''എന്റെ അനുഭവങ്ങള്‍ , കഷ്ടപ്പാടുകളും വേദനകളും എന്നെ പഠിപ്പിച്ച ഒരു പ്രധാന പാഠമുണ്ട് ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉറപ്പായും ആശ്രയിക്കാവുന്ന ഒരാളുണ്ടെങ്കില്‍ അത് നിങ്ങളാണ്.'' -ജയലളിത
എ ഐ എ ഡി എം കെ നേതാവ് ജയലളിതയെ വിമര്‍ശിക്കാനും പ്രശംസിക്കാനും എളുപ്പമാണ് , മനസ്സിലാക്കുക വിഷമകരവും. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണ്ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയ ജയലളിതയെ എഐ എ ഡി എം കെ എം എല്‍ എ മാര്‍ യോഗം ചേര്‍ന്ന് പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തു. തമിഴകത്തിന്റെ അധികാര പിഠമായ സെന്റ് ജോര്‍ജ് കോട്ടയിലേക്ക് മുഖ്യമന്ത്രിയെന്ന നിലയില്‍ ജയലളിതയുടെ അഞ്ചാം വരവ്!.
വൈരുദ്ധ്യങ്ങളുടെ സമന്വയമെന്നും കൂമ്പാരമെന്നും ജയലളിതയെ വിശേഷിപ്പിച്ചത് ഒരിക്കല്‍ ജയലളിതയുടെ അടുത്ത അനുയായി ആയിരുന്ന വലംപുരി ജോണ്‍ ആണ്. ശശികലയെ മാറ്റി നിര്‍ത്തിയാല്‍ ജയലളിതയുമായി ദീര്‍ഘകാല സൗഹൃദം നിലനിര്‍ത്തിയിട്ടുള്ളവര്‍ ആരെങ്കിലുമുണ്ടോയെന്നു വ്യക്തമല്ല. തുഗ്‌ളക്ക് പത്രാധിപര്‍ ചോ രാമസ്വാമി ജയലളിതയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. പക്‌ഷേ, ചോയോട് ചോദിച്ചാല്‍ അദ്ദേഹം ആദ്യം പറയുക താന്‍ ജയലളിതയുടെ ഉപദേശകനല്ല എന്നായിരിക്കും.
1991 ല്‍ 43 ാമത്തെ വയസ്സില്‍ ജയലളിത തമിഴകത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായപ്പോള്‍ എ ഐ എ ഡി എം കെയിലെ തല നരച്ച നേതാക്കള്‍ കരുതിയത് അവരെ ഒരു പാവ മുഖ്യമന്ത്രിയായി കൊണ്ടു നടക്കാമെന്നാണ്. ആ ധാരണ ജയലളിത വളരെ എളുപ്പത്തില്‍ മാറ്റിക്കൊടുത്തു. പിന്നീടങ്ങോട്ട് ജയലളിത ശരിക്കും ഒരു 'അവതാര രൂപം ' ആവുകയായിരുന്നു. ഇതിനുള്ള ആദ്യ പടി സിനിമാ ബന്ധങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. 16-ാം വയസ്സില്‍ കന്നട സിനിമയായ ' ചിന്നദ ഗോംബെ ' യിലൂടെയാണ് ജയലളിത സിനിമയിലെത്തിയത്.1965 മുതല്‍ 72 വരെയുള്ള കാലയളവില്‍ 18 സിനിമകളില്‍ എം ജി ആറിന്റെ നായികയായി. തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കും എം ജി ആര്‍ അവരെ കൈപിടിച്ചുകൊണ്ടുവന്നു.
