SPECIAL NEWS
  May 30, 2015
സൂട്ട് ബൂ്ട്ട് മച്ചാന്‍ തിയറി

യുവര്‍ ഓണര്‍... മിസ്റ്റര്‍ എം.കെ.ഗാന്ധി നല്ലൊരു സോഷ്യല്‍ സയന്റിസ്റ്റ് കൂടിയായിരുന്നുവെന്ന കാര്യം ബഹുമാനപ്പെട്ട കോടതിക്കും അറിയാവുന്നതാണല്ലോ. അദ്ദേഹത്തിന്റെ ഒരു തിയറിയുണ്ട്. ടാലിസ്മാന്‍ തിയറി. നമ്മള്‍ക്ക് സംശയമുണ്ടാവുമ്പോള്‍, 'സെല്‍ഫി'ന്റെ അസ്‌കിത കൂടുമ്പോള്‍ കണ്ണടച്ച് നാട്ടിലെ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ധ്യാനിക്കണം. നാം ചെയ്യാന്‍പോകുന്ന കാര്യം അയാളെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തണം. എന്നിട്ടേ അവനെയും ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ഇറങ്ങാവൂ. അതുപോലെ യുവര്‍ ഓണര്‍...ഒരു മച്ചാന്‍ തിയറിയും നമുക്ക് വേണം.

നമ്മള്‍ സൂട്ട് ബൂട്ട് , ഭൂമിമോഷണം എന്നൊക്കെപ്പറഞ്ഞ് ആളെക്കുടുക്കുമ്പോള്‍ യുവര്‍ ഓണര്‍..നമ്മുടെ മച്ചാന്‍മാര്‍ ആരെങ്കിലും സൂട്ടും ബൂട്ടുമിട്ട് പാവപ്പെട്ടവരുടെ ഹെക്ടറുകള്‍ മോഷ്ടിക്കാന്‍ ഇറങ്ങിയിരുന്നോ എന്നുനോക്കണം. മച്ചാനെ കൈയോടെ പിടികൂടിയപ്പോള്‍ നമ്മള്‍ മാളത്തിലായിരുന്നോ എന്നും ആലോചിക്കണം. എങ്കിലേ നമ്മള്‍ പറയുന്നത് ഏത് രാഗത്തിലായാലും അതിന് ജനം കാല്‍ക്കാശിന്റെ വിലയെങ്കിലും നല്‍കൂ. സ്വന്തം അളിയന്‍ റോബര്‍ട്ട് വാദ്ര ഭൂമി മോഷ്ടിച്ചുവെന്ന് ആരോപണമുയര്‍ന്നപ്പോള്‍ എവിടെയായിരുന്നു... യുവര്‍ ഓണര്‍... ഈ രാഹുല്‍ ഗാന്ധി?

എന്താണ് ഇവിടെ നടക്കുന്നത്? എന്റെ കക്ഷി പ്രധാനമന്ത്രിയായിട്ട് ഒരുവര്‍ഷമേ ആയുള്ളൂ. അതിന്റെ പാതിമുക്കാലും അദ്ദേഹം വിദേശത്തായിരുന്നു. കൂറ കപ്പലില്‍ക്കേറി പോയതുപോലെ എന്നൊക്കെ വിവരം കെട്ടവര്‍ പറയും. പക്ഷെ അദ്ദേഹം ഉലകം ചുറ്റാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യ എന്ന ഒരു നാട് ഭൂലോകത്തിലുണ്ടെന്ന് ഭൂമധ്യരേഖയ്ക്ക് അപ്പുറമുള്ളവര്‍ അറിഞ്ഞത്. ഇതിനിടെ ആകെ പത്തോ ഇരുപതോ ദിവസം അദ്ദേഹം ഇന്ത്യ ഭരിച്ചുകാണും. എന്നിട്ടോ എല്ലാ കുറ്റവും അങ്ങേരുടെ തലയില്‍. ഇതെന്തൊരു അന്യായം! ഇതുവരെ ആരെയും ഒരു കല്ലെടുത്തെറിയാത്ത മഹാത്മാ ആന്റണിപോലും അദ്ദേഹത്തിനുനേരെ നനഞ്ഞ മിസൈലുകള്‍ വിടുന്നു. മീശ വെച്ച വടക്കനും മീശയില്ലാത്ത തെക്കനും ഖുശ്ബുവും വീരപ്പമൊയ്‌ലിയും എന്നുവേണ്ട... വഴിയേപോയ കോണ്‍ഗ്രസുകാരൊക്കെ വിമര്‍ശനത്തിന്റെ കൂരമ്പുകളയക്കുന്നു.

എന്റെ കക്ഷി വംശഹത്യ നടത്തിയെന്ന് പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ അതേപ്പറ്റി ഒന്നും പറയുന്നില്ലെ യുവര്‍ ഓണര്‍... പകരം ഇപ്പോള്‍ കേള്‍ക്കുന്നതോ ഏതോ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു, വെടിയുണ്ട വാങ്ങുന്നത് കുറച്ചു, രാജ്യത്തെ തളര്‍ത്തി... എന്നിങ്ങനെ ചിന്ന ചിന്ന കുറ്റങ്ങള്‍. എല്ലാ മുന്‍സിപ്പാലിറ്റിയിലും മോദിക്കെതിരെ പത്രസമ്മേളനം. ഒരേ പ്രസംഗത്തിന്റെ ഫോട്ടാസ്റ്റാറ്റും കൊടുത്താണ് എ.ഐ.സി.സി ഇവരെയെല്ലാം ഇറക്കിവിട്ടത്. മോദിയെക്കാള്‍ നല്ല ഭരണമായിരുന്നെങ്കില്‍ എന്തുകൊണ്ട് തോറ്റുവെന്ന് ആരെങ്കിലും ചോദിച്ചാല്‍ അഴിമതി ആരോപണങ്ങളെ പഴിച്ച് ഇവര്‍ തടിതപ്പും. കാക്കത്തൊള്ളായിരം കോടി വിഴുങ്ങിയതുംപോരാ, ആരോപണത്തിനാണ് പഴി. കഴിഞ്ഞവര്‍ഷം മഴ കുറഞ്ഞുപോയത് മോദിയെപ്പോടിച്ചാണെന്നുവരെ ഇവര്‍ പറഞ്ഞുവെച്ചു. ഇനി അടുത്ത വാര്‍ഷികംവരെ ഇവരെല്ലാം ധ്യാനത്തിലായിരിക്കും.

ഏത് എല്‍.കെ.ജി വിദ്യാര്‍ത്ഥിക്കും കടുവയെയും സിംഹത്തെയും തിരിച്ചറിയാമെന്നിരിക്കേ 57 ദിവസത്തെ രഹസ്യകേന്ദ്രത്തിലെ ഉപരിപഠനം കഴിഞ്ഞിട്ടും ഇതറിയാത്ത എന്റെ എതിര്‍കക്ഷിയെപ്പറ്റി എന്തുപറയാന്‍? യുവര്‍ ഓണര്‍... മേക്ക് ഇന്‍ ഇന്ത്യയെന്നെഴുതിയ നട്ടുംബോള്‍ട്ടുമിട്ട സിംഹത്തിന്റെ മുന്നില്‍ നിന്ന് എന്റെ കക്ഷി വിദേശങ്ങളില്‍ അലറുമ്പോള്‍ അത് കടുവയാണെന്ന് പറയുന്നവന്‍ രാജ്യത്തിന് തന്നെ നാണക്കേടല്ലേ. എന്റെ കക്ഷി ശ്രീലങ്കയില്‍പ്പോയപ്പോള്‍ അവിടത്തെ പ്രസിഡന്റിന്റെ ഭാര്യയെ മിസ്സിസ് സിരിസേന എന്നതിനുപകരം എം.ആര്‍.എസ് സിരിസേന എന്നുവിളിച്ചെന്നും സദസ്യര്‍ ചിരിച്ചെന്നുമൊക്കെ ചിലര്‍ പറഞ്ഞുനടക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ത്തന്നെ വെറും സ്ലിപ് ഓഫ് ദ ടങ്. രാഹുലിന്റേതോ, കടുത്ത വിവരക്കേട്.

ഈ യുവാവ് കേരളത്തില്‍വന്ന് കാണിച്ച ചില കോപ്രായങ്ങള്‍ ബഹുമാനപ്പെട്ട കോടതി ശ്രദ്ധിക്കണം. പത്തുവര്‍ഷം നാടുഭരിച്ച് തോറ്റപ്പോഴാണോ കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ എന്നൊരു വിഭാഗം ഉണ്ടെന്ന് ഈ വിദ്വാന്‍ അറിഞ്ഞത്. അതായിരിക്കാന്‍ വഴിയില്ല.

അമ്മവീടായ ഇറ്റലിയില്‍ നിന്നുവന്ന രണ്ട് മറീനുകള്‍ കൊല്ലത്തെ പാവപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളെ തുരുതരാ വെടിവെച്ചുകൊന്ന കഥ ഉറങ്ങാന്‍ നേരമെങ്കിലും അമ്മ പറഞ്ഞുകൊടുക്കാതിരിക്കാന്‍ വഴിയില്ല. ഈ മറീനുകളെ രക്ഷിച്ച് നാട്ടിലേക്ക് അയക്കാന്‍ തിരുതയമ്മാവനൊക്കെ പെടാപ്പാട് പെട്ടതും കേട്ടിട്ടുണ്ടാവും. അവരൊക്കെ പിസ്സയും തിന്ന് സുഖമായിക്കഴിയുമ്പോഴാണ് പയ്യന്‍ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. പിന്നെ, റബറിന്റെ കാര്യം നോക്കാന്‍ രാഹുല്‍ വേണമോ യുവര്‍ ഓണര്‍? അതിനായി വലിച്ചാല്‍ വലിയുന്ന ഒരുപാട് പാര്‍ട്ടികള്‍ നാട്ടിലുണ്ട്. മാണി കേസ്സുകെട്ടുമായി നടക്കുന്ന തക്കംനോക്കി റബര്‍ കര്‍ഷകരെ കോണ്‍ഗ്രസാക്കാനുള്ള ലൊടുക്കുവിദ്യയാണ് ഈ കാണുന്നത്.

ആഗോള മാധ്യമങ്ങള്‍ പുകഴ്ത്തിയ എന്റെ കക്ഷിയുടെ വിദേശത്തെ സെല്‍ഫി നാടകങ്ങളുടെ അപഹാസ്യമായ അനുകരണമാണ് കഴിഞ്ഞദിവസങ്ങളില്‍ ഈ പയ്യന്‍ ഇവിടെ നടത്തിയത്. യുവര്‍ ഓണര്‍... ചാവക്കാട്ടെ കടപ്പുറത്ത് പാവപ്പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നടന്ന സദ്യ കണ്ടോ? എട്ടിനം മീനാണ് വിളമ്പിയതെന്ന് പത്രങ്ങളില്‍ക്കണ്ടു. രാഗയും ഓസിയും വിഎമ്മുമൊക്കെ വീട്ടില്‍ക്കേറി ചെല്ലുമ്പോഴേക്കും ഇങ്ങനെ വെച്ചുവിളമ്പാന്‍ ഒരു പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് കഴിയുമോ? അങ്ങനെയെങ്കില്‍ ഇന്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് എന്താണ് പ്രശ്‌നം? യുവര്‍ ഓണര്‍... ആ പാവത്തിനെ വീണ്ടും കടക്കെണിയിലാക്കാതെ സദ്യക്കുള്ള പണം കെ.പി.സി.സി കൊടുത്തെന്ന് ഈ കോടതി ഉറപ്പാക്കണം. ഒന്നുമനസ്സിലാക്കണം. പഴയ തെരുവുനാടകങ്ങള്‍ ഇക്കാലത്ത് ചെലവാകില്ല. എന്റെ കക്ഷിയെ വെള്ളംകുടിപ്പിക്കാന്‍ ഇറങ്ങിയവരെ ഒന്നേ ഓര്‍മിപ്പിക്കാനുള്ളൂ. കുട്ടിച്ചാത്തനെ കുണ്ടിലിറക്കാന്‍ നോക്കരുത്.

നോട്ട് ദ പോയിന്റ്:
മന്‍മോഹന്റെ രൂക്ഷവിമര്‍ശനത്തിനുപിന്നാലെ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി മോദി എക്കണോമിക്‌സ് പഠിച്ചു.
തോറ്റവരില്‍നിന്ന് എന്തു പഠിക്കാന്‍? ഉള്ളിലാവാതിരിക്കാന്‍ പഠിപ്പിച്ചതായിരിക്കും.
 
Other News in this section
ഫലകത്താമരയും ഉറി അരിവാളും
ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ ..

Latest news

- -