SPECIAL NEWS
  Apr 06, 2015
ലോകകപ്പ് കൊച്ചിയിലേക്ക്
ഒ.ആര്‍.രാമചന്ദ്രന്‍

യുദ്ധങ്ങളും ലോകകപ്പും എന്നും നമുക്ക് സ്ഥിതിവിവരക്കണക്കുകള്‍ മാത്രമാണ്. എന്നാല്‍ ഇതാ സ്വന്തം മുറ്റത്ത് കഥകളിലെ യുദ്ധം അരങ്ങേറാന്‍ പോകുന്നു. കൊച്ചിയില്‍ 2017ല്‍ ലോകകപ്പ് നടക്കും എന്ന വാര്‍ത്ത ഫുട്‌ബോള്‍ പ്രേമികള്‍ പോലും വിശ്വസിക്കാന്‍ മടിക്കും. ലോകകപ്പോ, ഇന്ത്യയിലോ, കൊച്ചിയിലോ... ഹും!

എന്നാല്‍ അതു യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. 2017ലെ അണ്ടര്‍ -17 ലോകകപ്പ് വേദികളില്‍ കൊച്ചിയും ഉള്‍പ്പെടും എന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ലോകഫുട്‌ബോള്‍ ഭൂപടത്തിലേക്ക് കേരളവും ചുവടു വെക്കുന്നു. ആതിഥ്യമെന്നാല്‍ മത്സരിക്കാനുള്ള അവകാശം കൂടിയാണെന്നതിനാല്‍ ഇന്ത്യയുടെ ലോകകപ്പ് എന്‍ട്രിയും നാം കാണാന്‍ പോകുന്നു! ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തീര്‍ച്ചയായും ആഹ്ലാദിക്കാന്‍ വകയുള്ള വാര്‍ത്തയാണ് ഇത്.

2022ലോ 26ലോ സീനിയര്‍ ലോകകപ്പ് കളിക്കണമെന്ന ഇന്ത്യന്‍ പദ്ധതികളിലേക്ക് യാഥാര്‍ഥ്യബോധത്തോടെയുള്ള ഒരു ചവുട്ടുപടിയായി വേണം ഇതിനെ കാണാന്‍. 2017ല്‍ അണ്ടര്‍-17 കളിക്കുന്ന ടീം അന്നേക്കു സീനിയറാവുമല്ലോ! അതിനാല്‍ ഈ നിലമൊരുക്കല്‍ അനിവാര്യം തന്നെ. നാമതിനു പാകപ്പെട്ടുവോ, നമുക്കതിനു പ്രാപ്തിയുണ്ടോ, സത്യത്തില്‍ നാമത് അര്‍ഹിക്കുന്നുണ്ടോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ തുടങ്ങും. പരാതികളും പ്രതിഷേധങ്ങളും പരിഹാസങ്ങളും എല്ലാമുണ്ടാവും. അതു നടക്കട്ടെ. ജാതകവശാല്‍, ഏതു പദ്ധതിക്കും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് അതൊക്കെ. ആദ്യം കളി വരട്ടെ. ബാക്കി യുദ്ധങ്ങള്‍ പിന്നീടാവാം.

കളിയെ യുദ്ധമായി സങ്കല്‍പ്പിക്കുന്നത് ഒരര്‍ഥത്തില്‍ ശരിയായ പ്രയോഗമല്ല. എന്നാല്‍ ഇന്ന് ഫുട്‌ബോള്‍ ലോകകപ്പ് ഏറെക്കുറെ യുദ്ധസമാനമായ സന്നാഹമാവശ്യപ്പെടുന്ന കളിയാണ്. ആള്‍ബലവും പരിശീലനവും പടക്കോപ്പുകളും ആരവവും ആര്‍പ്പുവിളികളുമെല്ലാം ഈ യുദ്ധത്തിനും വേണം. കോടാനു കോടിയുടെ ബജറ്റും! കാരണം, ഇന്ന് അതു കളി മാത്രമല്ല, ഓരോ രാജ്യത്തിന്റെയും അഭിമാനത്തിന്റെ പ്രഖ്യാപനം കൂടിയാണ്. അതില്‍ കളിക്കാനര്‍ഹത നേടുന്നതും ആതിഥ്യാവകാശം നേടുന്നതുമെല്ലാം ഒരു യുദ്ധം ജയിക്കുന്നതു പോലെതന്നെ പൊരുതി നേടേണ്ടതാണ്.

മറ്റൊരര്‍ഥത്തിലും ലോകകപ്പ് യുദ്ധം തന്നെയാണ്. ലോകകപ്പിനു കളിക്കാനെടുക്കുന്ന പന്ത് ലോകത്തിന്റെ ഹൃദയമാണ്. അതില്‍ നിറക്കുന്നത് കാറ്റല്ല. ദേശീയതയും വികാരങ്ങളും കൂടിയാണ്. മൃഗതൃഷ്ണകള്‍ അഴിഞ്ഞാടുന്ന പോര്‍നിലമാണ് ഓരോ ലോകകപ്പും. ചെയ്തു തീര്‍ക്കാനാവാത്ത യുദ്ധങ്ങളാണ് ലോകത്തെമ്പാടുമുള്ള മൈതാനങ്ങളില്‍ കളിയായി അരങ്ങേറുന്നത്. ജയിക്കില്ലെന്നുറപ്പുള്ള ഇന്ത്യയെപ്പോലുള്ള ദുര്‍ബലരും ഈ യുദ്ധത്തിനിറങ്ങിത്തിരിക്കുന്നു. കാരണം, തോല്‍ക്കാത്തവരുടെ യുദ്ധം ഇന്ന് ഇതു മാത്രമേയുള്ളൂ. ജയവും തോല്‍വിയും ഇരു കൂട്ടര്‍ക്കും അവകാശപ്പെടാവുന്ന യുദ്ധം. ഇതിന്റെ വരവിനായി രാജ്യങ്ങളും ഗോത്രങ്ങളും പോരാളികളും കാത്തിരിക്കുന്നതില്‍ എന്തദ്ഭുതം?