അടുത്തിടെ കമലഹാസന്റെ വിശ്വരൂപം എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കിടെ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ജയലളിത പറഞ്ഞ ഒരു കാര്യം താനിപ്പോള്‍ സിനിമ കാണാറില്ലെന്നതാണ്. സിനിമ ജയലളിതയെ സംബന്ധിച്ചിടത്തോളം പൂര്‍വ്വാശ്രമമാണ്. സിനിമയെന്ന വസ്ത്രം അവര്‍ അഴിച്ചുവെച്ചു കഴിഞ്ഞു. ' അമ്മ ' എന്ന സങ്കല്‍പ്പമാണ് ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ട ബിംബകല്‍പന. വളരെ കൃത്യമായ ആസൂത്രണബോധത്തോടെ വികസിപ്പിച്ചെടുത്ത പ്രതിച്ഛായയാണിത്. അമ്മ എന്നു പറഞ്ഞാല്‍ ഹൈന്ദവ പുരാണങ്ങളിലെ സര്‍വ്വ പ്രധാനിയായ അമ്മയാണ്. കാളിയായും ദുര്‍ഗ്ഗയായും ചാമുണ്ടേശ്വരിയായുമൊക്കെ ജയലളിതയെ ആരാധകര്‍ ചിത്രീകരിക്കുന്നത് ഈ നിലപാടിന്റെ വെളിച്ചത്തിലാണ്.
2001 - 2006 കാലയളവില്‍ രണ്ടാം തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജയലളിത ഹിന്ദുത്വവുമായി കൈകോര്‍ക്കുകയാണെന്ന ആരോപണമുയര്‍ന്നു. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ജയലളിത കൊണ്ടു വന്നത് ഈ കാലയളവിലാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഈ നടപടിയെ വിമര്‍ശിച്ചു. അന്നൊരിക്കല്‍ സെക്രട്ടറിയേറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജയലളിത മാര്‍പ്പാപ്പയ്‌ക്കെതിരെ ആഞ്ഞടിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ മാര്‍പ്പാപ്പയ്ക്ക് അധികാരമില്ലെന്നാണ് ജയലളിത പറഞ്ഞത്. അടുത്ത ദിവസം ലോകമെമ്പാടുമുള്ള പത്രങ്ങളില്‍ ജയലളിതയുടെ പരാമര്‍ശം പ്രമുഖ വാര്‍ത്തയായിരുന്നു. 2003 ലായിരുന്നു ഈ സംഭവം. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പലയിടത്തും സൗജന്യ അന്നദാനവും ആനകള്‍ക്ക് സുഖ ചികിത്സയുമൊക്കെ ജയലളിത ഈ കാലയളവില്‍ തുടങ്ങിയിരുന്നു. പക്‌ഷേ, ജയലളിത ഹൈന്ദവവത്കരണത്തിന്റെ വഴിയേ നീങ്ങുകയാണെന്നു കരുതിയവെരെ ഞെട്ടിച്ചുകൊണ്ട് അടുത്ത വര്‍ഷം 2004 ല്‍ കാഞ്ചി ശങ്കരാചാര്യര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു കൊലക്കേസില്‍ തമിഴ്‌നാട് പോലിസ് ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്തത് ഹിന്ദുത്വ ശക്തികള്‍ക്ക് വന്‍ ആഘാതമായി. ബി ജെ പി നേതാവ് എല്‍.കെ.അദ്വാനി അടക്കമുള്ളവര്‍ ചെന്നൈയില്‍ വന്ന് പ്രതിഷേധ യോഗങ്ങളില്‍ പങ്കെടുത്തു. ബി ജെ പിയുമായി ജയലളിതയുടെ പാര്‍ട്ടി സഖ്യത്തിലായിരുന്ന സമയമായിരുന്നു അതെന്നും ഓര്‍ക്കേണ്ടതുണ്ട്.
