ഞാനെന്നും ഞങ്ങളെന്നും പറയാനാവാത്ത സ്ഥിതിയിലാണ് യുവര്‍ ഓണര്‍.. എന്റെ കക്ഷി അച്യുതാനന്ദസഖാവ് പെട്ടിരിക്കുന്നത്. 'ഞാനെ'ന്ന് പറഞ്ഞാല്‍ പാര്‍ട്ടിയെ തനിപ്പിടിയിലാക്കി എന്നാരോപണം. 'ഞങ്ങളെ'ന്നുപറഞ്ഞാലോ, സമാന്തര പാര്‍ട്ടിയുണ്ടാക്കി അതിന്റെ 'തങ്ങളാ' വാന്‍ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍. വയസ്സുകാലത്ത് ഈ മനുഷ്യനെ ഇങ്ങനെ പീഡിപ്പിക്കരുത്. ഒരു സര്‍വനാമം ഉപയോഗിക്കാനുള്ള മൗലികാവകാശമെങ്കിലും കേരളത്തിലെ പാര്‍ട്ടി അദ്ദേഹത്തിന് അനുവദിച്ചുകൊടുക്കണം.
ചാനലുകളോട് അദ്ദേഹം 'ഞങ്ങള്‍' എന്നുപറഞ്ഞുപോയത് ഒരു ഭൂലോക അപരാധമാണത്രെ. മുമ്പും അച്ചു സഖാവ് ഞങ്ങള്‍ എന്നു പറഞ്ഞിട്ടുണ്ട്. അന്ന് ഇവര്‍ വിചാരിച്ചത് പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നുപേര്‍കൂടി ചേരുന്നതാണ് ഈ 'ഞങ്ങളെ'ന്നാണ്. അവരെ നാടുകടത്തിയിട്ടും വീണ്ടും സഖാവ് 'ഞങ്ങള്‍' എന്നു പറയുന്നുണ്ടെങ്കില്‍ അത് പൂജകബഹുവചനമാകാനേ തരമുള്ളൂ. 'നോം ' എന്നൊക്കെ പറയുമ്പോലെ. അല്ലെങ്കില്‍ കന്റോണ്‍മെന്റ് ഹൗസിലെ മുല്ലവള്ളിയെയും മാന്‍കിടാവിനെയും ഒക്കെച്ചേര്‍ത്ത് പറഞ്ഞതായിരിക്കും.
വ്യക്തത വരുത്താന്‍ വെറുതെ പ്രമേയം പരസ്യപ്പെടുത്തി എന്നാണ് സെക്രട്ടറി പറയുന്നത്. അത് വിശ്വസിക്കാവുന്ന വാദമല്ല, യുവര്‍ ഓണര്‍. വ്യക്തതയേ വേണ്ടൂവെങ്കില്‍ കണ്ണൂര്‍ പാണിനിയും സംസ്‌കൃതത്തിലും മലയാളത്തിലും 'മഹാശുംഭ'നുമായ എം.വി.ജയരാജനോട് ചോദിച്ചാല്‍ മതിയായിരുന്നല്ലോ. എല്ലാം ഇങ്ങനെ പരസ്യപ്പെടുത്തി വ്യക്തത വരുത്താന്‍ സി.പി.എം സെക്രട്ടറി തുനിഞ്ഞിറങ്ങിയാല്‍ എന്തു ചെയ്യും? മാധ്യമസിണ്ടിക്കേറ്റിന് സ്വയം കൊഴിഞ്ഞുപോകേണ്ടി വരില്ലേ? വി.എസ്.വഴങ്ങിയാലും ഇല്ലെങ്കിലും ആ പാവങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടരുത്.
അച്ഛനെപ്പറഞ്ഞാല്‍ അഭിമാനികളായ ആണ്‍മക്കള്‍ മീശ വിരിച്ച് ചോദിക്കാന്‍ വരുന്നത് നാട്ടുനടപ്പ് . അത്തരക്കാരെ 'തന്തയക്ക് പിറന്നവന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. പോളിറ്റ് ബ്യൂറോയെപ്പറഞ്ഞതിന് സംസ്ഥാന സെക്രട്ടറിയേറ്റ് എന്റെ കക്ഷിക്കെതിരെ പാസ്സാക്കി പരസ്യപ്പെടുത്തിയ പ്രമേയത്തെ ഈ നിലയ്ക്ക് ന്യായീകരിക്കാനാവില്ല. നിയമം കൈയിലെടുക്കുമ്പോള്‍ തന്തയോട് ഒന്നു പറയുകയെങ്കിലും വേണ്ടേ? യെച്ചൂരി ഒന്നും അറിഞ്ഞില്ലെന്നാണ് ബ്രേക്കിങ് ന്യൂസില്‍ ഞാന്‍ കണ്ടത്.
പാര്‍ട്ടിക്കുള്ളില്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഇക്കൂട്ടരുടെ ഏകലക്ഷ്യം. യുവര്‍ ഓണര്‍...എവിടെയാണ് പോളിറ്റ്ബ്യൂറോ? അങ്ങ് ഡെല്‍ഹിയിലോ, ഇങ്ങ് ഏ.കെ.ജി സെന്ററിലോ? എന്റെ കക്ഷി പേരില്‍ മാത്രമാണ് 'വേലിക്കകത്തു'ള്ളത്. വാരിക്കുന്തങ്ങളെയും വേലിക്കെട്ടുകളെയും പേടിക്കാത്ത ജീവിതമാണ് അദ്ദേഹത്തിന്റേത്. അന്ന് പിളര്‍പ്പന്‍കാലത്ത് 31 പേരുമായി ഈ സഖാവും വേലിചാടാതിരുന്നെങ്കില്‍ ഇന്നീ പ്രമേയം പാസ്സാക്കലൊക്കെ ഇങ്ങനെ നടക്കുമായിരുന്നോ?
സ്വന്തം കൂട്ടില്‍ കാഷ്ടിക്കുന്ന പക്ഷി, സ്വന്തം കൂട് വൃത്തികേടാക്കുന്ന ജന്തു, വിഗ്രഹം ചുമക്കുന്ന കഴുത... സഖാവിന് ഇതുവരെ എന്തെല്ലാം ബിരുദങ്ങളാണ് ഇക്കൂട്ടര്‍ ചാര്‍ത്തിക്കൊടുത്തത്. ഇതിന്റെയൊക്കെ സ്വാരസ്യം വ്യക്തമാക്കി ഏറ്റവും ഒടുവിലൊരു നെടുങ്കന്‍ പ്രമേയവും. സ്വന്തം കൂട്ടില്‍ കാഷ്ടിക്കുന്നതില്‍ എന്താണ് തെറ്റ്, യുവറോണര്‍? കൂട്ടിനകത്തുള്ള എല്ലാ പക്ഷികളും ജന്തുക്കളും ചരിത്രാതീതകാലം മുതല്‍ ഇങ്ങനെ ചെയ്യുന്നതായാണ് കണ്ടുവരുന്നത്. സമയം തെറ്റി അതു ചെയ്യുന്നുവെന്നാണ് മറ്റൊരു ആരോപണം. അത് ശരിയല്ല...യുവര്‍ ഓണര്‍...എത്ര ടൈംലിയായാണ് ഈ പക്ഷി കാഷ്ടിക്കുന്നത്. കോണ്‍ഗ്രസ് കൂട് കാഷ്ടം കൊണ്ട് നിറഞ്ഞെന്ന് ഉറപ്പായാല്‍ ഈ പക്ഷി കാഷ്ടിച്ചു തുടങ്ങുകയായി.
ഇതിന് എന്റെ കക്ഷിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. യു.ഡി.എഫിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും പ്ലീനം, സംസ്ഥാന സമ്മേളനം, പാര്‍ട്ടി കോണ്‍ഗ്രസ് എന്നിങ്ങനെ പല പേരുകളില്‍ മലര്‍ന്നു കിടന്ന് തുപ്പലാഘോഷം നടത്തിയവര്‍ക്കുമില്ലേ ഉത്തരവാദിത്തം. അപകട സന്ദര്‍ഭങ്ങളില്‍ എന്റെ കക്ഷി യു.ഡി.എഫിനെ രക്ഷിച്ചെന്ന് പറയുന്നതാരാണ്? യുവര്‍ ഓണര്‍... ഇതേ കുറ്റത്തിന് മുന്നണിയില്‍ പഴികേട്ടവര്‍.
ശകുനം മുടക്കികളായ അമ്മാവന്‍മാരുമായി എന്റെ കക്ഷിയെ താരതമ്യപ്പെടുത്തുന്നതും ശരിയല്ല. കാരണം അദ്ദേഹം എല്ലാ ശകുനങ്ങളും മുടക്കാറില്ല. ഒരേയൊരു ലക്ഷ്യമേ അദ്ദേഹത്തിനുള്ളൂ. ആ ലക്ഷ്യം നേടാനുള്ള ഏകാഗ്രചിത്തമായ പ്രവര്‍ത്തനമാണ് അദ്ദേഹം കുറെക്കാലമായി കാഴ്ചവെയ്ക്കുന്നത്. അതെന്താണെന്ന് പിണറായിക്കാര്‍ക്കു മാത്രമല്ല, മാലോകര്‍ക്കെല്ലാം നന്നായി അറിയാം. അതിനെത്തടയാന്‍ 'ബര്‍ലിന്‍' മതില്‍ തിരിച്ചു കെട്ടിയാലൊന്നും എന്റെ കക്ഷി തളരില്ല.
എന്റെ കക്ഷിയോടും എനിക്കു ചിലതു പറയാനുണ്ട്. ഇതു കൊണ്ടൊന്നും അങ്ങു വഴങ്ങരുത്. പ്രമേയം ഒരു ശിക്ഷയല്ല. താക്കീതുപോലുമല്ല. നല്ല ഒന്നാന്തരം പ്രേമലേഖനമാണ്. ഇനിയും കുറച്ചു കാലം കൂടി താങ്കളെ ഇവര്‍ പ്രേമിച്ചുകൊണ്ടിരിക്കും. വായിച്ച് ആസ്വദിച്ച് വിശ്രമിക്കുക. ഒരു വശത്ത് താങ്കള്‍ക്ക് ചെയ്യാനുള്ളത് 'ടൈംലി'യായി ചെയ്യുക. മറുവശത്ത് നല്ലൊരു പ്രതിപക്ഷ നേതാവായി തുടര്‍ന്നും ഇവരെയൊക്കെ നയിക്കുക. എന്നാലേ തദ്ദേശ തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര ആവര്‍ത്തിക്കൂ.
എന്റെ കക്ഷിയെ വേട്ടയാടുന്നവരോട് ഒന്നു കൂടി എനിക്കു പറയാനുണ്ട്. നിങ്ങളുടെ എല്ലാവരുടെയും സ്തുത്യര്‍ഹമായ സേവനം കാരണം ഉമ്മന്‍ചാണ്ടിക്കുള്ള രാജയോഗം കപ്പലില്‍ വിഴിഞ്ഞത്തിറങ്ങുമെന്നാണ് സൂചന.
നോട്ട് ദ പോയിന്റ്: മാവോവാദികളാവുന്നത് തെറ്റല്ലെന്ന വിധിക്കെതിരെ സര്‍ക്കാര്‍.
എല്ലാരും 'മാണിവാദി'കളായിക്കൊള്ളിന്‍ !