മാണി ബജറ്റവതരിപ്പിച്ചിട്ടില്ല. എന്തോ പുലമ്പിയതേയുള്ളു പോല്‍... ആ പുലമ്പലാണ് ബജറ്റെന്ന് പറഞ്ഞാല്‍ എന്തു ചെയ്യാനാണ്? നാളെ ഇതും അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന് ആക്ഷേപം പറഞ്ഞേക്കാം. മാണി വരുന്നത് ഏതുവഴിയാണെന്ന് മനസ്സിലാക്കിയിട്ടും മനസ്സിലാകാത്ത പോലെ കളിച്ചു, സ്പീക്കറുടെ ഡയസ്സില്‍ കയറി അന്തിമസമരം നടത്തി എല്ലാ ശ്രദ്ധയും അങ്ങോട്ടേക്കാകര്‍ഷിച്ച് മാണി സാറിന് കടന്നുവരാന്‍ വേറെ വഴിയൊരുക്കി എന്നൊക്കെ... പറയുന്നവര്‍ പറയട്ടെ. രണ്ടാമത്തെ അന്തിമസമരവുംം വിജയിച്ചു കഴിഞ്ഞു. യഥാര്‍ഥ അന്തിമ സമരത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുന്നു
കാണുന്നതായും കേള്‍ക്കുന്നതായും അനുഭവിക്കുന്നതായും തോന്നുന്ന സകലതും മായയാണ്. ഒന്നും വാസ്തവമല്ല. അജ്ഞാനം കൊണ്ടാണ് ഈ മായയെ യാഥാര്‍ഥ്യമായി കരുതിപ്പോകുന്നത്.
ലോകത്തിന്റെ നിലനില്‍പ്പു തന്നെ അജ്ഞാനം കൊണ്ടാണ്. മനുഷ്യര്‍ക്ക് എല്ലാവര്‍ക്കും യഥാര്‍ഥ ജ്ഞാനമുണ്ടായിപ്പോയാല്‍ പിന്നെ ഈ ലോകത്തിന് അര നിമിഷത്തെ ആയുസ്സുണ്ടാവില്ല. വിപ്ലവാചാര്യന്‍ മാര്‍ക്‌സ് പ്രവചിച്ചതുപോലെ ഭരണകൂടം കൊഴിഞ്ഞുവീഴും.
സാക്ഷാല്‍ ബ്രഹ്മാവിനും ഇതു നല്ല തിട്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് ആ ആദിപിതാവ് ആദ്യത്തെ സൃഷ്ടിയായി അജ്ഞാനവൃത്തികളെ പുറത്തുവിട്ടത്. വിവരക്കേട്, അവിദ്യ- അതാണ് ബ്രഹ്മാവിന്റെ ആദ്യ സൃഷ്ടി. മായകള്‍ നിറഞ്ഞ ലോകം നിലനില്‍ക്കണമെങ്കില്‍ വിവരക്കേടേ ശരണം എന്ന് ആദ്യം മനസ്സിലാക്കിയത് ബ്രഹ്മാവാണ്.
എല്ലാവര്‍ക്കും ശരിയായ ജ്ഞാനമുണ്ടാകുന്നതോടെ ഭരണകൂടം കൊഴിഞ്ഞുവീഴും, പിന്നെ സമരവും ധര്‍ണയും ഹര്‍ത്താലും വേണ്ട. ബജറ്റ് വേണ്ട, അതവതരിപ്പിക്കാന്‍ പാലക്കാരന്‍ കുഞ്ഞുമാണി വേണ്ട. ബജറ്റില്ലെങ്കില്‍ നിയമസഭ വേണ്ട, പാര്‍ലമെണ്ടില്ലെങ്കില്‍ പാര്‍ലമെണ്ടറി വ്യാമോഹമില്ല. അതു രണ്ടുമില്ലെങ്കില്‍ രാഷ്ട്രീയമുണ്ടാകില്ല... ഭരണകൂടവും ഭരണവുമില്ലാത്ത സര്‍വതന്ത്രസ്വതന്ത്രമായ, ബജറ്റിലൂടെയല്ലാതെ തന്നെ പാലും തേനും ഒഴുകുന്ന, റോഡരികിലെ ആണികളില്‍ നിന്ന് പോലും ആര്‍ക്കും മുക്കിക്കുടിക്കാവുന്ന അവസ്ഥ. സ്വര്‍ഗം തന്നെ. അപ്പോള്‍പ്പിന്നെ ഇപ്പോഴത്തെ മായാപ്രപഞ്ചം നാസ്തി. ബ്രഹ്മ തത്ത്വത്തെ മാര്‍ക്‌സാണ് ശരിക്കും വ്യാഖ്യാനിച്ചത്.
മാര്‍ക്‌സിസ്റ്റുകാര്‍ക്ക് വിവരമുണ്ട്. മറ്റുള്ളവര്‍ക്കും കൂടി വിവരമുണ്ടായാലല്ലേ പക്ഷേ ഭരണകൂടം കൊഴിഞ്ഞുവീഴൂ. അതിനായുള്ള ക്ഷമക്കും ഒരതിരുണ്ട്. ബജറ്റവതരിപ്പിച്ചില്ലെങ്കില്‍ കേരളം സ്തംഭിക്കും. ഉമ്മന്‍ചാണ്ടി ഭരണം കൊഴിഞ്ഞുവീഴും...
പക്ഷേ വലതുപക്ഷം ചിന്തിച്ചതങ്ങനെയല്ല. ബജറ്റവതരിപ്പിച്ചാലേ നാല് മുക്കാല്‍ കിട്ടൂ. വികസനം നടക്കണമെങ്കില്‍ ഭരണം വേണം. നാട്ടുകാരുടെ അജ്ഞാനം തീരുംവരെയെങ്കിലും വികസനവും ഭരണവും വേണ്ടേ.
ഈ സര്‍ക്കാരിനെതിരെ രണ്ടാമത്തെ അന്തിമ സമരമാണ് പ്രതിപക്ഷം നടത്തിയത്. ആദ്യ സമരത്തിലെന്നപോലെ രണ്ടാം അന്തിമ സമരത്തിലും വിജയശ്രീലാളിതരാകാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞെന്ന് ന്യായമായും അവകാശപ്പെടാം. സമരത്തില്‍ പ്രതിപക്ഷം വിജയിച്ചെന്ന് പിണറായി വിജയനും മാണി ബജറ്റ് അവതരിപ്പിച്ചില്ലെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞതില്‍ നിന്ന് കാര്യം വ്യക്തമാണ്. പ്രതിപക്ഷം വിജയിച്ചുവെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ വിലയിരുത്തല്‍. ഇതിലും അഡ്ജസ്റ്റ്‌മെന്റുണ്ടെന്ന് നാളെ സഖാവ് പന്ന്യനോ കാനമോ കണ്ടുപിടിക്കുകയോ മറ്റോ ചെയ്താല്‍ പ്രതിപക്ഷനേതാവ് നിലവിലെ അഭിപ്രായം മാറ്റി കാരാട്ടിന് കത്തയക്കുകയും അത് പത്രത്തില്‍ വരികയുമൊന്നും ചെയ്യില്ലെന്ന് ഇപ്പോള്‍ കട്ടായമായി പറയാനാവില്ലെങ്കിലും പാര്‍ട്ടിയില്‍ തല്‍ക്കാലം ഏകാഭിപ്രായമാണെന്നതില്‍ ആശ്വസിക്കാം.
മാണി വരുന്നത് ഏതുവഴിയാണെന്ന് മനസ്സിലാക്കിയിട്ടും മനസ്സിലാകാത്ത പോലെ കളിച്ചതാണോ, സ്പീക്കറുടെ ഡയസ്സില്‍ കയറി അന്തിമസമരം നടത്തിയത് എല്ലാ ശ്രദ്ധയും അങ്ങോട്ടേക്കാകര്‍ഷിച്ച് മാണി സാറിന് കടന്നുവരാന്‍ വേറെ വഴിയൊരുക്കിയതാണെന്നോ മറ്റോ നാളെ ആക്ഷേപം വന്നാല്‍ വരട്ടെ.തല്‍ക്കാലം വി.എസ്.അച്ചുതാനന്ദനും സമ്മതിച്ചിരിക്കുന്നു മാണി ബജറ്റവതരിപ്പിച്ചിട്ടില്ല. എന്തോ പുലമ്പിയതേയുള്ളു പോല്‍... ആ പുലമ്പലാണ് ബജറ്റെന്ന് പറഞ്ഞാല്‍ എന്തു ചെയ്യാനാണ്.
ബജറ്റവതരിപ്പിച്ചില്ലെങ്കില്‍ അത് പാസാക്കാന്‍ സമ്മതിക്കില്ലല്ലോ. പാസായില്ലെങ്കില്‍ ഭരണപക്ഷത്തെ മാത്രമല്ല, പ്രതിപക്ഷത്തെയും കഞ്ഞികുടി മുട്ടും.. ബജറ്റ് പാസായില്ലെങ്കില്‍ ഭരണകൂടം കൊഴിഞ്ഞുവീഴും. അതുകൊണ്ട് ബജറ്റ് അവതരിപ്പിച്ചെന്ന് വാദത്തിനു വേണ്ടി യു.ഡി.എഫ്. പറയുന്നെങ്കില്‍ പറയട്ടെ. തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കാതിരിക്കുകയാണല്ലോ ചെയ്യുക. പിന്നെ ധനവിനിയോഗ വില്‍ അവതരിപ്പിക്കുമ്പോള്‍ ഇതേ പരിപാടി ആവര്‍ത്തിക്കുക. മാണിയെ ബില്‍ അവതരിപ്പിക്കാന്‍ വിടാതിരിക്കുക, പാസാക്കാന്‍ വിടാതിരിക്കുക.... ബജറ്റവതരിപ്പിച്ചതായി അവകാശപ്പെട്ട് ഞെളിഞ്ഞതു കൊണ്ടായില്ലല്ലോ. വോട്ട് ഓണ്‍ അക്കൗണ്ട് പാസായില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഭരണകൂടം താനേ കൊഴിഞ്ഞുവീഴുമല്ലോ.
ഇപ്പോള്‍ യു.ഡി.എഫ്. വിജയിച്ചുവെന്ന് അവരും എല്‍.ഡി.എഫ്.വിജയിച്ചുവെന്ന് അവരും അവകാശപ്പെടുന്ന ബജറ്റ് നാടകത്തിന്റെ രണ്ടാം ഘട്ടത്തിലെ വിജയത്തിനു ശേഷമേ സമ്പൂര്‍ണവിജയം ആര്‍ക്കെന്ന് ഉറപ്പിച്ചുപറയാനാകൂ. അതിന് ധനവിനിയോഗ ബില്‍ പാസാകണം. അന്ന് മാണിയെ നിയമസഭക്കകത്ത് കടക്കാനേ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാനും തലേ ദിവസം തന്നെ മാണിക്ക് ഉപരോധം ഏര്‍പ്പെടുത്താനും നിയമസഭയില്‍ വെപ്പും കുടിയും രാപാര്‍പ്പും നടത്താനും കഴിയും. ഭരണ പക്ഷത്തിനും തനത് രീതിയില്‍ പ്രവര്‍ത്തിക്കാനാകും. സദാ ഉണര്‍ന്നിരിക്കേണ്ട മാധ്യമങ്ങള്‍ക്ക് ശരിക്കും ഉണര്‍ന്നിരിക്കാനും പ്രേക്ഷകരായ മഹാജനത്തിന് മറ്റു പണികള്‍ മാറ്റിവെച്ച് ചാനലിനു മുമ്പിലിരിക്കാനും സാധിക്കും. പൊതുവേ ഉണ്ണാനും ഉറങ്ങാനും പോലും നേരമില്ലാത്ത എം.എല്‍.എ.മാര്‍ക്ക് സഭയില്‍ രാപാര്‍ത്ത് നാടകമോ പ്രഹസനമോ മിമിക്രിയോ ഒക്കെ ചെയ്ത് പ്രതിഭാവിലാസം പ്രകടിപ്പിക്കാം. ബജറ്റ് ദിവസത്തെപ്പോലെ തന്നെ ധനവിനിയോഗ ബില്‍ വോട്ടിനിടുന്ന ദിവസവും ചാനല്‍കേമറകള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നു മാത്രം.തലേന്ന് സഭയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അതും ജനത്തെ കാണിക്കാന്‍ അനുവദിക്കുക... സുതാര്യതയാണ് ജനാധിപത്യത്തിന്റെ അന്ത:സത്തയെന്നാണല്ലോ വെപ്പ്. അത് സഭയില്‍ നിന്നു തുടങ്ങട്ടെ.
ഏതായാലും എല്ലാവര്‍ക്കും ആശ്വസിക്കാം. ഭരണകൂടത്തിന് ഒരു കുഴപ്പവും സംഭവിച്ചില്ല. മാണി സാറിന് അല്പം അഹങ്കാരം പോലുമാവാം. പതിമൂന്ന് എന്നത് ദുശ്ശകുനമെന്നതു മാറ്റി പതിമൂന്നാം ബജറ്റ് മധുരതരമാക്കാനായല്ലോ. കുറെ മാസമായി വല്ലാതെ ഇടിഞ്ഞുപോയതായി ജനം വിധിയെഴുതിയ സെന്‍സക്‌സ് വാല്യു പെട്ടെന്ന് കുതിച്ചുയര്‍ന്നിരിക്കുന്നു. അഴിമതിയൊന്നുമല്ല ജനത്തിന് പ്രശ്‌നം.. ഹരമാണ്, ആവേശമാണ്... വിജയിച്ചുവെന്ന തോന്നലാണ് ഹരമാവാന്‍ വേണ്ടത്. അങ്ങനെയാണ് സെന്‍സക്‌സ് വാല്യു വാണം പോലെ കയറുന്നത്. ഇനി നാല് മുക്കാല്‍ കിട്ടിയില്ലെങ്കിലെന്താ പോയ പവര്‍ തിരിച്ചുകിട്ടിയില്ലേ...ഇനിയും ലോ പോയന്റുകളുമായി അങ്കത്തിനിറങ്ങാം.
ഉമ്മന്‍ചാണ്ടിയുടെ വിജയമാണ് അതിലേറെ പ്രധാനം. ഇനി മാണി സാറിന് മുഖ്യമന്ത്രിയാകാനുള്ള ഭ്രമമുണ്ടാകില്ല. ആ ഭ്രമത്തോടെയുള്ള പ്രലോഭനത്തിന് ഇനി സ്‌കോപ്പേയില്ല. യു.ഡി.എഫ് പാറ പോലെ ഉറക്കും.
ഇതൊക്കെ വെറും മായയാണ്, നിയമസഭയില്‍ നടന്നതും നടക്കാന്‍ പോകുന്നതും കേവലം മായകളാണ് എന്ന് വിവരമുള്ളവര്‍ക്ക് ആശ്വസിക്കം. ബജറ്റവതരിപ്പിച്ചുവെന്ന് മാണിക്കും ഉമ്മന്‍ചാണ്ടിക്കും തോന്നുന്നതും മാധ്യമങ്ങള്‍ക്ക് തോന്നുന്നതും ജനത്തിലൊരു വിഭാഗത്തിനു തോന്നുന്നതും അവിദ്യ കൊണ്ടാണ്.. അജ്ഞത കൊണ്ടാണ്. വാസ്തവത്തില്‍ ഇന്ന് സ്പീക്കര്‍ സഭയില്‍ വന്നിട്ടില്ല. മാണി സഭയില്‍ വന്നില്ല. ബജറ്റ് വായിച്ചില്ല... പ്രതിപക്ഷം സഭയില്‍ സ്പീക്കറുടെ ചെയിമ്പറില്‍ കയറിയെന്നതും പൊതുമുതല്‍ നശിപ്പിച്ചെന്നതും കടിച്ചെന്നതും എല്ലാം മായക്കാഴ്ചകളാകുന്നു. അവിദ്യ കൊണ്ടും അജ്ഞത കൊണ്ടുമുള്ള തോന്നലാണത്. ഭരണത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നതിനുള്ള വിക്രിയകള്‍ മാത്രം... അജ്ഞാനം നിലനില്‍ക്കുന്നേടത്തോളം ഈ ലോകം ഇങ്ങനെയങ്ങ് നിലനിന്നുപോകും...