മധുരൈ ജയിലില്‍ കിടക്കുമ്പോള്‍ ജയേന്ദ്ര സരസ്വതിയുടെ മൊഴികളുടേതെന്നു പറയേെപ്പടുന്ന വീഡിയോ പുറത്തു വന്നിരുന്നു. പോലീസ് റെക്കോഡ് ചെയ്ത വീഡിയോ പോലീസ് തന്നെ പുറത്തുവിട്ടെന്നായിരുന്നു ആരോപണം. ഇതിലൊന്നില്‍ ജയേന്ദ്ര സരസ്വതി പറഞ്ഞത് ജയലളിത സാക്ഷാല്‍ മീനാക്ഷി അമ്മന്റെ അവതാരമാണെന്നായിരുന്നു. അറസ്റ്റിനു മുമ്പൊരിക്കല്‍ ജയലളിത കാഞ്ചി മഠം സന്ദര്‍ശിച്ചപ്പോള്‍ സ്വാമിയുടെ മുന്നില്‍ ജയലളിത കസേരയില്‍ ഇരിക്കുന്ന ചിത്രം ചില പത്രങ്ങളില്‍ അച്ചടിച്ചു വന്നിരുന്നു. ഒരു പക്‌ഷേ, കാഞ്ചി ശങ്കരാചാര്യരുടെ മുന്നില്‍ കസേരയില്‍ ഇരുന്നിട്ടുള്ള ഏക വ്യക്തി ജയലളിത ആയിരുന്നിരിക്കാം.
മാര്‍പ്പാപ്പയ്ക്കും കാഞ്ചി ശങ്കരാചാര്യര്‍ക്കും എതിരെ ഒരേ പോലെ നിലകൊള്ളാനും ചിലപ്പോള്‍ ജയലളിതയ്ക്കു മാത്രമേ കഴിയുകയുള്ളു. സ്വന്തം വ്യക്തിത്വം ആര്‍ക്കു മുന്നിലും അടിയറവ് വെയ്ക്കില്ലെന്നത് ജയലളിതയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. ജീവിതത്തില്‍ വിശ്വസിച്ചവരെല്ലാം ചതിച്ച അനുഭവങ്ങളാണ് ജയലളിതയ്ക്ക് പൊതുവെയുണ്ടായിട്ടുള്ളത്.ലസ്വയം ആശ്രയിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന ചിന്താഗതി ജയലളിതയില്‍ ഉടലെടുക്കുന്നതും അങ്ങിനെയാണ്. ഒരു പക്‌ഷേ, ശശികല മാത്രമായിരിക്കാം ഇതിനൊരു ശക്തമായ അപവാദം. ജയലളിതയെ സംബന്ധിച്ചിടത്തോളം ഒരു നേതാവേയുള്ളു, അവര്‍ മാത്രം.
കര്‍ണ്ണാടക ഹൈക്കോടതി വിധി വന്നതിനു ശേഷം ജയലളിത മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ പോലും നേരിട്ടു കണ്ടിട്ടില്ല. പനീര്‍ശെല്‍വവും മറ്റ് മന്ത്രിമാരുമായും ജയലളിത പോയസ് തോട്ടത്തിലെ വീട്ടില്‍ ഇന്റര്‍കോമിലൂടെയാണ് സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിധി വന്ന ദിവസം പോയസ്‌തോട്ടത്തിലേക്ക് പ്രവഹിച്ച അണികള്‍ക്കു മുന്നിലും അവര്‍ പ്രത്യക്ഷപ്പെട്ടില്ല. മെയ് 22 ന് പാര്‍ട്ടി എം എല്‍ എ മാരുടെ യോഗം ജയലളിത വിളിച്ചിട്ടുണ്ടെന്നത് പനീര്‍ശെല്‍വം അറിഞ്ഞത് ജയ ടിവിയിലൂടെയാണെന്നാണ് സൂചന. ജനാധിപത്യ വ്യവസ്ഥയില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ഇത്തരമൊരു അവസ്ഥ അംഗീകരിക്കപ്പെടില്ല. പക്‌ഷേ, എ ഐ എ ഡി എം കെയില്‍ ജയലളിത ' പുരട്ചി തലൈവി ' യും പാര്‍ട്ടി പ്രവര്‍ത്തകര്‍ അണികളുമാണ്.
