'ചോദ്യപേപ്പര്‍ വിവാദം മുതല്‍ ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയി. ഒളിവില്‍ പോയത്, കീഴടങ്ങിയത്, റിമാന്‍ഡിലായത്, അപായപ്പെടുത്തലുകളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്, ഒടുവില്‍ അക്രമത്തിന് ഇരയായി കൈപ്പത്തി വെട്ടിമാറ്റിയത്, അങ്ങനെയൊരുപാട് സംഭവങ്ങളുണ്ടല്ലോ അവയൊക്കെ ഓര്‍ത്തെടുത്തെഴുതുമ്പോള്‍ ഒരു ത്രില്ലുണ്ട്. പക്ഷേ സലോമിയുടേയും കുടുംബത്തിന്റേയും കാര്യങ്ങള്‍ വരുമ്പോള്‍ മനസ്സറിയാതെ മടിച്ചു നില്‍ക്കും.' ആത്മകഥാരചനയെക്കുറിച്ച് പ്രൊഫസര്‍ ടി.ജെ.ജോസഫ് ഒരിക്കല്‍ പറഞ്ഞു. ശരിയാണ് സംഭവബഹുലമാണ് പ്രൊഫസര്‍ ജോസഫിന്റെ ജീവിതം.
മതമൗലികവാദികളുടെ ആക്രമണത്തില്‍ കൈപ്പത്തി വെട്ടിമാറ്റലിന് ഇരയായ പ്രൊഫസറും കുടുംബവും കേരള മനസാക്ഷിയുടെ എന്നത്തേയും വിങ്ങലാണ്. മതതീവ്രവാദികള്‍ അദ്ദേഹത്തിന്റെ ശരീരത്തിനേല്‍പ്പിച്ച മുറിവിനേക്കാള്‍ ആഴവും പരപ്പുമേറിയതായിരുന്നു ഈ സംഭവത്തോടെ അദ്ദേഹത്തിന്റെ കുടുംബത്തിനേറ്റ മുറിവ്.
2010 ജൂലൈ നാലിന് പള്ളിയില്‍ നിന്നും കുടുംബവുമൊന്നിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പ്രൊഫസര്‍ ആക്രമിക്കപ്പെടുന്നത്. ഉറ്റവരുടെ മുമ്പിലിട്ട് അതിക്രമികള്‍ പ്രൊഫസറുടെ വലതുകൈപത്തി വെട്ടിമാറ്റി. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അതിമാരകമായ മുറിവുകളേറ്റു. മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയെന്ന കുറ്റമാരോപിച്ചായിരുന്നു പ്രൊഫസര്‍ക്ക് നേരെയുള്ള ഈ കിരാതനടപടി.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന പ്രൊഫസര്‍ ജോസഫ് ബി.കോം മലയാളം ഇന്റേണല്‍ പരീക്ഷക്കു വേണ്ടി തയ്യാറാക്കിയ ചോദ്യമാണ് വിവാദങ്ങളുടെ തിരികൊളുത്തിയത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളാണ് ചോദ്യത്തില്‍ ഉള്ളതെന്ന് മതമൗലിക വാദികള്‍ ആരോപിച്ചു. എന്നാല്‍ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഭാഗം മറ്റൊരു കൃതിയില്‍ നിന്നും കടംകൊണ്ടതാണെന്നും ചോദ്യം കൊടുത്തതില്‍ യാതൊരു ദുരുദ്ദേശ്യവും തനിക്കില്ലെന്നുമായിരുന്നു പ്രൊഫസറുടെ നിലപാട്.
 |
മകന്‍ മിഥുനിനും മകള്‍ ആമിക്കുമൊപ്പം പ്രൊഫ.ടി.ജെ ജോസഫ്. ഫോട്ടോ: സുമേഷ് മോഹന്‍ |
തീര്‍ച്ചയായും നാളത്തെ സമൂഹത്തെ വാര്‍ത്തെടുക്കുന്ന ഒരു അധ്യാപകനില്‍ നിന്നും മറ്റൊരു സമൂഹത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നടപടികള്‍ അശ്രദ്ധമായി പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. തനിക്ക് തെറ്റുപറ്റിപ്പോയെന്നും മാപ്പുനല്‍കണമെന്നും അദ്ദേഹം പരസ്യമായി അഭ്യര്‍ത്ഥിച്ചത് അതുകൊണ്ടാണ്. പക്ഷേ അതൊന്നും കേള്‍ക്കാനുള്ള മനസാക്ഷി അതിക്രമികള്‍ക്കില്ലാതെ പോയി.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ തന്നെ പ്രൊഫസറും കുടുംബവും ഭീതിയുടെ നിഴലിലായിരുന്നു. സംഭവത്തെതുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയും കോളേജ് അധികൃതര്‍ പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണങ്ങളെ ഭയന്ന് ഒളിവില്‍ പോയ പ്രൊഫസര്‍ കുടുംബത്തിന്റെ സുരക്ഷിതത്വത്തെ കരുതി പിന്നീട് പോലീസില്‍ കീഴടങ്ങി. ജാമ്യത്തിലിറങ്ങി പോലീസ് സംരക്ഷണത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് പ്രൊഫസര്‍ ആക്രമിക്കപ്പെടുന്നത്. അബദ്ധത്തില്‍ തയ്യാറാക്കിയ ഒരു ചോദ്യം ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്നത് തുടര്‍ന്ന് കേരളം കണ്ടു.

മത തീവ്രവാദികള്‍ ശാരീരികമായി ആക്രമിച്ചപ്പോള്‍ ക്ഷമയെക്കുറിച്ചും കാരുണ്യത്തെ കുറിച്ചും ഇടതടവില്ലാതെ പ്രസംഗിക്കുന്ന സഭ അദ്ദേഹത്തെ മാനസികമായാണ് ആക്രമിച്ചത്. പ്രൊഫസറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അദ്ദേഹത്തിന്റെ ഏക വരുമാനത്തില്‍ ജീവിച്ചിരുന്ന കുടുംബം ചികിത്സ ചെലവിനും മക്കളുടെ പഠനത്തിനും ജീവിതച്ചെലവുകള്‍ക്കും മുന്നില്‍ ഇനിയെന്ത് എന്നറിയാതെ പകച്ചുപോയി. അതിലുപരിയായിരുന്നു കേസുകളേല്‍പ്പിച്ച ഭാരം.
സഹപ്രവര്‍ത്തകരില്‍ പലരും മാസാമാസം പിരിച്ചെടുത്ത് നല്‍കിയിരുന്ന ചെറിയ തുകകൊണ്ടാണ് ആ കുടുംബം ജീവിച്ചിരുന്നത്. പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള തുക പോലും അനുവദിച്ചുലഭിക്കാന്‍ കോളേജ് അധികൃതര്‍ തടസ്സം നിന്നു. മാനസിക സംഘര്‍ഷങ്ങളെ അതിജീവിക്കാനാകാതെ അദ്ദേഹത്തിന്റെ ഭാര്യ സലോമി വിഷാദരോഗത്തിന്റെ പിടിയിലമര്‍ന്നു. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ തിരിച്ചെടുക്കാമെന്നായിരുന്നു കോളേജ് മാനേജ്‌മെന്റ് അന്ന് ജോസഫിന് നല്‍കിയ ഉറപ്പ്.
 |
സലോമിയും പ്രൊഫസറും |
പിന്നീട് കുറ്റക്കാരനല്ലെന്ന് തൊടുപുഴ സിജെഎം കോടതി കണ്ടെത്തിയിട്ടും അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാന്‍ കാത്തോലിക്കാ സഭ തയ്യാറായില്ല.
അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തു. സലോമിയുടെ ആത്മഹത്യ ഉയര്‍ത്തിയ ഒച്ചപ്പാടുകള്‍സഭാവിശ്വാസികള്‍ തന്നെ സഭയെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് ഉയര്‍ന്നതോടെയാണ് പ്രൊഫസറെ തിരിച്ചെടുക്കാന്‍ സഭ തയ്യാറായത്. 2014 മാര്‍ച്ച് 28-ന് സര്‍വീസില്‍ തിരിച്ചുകയറിയ പ്രൊഫസര്‍ മാര്‍ച്ച് 31-ന് വിരമിച്ചു. പക്ഷേ ഇന്നും തടഞ്ഞുവച്ച ശമ്പള കുടിശ്ശികയോ പെന്‍ഷനോ അദ്ദേഹത്തിന് നല്‍കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല.
മൂന്നുതവണ മാറ്റിവെച്ച വിധിപ്രഖ്യാപനത്തിന് ശേഷം കോടതി കുറ്റക്കാരെ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ മതതീവ്രവാദികളുടേയും മതപുരോഹിതന്മാരുടേയും ക്രൂരനടപടികള്‍ക്കിരയായ, ജീവിക്കുന്ന രക്തസാക്ഷിയായ ഈ മനുഷ്യന്‍ തന്നെ ദ്രോഹിച്ചവരോട് പണ്ടേ ക്ഷമിച്ചുകഴിഞ്ഞു. പക്ഷേ കുറ്റവാളികളെ ഇതിന് പ്രേരിപ്പിച്ച അന്തരീക്ഷം നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടും. ജോസഫുമാരും പ്രതീക്ഷയറ്റു ജീവിതം അവസാനിപ്പിച്ച സലോമിമാരും ഇനിയും ഉണ്ടാകും.