എന്താണിതില്‍ ഇത്ര അഭിമാനിക്കാന്‍ എന്നു ചോദിക്കുന്നവരോട് മറുപടിയില്ല. എന്തു കൊണ്ടാണ് ഇതില്‍ അഭിമാനം തോന്നാത്തത് എന്നു തിരിച്ചു ചോദിക്കുക മാത്രമേ ചെയ്യാനുള്ളൂ. ഈ കളി നമുക്കു പ്രിയപ്പെട്ടതായത് ഇതില്‍ നമ്മളും പങ്കു ചേരുന്നു എന്നതുകൊണ്ടാണ്. തോല്‍വിയോ ജയമോ അല്ല, നമ്മുടെ കൊടിയടയാളം പരിരക്ഷിക്കലാണ്പ്രധാനം. അതിന് നിരുപാധികമായ പിന്തുണയാണ് വേണ്ടത്. വിമര്‍ശനമല്ല.

പന്തുകളിയുടെ ഉദ്ഭവദശയില്‍ വലിയ വയലുകളില്‍ നൂറൂ കണക്കിനു പേര്‍ എതിര്‍ചേരികളിലായി നിരന്നു നിന്നാണത്രെ കളിച്ചിരുന്നത്. അന്നത് കളി മാത്രമായിരുന്നില്ല. ജീവിതസമരം കൂടിയായിരുന്നു. മറുപക്ഷത്തിന്റെ കൊടിമരത്തിനപ്പുറം പന്തെത്തിച്ചാല്‍ ആ വയല്‍ നിലം അവര്‍ക്കു ലഭിക്കും. എതിര്‍ ഗോത്രങ്ങളുടെ വയലുകളില്‍ കൊടി നാട്ടാനായാല്‍ അത് അധിനിവേശവും കീഴടക്കലുമായി. കളിക്കുന്നവര്‍ എത്ര കുറച്ചായാലും സമൂഹത്തിന്റെ മൊത്തം ഭാഗധേയം അതില്‍ നിര്‍ണയിക്കപ്പെടുന്ന അവസ്ഥ. അതിനാല്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ എല്ലാവരും കളിക്കളങ്ങള്‍ക്കു ചുറ്റും കൊടികളും ആരവങ്ങളുമായി വന്നു നിരക്കുമായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാഗധേയം നിര്‍ണയിക്കപ്പെടുന്ന ആദ്യ യുദ്ധം ഒരു പക്ഷെ ഇതായിരിക്കാം. അതിനാല്‍ നമ്മള്‍ ഗ്യാലറിയില്‍ ഉണ്ടാവണം. പിന്തുണയ്ക്കണം. ഇതിനെ കൈയടിച്ചു വരവേല്‍ക്കുക തന്നെ വേണം. ഏതു രംഗത്തായാലും ഒരു ചുവട് മുന്നോട്ടാണ് നാം വെക്കേണ്ടത്. പിന്നോട്ടല്ല. യുക്തിക്കോ വാദങ്ങള്‍ക്കോ സ്ഥാനമില്ലാത്ത ആവേശത്തിന്റേയും വികാരത്തിന്റേയും ലോകമാണ് ഫുട്‌ബോള്‍. അവിടെ നമുക്കും ചില കൊടികള്‍ പാറിക്കാനുണ്ട്.

കൊച്ചി നമ്മുടെ മുറ്റത്തെ വയലാണ്. അവിടേയ്ക്കാണ് കളി വരുന്നത്. നമ്മുടെ നേര്‍ക്കാഴ്ചയിലെ ആദ്യത്തെ ലോകകപ്പാവും അത്. ഇതു വരെ കണ്ടതൊക്കെ എവിടെയോ നടന്ന ഏതോ രാജ്യക്കാരുടെ ഏതൊക്കെയോ യുദ്ധങ്ങളുടെ ദൃശ്യങ്ങളായിരുന്നു. ഇപ്പോഴിതാ, അതു നമ്മുടെ മുറ്റത്തെത്തുന്നു. നമ്മള്‍ നടത്തുന്ന, നമ്മളും പങ്കെടുക്കുന്ന യുദ്ധം. ജയിക്കാം, തോല്‍ക്കാം.. അത് കഥയില്‍ മാറ്റമുണ്ടാക്കുന്നില്ല. നമുക്കാ പോരിന്റെ ഉന്മാദനിമിഷങ്ങളാണ് വേണ്ടത്.

അതിനാല്‍ ഇതിനെ പിന്തുണയ്ക്കാം. കളി വരട്ടെ. നമ്മുടെ കുട്ടികള്‍ നാളേക്കുള്ള വലിയ കളിയ്ക്ക് ഒരുങ്ങട്ടെ.
 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -