ആന്ധ്രാപ്രദേശിലെ റായലസീമയിലെ കടപ്പ, ചിറ്റൂര്‍, കര്‍ണൂല്‍ എന്നിവിടങ്ങളിലായി 4.67 ലക്ഷം ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ശേഷാചലം കാട് രക്തചന്ദനത്തിനു പേരുകേട്ടതാണ്. ഇവിടത്തെ കാറ്റിനുപോലും ചന്ദനഗന്ധമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും അന്താരാഷ്ട്രവിപണിയില്‍ ടണ്ണിന് 25 ലക്ഷം രൂപ വിലമതിക്കുന്നതുമായ വന്‍ചന്ദനമരങ്ങളാണിവിടുള്ളത്.
അതുകൊണ്ടുതന്നെ കൊള്ളക്കാരുടെ വിഹാരകേന്ദ്രമാണ് ഈ കാട്. ആന്ധ്രാരക്തചന്ദനത്തിന് വിദേശത്തു നല്ല വിപണനമൂല്യമുണ്ട്. വന്‍വിലയുള്ള സംഗീതോപകരണങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കാനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കാട്ടുകള്ളന്‍ വീരപ്പന്റെ ഇഷ്ടസ്ഥലമായിരുന്നു ശേഷാചലം. പലതവണ വനപാലകര്‍ വീരപ്പനുമായി ഈ കാട്ടില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 2013-ല്‍ കൊള്ളക്കാരുമായി ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരപരിക്കേല്‍ക്കുകയും ചെയ്തു. 2014 മെയില്‍ മൂന്നു കൊള്ളക്കാരെ വനസംരക്ഷണസേന ചിറ്റൂരില്‍ വെടിവെച്ചുകൊന്നു.
ഇതിനെത്തുടര്‍ന്നാണ് ചന്ദ്രബാബു നായിഡു ചന്ദനക്കൊള്ളക്കാരെ ഇല്ലാതാക്കാനായി പ്രത്യേക സേന രൂപവത്കരിച്ചത്. കൊള്ളക്കാരെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവും നല്‍കിയിരുന്നു.
മൂസ: ചന്ദനക്കടത്തിലെ മലയാളികണ്ണി
ചെന്നൈ: രക്തചന്ദനക്കടത്ത് സംഘത്തിലുള്ള മലയാളി മൂസ (65) അറസ്റ്റിലായത് കഴിഞ്ഞവര്‍ഷമായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മൂസയുടെ പ്രധാന തട്ടകം തമിഴകമായിരുന്നു.
പോലീസ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ജോലിചെയ്തിരുന്ന മൂസ രണ്ട് കള്ളക്കടത്തുകേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 2006ല്‍ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ടു.
ആന്ധ്രയിലെ ഉള്‍ഗ്രാമങ്ങളില്‍നിന്ന് റോഡ് മാര്‍ഗം തമിഴ്‌നാട്ടിലെത്തിക്കുന്ന രക്തചന്ദന ഉത്പന്നങ്ങള്‍ െൈചന്ന തുറമുഖം വഴി കയറ്റിയയ്ക്കുകയായിരുന്നു പ്രതിയുടെ രീതി.
തമിഴ്ആന്ധ്രാ സംസ്ഥാനങ്ങളില്‍ നടക്കുന്ന ചന്ദനക്കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് മൂസ. ആയിരത്തിലധികം കോടികളുടെ ആസ്തിയുള്ള ചന്ദനലോബിയുടെ തലപ്പത്താണ് മൂസയുടെ സ്ഥാനം. മൂസ ഇപ്പോള്‍ ആന്ധ്രാപ്രദേശ് ജയിലില്‍ കഴിയുകയാണ്.