SPECIAL NEWS
  May 16, 2015
കോഴജാഥയുടെ പോഴജാതകം

കരിങ്ങോഴയ്ക്കല്‍ മാണി എന്നാണ് എന്റെ കക്ഷിയുടെ മുഴുവന്‍ പേര്. പേരില്‍ത്തന്നെ ഒരു കോഴ കുഴഞ്ഞു കിടപ്പുണ്ട്. കരി'ങ്ങോഴ'....കരി'ങ്ങോഴ'... പക്ഷെ എന്റെ കക്ഷി കോഴക്കാരനേയല്ല. കോട്ടയം ജില്ലയിലെ പാലാക്കാരനാണ് എന്നത് വിശ്വ പ്രശസ്തമാണ്. നിയമസഭയുടെ ക്രീസില്‍ അരസെഞ്ച്വറി അടിച്ച് റണ്ണൗട്ടാകാതെ നില്‍ക്കുന്ന ഈ കിര്‍മാണിയുടെ കരങ്ങളില്‍ കറപുരണ്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. നോട്ടെണ്ണല്‍ യന്ത്രമുണ്ടെങ്കില്‍ കൈയില്‍ കറപുരളില്ലെന്ന വാദത്തിന് യുക്തിയില്ല. മന്ത്രിമന്ദിരങ്ങളിലൊക്കെ ഈ നോട്ടെണ്ണല്‍ യന്ത്രം എന്നാ വന്നത്? ഈയടുത്തകാലത്ത് മാത്രം. കൃത്യമായിപ്പറഞ്ഞാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത്. അപ്പോള്‍ അതിന് മുമ്പുള്ള കറ കാണേണ്ടതല്ലായിരുന്നോ? കാണുന്നില്ലല്ലോ.

ഈ ഡബിള്‍മാണി ത്രികാലജ്ഞാനിയാണ്. അന്നൊരു കാളരാത്രിയില്‍ കോവളം ഗസ്റ്റ്ഹൗസില്‍ ഒരു എസ്.പി വന്ന് ചോദ്യം ചെയ്യാനെന്ന ഭാവേന തന്റെ മുന്നില്‍ തല ചൊറിഞ്ഞിരുന്നപ്പോള്‍ അദ്ദേഹത്തിന് കാര്യം മനസ്സിലായി. പേടിച്ചതുപോലൊന്നും വരാനില്ല. കുറ്റപത്രം എഴുതാനല്ല, മംഗളപത്രത്തില്‍ ചേര്‍ക്കാനുള്ള ഡീറ്റെയില്‍സ് എടുക്കാനാണ് എസ്.പി.വന്നിരിക്കുന്നത്. കുട്ടിയമ്മയോടോ, ജോസ് കെ.മാണിയോടോ ക്രോസ് ചെക്ക് ചെയ്യേണ്ടതില്ലാത്തവിധം കൃത്യമായിത്തന്നെ മാണി തന്റെ ഡീറ്റെയില്‍സ് നല്‍കുകയും ചെയ്തു. സംഗതിയുടെ പോക്ക് മാണിക്ക് പിടികിട്ടി. തന്നെ തകര്‍ക്കാനല്ല, എങ്ങനെയെങ്കിലും ഈ കോഴക്കുരുക്കില്‍ നിന്ന് ഊരിയെടുക്കാനാണ് ഈ അന്വേഷണം.


പക്ഷെ ഒരുകാര്യം മാത്രം എന്റെ കക്ഷിക്കു മനസ്സിലാകുന്നില്ല, യുവറോണര്‍. താന്‍ നടത്തിയത് തിരഞ്ഞെടുപ്പ് പിരിവാണെന്ന് ബോധ്യംവന്നിട്ടും അന്വേഷണം ഇങ്ങനെ ഇഴയ്ക്കുന്നെന്തിന്? അപമാനിക്കാന്‍. അപമാനിക്കാന്‍ വേണ്ടിമാത്രം. ഈ സൂക്കേട് ആവസാനിപ്പിക്കാന്‍ ഒരു വിരട്ടല്‍ മാത്രം മതിയെന്നും അദ്ദേഹത്തിന് മനസ്സിലായി. അങ്ങനെയാണ് അദ്ദേഹം സൃഷ്ടി സ്ഥിതി സംഹാരികളായ ചാണ്ടി-രമേശ്-സുധീരാദികളെ ജാഥ കാട്ടി വിരട്ടാന്‍ തുടങ്ങിയത്. താന്‍ ഉദ്ഘാടനം ചെയ്യുന്ന, കേരളാകോണ്‍ഗ്രസ് എം നയിക്കുന്ന മധ്യമേഖലാജാഥ തനിക്ക് ക്ലീന്‍ചിറ്റ് കിട്ടിയിട്ട് നടത്തിയാല്‍മതിയെന്ന് അദ്ദേഹം പറഞ്ഞത് ന്യായമല്ലേ? പിണറായി വിജയന്‍പോലും സി.ബി.ഐ തത്ത പച്ചക്കാര്‍ഡ് എടുത്ത ശേഷമല്ലേ ജാഥ നടത്തിയുള്ളൂ.

എന്ത് മേഖലാ ജാഥ? നീയൊക്കെ നടത്തിക്കോ, ഞാനില്ലെന്ന്് പറഞ്ഞ് അദ്ദേഹം കടല്‍ കടന്നിരിക്കുകയാണ്. അതിലെന്താണ് തെറ്റ്, യുവറോണര്‍. ചിലരൊക്കെ വിചാരിക്കുമ്പോലെ ജാഥയെ ഭയന്നിട്ടോ, ഡി.െൈവ.എഫ്.ഐക്കാര് തടയുമെന്നോ വിചാരിച്ചിട്ടോ അല്ല. ഈ മാണി എവിടെപ്പോയാലും തടഞ്ഞുകളയുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ട് എന്തു നടന്നു? കാര്യങ്ങളൊന്നും അറിയാത്ത നടവയലിലെ ഏതോ പാവം ഡി.വൈ.എഫ്.ഐ ക്കാര് വരമ്പത്ത് നിന്ന് കരിങ്കൊടി കാണിച്ചതല്ലാതെ മാണിക്ക് ഒരു ഉറുമ്പ് കടിയുടെ നൊമ്പരം പോലും കോടിയേരിയനന്തര സി.പി.എമ്മുകാര്‍ ഉണ്ടാക്കിയിട്ടില്ല. പിണറായി പ്രഖ്യാപിച്ചിട്ട് സമരം നടക്കാതിരുന്നെങ്കില്‍ അത് അഡ്ജസ്റ്റ്‌മെന്റ് എന്ന് പുരപ്പുറത്തുകേറി വിളിച്ചുകൂവാന്‍ ആളുണ്ടാവുമായിരുന്നു. എന്തേ, കോടിയേരിയുടെ സമരപ്രഖ്യാപനം പാഴായിപ്പോയി? ഇക്കാര്യത്തില്‍ ഒരു സോഷ്യല്‍ ആഡിറ്റ് നടത്താന്‍ സി.പി.ഐയെപ്പോലും കാണുന്നില്ല. ആ പന്ന്യന്‍ ഉണ്ടായിരുന്നെങ്കില്‍...


കാലവര്‍ഷം ലേശം വൈകുമെന്നോ അതിനെ എല്‍നിനോ കൊണ്ടുപോകുമെന്നോ ഒക്കെ കേട്ടാല്‍ ഈ മധ്യമേഖലക്കാര് സഹിക്കും. പക്ഷെ, നാട്ടില്‍ വൈനും ബിയറും ഒഴുക്കുന്ന യു.ഡി.എഫിന്റെ പുന്നാര ജാഥ വൈകുമെന്ന് പറഞ്ഞാല്‍ പുതുപ്പള്ളിക്കാര്‍ ഉള്‍പ്പെടുന്ന ഈ ജനവിഭാഗം എങ്ങനെ സഹിക്കും? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. എല്ലാക്കാലവും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്ന മധ്യമേഖലക്കാര്‍ക്ക് ഈ സുവര്‍ണാവസരം നിഷേധിക്കപ്പെടാന്‍ ഇടയാക്കിയത് ഈ ത്രിമൂര്‍ത്തികളുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികളാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാമോ?അല്ലെങ്കില്‍ തെക്കും വടക്കും അത്യുത്തര കേരളത്തിലും മധ്യത്തിലും യു.ഡി.എഫിന്റെ ജാഥകള്‍ ജനങ്ങളെ രോമാഞ്ച പുളകിതരാക്കി അങ്ങനെ ഒരുമിച്ച് കടന്നു പോകുമായിരുന്നു. മാണി ഉദ്ഘാടനം ചെയ്യുന്ന മധ്യമേഖലാ ജാഥയെ പ്രതിപക്ഷം കോഴ ജാഥയെന്ന് വിളിക്കുമ്പോള്‍ അല്ല, ഇത് അധ്വാനവര്‍ഗത്തിന്റെ ലഡു ജാഥയാണെന്ന് പറഞ്ഞ് തിരിച്ചടിക്കാമായിരുന്നു.

ഈ പ്രശ്‌നത്തില്‍ അന്തര്‍ലീനമായ ചില സുപ്രധാന പോയിന്റുകളുണ്ട്. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ ഋഷ്യശൃംഗന്‍ കളിക്കുകയാണ് നമ്മുടെ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബാര്‍ക്കോഴ കേസ്സിലെ അന്വേഷണം ഉടന്‍ തീരുമെന്ന ധാരണയോടെയാണ് ജാഥകള്‍ നിശ്ചയിച്ചത്. സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കാന്‍ ജാഥ നടത്തുമ്പോള്‍ പ്രതിയായ മാണിയെക്കൊണ്ട് അത് ഉദ്ഘാടനം ചെയ്യിക്കുമോ? ഇല്ലേയില്ല. അതായത് ജാഥ തുടങ്ങുന്ന മുഹൂര്‍ത്തത്തിന് മുമ്പ് അന്വേഷണം അവസാനിപ്പിക്കുകയും മാണി വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചയ്യും. അതുവഴി എക്‌സൈസ് ബോധവത്കരണ മന്ത്രി കെ.ബാബു ഓട്ടോമാറ്റിക്കായി പുണ്യവാളനാവും. ഇതായിരുന്നു യുവറോണര്‍, തിരക്കഥ.

എവിടെയാണ് തെറ്റിയത്? എല്ലാവിധ അന്വേഷണങ്ങളും പരിശോധനകളും കഴിഞ്ഞ് എന്റെ കക്ഷിയെ പഴുതടച്ച് ഊരിക്കൊടുക്കാം എന്നാണ് വിജിലന്‍സുകാര്‍ ഈ ആഭ്യന്തര മന്ത്രിയെ (തെറ്റി)ധരിപ്പിച്ചിരുന്നത്. സംഗതി സിംപിള്‍. മാണിക്കെതിരെ കുറ്റപത്രം വന്നാല്‍ ഈ സര്‍ക്കാര്‍ വീഴുമെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇനി വേറെ വല്ല തരത്തിലും സര്‍ക്കാര്‍ വന്നാല്‍ അന്നേരം കുറ്റപത്രം നല്‍കാന്‍ കാത്തിരിക്കുകയാണോ ഈ വിജിലന്‍സ് എന്നും സാഹചര്യത്തെളിവുകളാല്‍ സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണത്തെക്കുറിച്ചൊന്നും താനറിയുന്നില്ലെന്ന്് നൂറുവട്ടം പറയുന്ന ആഭ്യന്ത്രമന്ത്രിക്കെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കേസ്സെടുക്കേണ്ട സാഹചര്യമാണിപ്പോള്‍. (നിര്‍)ഭാഗ്യവശാല്‍ അതിന് വകുപ്പില്ലാതെ പോയി.

മാണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യത്തിനും ജനത്തിനും ഉണ്ടാവുന്ന നഷ്ടം കാണാതെപോകരുത്. സര്‍ക്കാര്‍ വീണാലും കുറ്റപത്രം വന്ന് രാജിവെക്കേണ്ടിവന്നാലും വെറും ധനമന്ത്രിയെയല്ല, ധനമന്ത്രിമാരുടെ രാജ്യത്തെ ഊര് മൂപ്പനെയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ആനമോഷണം മഹത്തായ കലയാണെന്ന് ആനവാരി രാമന്‍നായരെ ചാരി വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞപോലെ ബജറ്റ് 'വില്‍പന'യും മഹത്തായ കലയാണെന്ന് തെളിയിച്ചയാളാണ് എന്റെ കക്ഷി. 13 ബജറ്റ് വിറ്റവനാണെന്ന് ആരോപണമുയര്‍ന്നിട്ടും കേന്ദ്രം വെള്ളിത്താലത്തിലാണല്ലോ ഊരുമൂപ്പ പദവി അദ്ദേഹത്തിന് നല്‍കിയത്. അദ്ദേഹത്തിന്റെ മന്ത്രി പദവിയെങ്ങാനും നഷ്ടപ്പെട്ടാല്‍ ഇന്ത്യാമഹാരാജ്യത്തിന്റെ ജി.എസ്.ടിയാണ് ഊരിപ്പോവുന്നതെന്ന് ഓര്‍ക്കണം.


ഈ സാഹചര്യത്തില്‍ മാണി ദുബായില്‍ത്തന്നെ തുടരുകയാണ് നല്ലത്. അല്ലെങ്കില്‍ രാഹുല്‍ഗാന്ധിയോട് ചോദിച്ച് അങ്ങേരുടെ ഒളിത്താവളത്തിന്റെ ഡീറ്റെയില്‍സ് എടുക്കണം. എന്നിട്ട് അങ്ങോട്ട് പോണം. കോണ്‍ഗ്രസുകാര് എന്തുചെയ്യുമെന്ന് അപ്പോള്‍ക്കാണാം. മാണിസാറേ, മടങ്ങിവരൂ അന്വേഷണം പിന്‍വലിച്ചിരിക്കുന്നു എന്ന് പടംവെച്ച് ഒരു പരസ്യംപോലും കൊടുക്കാനാവാതെ ഈ കോണ്‍ഗ്രസുകാര് നക്ഷത്രമെണ്ണും. മന്ത്രിയുടെ പടം പരസ്യത്തില്‍ പാടില്ലെന്നല്ലേ സുപ്രീംകോടതി വിധി!

ദുബായില്‍ സൂക്ഷിക്കേണ്ട ഒരു സംഗതിയുണ്ട്. പല പേരു പറഞ്ഞ് അവിടെ കറങ്ങി നടക്കുന്ന ചില ഖദര്‍ധാരികള്‍ അനുനയിക്കാനെന്ന മട്ടില്‍ അടുത്തുകൂടി വീണ്ടും മോഹിപ്പിക്കാന്‍ സാധ്യതയുണ്ട്. ഒരു കാര്യം ഓര്‍മിക്കണം. ഹസ്സന്‍ എന്നത് ഹംസത്തിന്റെ പുല്ലിംഗമല്ല. ഈ പേരുള്ളവര്‍ക്കെല്ലാം ദൂതിനുള്ള അന്താരാഷ്ട്ര പെര്‍മിറ്റുമില്ല.

നോട്ട് ദ പോയിന്റ്: മന്ത്രി ആര്യാടന്‍ മുഹമ്മദ് എണ്‍പതിലേക്ക്്. കണ്ണിന് കണ്ണെന്ന നയം ലോകത്തെ അന്ധമാക്കും എന്ന ഗാന്ധിജിയുടെ ഉദ്ധരണി വായിച്ചാണ് ആര്യാടന്‍ ഓരോ ദിവസവും മുറിക്ക് പുറത്തിറങ്ങുന്നത്. (പത്രവാര്‍ത്ത)

പല്ലുകൊഴിഞ്ഞ എല്ലാ സിംഹങ്ങള്‍ക്കും ഇത് ആപ്തവാക്യമായി സ്വീകരിക്കാം.
 
Other News in this section
ഫലകത്താമരയും ഉറി അരിവാളും
ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ ..

Latest news

- -