ലോകാവസാനത്തിനുമുമ്പ് അവിശ്വാസികളെയെല്ലാം കൊന്നൊടുക്കി ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയാണ് 'ഇസ്ലാമിക് സ്‌റ്റേറ്റി'ന്റെ ലക്ഷ്യമെന്ന്
'ലോകത്തെ വിറപ്പിക്കുന്ന പുതിയ ഖലീഫ' (ബാലരാമന്‍ എഴുതിയ ഏപ്രില്‍ എട്ടിന്റെ മാതൃഭൂമി ലേഖനം) അബൂബക്കര്‍ അല്‍ ബാഗ്ദാദി പ്രഖ്യാപിച്ചിരിക്കയാണല്ലോ. ഇതിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ഥ ഇസ്ലാമിനെയും ഖിലാഫത്തിനെയും അധികരിച്ച ഒരു സത്യവാങ്മൂലമാണ് ഇതോടൊപ്പം. ഒരു മനുഷ്യനെ അകാരണമായി കൊല്ലുന്നത് മനുഷ്യസമൂഹത്തെ മുഴുവന്‍ വധിക്കുന്നതിന് സമമാണെന്നാണ് ഇസ്ലാംമത പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ഭാഷ്യം.
ഇതാണ് ഇസ്ലാമിന്റെ യാഥാര്‍ഥ്യം. ഇതാണ് അതിന്റെ യഥാര്‍ഥ അധ്യാപനം. ഒരുവന്റെ ഹൃദയം അഭിലഷിക്കുന്നുവെങ്കില്‍ അവന് ഇസ്ലാം ആശ്ലേഷിക്കാന്‍ തടസ്സമില്ല. എന്നാല്‍, ഇനി അവന്റെ ഹൃദയം അഭിലഷിക്കുന്നില്ലെങ്കില്‍ അവനത് നിരാകരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാം പൂര്‍ണമായും ബലപ്രയോഗത്തിനും തീവ്രവാദത്തിനുമെതിരാണ്. എന്നാല്‍, അത് ശുപാര്‍ശ ചെയ്യുന്നത് സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സ്‌നേഹവും സൗഹാര്‍ദവുമാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അക്രമവും ബലപ്രയോഗവും പഠിപ്പിക്കുകയെന്നത് അസാധ്യമാണ്. കാരണം, ഇസ്ലാം എന്നതിന്റെ അര്‍ഥംതന്നെ സമാധാനത്തില്‍ ജീവിക്കുക, സമാധാനം മറ്റുള്ളവര്‍ക്ക് പ്രദാനം ചെയ്യുക എന്നതാണ്.
മതപരമായ അനുഭവങ്ങളില്‍നിന്ന് വെളിപാടിനെ ഒഴിച്ചുനിര്‍ത്തിയാല്‍ മതം പിന്നെ ഇതിഹാസങ്ങളും മിത്തുകളുമായി ചുരുങ്ങും. വെളിപാടുകള്‍ ഇല്ലായ്മചെയ്താല്‍ ആത്മീയജീവിതത്തിന് ഉടന്‍തന്നെ അര്‍ഥം നഷ്ടപ്പെടുകയും മതത്തിന്റെ ഉദ്ദേശ്യം വിനനഷ്ടമായി തീരുകയും ചെയ്യും. ഈ വികലമായ കാഴ്ചപ്പാടിന്റെ മറ്റൊരു പുതിയ അവതാരമാണ് 'ലോകത്തെ വിറപ്പിക്കുന്ന പുതിയ ഖലീഫ അബൂബക്കര്‍ അല്‍ ബാഗ്ദാദി'. സ്വയം ഖലീഫ ചമയുന്ന ഈ പണ്ഡിതനെ ഒരു കാര്യം ഓര്‍മിപ്പിക്കുകയാണ്. ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ഖലീഫയെ തിരഞ്ഞെടുക്കുന്നത് ദൈവനിശ്ചയമനുസരിച്ചാണ്. ഖലീഫയ്ക്ക് വിദ്യാഭ്യാസയോഗ്യതയോ നിറമോ കുടുംബമഹിമയോ മാനദണ്ഡമല്ല. ഇസ്ലാമിലെ ഗൗരവതരവും ഇക്കാലത്തെ മുസ്ലിങ്ങള്‍ക്ക് നഷ്ടപ്പെട്ടതുമായ ഒരു വിഷയമാണ് ഖിലാഫത്ത്. അല്ലാഹു വിശുദ്ധ ഖുറാനിലൂടെ സത്യവിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്ത ഒരനുഗ്രഹമാണത്. തിരുനബി(സ)യുടെ വിയോഗത്തിനുശേഷം ഹദ്‌റത്ത് അബൂബക്കര്‍ സിദ്ധിഖ് (റ) ഖലീഫയായി. തുടര്‍ന്ന് ഹദ്‌റത്ത് ഉമര്‍(റ), ഹദ്‌റത്ത് ഉസ്മാന്‍(റ), ഹദ്‌റത്ത് അലി (റ) തുടങ്ങിയവര്‍ ഖലീഫമാരായി. ഇവരുടെ കാലഘട്ടം 'ഖിലാഫത്തെ റാഷിദ' എന്ന പേരില്‍ അറിയപ്പെടുന്നു.
തിരുനബിയുടെ പ്രവചനപ്രകാരംതന്നെ, പിന്നെ ഖിലാഫത്തില്‍ വ്യതിയാനമുണ്ടായി. സ്വേച്ഛാധിപതികളും ബലാത്കാരപൂര്‍വം ഭരണം നടത്തുന്നവരുമെല്ലാം ഖിലാഫത്ത് സ്ഥാനത്ത് വരുമെന്നുള്ള നബി (സ) യുടെ പ്രവചനപ്രകാരംതന്നെയാണ് അങ്ങനെ സംഭവിച്ചത്. 1924ല്‍ നാമമാത്രമായിരുന്ന ആ ഖിലാഫത്ത് പരമ്പര പൂര്‍ണമായും ഇല്ലാതായി. ഉദൈഫ (റ) നിവേദനംചെയ്തിട്ടുള്ള ഹദീസ് അനുസരിച്ച് അവസാന കാലത്ത് പ്രവാചകസരണിയിലൂടെ ചലിക്കുന്ന ഖിലാഫത്ത് പുനഃസ്ഥാപിക്കപ്പെടുമെന്നുള്ള പ്രവചനം കാണാം. അത് വാഗ്ദത്ത മഹദി മസീഹിന്റെ കാലമാണെന്ന് മഹാത്മാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. അവിശ്വാസികളെയെല്ലാം കൊന്ന് ലോകത്ത് ഇസ്ലാമിനെ വിജയിപ്പിക്കുന്ന ഖലീഫ എന്ന സങ്കല്പംതന്നെ ഇസ്ലാമിന് അന്യമാണ്. മതത്തില്‍ ബലാത്കാരമില്ല എന്നത് ഇസ്ലാമിന്റെ മറ്റൊരു നാമജപം.
(റിട്ട. സീനിയര്‍ ജേണലിസ്റ്റാണ് ലേഖകന്‍)