ഒരു രണ്ടാം നിര നേതൃത്വത്തെ വളര്‍ത്തിയെടുക്കാതെയാണ് ജയലളിത ഈ അവസ്ഥ നിലനിര്‍ത്തുന്നത്. എം ജി ആര്‍ ജയലളിതയെ തന്റെ പിന്‍ഗാമിയായി വാഴിക്കാതിരുന്നതും ഈ അരക്ഷിത ബോധം മൂലമായിരുന്നു. ജനാധിപത്യത്തിന്റെ സത്തയുടെ നിഷേധമാണിതെന്ന ആരോപണം പക്‌ഷേ, ജയലളിത വകവെയ്ക്കുന്നില്ല. സാധാരണ ജനാധിപത്യ മൂല്ല്യങ്ങളിലല്ല ജയലളിത വിശ്വസിക്കുന്നതും നിലനില്‍ക്കുന്നതും. നേതാവിനോടുള്ള കൂറാണ് എ ഐ എ ഡി എം കെ പോലുള്ള പാര്‍ട്ടികളുടെ അടിസ്ഥാന ശില. കൂറില്‍ മുമ്പരെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന തേവര്‍ വിഭാഗക്കാരാണ് ജയലളിതയുടെ പാര്‍ട്ടിയുടെ അടിത്തറയെന്നതും ഉറ്റ തോഴി ശശികല ഈ സമുദായക്കാരിയാണെന്നതും യാദൃശ്ചികമായിരിക്കില്ല.
അധികാരത്തിന്റെ പ്രദര്‍ശനപരതയാണ് ജയലളിതയെ വ്യത്യസ്തയാക്കിയിരുന്ന മറ്റൊരു ഘടകം. ജയലളിത സമീപത്തെങ്ങാനുമുണ്ടെങ്കില്‍ അധികാരം നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. നിരത്തിലൂടെ പാഞ്ഞുപോകുന്ന വാഹനവ്യൂഹവും പഴുതുകളില്ലെന്നു വിശേഷിപ്പക്കപ്പെടുന്ന സുരക്ഷാ സന്നാഹവും് അധികാരം എന്ന പരികല്‍പനയുടെ പര്യായമായി ജയലളിതയെ പ്രതിഷ്ഠിക്കുകയായിരുന്നു.
2014 സപ്തംബര്‍ 27ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധി വന്നു വീണത് ഈ പരികല്‍പനയ്ക്കും സങ്കല്‍പത്തിനും മേലാണ്. അജയ്യവും അഭേദ്യവുമെന്ന് കരുതപ്പെട്ടിരുന്ന ഒരു കോട്ട പൊടുന്നനെ നിലംപരിശാവുന്ന കാഴ്ചയായിരുന്നു അത്. 21 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയ ജയലളിത പിന്നീടിന്നുവരെ പൊതു സമൂഹത്തിനു മുന്നിലേക്ക് വന്നിട്ടില്ല. സപ്തംബര്‍ 27 നും മെയ് 11 നുമിടയിലുള്ള ദിവസങ്ങള്‍ ചിലപ്പോള്‍ ജയലളിതയെ സംബന്ധിച്ചിടത്തോളം ആഴമാര്‍ന്ന ചിന്തകള്‍ക്കും മനനത്തിനുമുള്ള അവസരമൊരുക്കിയിരിക്കാം. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും അധികാരത്തിന്റെ നൈമിഷികതെയെക്കുറിച്ചുമൊക്കെയുള്ള ചിന്തകള്‍ ജയലളിതയിലൂടെ കടന്നുപോയിട്ടുണ്ടാവാം. After all what is life my dear friend ? എന്ന് പണ്ട് സി പി രാമചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍ ചോദിച്ചതു പോലൊരു ചോദ്യം ജയലളിത സ്വയം ചോദിച്ചിട്ടുണ്ടെന്നും വരാം. എന്തായാലും ഈ ചോദ്യങ്ങള്‍ക്കുത്തരം കിട്ടാന്‍ ഇനിയിപ്പോള്‍ നമ്മള്‍ അധികം കാത്തിരിക്കേണ്ടതില്ല.