SPECIAL NEWS
  Apr 11, 2015
ജനറലും മാധ്യമങ്ങളും
സക്കറിയ
'പ്രെസ്റ്റിറ്റിയൂട്ട്' പ്രയോഗം മറനീക്കിക്കാണിക്കുന്നത് ഇന്ത്യന്‍ മാധ്യമരംഗത്തെയല്ല, ജനറലിന്റെ ഉള്ളിലെ കുള്ളന്‍ മനസ്സിനെയാണ്



'പ്രോസ്റ്റിറ്റിയൂട്ട്' അഥവാ 'വേശ്യ' എന്ന പരമ്പരാഗത പുരുഷനിര്‍മ്മിത സ്ത്രീഅധിക്ഷേപ പദത്തെ 'പ്രെസ്റ്റിറ്റിയൂട്ട്' എന്ന് രൂപാന്തരപ്പെടുത്തി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തെ വിവരിക്കാന്‍ കേന്ദ്രമന്ത്രി ജന.വി.കെ.സിംഗ് ഉപയോഗിക്കുമ്പോള്‍ എനിക്കതിനോട് യോജിക്കാന്‍ കഴിയുന്നില്ല. വളരെ ഉപരിപ്ലവവും പുരുഷാധിപത്യ ജീര്‍ണ്ണത നിറഞ്ഞതുമായി ഒരു പുലഭ്യം മാത്രമാണത്.

ഒരു ജനറലില്‍ നിന്ന് അതിലേറെ ഭാഷാചാതുര്യവും നാം പ്രതീക്ഷിക്കേണ്ടതില്ല എന്നത് വാസ്തവം തന്നെ. പക്ഷെ അത്തരമൊരു വിശേഷണത്തിലൊതുക്കാവുന്നതല്ല ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രശ്‌നങ്ങള്‍.

'സെക്‌സ് വര്‍ക്കര്‍' അഥവാ 'ലൈംഗികത്തൊഴിലാളി' എന്ന പദമാണ് സംസ്‌കാരികമതികള്‍ രതിത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ വിവരിക്കാനുപയോഗിക്കുന്നതെന്ന് ജനറലിന് അറിഞ്ഞുകൂട എന്നതിലും അത്ഭുതമില്ല. ഒരു ആര്‍.എസ്.എസ് കാരന്റെ ചിന്താശൂന്യമായ പുരുഷമേധാവിത്തമാണ് ജനറലിന്റെ ആ പദപ്രയോഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തെ ലൈംഗികത്തൊഴിലുമായി ഉപമിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ലൈംഗികത്തൊഴില്‍ എന്ന മാനുഷികാവസ്ഥ പ്രതിപാദിക്കുന്നത് സ്ത്രീയുടെ നിസ്സഹായതയും പട്ടിണിയും ഒറ്റപ്പെടലുമാണ്. അതില്‍ വന്നുചേരുന്നത് നിര്‍ഭാഗ്യവതികളും കൂട്ടം തെറ്റിയവരുമായ വനിതകളാണ്. ക്രൂരമായ കഷ്ടപ്പാടുകളും ശാരീരികവും മാനസികവുമായ ആഘാതങ്ങളും നിറഞ്ഞതാണ് അവരുടെ ജീവിതം.

ജനറല്‍ ഈ സാധുക്കളെ മാധ്യമപ്രവര്‍ത്തകരുമായി ഉപമിയ്ക്കാന്‍ ഒരു കാരണമേയുള്ളൂ. ലൈംഗികത്തൊഴിലാളികള്‍ തങ്ങള്‍ക്ക് പണം നല്‍കുന്നവര്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാക്കുന്നു. ജനറല്‍ ഉദ്ദേശിച്ചത് മാധ്യമപ്രവര്‍ത്തകരും അങ്ങിനെയാണ് എന്നാണ്.

അങ്ങനെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ധാരാളമുണ്ട് എന്നത് വസ്തുതയാണ്. ജനറലിന്റെ പാര്‍ട്ടിയോട് തന്നെ പണം വാങ്ങി സേവനം ചെയ്തുകൊടുക്കുന്നവരുണ്ട്. മറ്റ് പാര്‍ട്ടികളോട് ദ്രവ്യം വാങ്ങുന്നവരുണ്ട്. കോര്‍പ്പറേറ്റുകളോട് പൈസവാങ്ങി സേവനം നടത്തിക്കൊടുക്കുന്നവരുണ്ട്. ആള്‍ദൈവങ്ങളോടും മതമേധാവികളോടും ജാതിപ്രമാണിമാരോടും പ്രതിഫലം വാങ്ങുന്നവരുണ്ട്.

ജനറലിന് തെറ്റ് പറ്റിയത് അവിടെയല്ല. തുലനം ചെയ്യുക അസാധ്യമാം വിധം വ്യത്യസ്തമാണ് മാധ്യമപ്രവര്‍ത്തകരുടെയും ലൈംഗികത്തൊഴിലാളികളുടെയും ലോകങ്ങള്‍. മാധ്യമപ്രവര്‍ത്തനം, ലൈംഗികത്തൊഴില്‍പോലെ നിന്ദിതരുടെയും പീഡിതരുടെയും ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഒരു ലോകമല്ല. അത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ജീവിത/സുഖഭോഗശൈലികള്‍ പുലര്‍ത്തുന്നതും, ഏറ്റവും ഉയര്‍ന്ന വേതനങ്ങള്‍ നല്‍കപ്പെടുന്നതും, ഏറ്റവും ശക്തിയേറിയ രാഷ്ട്രീയ സാമൂഹിക സ്വാധീനങ്ങള്‍ ആസ്വദിക്കുന്നതുമായ ഒരു മേഖലയാണ്.

നിരാലംബരും മാധ്യമപ്രവര്‍ത്തകരാലടക്കം വേട്ടയാടപ്പെടുന്നവരുമായ ലൈംഗികത്തൊഴിലാളികളോട് മാധ്യമപ്രവര്‍ത്തകരെ ഉപമിക്കുന്നത് ജനറലിന്റെ സാംസ്‌കാരികമായ മൂഢതയെയാണ് കാണിക്കുന്നത്.

തീര്‍ച്ചയായും സത്യസന്ധരായ ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകരുണ്ട്. അവര്‍ ഒരുപക്ഷേ ന്യൂനപക്ഷമായിരിക്കാം. പക്ഷെ അവര്‍ മാധ്യമധര്‍മ്മങ്ങള്‍ അവരുടെ പരിമിതികള്‍ക്കുള്ളില്‍ പരിപാലിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ഇന്നും കുറച്ചെങ്കിലും വിശ്വാസ്യത ലഭിക്കുന്നത്.

ജനറലിന്റെ 'പ്രെസ്റ്റിറ്റിയൂട്ട്' പ്രയോഗം മറനീക്കിക്കാണിക്കുന്നത് ഇന്ത്യന്‍ മാധ്യമരംഗത്തെയല്ല, ജനറലിന്റെ ഉള്ളിലെ കുള്ളന്‍ മനസ്സിനെയാണ്. ഇത്തരമൊരു വിലകുറഞ്ഞ പുലമ്പല്‍ കൊണ്ട് നേരിടാവുന്നതല്ല ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനം ഇന്ന് നേരിടുന്ന ധാര്‍മ്മികപ്രതിസന്ധി.
 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -