എം.ജി.ആറും ജയലളിതയുമൊക്കെ തമിഴ്‌നാട്ടില്‍ വെന്നിക്കൊടിപാറിക്കുമ്പോഴും കേരളത്തില്‍ പ്രേംനസീറും മുരളിയുമൊക്കെ തോറ്റ് വിവിധ വര്‍ണങ്ങളിലുള്ള തൊപ്പികള്‍ ധരിച്ച ചരിത്രമാണുള്ളത്.
ഇവിടെ സിനിമവേറെ, രാഷ്ട്രീയംവേറെ എന്ന് ഊറ്റംകൊണ്ട മലയാളിയിപ്പോള്‍ സിനിമയേതാണ് രാഷ്ട്രീയമേതാണ് എന്നു തിരിച്ചറിയാന്‍പറ്റാത്ത അവസ്ഥയിലാണ്. ഇതിനെല്ലാം ചുക്കാന്‍പിടിച്ചതാകട്ടെ കുറേ ചാനലുകാരും ചില തലതെറിച്ച സൈബര്‍ കലാകാരന്മാരുമാണ്. കേന്ദ്ര ഐ.ടി. നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതോടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഇന്ത്യയില്‍ ബാധിച്ച ഗ്രഹണം മാറി. ഇതോടെ സൈബര്‍ തൊഴിലാളികള്‍ പൂര്‍വാധികം ഊര്‍ജസ്വലരായിരിക്കുകയാണ്. ആ പഹയന്മാര്‍ ഇനി എന്തുചെയ്യുമെന്നോ ആരുടെയൊക്കെ നെഞ്ചത്തുകയറുമെന്നോ ഒരുനിശ്ചയവുമില്ല.
ജാഗ്രത്, സ്വപ്ന, സുഷുപ്തീഭാവങ്ങളെപ്പോലും ഒട്ടും ദയാദാക്ഷിണ്യമില്ലാതെ ഒപ്പിയെടുക്കുകയും പിന്നെ തരാതരത്തില്‍ സിനിമാഗാനങ്ങള്‍, ഡയലോഗുകള്‍ എന്നിവ പാകത്തില്‍ ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് ആദ്യം വിളമ്പിക്കൊടുക്കുകയുംചെയ്തത് ചാനലുകളാണ്. കണ്ണുരുട്ടി പേടിപ്പിക്കുന്ന അഭിമുഖങ്ങളെക്കാളും ഒമ്പതുമണിവിചാരണകളെക്കാളും ജനത്തിനിഷ്ടം ഇത്തരം പരിപാടികള്‍തന്നെയാണ്. പ്രശ്‌നം സങ്കീര്‍ണമായത് ജനംതന്നെ ആ 'പണി' ഏറ്റെടുത്തതോടെയാണ്. വാട്ട്‌സ് ആപ്പ്, വൈബര്‍, ടെലിഗ്രാം തുടങ്ങിയ പണിയായുധങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമാണല്ലോ. ചാനലില്‍ക്കാണുന്നത് ഷെയര്‍ചെയ്യുന്നതിനുപുറമെ, ആ ദൃശ്യങ്ങളുപയോഗിച്ച് മൊത്തമായും ചില്ലറയായും അവരും അണ്ണാന്‍കുഞ്ഞിനും തന്നാലായത് എന്നമട്ടില്‍ പണിതുടങ്ങിയിരിക്കുകയാണ്. ഇക്കൂട്ടര്‍ക്കാണെങ്കില്‍, പണിക്കൂലി പണിവാശി തുടങ്ങിയ ഒരു പിടിവാശിയുമില്ല. ജനത്തിനു കുശാലാണ്, ചിരിച്ചുചിരിച്ച് മരിക്കാം.
ഇതുകൊണ്ട് 'പണി'കിട്ടുന്നത് പ്രധാനമായും രാഷ്ട്രീയക്കാര്‍ക്കാണ്. ഇക്കഴിഞ്ഞ നിയമസഭാസമ്മേളനംതന്നെ ഉത്തമോദാഹരണം. ഓടിവന്ന ബിജിമോള്‍ എം.എല്‍.എ.യെ മന്ത്രി ഷിബു ബേബിജോണ്‍ തടഞ്ഞുനിര്‍ത്തുമ്പോള്‍, അതാവരുന്നു പാട്ട്, ''ഇല്ലാപെണ്ണേ ഞാന്‍വിടില്ലാപൊന്നേ ഞാന്‍വിടില്ലാവിടില്ലാ നിന്റെപിടിവിടില്ലാ...'' എം.എല്‍.എ. ശിവന്‍കുട്ടി സ്പീക്കറുടെ പോഡിയത്തിലേക്കു കയറുമ്പോള്‍ ''ഓം ശിവോഹം, ഓം ശിവോഹം രുദ്രനാഥം ഭജേഹം'' എന്നതാണ് പശ്ചാത്തലസംഗീതം. ശിവന്‍കുട്ടി വീഴുമ്പോള്‍ ''എന്റെ സിവനേ'' എന്നുള്ള സുരാജ് വെഞ്ഞാറമൂടിന്റെ വിളിയാണു നമ്മള്‍ കേള്‍ക്കുന്നത്. ആസ്പത്രിയിലേക്കു കൊണ്ടുേപാകുമ്പോള്‍ വീണ്ടും സുരാജ്: ''രണ്ട് ഓലക്കീറോ വെള്ളത്തുണിയോ എടുത്തോ, എന്നെ മൂടാന്‍''.
നിയമസഭയില്‍ നടന്നതുള്‍പ്പെടെയുള്ള ലോകകാര്യങ്ങള്‍ ജനമിന്നുകാണുന്നത് സിനിമയോ നാടകമോപോലെയാണ്. മനസ്സില്‍പ്പതിഞ്ഞ കഥാപാത്രങ്ങള്‍, ഡയലോഗുകള്‍, ഗാനങ്ങള്‍ ഇവയെല്ലാം പ്രേക്ഷകന്റെ ഉപബോധമനസ്സില്‍ സൃഷ്ടിക്കുന്ന ഒരു പ്രതലമുണ്ട്. ആ പ്രതലത്തില്‍നിന്നാണവര്‍ കാര്യങ്ങള്‍ വിവക്ഷിക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പുകഴിഞ്ഞ്, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഭുജംഗാസനംചെയ്യുന്ന ദൃശ്യത്തിന്റെ പിന്നണിയില്‍ ''പൂര്‍ണം ബ്രഹ്മം നരസിംഹം'' എന്ന പശ്ചാത്തലസംഗീതം നല്‍കുന്ന ഉപബോധസൂചകങ്ങളല്ല, ശിവന്‍കുട്ടി വീഴുമ്പോള്‍ ''എന്റെ സിവനേ'' എന്ന സുരാജിന്റെ ശബ്ദം നല്‍കുന്നത്. പരിചിതമായ ബിംബങ്ങളുപയോഗിച്ചുള്ള 'വാല്യു ലോഡിങ്' ആണിത്.
മനുഷ്യനെ ചിരിപ്പിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്; പ്രത്യേകിച്ചും മസിലുപിടുത്തത്തില്‍ അഗ്രേസരരായ മലയാളികളെ. അഹംഭാവത്തിന്റെ പരിചകളില്ലാതാകുന്ന ദുര്‍ബലനിമിഷത്തില്‍മാത്രമേ അവര്‍ ചിരിക്കുകയുള്ളൂ. വളരെ ഗൗരവത്തോടെയും ഗാംഭീര്യത്തോടെയും അവതരിപ്പിക്കപ്പെടുന്ന രാഷ്ട്രീയനിലപാടുകള്‍, ബലൂണില്‍ സുഷിരമിടുന്ന ലാഘവത്തോടെ നിര്‍വീര്യമാക്കാന്‍ പരിഹാസത്തിനാകുന്നത് ഇതുകൊണ്ടാണ്.
സിനിമയും സോഷ്യല്‍ മീഡിയയും ചേര്‍ന്നൊരുക്കുന്ന പുതിയ രസതന്ത്രത്തില്‍നിന്നുദ്ഭവിക്കുന്ന വീര്യമുള്ള രാസത്വരകങ്ങള്‍, ഒരുനിമിഷംകൊണ്ടുതന്നെ പ്രേക്ഷകരുടെ പരിപ്രേക്ഷ്യം മാറ്റിമറിക്കുന്നുവെന്ന സത്യം പല മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും മനസ്സിലാക്കുന്നില്ല. വാട്ട്‌സ് ആപ്പും മൊബൈലുമായി നടക്കുന്നവരൊന്നുമല്ല വോട്ടുചെയ്യുന്നതെന്നാണ് അവരുടെ വിശ്വാസം.
പണ്ടുകാലത്ത് രാഷ്ട്രീയവിശദീകരണയോഗവും പിക്കറ്റിങ്ങും പത്രക്കുറിപ്പും പിന്നീട് ഒരു ലൈവ് പത്രസമ്മേളനവും കഴിഞ്ഞാല്‍ അണികള്‍ സംതൃപ്തരാകുമായിരുന്നു. പിന്നെ കുറച്ചു മതിലെഴുത്ത്, അത്യാവശ്യം പോസ്റ്റര്‍പതിപ്പിക്കല്‍, കോലംകത്തിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍കൂടിയാവാം. ഒരുരക്ഷയുമില്ലെങ്കില്‍ കരിഓയില്‍ അഭിഷേകംനടത്തി പാര്‍ട്ടി പരദേവതകളെ തൃപ്തിപ്പെടുത്താം. എന്നാലിന്നോ പോസ്റ്ററെഴുതാനും ഒട്ടിക്കാനും ആളെക്കിട്ടുന്നില്ലെന്നുമാത്രമല്ല, വാളെടുത്തവനൊക്കെ വെളിച്ചപ്പാടാണുതാനും. തുറന്നൊരഭിപ്രായംപറയാനും അതു ജനങ്ങളിലെത്തിക്കാനും ഇന്നൊരു പ്രസ്ഥാനത്തിന്റെ പിന്‍ബലമാവശ്യമില്ല. അത് അവന്‍ അല്ലെങ്കില്‍ അവള്‍ നേരിട്ടുചെയ്യും. അഭിപ്രായരൂപവത്കരണത്തിനുപയോഗിച്ചിരുന്ന പരമ്പരാഗത ആയുധങ്ങളുടെ മൂര്‍ച്ച ഇന്നു പണ്ടേപ്പോലെ ഫലിക്കുന്നില്ല. സ്റ്റഡി ക്ലാസ്സുകള്‍ കട്ട് ചെയ്ത് ഇന്നത്തെ യുവത സൈബര്‍ലോകത്ത് അലഞ്ഞുതിരിഞ്ഞുനടക്കുകയാണ്.
രാഷ്ട്രീയനേതൃത്വത്തിന് തിരിച്ചറിവുണ്ടാകേണ്ട സമയം. 'ക്രൗഡ് സോഴ്‌സിങ്' എന്ന നവമാധ്യമാശയംകൊണ്ട് ശക്തിപ്രാപിച്ച 'ആപ്' മുതലായ രാഷ്ട്രീയപ്രസ്ഥാനങ്ങളും അറബ് വിപ്ലവകഥകളും നമുക്കുമുന്നിലുണ്ട്. പലപ്പോഴും കാര്യകാരണങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലാതെയാണ് സൈബര്‍ലോകത്ത് അഭിപ്രായരൂപവത്കരണം നടക്കുന്നത്. ഇത് രാഷ്ട്രീയാപചയമാണെന്നതിലും അരാഷ്ട്രീയാരാജകത്വത്തിലേക്കുള്ള ചവിട്ടുപടിയാണെന്നതിലും സംശയമില്ല. ഗഹനമായ ചര്‍ച്ചകളും ഗൗരവമേറിയ സിദ്ധാന്തങ്ങളും കൈകാര്യംചെയ്യുന്നതിനൊപ്പം ഉപരിപ്ലവമായ സൈബര്‍യുദ്ധത്തില്‍ ജയിക്കാനും ഇക്കാലത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു കഴിയണം.
സത്യസന്ധതയാണ് ഒരുപക്ഷേ, ഈ സൈബര്‍ പത്മവ്യൂഹത്തില്‍ പിടിച്ചുനില്‍ക്കാന്‍സഹായിക്കുന്ന ഏക സമരായുധം. എല്ലാ പ്രവൃത്തികളും ജനം കാണുന്നുണ്ടെന്ന ബോധ്യത്തോടെവേണം പ്രതികരണങ്ങള്‍. അതിനനുസൃതമായ സംവേദനശാസ്ത്രവും രീതിയും അവലംബിക്കണം. നാക്കും പ്രവൃത്തിയും നന്നായാല്‍മാത്രംപോരാ, മുമ്പുപറഞ്ഞത് ഓര്‍മയിലുംവേണം. അശ്രദ്ധരായി വായതുറക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൈബര്‍ യുഗം അത്ര നല്ലതല്ല. സൈബര്‍വാട്ട്‌സ് ആപ്പ് തൊഴിലാളികളുടെ പിടിവീണാല്‍ പണ്ടേപ്പോലെ ഒരു നിഷേധക്കുറിപ്പില്‍ കാര്യങ്ങള്‍തീരില്ല. തടിയൂരാന്‍ പുതിയ കഥകള്‍ മെനയുംതോറും, അവര്‍ പേരെടുത്ത കോമാളികളായിമാറുകയേ ഉള്ളൂ. ആട് ഇനി പട്ടിയാവില്ല.
(പ്രശാന്ത് കോഴിക്കോട് കളക്ടറും അമ്പാടി തീരദേശവികസനകോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറുമാണ്)