SPECIAL NEWS
  Mar 14, 2015
ജനങ്ങള്‍ എല്ലാം കാണുന്നു

നിയമസഭയില്‍ വെള്ളിയാഴ്ച അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയനാടകത്തില്‍ ആര്‍ക്കായിരുന്നു വിജയം? ഭരണപ്രതിപക്ഷങ്ങള്‍ ഒരുപോലെ ജയമവകാശപ്പെടുന്നുണ്ടെന്നതു ശരിതന്നെ. എന്നാല്‍, അവരെ സഭയിലേക്കു തിരഞ്ഞെടുത്തയച്ച ജനങ്ങള്‍ തോല്‍ക്കുന്നകാഴ്ചയാണ് യഥാര്‍ഥത്തില്‍ കണ്ടത്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് നമ്മള്‍ വാഴ്ത്തിപ്പാടുന്ന നിയമസഭയില്‍ ബജറ്റവതരിപ്പിക്കുന്ന ദിവസം നടന്നത് തീര്‍ത്തും അപക്വമായ ചെയ്തികളായിരുന്നു. സ്പീക്കറുടെ വേദിയിലെ എല്ലാം തച്ചുടയ്ക്കുകയും അദ്ദേഹത്തിന്റെ കസേരയുള്‍പ്പെടെ എല്ലാം വലിച്ചെറിയുകയുംചെയ്ത പ്രതിപക്ഷം, സ്വന്തം കടമനിര്‍വഹിക്കുകയായിരുന്നില്ല. അവര്‍ തെറ്റായ, ഒരിക്കലും ഒരുകാരണവശാലും മാതൃകയാക്കാനാവാത്ത കീഴ്വഴക്കം സൃഷ്ടിക്കുകയായിരുന്നു; തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച ജനങ്ങളെ അപമാനിക്കുകയുമായിരുന്നു.

ഭരണഘടനാപരമായി സഭയിലവതരിപ്പിക്കേണ്ട ബജറ്റ് തടയുമെന്നു പ്രഖ്യാപിക്കുന്നതും അതു തടസ്സപ്പെടുത്തുന്നതും നല്ല കീഴ്വഴക്കമല്ല. ബാര്‍കോഴ സംബന്ധിച്ച് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് അന്വേഷണംനേരിടുന്ന ധനമന്ത്രി കെ.എം. മാണി ബജറ്റവതരിപ്പിക്കുന്നതില്‍ ധാര്‍മികമായും രാഷ്ട്രീയപരമായും ശരിയില്ലായ്മയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതേസമയം, അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണെന്നും കേസില്‍ കുറ്റപത്രംപോലും സമര്‍പ്പിച്ചിട്ടില്ലെന്നും ഭരണപക്ഷവും വാദിക്കുന്നു. ആരോപണം അന്വേഷണത്തിലിരിക്കെ, ആരോപണവിധേയനെ കുറ്റവാളിയായി മുദ്രകുത്തുന്നത് അനീതിയാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. ഭരിക്കുന്ന മുന്നണിയുടെ പ്രമുഖനും പ്രബലനുമായ നേതാവ് മന്ത്രിസ്ഥാനത്തിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ സ്വന്തം സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗം എങ്ങനെ സ്വതന്ത്രവും നീതിപൂര്‍വവുമായി അന്വേഷണംനടത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ മറുചോദ്യം. ഇരുവാദത്തിലും മതിയായ കഴമ്പുണ്ടെന്നു തോന്നാമെങ്കിലും അതൊന്നും സഭയ്ക്കുള്ളില്‍ക്കണ്ട കോപ്രായങ്ങള്‍ക്കു ന്യായീകരണമാവുന്നില്ല.

നിയമസഭാകവാടത്തിനുപുറത്ത് ഇടതുമുന്നണിയും യുവമോര്‍ച്ചയും നടത്തിയ ഉപരോധസമരം അക്രമത്തിലാണു കലാശിച്ചത്. കല്ലേറും കുപ്പിയേറുംമൂലം ഒട്ടേറെ പോലീസുകാര്‍ക്കു പരിക്കേറ്റു. ലാത്തിയടിക്കൊപ്പം ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചപ്പോള്‍ പ്രതിഷേധക്കാരും ആസ്പത്രിയിലായി. ഇതിനിടെ, പോലീസിന്റേതുള്‍പ്പെടെയുള്ള സര്‍ക്കാര്‍വാഹനങ്ങള്‍ കത്തിച്ചാമ്പലാവുന്ന കാഴ്ചയും തലസ്ഥാനം കണ്ടു. ബജറ്റവതരണവും അതു തടസ്സപ്പെടുത്തലും സഭയ്ക്കകത്തു നടക്കുമ്പോള്‍ പുറത്തുനടന്ന അക്രമങ്ങള്‍ക്ക് ഒരുകടിഞ്ഞാണുമുണ്ടായിരുന്നില്ല. സ്വന്തം അണികള്‍ക്കുമേല്‍ നേതാക്കള്‍ക്കും നേതൃത്വത്തിനും നിയന്ത്രണമില്ലാതെവരുമ്പോള്‍ ഇത്തരം അഴിഞ്ഞാട്ടങ്ങള്‍ സ്വാഭാവികംമാത്രം.

ജനാധിപത്യത്തില്‍ ആര്‍ക്കും വിയോജിക്കാനും എതിര്‍ക്കാനും അവകാശമുണ്ട്. പ്രതിഷേധങ്ങളാവാം, പ്രക്ഷോഭങ്ങളാവാം. എന്നാല്‍, അക്രമമാര്‍ഗം, അതു സഭയ്ക്കകത്തായാലും പുറത്തായാലും ഒരുതരത്തിലും അംഗീകരിക്കാനാവില്ല. സഭയ്ക്കകത്തെ പെരുമാറ്റം എങ്ങനെയാവണമെന്നതിനെപ്പറ്റി സഭാംഗങ്ങള്‍ സ്വയം ലക്ഷ്മണരേഖ വരയ്ക്കണമെന്ന് മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ റൂളിങ് നല്‍കിയിരുന്നത് ഈയവസരത്തില്‍ അനുസ്മരിക്കണം. സഭ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനും സഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് സ്റ്റാഫിനെ നിയോഗിക്കുന്നത് ഉചിതമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതു പിന്തുടര്‍ന്ന സ്പീക്കര്‍ ശക്തന്‍, തന്റെ സുരക്ഷയുറപ്പാക്കുന്നതിന് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ നടപടിസ്വീകരിച്ചുമില്ല. ആ ഉദാരമായ സമീപനമാണ് അദ്ദേഹത്തിന്റെ വേദി തകര്‍ക്കുന്നതിനു കാരണമായതെന്നു പറയാം.

ധനമന്ത്രി നിയമസഭയിലേക്ക് ഒളിച്ചുകടക്കേണ്ടിവരിക, സ്വന്തം ഇരിപ്പിടം മാറിനിന്ന് ബജറ്റവതരിപ്പിക്കേണ്ടിവരിക, പിന്നീട് മീഡിയറൂമില്‍ച്ചെന്ന് ബജറ്റ് വിശദീകരിക്കേണ്ടിവരിക എന്നിവയൊക്കെ അസാധാരണസംഭവങ്ങളാണ്. നിയമസഭ ഒരിക്കല്‍പ്പോലും കാണാത്ത ചീത്ത കീഴ്വഴക്കങ്ങളുണ്ടാക്കിവെച്ചതില്‍ പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തിനും പങ്കുണ്ട്. മുന്‍കൂട്ടി പ്രഖ്യാപിച്ച സമരമായിരുന്നതുകൊണ്ട് അതൊഴിവാക്കിയെടുക്കാനും അനുരഞ്ജനത്തിന്റെ പാത കണ്ടുപിടിക്കാനും ധാരാളം സമയമുണ്ടായിരുന്നു. സാങ്കേതികമായി ബജറ്റവതരിപ്പിച്ചെന്നാണു സഭാരേഖയെന്ന് സ്പീക്കര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതു പിന്നീടൊരു തര്‍ക്കവിഷയമാവാമെങ്കിലും സ്പീക്കറുടെ തീര്‍പ്പാണു നിലനില്‍ക്കുകയെന്നാണ് നിയമവിദഗ്ധരുടെപക്ഷം.

നിയമസഭയില്‍ ജനങ്ങളുടെ ശബ്ദമുയരുമ്പോഴേ അതു ജനാധിപത്യമാവൂ. തിരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ജനങ്ങളെ മറക്കുകയും അധികാരപ്രമത്തതകാട്ടുകയും അക്രമവും കുതന്ത്രങ്ങളും പ്രവര്‍ത്തനപദ്ധതിയായി സ്വീകരിക്കുകയുംചെയ്യുന്നത് ആരോഗ്യകരമായ ജനാധിപത്യസമ്പ്രദായമല്ല. കര്‍ശനമായ അച്ചടക്കവും ജനങ്ങളെ സേവിക്കാനുള്ള മനോഭാവവുമാകണം ജനപ്രതിനിധികളെ മുന്നോട്ടുനയിക്കേണ്ടത്. തിരഞ്ഞെടുപ്പുകാലം തീര്‍ന്നാല്‍ തങ്ങളൊരു പ്രത്യേകവര്‍ഗമാണെന്ന ധാരണയില്‍ ജനപ്രതിനിധികള്‍ പെരുമാറുന്നത് അപലപനീയമാണ്. ജനാധിപത്യത്തിലെ ഉന്നതമൂല്യങ്ങളുയര്‍ത്തിപ്പിടിക്കാനും വിവേകത്തിന്റെയും ധര്‍മത്തിന്റെയും പാതയിലൂടെ പോകാനും അവര്‍ക്കു സാധിക്കണം. എന്തായാലും ബജറ്റുദിനത്തില്‍ നിയമസഭകണ്ടത് ഒരു ജനാധിപത്യദുരന്തമായിരുന്നു; ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ ജനങ്ങളാഗ്രഹിക്കാത്തൊരു രാഷ്ട്രീയകോമാളിത്തം.
 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -