SPECIAL NEWS
  Mar 06, 2015
ഗോവധ നിരോധനം: വെല്ലുവിളികളേറെ
ഡോ. ടി.പി. സേതുമാധവന്‍

ഗോവധം നിരോധിച്ചതും, 'ബീഫിന്റെ' കച്ചവടം തടഞ്ഞതും മഹാരാഷ്ട്രയില്‍ മാത്രമല്ല, മാട്ടിറച്ചി കഴിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഏറെ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. അതു നടപ്പാക്കുക വെല്ലുവിളിയുമായിരിക്കും.

ആയിരത്തോളം മാട്ടിറച്ചി വില്‍പ്പനശാലകളുണ്ട് മഹാരാഷ്ട്രയില്‍. ലക്ഷക്കണക്കിന് പേര്‍ ഇവിടെ തൊഴില്‍രഹിതരാകും. രാജ്യത്തെ ഏറ്റവും വലിയ അറവുശാല മഹാരാഷ്ട്രയിലാണ.് ഡിയോനര്‍ അറവുശാല! കന്നുകാലി സമ്പത്ത് കൂടുതലായ മഹാരാഷ്ട്രയില്‍ കശാപ്പ് ഒഴിവാക്കുന്നതിലൂടെ പ്രതിമാസം അഞ്ച് ലക്ഷത്തിലധികം ഉരുക്കളെ ഗോശാലകളിലേക്ക് മാറ്റേണ്ടി വരും. ഇതിനുള്ള ക്രമീകരണം ഇല്ലാത്തതിനാല്‍ സ്വാഭാവികമായും മാട്ടിറച്ചി കഴിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഇവ ഒഴുകിയെത്താനുള്ള സാധ്യതകള്‍ ഏറെയാണ്!

നിലവില്‍ ഹരിയാന, ജമ്മു കാശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നിലവിലുണ്ട്. കേരളം, മണിപ്പൂര്‍, മേഘാലയ, മിസ്സോറാം, നാഗാലാന്റ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിരോധനമില്ല. ഇവിടങ്ങളില്‍ മാട്ടിറച്ചി വില്‍പ്പന നടന്നു വരുന്നു. കേരളത്തില്‍ ഇറച്ചിയ്ക്കു വേണ്ടിയുള്ള ഉരുക്കള്‍ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായെത്തുന്നത്. ഇവിടങ്ങളില്‍ ഭാഗികമോ പൂര്‍ണമോ ആയ നിരോധനം നിലവിലുള്ളതിനാല്‍ ഉല്‍പാദനക്ഷമത കുറഞ്ഞ പതിനായിരക്കണക്കിന് ഉരുക്കളാണ് കേരളത്തിലെത്തുന്നത്.

ഇന്ത്യക്ക് പ്രതിവര്‍ഷം പോത്തിറച്ചി കയറ്റുമതിയിലൂടെ ലഭിച്ചു വരുന്ന വരുമാനം 3500 കോടിയിലധികം രൂപ വരും! ഇന്ത്യയില്‍ നിന്നുള്ള ബീഫിന് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. മറ്റു ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം ആറ് വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ഉരുക്കളെ മാത്രമെ ഇറച്ചിയ്ക്കുവേണ്ടി ഉപയോഗിക്കാവൂ എന്നു നിയമമുണ്ട്! ഇളംപ്രായത്തിലുള്ള ഉരുക്കളെ കശാപ്പു ചെയ്യുന്നത് അധികവും ഇന്ത്യയിലാണ്.

രാജ്യത്ത് വാര്‍ഷിക ജനസംഖ്യാ വര്‍ദ്ധനവ് 1.58 ശതമാനമാണ.് എന്നാല്‍, മൃഗസംരക്ഷണമേഖലയിലിത് 4.48 ശതമാനമാണ്. ഗോവധ നിരോധനം ഈ സംഖ്യയില്‍ എന്തു പ്രത്യാഘാതമുണ്ടാക്കും എന്നത് പഠിക്കേണ്ട വിഷയമാണ്.

മാട്ടിറച്ചി നിരോധനം ആരോഗ്യമേഖലയിലും ചലനമുണ്ടാക്കും. പ്രോട്ടീന്‍ ന്യൂനത മൂലമുള്ള രോഗങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗം ജന്തുജന്യ പ്രോട്ടീനിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കഴിയ്ക്കുന്നത് പന്നിയിറച്ചിയാണ്. ഇന്ത്യയില്‍ കോഴിയിറച്ചിയും! കേരളത്തില്‍ മാട്ടിറച്ചിയ്ക്ക് ഉപഭോഗത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. എന്നാല്‍ ശാസ്ത്രീയ അറവുശാലകള്‍ കുറവാണ്.

ശാസ്ത്രീയ രീതിയില്‍ അറവിനു മുമ്പും, ശേഷവും ഇറച്ചി വിശദമായി പരിശോധിച്ച് ഭക്ഷ്യയോഗ്യമാണോയെന്ന് വിലയിരുത്തണം. രോഗം ബാധിച്ചവയെ ഒഴിവാക്കണം. എന്നാല്‍ വഴിയോരങ്ങളിലും, റോഡരികിലും മാംസവില്‍പ്പന നടത്തുന്ന കേരളത്തില്‍ ഇറച്ചി പരിശോധന ശാസ്ത്രീയ രീതിയില്‍ നടക്കുന്നില്ല. ഇതിലൂടെ 200 ഓളം ജന്തുജന്യ രോഗങ്ങളാണ് മനുഷ്യരിലേക്ക് പകരുന്നത്. ക്ഷയം, ഭക്ഷ്യവിഷബാധ, ബ്രൂസല്ലോസിസ്, സാല്‍മൊണല്ലോസിസ് എന്നിവ ഇവയില്‍പ്പെടുന്നു.

ശാസ്ത്രീയ അറവുശാലകള്‍ കേരളത്തില്‍ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ. ഇവയുടെ അശാസ്ത്രീയ കശാപ്പിലൂടെയുണ്ടാകുന്ന മാലിന്യ പ്രശ്‌നങ്ങള്‍ സഹിക്കേണ്ടത് മലയാളികളാണ്. ഒരര്‍ത്ഥത്തില്‍ ഗോവധം നിരോധിച്ച സംസ്ഥാനങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനമാണിത്! അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉരുക്കളെ കേരളത്തിലെത്തിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഏജന്‍സികള്‍ തന്നെയാണ് ശ്രമിക്കുന്നത്.

മാട്ടിറച്ചി കഴിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ വെച്ച്. ഉപഭോഗം കൂടുതലും, അനിയന്ത്രിത അളവില്‍ കറിപ്പൊടികള്‍ ചേര്‍ത്തു കഴിയ്ക്കലും കേരളത്തിലാണ്. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ കേരളത്തില്‍ 291% വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇവയില്‍ ആമാശയ കാന്‍സര്‍ വളരെ കൂടുതലാണ്. അശാസ്ത്രീയ രീതിയില്‍ കശാപ്പ് ചെയ്ത മാട്ടിറച്ചിയും, മായം ചേര്‍ത്ത കറിമസാലകളും ചേര്‍ത്ത ഇറച്ചി വിഭവങ്ങളാണ് മലയാളികളെ വിപത്തിലെത്തിക്കുന്നത്. അനിയന്ത്രിത അളവിലുള്ള കാലികളുടെ വരവു കൂടിയാല്‍ അശാസ്ത്രീയ ഇറച്ചി വില്‍പ്പനയും കൂടും. കേരളത്തിലെ പൊതുജനാരോഗ്യമേഖലയെ ഇതു പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

മാട്ടിറച്ചി നിരോധനം തൊഴില്‍ മേഖലയെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യന്‍ തുകല്‍ വ്യവസായ മേഖലയില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സാധ്യതയേറെയാണ്. കയറ്റുമതിയിലൂടെ രാജ്യത്തിന് മികച്ച വരുമാനവും ലഭിച്ചു വരുന്നു. ഭൂവിസ്തൃതിയില്‍ മുന്നിട്ടു നില്‍ക്കുന്നതും, കാലിസമ്പത്തില്‍ രാജ്യത്ത് 4ാം സ്ഥാനത്ത് നില്‍ക്കുന്നതുമായ സംസ്ഥാനത്ത് പെട്ടെന്നുള്ള നിരോധനം വലിയ ഞെട്ടലുണ്ടാക്കും തീര്‍ച്ച.

ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയെങ്കിലും ഇതു സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍പ്പെടുന്ന കാര്യമാണെന്ന വാദങ്ങളും നിലനില്‍ക്കുന്നു.

(ലേഖകന്‍ വെറ്ററിനറി സര്‍വ്വകലാശാല എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ഡയറക്ടറാണ്)
 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -