ഉയര്‍ന്ന വിജയത്തിളക്കത്തില്‍ ആഹ്ലാദിക്കുമ്പോള്‍ത്തന്നെ വിദ്യാഭ്യാസത്തിന്റെ
നിലവാരം എവിടെയെത്തിയെന്ന ആത്മപരിശോധന അടിയന്തരമായുണ്ടാകണമെന്നാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത് ചരിത്രസംഭവമായി മാറിയിരിക്കയാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. വിജയം. കേരളസംസ്ഥാനം പിറവികൊണ്ടതിനുശേഷം ഏറ്റവുമുയര്‍ന്ന വിജയമാണ് ഈവര്‍ഷമുണ്ടായത്, 97.99 ശതമാനം. കഴിഞ്ഞവര്‍ഷം 95.47 ശതമാനമായിരുന്നു. 1956'57ല്‍
47,260 പേര്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയതില്‍ വിജയിച്ചത്
21,109 പേര്‍ മാത്രമായിരുന്നു, വിജയശതമാനം 44.7.
എസ്.എസ്.എല്‍.സി. വിജയം ഏറ്റവും കുറഞ്ഞത് 1975ലാണ്, 20.4 ശതമാനം. അതിനു വ്യക്തമായ കാരണമുണ്ടായിരുന്നു. 1973ല്‍ എട്ടാംക്ലാസ് പരീക്ഷയെഴുതിയ എല്ലാവരെയും ജയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ്കുട്ടിയുടെ പേരിലാണ് ആ വിജയമറിയപ്പെട്ടത് 'ചാക്കീരിപ്പാസ്'. അടുത്തവര്‍ഷം ഒന്‍പതാംക്ലാസിലും ഇതുതന്നെ ആവര്‍ത്തിച്ചു. പക്ഷേ, തൊട്ടടുത്തവര്‍ഷം പത്താംക്ലാസ് പരീക്ഷയില്‍ ഇളവൊന്നും നല്‍കിയില്ല. അങ്ങനെയാണ് വിജയം 20.4 ശതമാനമായത്.
അടുത്തവര്‍ഷംതന്നെ വിജയത്തില്‍ 'വെള്ളം ചേര്‍ക്കാന്‍' തുടങ്ങി. ഓരോ വിഷയത്തിനും ജയിക്കണം എന്ന വ്യവസ്ഥ ഒഴിവാക്കി. രണ്ടു ഗ്രൂപ്പുകളാക്കി. ഒരു ഗ്രൂപ്പിന് മൊത്തത്തില്‍ മിനിമം മാര്‍ക്കുമതി എന്നു നിശ്ചയിച്ചു. ജയിപ്പിക്കാന്‍വേണ്ടി മോഡറേഷന്‍ എന്നപേരില്‍ സൗജന്യമായി മാര്‍ക്ക് കൊടുത്തുതുടങ്ങി.
2005നുശേഷം പരീക്ഷാസംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നു. ഡി.പി.ഇ.പി.യുടെ ഭാഗമായുള്ള പാഠ്യപദ്ധതിപരിഷ്‌കരണത്തിന്റെ തുടര്‍ച്ച പരീക്ഷാരീതിയിലുമുണ്ടായി. നിരന്തരമൂല്യനിര്‍ണയം (സി.ഇ.) എന്നപേരില്‍ ക്ലാസിലെ അധ്യാപകനുതന്നെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിക്കേണ്ട മാര്‍ക്ക് നല്‍കാമെന്നുവന്നു. ജയിക്കാന്‍ 35 ശതമാനം മാര്‍ക്കുവേണമെന്നത് 2006ല്‍ അധികാരത്തില്‍വന്ന ഇടതുമുന്നണിസര്‍ക്കാര്‍ 30 മതിയെന്നു നിജപ്പെടുത്തി. ജയിക്കാന്‍ 210 മാര്‍ക്കുവേണമെന്നത് അതോടെ 180 മതിയെന്നായി. അതില്‍ 130 മാര്‍ക്കുവരെ നിരന്തരമൂല്യനിര്‍ണയംവഴി കിട്ടുമെന്നായി. കഴിഞ്ഞവര്‍ഷം തോറ്റ പലര്‍ക്കും കിട്ടി സി.ഇ.യുടെ 130 മാര്‍ക്ക്. വിജയശതമാനം കുതിച്ചുകയറി. ഈ വര്‍ഷം 'സേ' (സേവ് എ ഇയര്‍) പരീക്ഷകൂടി കഴിയുമ്പോള്‍ വിജയം നൂറുശതമാനമായേക്കുമെന്ന് വകുപ്പുമന്ത്രിതന്നെ പ്രത്യാശിക്കുന്നു. ഉയര്‍ന്ന വിജയത്തിളക്കത്തില്‍ ആഹ്ലാദിക്കുമ്പോള്‍ത്തന്നെ വിദ്യാഭ്യാസത്തിന്റെ നിലവാരം എവിടെയെത്തിയെന്ന ആത്മപരിശോധന അടിയന്തരമായുണ്ടാകണമെന്നാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്.
നിലവാരം താഴോട്ട്
1990കള്‍വരെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ വേറിട്ട പ്രദേശമായിരുന്നു കേരളം. പ്രൈമറിവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലോകത്തിലെ അതിവികസിതരാജ്യങ്ങള്‍ക്കൊപ്പമായിരുന്നു കേരളത്തിന്റെ നില. 'കേരള മോഡല്‍ വികസനം' എന്ന പ്രയോഗം ആഗോളതലത്തിലുള്ള വികസനചര്‍ച്ചകളിലുയര്‍ന്നത് പ്രൈമറിവിദ്യാഭ്യാസത്തിലും പ്രാഥമികാരോഗ്യമേഖലയിലും നാം കൈവരിച്ച നേട്ടങ്ങള്‍ കാരണമായിരുന്നു.
എട്ടുവയസ്സ് പൂര്‍ത്തിയായ ഒരാളും എഴുത്തും വായനയുമറിയാതെ തിരുവിതാംകൂറിലുണ്ടാകരുതെന്ന, രാജാവ് സ്വാതിതിരുനാളിന്റെ കല്പനയെ പ്രകീര്‍ത്തിച്ചുകൊണ്ട് 1841ല്‍ ഇംഗ്ലണ്ടിലെ 'ഗാര്‍ഡനര്‍' മാസിക എഴുതിയിരുന്നു. ഇന്നിപ്പോള്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 'എ പ്ലസ്' നേടിയവരില്‍ എത്രപേര്‍ക്ക് മാതൃഭാഷയില്‍ തെറ്റുകൂടാതെ ഒരുവാക്യം എഴുതാന്‍കഴിയും എന്ന് അന്വേഷിക്കേണ്ട സ്ഥിതിയാണ്.
സര്‍വശിക്ഷാ അഭിയാന്റെ സഹകരണത്തോടെ എന്‍.സി.ഇ.ആര്‍.ടി. നടത്തിയ 2014ലെ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ ഫലം കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയുടെ ഭീകരത വെളിവാക്കുന്നു. മൂന്നാംക്ലാസിലെ ഗുണനത്തില്‍ കേരളം 25ാം സ്ഥാനത്തെത്തിയിരിക്കുന്നുവെന്നാണ് സര്‍വേഫലം. ദേശീയശരാശരിയെക്കാള്‍ പിറകിലാണു കേരളം. കേരളത്തിനു കിട്ടിയത് 61 ശതമാനം, ദേശീയശരാശരി 63. ഏറ്റവും മുന്നില്‍ ദാമന്‍ ദിയു എന്ന കേന്ദ്രഭരണപ്രദേശം; ശതമാനം 76. ഹരണത്തില്‍ കേരളത്തിന് 21ാം സ്ഥാനം; കിട്ടിയത് 57 ശതമാനം. ഒന്നാംസ്ഥാനത്ത് ദാമന്‍ ദിയു. തമിഴ്‌നാടിന് മൂന്നാംസ്ഥാനം. വ്യവകലനത്തില്‍ (സബ്ട്രാക്ഷന്‍) ഒന്നാംസ്ഥാനത്ത് കര്‍ണാടകം; സ്‌കോര്‍ 76. കേരളം 17ാം സ്ഥാനത്ത്; സ്‌കോര്‍ 65. ദേശീയശരാശരിയും 65 തന്നെ. ഗണിതം മൊത്തത്തിലെടുത്താല്‍ ഒമ്പതാംസ്ഥാനത്താണ് കേരളം. തമിഴ്‌നാട്, കര്‍ണാടക, മണിപ്പുര്‍, മിസോറം, പഞ്ചാബ് എന്നിവ കേരളത്തിനുമുന്നിലുണ്ട്.
കേന്ദ്ര മാനവശേഷിവികസനമന്ത്രാലയം 2013 അവസാനം പുറത്തിറക്കിയ വാര്‍ഷിക വിദ്യാഭ്യാസവികസനസൂചികയില്‍ കേരളം ഏഴാംസ്ഥാനത്തുനിന്ന് പതിന്നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ന്യൂപ്പയാണ്(National Universtiy of Educational Planning and Adminitsration) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദ്യാഭ്യാസവികസനസൂചിക തയ്യാറാക്കുന്നത് ന്യൂപ്പയും മനുഷ്യവിഭവശേഷിവികസനമന്ത്രാലയവും കൂടിയാണ്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ കുട്ടികള്‍ കുറയുന്നതും അധ്യയനദിവസങ്ങള്‍ കുറയുന്നതുമാണ് കാരണമായിപ്പറയുന്നത്. പ്രൈമറിയിലും അപ്പര്‍ പ്രൈമറിയിലും പ്രത്യേക റാങ്കിങ്ങും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. പ്രൈമറിയില്‍ കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന ആറാം സ്ഥാനത്തുനിന്ന് 20ാം സ്ഥാനത്തേക്കാണ് കേരളം പിന്തള്ളപ്പെട്ടത്. അപ്പര്‍ പ്രൈമറിയില്‍ 13ാം സ്ഥാനത്തുനിന്ന് 17ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഡി.പി.ഇ.പി. നടപ്പാക്കിയതുമുതല്‍ കേരളത്തിലെ പ്രാഥമികവിദ്യാഭ്യാസം വന്‍ തകര്‍ച്ചയിലേക്കു നീങ്ങുകയാണെന്നാണിതു കാണിക്കുന്നത്.
2014ലെ 'അസറില്‍' (Annual Status of Education Report) നിലവാരത്തകര്‍ച്ച കേരളത്തില്‍ രൂക്ഷമാവുകയാണെന്നാണു പറയുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അഞ്ചാംതരത്തില്‍ പഠിക്കുന്ന മൂന്നിലൊന്നു വിദ്യാര്‍ഥികള്‍ക്കും രണ്ടാംക്ലാസിലെ പാഠങ്ങള്‍ വായിക്കാനറിയില്ല. അഞ്ചുവര്‍ഷംമുമ്പ് ഇത് നാലിലൊന്നായിരുന്നു. നാലാംക്ലാസിലെ 25 ശതമാനത്തിനും ഒന്നാംക്ലാസിലെ പാഠങ്ങള്‍ വായിക്കാനറിയില്ല. അഞ്ചാംക്ലാസിലെ 60.7 ശതമാനത്തിനും മൂന്നക്കസംഖ്യയെ ഒറ്റയക്കംകൊണ്ട് ഹരിക്കാന്‍ കഴിയില്ല.
പ്രധാനപ്പെട്ട അഖിലേന്ത്യാപരീക്ഷകളിലെല്ലാം കേരളം ദയനീയമാംവിധം പിറകിലാണ്. ലോകനിലവാരത്തോട് അല്പമെങ്കിലും അടുത്തുനില്‍ക്കുന്നതായി ഇന്ത്യക്ക് എടുത്തുകാണിക്കാനുള്ള സ്ഥാപനങ്ങളാണ് ഐ.ഐ.ടി.കള്‍(Indian Institute of Technology). അവിടെ പ്രവേശനം ലഭിക്കുന്ന കേരളത്തിലെ ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം കേട്ടാല്‍ സാക്ഷരകേരളം ലജ്ജിക്കും. 2014ല്‍ 0.42 ശതമാനം. ഇത് 2013ല്‍ 1.5 ശതമാനവും 2012ല്‍ 1.7 ശതമാനവുമായിരുന്നു. പ്രവേശനം ലഭിച്ചവരില്‍ 55.08 ശതമാനവും സി.ബി.എസ്.ഇ. സിലബസ് പഠിച്ചവരാണ്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയെഴുതിയവരില്‍നിന്ന് 17.48 ശതമാനം പേര്‍ക്ക് പ്രവേശനം ലഭിച്ചു. ഒരുകാലത്ത് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ കൈയടക്കിയ മേഖലയായിരുന്നു അത്.
ഗണിതവും ഭാഷയുമുറയ്ക്കാതെ കുട്ടികള്‍ക്ക് മികച്ചവിജയം നേടാന്‍കഴിയില്ല. മത്സരമൊഴിവാക്കിയതോടെ മികവില്ലാതായി. എട്ടാംക്ലാസുവരെ ആരെയും തോല്‍പ്പിക്കരുതെന്നാണ് വിദ്യാഭ്യാസാവകാശനിയമം. പിന്നെ കുട്ടികള്‍ പഠിക്കില്ലെന്ന് പാര്‍ലമെന്റിലെ വിദ്യാഭ്യാസാവകാശസമിതി ചൂണ്ടിക്കാട്ടിയിട്ടും ഒരുമാറ്റവുമുണ്ടായില്ല.
എസ്.സി.ഇ.ആര്‍.ടി. പഠനം
2015 മാര്‍ച്ച് 23ന് കേരളനിയമസഭയില്‍ കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് വെച്ചിട്ടുണ്ട്. ഏഴാംക്ലാസില്‍ പഠിക്കുന്ന വലിയൊരുവിഭാഗം കുട്ടികള്‍ക്കും മലയാളമെഴുതാനറിയില്ലെന്നാണു റിപ്പോര്‍ട്ട്. സി.എ.ജി.യുടെ നിര്‍ദേശപ്രകാരം എസ്.സി.ഇ.ആര്‍.ടിയാണ്
0(State Council of Educational Research and Training) പഠനം നടത്തിയത്. നാലാംക്ലാസിലെ 66 ശതമാനം കുട്ടികള്‍ക്ക് മലയാളം തെറ്റുകൂടാതെ എഴുതാനറിയില്ലെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
അധ്യാപകരാവാനുള്ള യോഗ്യതാപരീക്ഷയായ കെടെറ്റ് പരീക്ഷയെഴുതിയ ബഹുഭൂരിപക്ഷവും തോല്‍ക്കുകയാണ്. ഡി.പി.ഇ.പി. രീതി പഠിച്ചുവന്നവരായതുകൊണ്ടുതന്നെ പരീക്ഷയില്‍ മികച്ചനിലവാരംപുലര്‍ത്താന്‍ ബഹുഭൂരിപക്ഷത്തിനും കഴിഞ്ഞില്ല. 50,732 പേരാണ് 2014ല്‍ പരീക്ഷയെഴുതിയത്. ജയിച്ചത് 10.54 ശതമാനം. 2012ലെ കെടെറ്റ് പരീക്ഷ ഒന്നരലക്ഷം പേരാണെഴുതിയത്. ജയിച്ചത്
4.5 ശതമാനം മാത്രം. എല്ലാവരെയും ജയിപ്പിച്ചാലുള്ള മെച്ചം പ്ലസ്ടുവിന് കൂടുതല്‍ സീറ്റും ബാച്ചും വേണ്ടിവരുമെന്നതാണ്.
മണലില്‍ വിരല്‍കൊണ്ടെഴുതി വിരല്‍ത്തുമ്പ് വേദനിപ്പിച്ച്്, കാവ്യങ്ങളും ഗണിതസൂത്രങ്ങളും പ്രയാസപ്പെട്ട്് കാണാപ്പാഠമാക്കി അടിയുറച്ച വിദ്യാഭ്യാസം നേടിയ ഒരുസംസ്‌കൃതി നിലനിന്ന നാട്ടിലാണ് ഭാഷയും ഗണിതവുമുറയ്ക്കാതെ കുട്ടികള്‍ പത്താംക്ലാസ് കഴിഞ്ഞുപോകുന്നതെന്നത് ഗൗരവമായിത്തന്നെ കാണണം. ഒപ്പം, എല്ലാവരെയും ജയിപ്പിക്കാന്‍ നാം പുതിയമാര്‍ഗങ്ങള്‍ തേടുകയും ജയത്തില്‍ അഭിമാനംകൊള്ളുകയുംചെയ്യുമ്പോള്‍ തോല്‍ക്കുന്നത് പരീക്ഷയാണെന്നോര്‍ക്കുകയും വേണം.