SPECIAL NEWS
  Mar 19, 2015
സി പി ഐ-സി പിഎം ലയനം അനിവാര്യം: ഡി.പാണ്ഡ്യന്‍
കെ എ ജോണി, ചിത്രങ്ങള്‍: വി.രമേഷ്

ഇടതുപാര്‍ട്ടികള്‍ പ്രസംഗം നിര്‍ത്തി പ്രവര്‍ത്തിച്ചുകാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സി പി ഐ മുന്‍ തമിഴ്‌നാട് സെക്രട്ടറി ഡേവിഡ് പാണ്ഡ്യന്‍ പറയുന്നു. കഴിഞ്ഞ 9 വര്‍ഷമായി തമിഴ്‌നാട്ടില്‍ സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പാണ്ഡ്യന്‍ കഴിഞ്ഞ ഫിബ്രവരിയില്‍ കോയമ്പത്തൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. കാരൈക്കുടിയിലെ അളകപ്പ കോളേജില്‍ ഇംഗ്‌ളീഷ് അദ്ധ്യാപകനായിരുന്ന പാണ്ഡ്യന്‍ റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയത്തില്‍ സജീവമായത്.

സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ് മാര്‍ച്ച് 25 ന് പുതുച്ചേരിയില്‍ തുടങ്ങാനിരിക്കെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് 82 കാരനായ പാണ്ഡ്യന്‍ സംസാരിക്കുന്നു.


എന്തുകൊണ്ടാണ് സി പി ഐ സി പി എം ലയനം നടക്കാത്തത് ?

വേദനിപ്പിക്കുന്ന ചോദ്യമാണത്. ഉള്ളിന്റെയുള്ളില്‍ എന്നെ ഇത് വല്ലാതെ നീറ്റുന്നുണ്ട്. ഡല്‍ഹിയില്‍ ആം ആദ്മിയുടെ നേട്ടത്തെക്കുറിച്ചു പറയുമ്പോള്‍ ഉയരുന്ന ഒരു നിരീക്ഷണം ഇടതുപക്ഷത്തിന്റെ ഇടമാണ് ആ പാര്‍ട്ടി കൈയ്യടക്കുന്നതെന്നാണ്. ഇടതുപക്ഷത്തിന്റെ അതിര്‍ത്തികള്‍ തീര്‍ച്ചയായും ചുരുങ്ങിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായും മറ്റ് പല പാര്‍ട്ടികളുമായും സഹകരണം ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. പക്‌ഷേ, ആദ്യം ചെയ്യേണ്ടത് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ലയിക്കുക എന്നതാണ്. സ്വന്തം കുടുംബത്തില്‍ നിന്നാണ് തുടങ്ങേണ്ടത്. സദാചാരം പ്രസംഗിക്കുന്നതകൊണ്ട് മാത്രം കാര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിയണം.

എന്താണ്, ആരാണ് ലയനത്തിന് തടസ്സം?

നേതാക്കളാണ് ഇതിന് ഉത്തരം പറയേണ്ടത്. ഇരുപാര്‍ട്ടികളിലെയും 90 ശതമാനം പ്രവര്‍ത്തകരും ലയനത്തിന് അനുകൂലമാണ്. ഈ പ്രവര്‍ത്തകരോട് നേതാക്കള്‍ കാര്യം വിശദീകരിക്കേണ്ടതുണ്ട്. ലയനം എന്തുകൊണ്ട് നടക്കുന്നില്ല എന്ന ചോദ്യത്തിന് പാര്‍ട്ടി നേതൃത്വം ഉത്തരം കൊടുത്തേ തീരൂ.

സി പി ഐ-കോണ്‍ഗ്രസ് ലയനം ചര്‍ച്ചാ വിഷയമാണോ?

പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ പ്രമേയങ്ങളില്‍ ഈ വിഷയമില്ല. സി പി എം ലയനത്തിന് എതിരാണ്. ലയനം ഇപ്പോള്‍ തങ്ങളുടെ അജണ്ടയിലില്ലെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുള്ളത്. അപ്പോള്‍ പിന്നെ സി പി ഐ ഈ വിഷയം ചര്‍ച്ചചെയ്തിട്ട് എന്തു കാര്യമാണുള്ളത്.


രാഷ്ട്രം വല്ലാത്ത ഒരു ദശാസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഇന്ത്യയുടെ മതേതരത്വത്തിനും ബഹുസ്വരതയ്ക്കും നേരെ കടുത്ത വെല്ലുവിളികള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള ഒരു വിശാലസഖ്യത്തെക്കുറിച്ച് സി പി ഐ ആലോചിക്കുന്നുണ്ടോ?
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന സൂചനകള്‍ വല്ലാതെ അസ്വാസ്ഥ്യമുണ്ടാക്കുന്നവയാണ്. ഹിന്ദുരാഷ്ട്രം എന്ന അജണ്ട വെച്ചാണ് സംഘപരിവാര്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനെതിരെ വിശാലമായ ചെറുത്തുനില്‍പ് ആവശ്യമാണ്. പക്‌ഷേ, കോണ്‍ഗ്രസ് ആദ്യം അവരുടെ സാമ്പത്തിക നയങ്ങള്‍ തിരുത്തേണ്ടതായുണ്ട്. നവ ഉദാരവത്കരണത്തിനെതിരെ വ്യക്തമായ നിലപാട് കോണ്‍ഗ്രസ് എടുത്താല്‍ മാത്രമേ വിശാലസഖ്യത്തിനുള്ള സാഹചര്യം ഉരുത്തിരിയുകയുള്ളു.

കോണ്‍ഗ്രസുമായി, പ്രത്യേകിച്ച് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് താങ്കള്‍.1991 ല്‍ രാജീവ് അധികാരത്തില്‍ തിരിച്ചെത്തിയിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നോ?

രാജീവിനെ എനിക്ക് നേരിട്ടറിയാമായിരുന്നു. 1989 നും 91 നുമിടയ്ക്ക് അധികാരത്തില്‍നിന്നും പുറത്തുനിന്ന രണ്ടുവര്‍ഷം രാജീവ് ഒട്ടനവധി കാര്യങ്ങള്‍ പഠിച്ചുവെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. സാധാരണക്കാരന് നീതി കിട്ടേണ്ടതിനെക്കുറിച്ചും രാജ്യത്ത് പട്ടിണി ഇല്ലാതാക്കേണ്ടതിനെക്കുറിച്ചും രാജീവ് ഇക്കാലയളവില്‍ അതീവ ബോധവാനായിരുന്നു. മുന്‍കാലത്ത് വരുത്തിയ പല തെറ്റുകളും തിരുത്തണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. രാജീവ് ജീവിച്ചിരുന്നുവെങ്കില്‍ നരസിംഹറാവു ഇന്ത്യന്‍ പ്രധാനമന്ത്രിയാവുമായിരുന്നില്ല. റാവുവാണ് ഇന്ത്യയെ നെഹ്‌റുവിന്റെ പാതയില്‍ നിന്നും വ്യതിചലിപ്പിച്ചത് എന്നതും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

പാണ്ഡ്യനും രാജീവ് ഗാന്ധിയും-ഫയല്‍ ചിത്രം


രാജിവിന്റെ അന്ത്യ നിമിഷങ്ങളില്‍ താങ്കള്‍ ശ്രീപെരുമ്പുത്തൂരില്‍ രാജീവിനൊപ്പം ഉണ്ടായിരുന്നു, അതെക്കുറിച്ച്?
ഞാനാണ് രാജീവിന്റെ പ്രസംഗം മൊഴിമാറ്റേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇടതുവശത്ത് ഞാനുണ്ടായിരുന്നു. വലതു വശത്ത് രാജിവിന്റെ ബോഡിഗാര്‍ഡും. ആ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്‌ഫോടനത്തില്‍ രണ്ടു കഷ്ണമായി. എനിക്ക് സ്‌ഫോടനം കേട്ടതേ ഓര്‍മ്മയുള്ളൂ. ഞാന്‍ ഒരു പത്തടിയെങ്കിലും അകലേക്ക് തെറിച്ചുപോയി. പിന്നെ ബോധം വരുന്നത് തന്നെ ഏറെ നേരം കഴിഞ്ഞാണ്. അനേക ദിവസങ്ങള്‍ ഞാന്‍ ആസ്പത്രിയിലായിരുന്നു. തലമുതല്‍ കാലുവരെ പൊള്ളലേറ്റു. ഞാന്‍ ജീവനോടെ അവശേഷിച്ചത് അത്ഭുതമായിരുന്നു. ഇപ്പോഴും എന്റെ ശരീരത്തില്‍ സ്‌ഫോടനത്തില്‍ നിന്നുള്ള ലോഹക്കഷണങ്ങളുണ്ട്. ആ തിരഞ്ഞെടുപ്പില്‍ ആസ്പത്രിയില്‍ കിടന്നാണ് ഞാന്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്.

രാജീവിന്റെ കൊലയ്ക്കു പിന്നില്‍ എല്‍ ടി ടി ഇ മാത്രമാണോ?

എല്‍ ടി ടി ഇ ഒരു ഉപകരണമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. കൂടുതല്‍ ശക്തിയുള്ള മറ്റാരോ ആണ് രാജീവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ എല്‍ ടി ടി ഇയെ പിന്തുണയ്ക്കുമെന്ന് കലൈഞ്ജര്‍ കരുണാനിധി വഴി രാജിവ് വേലുപ്പിള്ള പ്രഭാകരന് സന്ദേശം നല്‍കിയിരുന്നു. വ്യക്തിപരമായ ശത്രുതയല്ല രാജീവിന്റെ കൊലയിലേക്ക് നയിച്ചത്.

സി ഐ എയിലേക്കാണോ താങ്കള്‍ വിരല്‍ചൂണ്ടുന്നത്?

സി ഐ എയുടെ പങ്ക് നിഷേധിക്കാനാവില്ല. സത്യം എവിടെയോ മൂടിക്കിടക്കുകയാണ്. ഈ സത്യങ്ങളൊന്നും പുറത്തുകൊണ്ടുവരാന്‍ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല.

അടുത്ത തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ആര്‍ക്കാണ് ജയസാദ്ധ്യത?

ഇക്കാര്യത്തില്‍ സംശയമൊന്നും വേണ്ട. ജയലളിത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാലും ഇല്ലെങ്കിലും എ ഐ എ ഡി എം കെ തന്നെ ഭൂരിപക്ഷം നേടും. ജയലളിതയ്ക്ക് ജയിലില്‍ പോവേണ്ടി വന്നാല്‍ എ ഐ എ ഡി എം കെയ്ക്കനുകൂലമായി സഹതാപതരംഗമുണ്ടാവും. ജയലളിത കുറ്റവിമുക്തയായാല്‍ അവരുടെ പാര്‍ട്ടി തമിഴകം തൂത്തുവാരും.'Heads or tails, it will be AIADMK' (സഖാവ് പാണ്ഡ്യന്‍ അര്‍ത്ഥവത്തായി ചിരിക്കുന്നു).


ജയലളിതയുമായി താങ്കള്‍ക്കുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച്?
പാര്‍ട്ടി തലത്തിലുള്ള ബന്ധമാണത്. പാര്‍ട്ടിക്കുവേണ്ടിയാണ് ഞാന്‍ ജയലളിതയുമായി ആശയവിനിമയം നടത്താറുള്ളത്.

പക്‌ഷേ, ജയലളിത വീട്ടിലേക്ക് വന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുള്ള അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് താങ്കള്‍?

എന്റെ മകന്റെ കല്യാണത്തിന് ജയലളിത വരാമെന്നു പറഞ്ഞിട്ട് അവസാന നിമിഷം വന്നില്ല. അതിന്റെ അര്‍ത്ഥം എന്നെ അപമാനിച്ചെന്നാണോ? 80-ാം പിറന്നാളിന് ജയലളിത എന്റെ വീട്ടില്‍ വന്നുവെന്നത് ശരിയാണ്.അതെന്തുകൊണ്ടാണെന്ന് അവരോടാണ് ചോദിക്കേണ്ടത്.

ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ജയലളിതയെ എങ്ങിനെ വിലയിരുത്തുന്നു?

ശരിക്കും ജനകീയ നേതാവാണ് അവര്‍. തമിഴ്‌നാട്ടില്‍ ബി ജെ പിയെ തടഞ്ഞുനിര്‍ത്തുന്നതില്‍ അവര്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും അവര്‍ ബി ജെ പിക്കൊപ്പം പോവുമെന്ന് ഞാന്‍ കരുതുന്നില്ല.
 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -