട്ടിയുടെ വിയോഗത്തിന് ആറുവര്‍ഷം
ദേവി നായര്‍

മാധവിക്കുട്ടിയുടെ വിയോഗത്തിന് ഇന്ന് ആറുവര്‍ഷം തികയുന്നു

ആര്‍ക്കും പിടികൊടുക്കാതെ, അടിമുടി കലാകാരിയായി നമുക്കിടയില്‍ ജീവിച്ചു കടന്നു പോയ ഒരാള്‍. ആമിയെന്ന മാധവികുട്ടി. അഥവാ കമലാ സുരയ്യ. തന്നെത്തന്നെ ആവിഷ്‌കരിക്കുന്നതില്‍ അന്തസ്സ് പുലര്‍ത്തിയ വ്യക്തിത്വം. സ്‌നേഹത്തിനുവേണ്ടി കേഴുന്ന നിരാലംബമായ ഒരു ആത്മാവിന്റെ തേങ്ങലുകളായിരുന്നു ആമിയുടെ രചനകള്‍. ദൈന്യതകളെ അതിജീവിക്കാനുള്ള ഒരുത്തമാജ്വാലയായാണ് അവര്‍ സ്‌ത്രൈണ ചേതനയെ വെളിപെടുത്തിയിരുന്നത്. എതൊരനുഭവത്തെയും ആഴത്തിലും തീവ്രതയിലും ഉള്‍കൊള്ളാന്‍ പാകമായ മനസ്സായിരുന്നു അവരുടേത്. ഒരു സ്ത്രീയുടെ അനുഭവലോകം ഇത്രമേല്‍ ക്രൂശിതമാണെന്ന സത്യം ഉടുപ്പൂരിയെറിഞ്ഞു വെളിപെടുത്താന്‍ കഴിഞ്ഞ ഒരു കഥാകാരിയും പിന്നീടുണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അടിച്ചേല്‍പ്പിക്കപെട്ട കപട സദാചാരങ്ങളായിരുന്നു അവരുടെ വിയോജിപ്പുകളുടെ ഇരകളായിരുന്നത്. കേരളീയ സ്ത്രീത്വത്തെ ദാമ്പത്യത്തിന്റെ ശ്രുതിഭംഗങ്ങളില്‍ നിന്നും സദാചാര നീതികളില്‍ നിന്നും വീണ്ടെടുക്കുകയായിരുന്നു മാധവികുട്ടി. മരവിച്ചുപോയ ദാമ്പത്യത്തിന്റെ വിഹ്വലതകളോട് കലഹിച്ച് വീടിനപ്പുറമുള്ള ലോകത്തേയ്ക്കും സ്‌നേഹം പടര്‍ത്താന്‍ ശ്രമിച്ച കഥാകാരി. ആ മനസ്സ് ഒരു പരുന്തിനെപോലെ ആകാശത്ത് പറക്കുന്നു ... ജലാശയങ്ങള്‍ക്കും, മാന്തോപ്പുകള്‍ക്കും മീതെ ...അവിടെ അതിര്‍വരമ്പുകളില്ല. ദാമ്പത്ത്യേതരമായ പ്രണയത്തിന്റെ നൈസര്‍ഗികതയില്‍ ലഹരികൊള്ളുന്ന മാധവികുട്ടിയുടെ കഥാപാത്രങ്ങള്‍ പ്രണയം ഒരു സ്വാതന്ത്ര്യ സമരമാണെന്ന് തിരിച്ചറിയുന്നുണ്ട്.

ലോകത്തോട് മുഴുവന്‍ പ്രണയം പ്രഖ്യാപിച്ച ഈ കഥാകാരി വിളക്കുകള്‍ക്കപ്പുറം ശരീരത്തിന്റെ പ്രണയോല്‍സവത്തോടെ എഴുത്തില്‍ നൃത്തം ചെയ്യുന്നുണ്ട്. കോടാനുകോടി ജന്മങ്ങളിലെ അനുരാഗസാഫല്യം ഒറ്റ ജന്മത്തിലൂടെ പാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന അഗാത പ്രണയലഹരിയാണ് ആമി തന്റെ നായികമാരിലേക്ക് പകര്‍ന്നു വെച്ചത്. സ്ത്രീത്വത്തിന്റെ ആര്‍ക്കും പിടികൊടുക്കാത്ത ഗൂഡവിസ്മയങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ സ്ത്രീപുരുഷ ബന്ധങ്ങളിലെ വിപര്യയങ്ങളെ മറിച്ചിട്ടു മാധവികുട്ടി. ഈ കാണുന്ന ശരീരമാണെന്റെ വീട് എന്നെഴുതി , സ്ത്രീശരീരത്തിന്റെ പ്രലോഭിതമായതെന്തും അവതരിപ്പിച്ചാണ് നിന്ദിതമായ സ്ത്രീത്വത്തിനു വേണ്ടി മാധവികുട്ടി സ്വാതന്ത്ര്യഗോപുരം ഉയര്‍ത്തിയത്.

ശരീരത്തിന്റെ ആത്മീയത അക്ഷരനൃത്തം വെയ്ക്കുന്ന അപൂര്‍വ രചനകള്‍ നടത്തിയ ആമി ആത്മാവിനു മാത്രം കേള്‍ക്കാവുന്ന ശരീരത്തിന്റെ പാട്ടുകളാണ് പാടിയത്. എഴുത്തില്‍ നിര്‍ഭയത്വത്തിന്റെ സൗന്ദര്യജ്വാലകളായി, സ്‌നേഹത്തില്‍ ഭക്തിയും പ്രണയവും, വാത്സല്യവും , കലാപവും നിറച്ച ആ ഓര്‍മ്മകള്‍ ഇല്ലാതെ നാമെങ്ങിനെ നമ്മുടെ സാഹിത്യലോകത്തെ വായിക്കും? നഗ്‌നത സൃഷ്ടിയുടെ സൗന്ദര്യലഹരിയായി, പ്രണയം തിരതല്ലുന്ന ആത്മീയത നമ്മുടെ വയനാനുഭാവമായി മാറിയത് മാധവികുട്ടിയിലൂടെയാണ് .

സ്‌നേഹത്തിനുവേണ്ടിയുള്ള അനാഥമായ യാത്രയായിരുന്നു അത്. ആത്മാവില്‍ മുറിവേറ്റ അമ്മമാരും നിരാലംബരായ പെണ്‍ജന്മങ്ങളും, പ്രണയികളും ആ കഥകളില്‍ സ്‌നേഹത്തിന് ദാഹിച്ചലഞ്ഞു നടന്നു. ഭാവനയുടെ സൗന്ദര്യ കലാപങ്ങളായി, സ്വപ്നങ്ങളെ ജീവിതത്തിലേക്ക് ഒളിച്ചു കടത്തുന്ന മാന്ത്രിക ശക്തി ആമിയില്‍ നിറഞ്ഞു നില്ക്കുന്നത് കൊണ്ടാണ് നീര്‍മാതളങ്ങള്‍ക്കിടയിലെ ഒരു വനദേവത പോലെ സ്വപ്നങ്ങളുടെ മറ്റൊരു ഉടലായി അവരിപ്പോഴും നമുക്കിടയിലുള്ളത്. അതുകൊണ്ടാവും നാം ഈ ഓര്‍മ്മ വേളയില്‍, പേര്‍ത്തും പേര്‍ത്തും വായിക്കാന്‍ ആമിയുടെ പുസ്തകങ്ങള്‍ തേടുന്നത്.
 

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -