സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞ രണ്ടു പാര്‍ട്ടി
കോണ്‍ഗ്രസിലൂടെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, യുവാക്കളെ കാര്യമായി
ആകര്‍ഷിക്കാന്‍ കഴിയുന്നില്ല
കാരാട്ട് പടിയിറങ്ങുമ്പോള്‍ 2
? വിഭാഗീയത ഇനിയും കേരളത്തില്‍ അവശേഷിക്കുന്നുണ്ടല്ലോ?
അതല്ല ഞങ്ങളുടെ വിലയിരുത്തല്‍. പാര്‍ട്ടിയില്‍ ഐക്യം ശക്തമായെന്നാണ് ആലപ്പുഴസമ്മേളനം കാണിച്ചുതരുന്നത്. രണ്ടു ദശാബ്ദങ്ങളായി കേരളത്തില്‍ നിലനിന്ന വിഭാഗീയത അവസാനിച്ചുകഴിഞ്ഞു. ചില അവശിഷ്ടങ്ങള്‍ ബാക്കിയുണ്ട്. അതിനപ്പുറം ഗുരുതരമായ അവസ്ഥ അവസാനിച്ചുകഴിഞ്ഞു.
? കേരളത്തിലെ വിഭാഗീയതയുടെ മൂലകാരണമെന്തെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടോ?
പാര്‍ലമെന്ററി വ്യാമോഹമാണ് പാര്‍ട്ടിയുടെ വിഭാഗീയതയുടെ കാരണം. തുടക്കംമുതല്‍ ഒടുക്കംവരെ അതുതന്നെയാണു കാരണം.
? കേരളത്തിലെ വിഭാഗീയത കേന്ദ്രനേതൃത്വത്തിലേക്കും കടന്നതായി പലപ്പോഴും വിമര്‍ശമുണ്ട്; പിണറായിക്കും വി.എസ്സിനും വേണ്ടി ചേരിതിരിഞ്ഞ് പി.ബി.യില്‍ പിന്തുണയുണ്ട് എന്നതരത്തില്‍.
കേരളത്തിനുപുറത്ത് ഒരുഘടകത്തെയും വിഭാഗീയത ബാധിച്ചിട്ടില്ല. ആ അധ്യായം അവസാനിച്ചുകഴിഞ്ഞു. വിഭാഗീയത മറ്റേതെങ്കിലും ഘടകത്തെയോ സംസ്ഥാനത്തെയോ ബാധിച്ചിട്ടില്ല. കേരളത്തില്‍ വിഭാഗീയത അവസാനിപ്പിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചുകഴിഞ്ഞിരിക്കുന്നു.
? പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടെന്നും കേള്‍ക്കുന്നുണ്ട്. ബദല്‍രേഖ യെച്ചൂരി അവതരിപ്പിച്ചതൊക്കെ ഇതിന്റെ ഭാഗമായല്ലേ?
അതൊക്കെ ഞങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടു. എന്തായി ഇത്തരം പ്രചാരണങ്ങളുടെ ഫലം? അതിനെക്കുറിച്ചൊക്കെ എഴുതി പ്രസിദ്ധീകരിച്ചു. രണ്ടുമാസംകഴിഞ്ഞു ചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ അതൊന്നും വിഷയമായതേയില്ല. ചര്‍ച്ചചെയ്യുക, എന്നിട്ടൊരു തീരുമാനത്തിലെത്തുക എന്നതാണു ഞങ്ങളുടെ രീതി.
? കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പ് കേരളത്തിലെ ഇടതുമുന്നണിയില്‍നിന്ന് ചില പാര്‍ട്ടികള്‍ വിട്ടുപോയിട്ടുണ്ട്. അതു തിരിച്ചടിയായെന്ന് പാര്‍ട്ടിതന്നെ വിലയിരുത്തിയിട്ടുണ്ട്. ആ പാര്‍ട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ എന്തെങ്കിലും നീക്കങ്ങളുണ്ടാകുമോ?
പൊതുനിര്‍ദേശം സംസ്ഥാനസമ്മേളനത്തില്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിലവതരിപ്പിക്കുന്ന പ്രമേയത്തിലും ഇക്കാര്യമുണ്ടാകും. എന്നാല്‍, അതെങ്ങനെ നടപ്പാക്കുമെന്ന്് സംസ്ഥാനഘടകമാണു തീരുമാനമെടുക്കേണ്ടത്.
? കേരളത്തിലെ ഇടതുമുന്നണിയിലുണ്ടായ പ്രശ്‌നങ്ങളില്‍ സി.പി.എമ്മിന്റെ പങ്ക് വളരെ വലുതാണ്. ജനതാദള്‍, ആര്‍.എസ്.പി. എന്നീ പാര്‍ട്ടികളുടെ സീറ്റുകള്‍ സ്വന്തമാക്കിയ തീരുമാനം. ഇത് തിരുത്തേണ്ടതല്ലേ?
സീറ്റുപങ്കുവെയ്ക്കലിനെച്ചൊല്ലി അത്തരംചില വിഷയങ്ങളുയര്‍ന്നിട്ടുണ്ടാകാം. ഇടതുമുന്നണി ശക്തിപ്പെടുന്നതോടെ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയുംചെയ്യും.
? യു.ഡി.എഫ്. വിട്ടുവരാന്‍ ഏതെങ്കിലും പാര്‍ട്ടികള്‍ തയ്യാറാണെങ്കില്‍ അവരോട് എന്തുസമീപനമായിരിക്കും കൈക്കൊള്ളുക?
കാത്തിരുന്നുകാണുകയെന്നതാണ് സമീപനം. വിലയിരുത്തിയശേഷമായിരിക്കും നടപടി. പക്ഷേ, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നു ഞങ്ങള്‍ കരുതുന്നു. പാര്‍ട്ടികോണ്‍ഗ്രസിനുശേഷം സി.പി.എം. ഇക്കാര്യം സൂക്ഷ്മമായി വിലയിരുത്തും. എന്തു നടപടിയെടുക്കണമെന്നു തീരുമാനിക്കും.
? മോദിക്കും ബി.ജെ.പി.ക്കും ബദലുണ്ടാക്കുന്നതിന് ഇടതുപാര്‍ട്ടികള്‍ മുന്‍കൈയെടുക്കേണ്ടതല്ലേ? നേരത്തേ മൂന്നാംമുന്നണി തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടുവെച്ചിരുന്നല്ലോ?
പല പാര്‍ട്ടികള്‍, പ്രത്യേകിച്ച് പ്രാദേശികപാര്‍ട്ടികള്‍ നവ ഉദാരവത്കരണത്തിനും വലതുപക്ഷരാഷ്ട്രീയത്തിനുമെതിരെയുള്ള നിലപാടുകളില്‍ സ്ഥിരതകാണിക്കുന്നില്ല. ചില പ്രാദേശികപാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം പോകുന്നു. ചില പാര്‍ട്ടികള്‍ ബി.ജെ.പി.ക്കൊപ്പം ചേരുന്നു. ചിലര്‍ അവസരവാദികളാകുന്നു. ചില ജനകീയവിഷയങ്ങളില്‍ ഈ പാര്‍ട്ടികളുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കാം. അതിനപ്പുറം, ദേശീയതലത്തില്‍ ഒരു രാഷ്ട്രീയകൂട്ടുകെട്ടിനാലോചിക്കുന്നില്ല. ഒരു മൂന്നാംമുന്നണി പ്രായോഗികമാണെന്നു ഞങ്ങള്‍ കരുതുന്നില്ല.
? ജനതാ പരിവാര്‍ ജനതാപാര്‍ട്ടികളുടെ ലയനം സജീവചര്‍ച്ചാവിഷയമാണല്ലോ?
അവര്‍ക്കു ഞങ്ങള്‍ ആശംസകള്‍നേരുന്നു. വര്‍ഗീയരാഷ്ട്രീയത്തിനെതിരെ അവര്‍ ഒരുമിച്ചുചേരുന്നുണ്ടെങ്കില്‍ നല്ലത്. അത് പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുമെന്നാണു ഞങ്ങള്‍ കരുതുന്നത്. അവരുടെ പരിപാടിയും നയവുമനുസരിച്ച്് പാര്‍ട്ടി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
? അതുപോലെതന്നെ സി.പി.എം.സി.പി.ഐ. ലയനത്തെക്കുറിച്ചും ചര്‍ച്ചകളുയരുന്നുണ്ട്. ലയനത്തിനു സമയമായോ?
കമ്യൂണിസ്റ്റുകള്‍ യോജിക്കുന്നത് നല്ല ആശയമാണ്. എന്നാല്‍, നിലവിലുള്ള സാഹചര്യത്തില്‍ അതു പ്രായോഗികമല്ല. ഇരുപാര്‍ട്ടികളുംതമ്മില്‍ യോജിച്ചുപ്രവര്‍ത്തിക്കുകയെന്നതാണ് ഇപ്പോള്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. രണ്ടുപാര്‍ട്ടികളുംതമ്മില്‍ ചരിത്രപരമായ ആശയവൈരുധ്യം നിലനില്‍ക്കുന്നുണ്ട്്്. അത് ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെമാത്രമേ ഇല്ലാതാക്കാന്‍കഴിയൂ. ഒപ്പം ശക്തമായ ഇടത് ഐക്യവും ലക്ഷ്യമാണ്. ആറേഴ് ഇടതുപാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടികോണ്‍ഗ്രസിനുശേഷം ഈനീക്കം ശക്തമാക്കും.
? സി.പി.എം. ജനകീയവിഷയങ്ങളില്‍ സമരംനടത്തേണ്ട പാര്‍ട്ടിയാണ്. എന്നാല്‍, അടുത്തകാലത്ത് സി.പി.എം. കേരളത്തില്‍ നടത്തിയ സമരങ്ങള്‍ പരാജയപ്പെട്ടു. ഉദാഹരണത്തിന് സോളാര്‍സമരം.
അഴിമതിക്കെതിരെയുള്ള പോരാട്ടം അല്ലെങ്കില്‍ അഴിമതിസര്‍ക്കാറുകള്‍ക്കെതിരെയുള്ള പോരാട്ടം വിജയിക്കുന്നത് മന്ത്രിമാര്‍ രാജിവെയ്ക്കുമ്പോള്‍മാത്രമല്ല. അഴിമതിക്കെതിരെ ജനങ്ങളെ തെരുവിലണിനിരത്തുകയും അത് ഒരു പ്രസ്ഥാനമാക്കിമാറ്റുകയും അത് സര്‍ക്കാറിനെ വീഴ്ത്തുകപോലുംചെയ്യുന്ന ശക്തിയായി വളരുകയുംചെയ്യുമ്പോഴാണ് സമരം വിജയിക്കുന്നതെന്നാണു ഞങ്ങള്‍ കരുതുന്നത്. അടുത്ത തിരഞ്ഞെടുപ്പുവരെ കാത്തിരിക്കാം, ഞങ്ങള്‍നടത്തിയ സമരം വിജയിച്ചോയെന്നറിയാന്‍.
? സോളാര്‍വിഷയത്തിലൊക്കെ നടന്നത് അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന് സഖ്യകക്ഷികള്‍തന്നെ ആരോപിച്ചിട്ടുണ്ടല്ലോ?
അതൊക്കെ കേരളത്തില്‍ ചര്‍ച്ചചെയ്തുകഴിഞ്ഞതാണ്. സോളാര്‍സമരവും സെക്രട്ടേറിയറ്റുവളയലും വന്‍വിജയമാണെന്നാണു ഞങ്ങള്‍ കരുതുന്നത്.
? പാര്‍ട്ടിയിലേക്ക് യുവാക്കളെയും സ്ത്രീകളെയും ആകര്‍ഷിക്കുന്നതിന് നടപടികളുണ്ടാകുമോ?
സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞ രണ്ട് പാര്‍ട്ടി കോണ്‍ഗ്രസിലൂടെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, യുവാക്കളെ കാര്യമായി ആകര്‍ഷിക്കാന്‍കഴിയുന്നില്ല. അവരുടെ പ്രശ്‌നങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളും, പരിഗണിക്കും തുടങ്ങിയവയൊക്കെ ഗൗരവപ്പെട്ട വിഷയങ്ങളാണ്.
? പാര്‍ട്ടിക്ക് ഒരു വനിതാ ജനറല്‍ സെക്രട്ടറി ഉണ്ടാകുമോ?
അതൊക്കെ ഞങ്ങള്‍ വിശാഖപട്ടണത്താണു തീരുമാനിക്കുക; വനിതയാണോ പുരുഷനാണോ യുവാവാണോ എന്നൊക്കെ.
? ജനറല്‍ സെക്രട്ടറിപദമൊഴിഞ്ഞാല്‍ എന്തായിരിക്കും പ്രവര്‍ത്തനമേഖല?
ഇപ്പോള്‍ ചെയ്യുന്നതില്‍നിന്ന് വലിയ മാറ്റമുണ്ടാകുമെന്നു കരുതുന്നില്ല. പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തനംതുടരാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടി ചില ഉത്തരവാദിത്വങ്ങള്‍ നല്കും.
? വായന ഇഷ്ടമാണെന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഏതു പുസ്തകമാണു വായിക്കുന്നത്?
ഇപ്പോള്‍, കഴിഞ്ഞ ഒരുമാസമായി പാര്‍ട്ടിരേഖകളും പാര്‍ട്ടിറിപ്പോര്‍ട്ടുകളുമാണു വായിക്കുന്നത്. മറ്റൊന്നും വായിക്കാന്‍ സമയംകിട്ടുന്നില്ല.
? ഇ.എം.എസ്സിനു ശേഷം ജനറല്‍ സെക്രട്ടറിയായ മലയാളി. കേരളം, മലയാളം എന്നീ അനുഭവങ്ങള്‍ നഷ്ടമായെന്നു തോന്നുന്നുണ്ടോ?
കേരളത്തില്‍ അഞ്ചുവര്‍ഷം മാത്രമാണു ജീവിച്ചിട്ടുള്ളത്. എങ്കിലും ഇടയ്ക്കിടെ കേരളത്തില്‍ പോകാറുണ്ട്. അതുകൊണ്ട് കേരളസമൂഹവുമായി നിരന്തരബന്ധമുണ്ട്. ബന്ധം ഒരിക്കലും മുറിഞ്ഞിട്ടില്ല.
(അവസാനിച്ചു)