ഏഷ്യന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രാന്‍സ്-ഏഷ്യന്‍ റെയില്‍വേ ലൈനിനെ ചൊല്ലി വടക്കുകിഴക്കന്‍ മേഖലയില്‍ പുതിയ വിവാദം. തീവണ്ടിയില്‍ യൂറോപ്പ് വരെ എത്താവുന്ന റെയില്‍പാത ഐക്യരാഷ്ട്രസഭാ സാമ്പത്തിക സാമൂഹിക കാര്യ കമ്മീഷന്‍ വിഭാവനം ചെയ്തതാണ്.
ഇതില്‍ ഇന്ത്യന്‍ ഭാഗത്ത് പണിയിക്കേണ്ട ലൈനില്‍ മണിപ്പൂരിനെയും ആസമിനെയും ഒഴിവാക്കിയതായി അടുത്തയിടെ വാര്‍ത്തകള്‍ ഉണ്ടായി. ഇതോടെ മറവിയിലായിപോയ സ്വപ്‌നപദ്ധതി വിവാദങ്ങളില്‍ നിറയുകയാണ്.
അംഗരാജ്യങ്ങളില്‍ 28 എണ്ണത്തിലൂടെ കടന്നു പോകുന്ന 17,500 കി.മി പാത 1992 ല്‍ പുനര്‍ വിഭാവനം ചെയ്താണ്. ഡചഋടഇഅജ ഇതിനെ 'നാളെകളുടെ പട്ടുപാത' എന്നാണ് വിശേഷിപ്പിച്ചത്. നിലവില്‍ റെയില്‍ പാതയുള്ള രാജ്യങ്ങളാണ് പദ്ധതിയിലുള്ളത്. വിട്ടുപോയ ഭാഗങ്ങളും അതിര്‍ത്തിപാതകളും നിര്‍മ്മിച്ചുകൊണ്ട് യൂറോപ്യന്‍ ഭൂഖണ്ഡം വരെ റെയില്‍ വഴി ഇണക്കപെടും.
അസം വഴി മണിപ്പൂരിലൂടെയാണ് മ്യാന്‍മറിനും ബംഗ്ലാദേശിനും ഇടയിലുള്ള ആദ്യരൂപരേഖ നിശചയിച്ചത്. ഇരുസംസ്ഥാനങ്ങളിലെയും രാഷ്ട്രീയ അസ്ഥിരത മുന്‍നിര്‍ത്തിയാണ് പാത മാറ്റുന്നതെന്ന വാര്‍ത്ത അമര്‍ഷത്തിനും ഇടയാക്കിയാക്കിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ ബി.ജെ.പി പ്രകടനപത്രിക കുടിയേറ്റകാരായി വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഈ അസ്ഥിരതാ വിശേഷണം.
ഇസ്ലാമാബാദ്-ദില്ലി പാത കൊല്‍ക്കത്ത വരെ എത്തി ബംഗ്ലാദേശില്‍ ധാക്കയിലേക്ക് കടന്ന് വീണ്ടും ഇന്ത്യയില്‍ പ്രവേശിക്കും. അതിനു ശേഷം മ്യാന്‍മറിലേക്ക് കടക്കുന്ന ഭാഗത്ത് ത്രിപുരയേയും മിസോറാമിനെയും ബന്ധിപ്പിച്ച് പാതയുണ്ടാക്കാനാണ് പുതിയ രൂപരേഖ. പ്രശ്‌നബാധിതം എന്നു വിശേഷിപ്പികപെട്ട സംസ്ഥാനങ്ങളെയും പാതകളെയും ഇതില്‍ ഒഴിവാക്കി.
ധാക്കയില്‍നിന്നും വടക്കന്‍ ത്രിപുരയിലെ ജവാഹര്‍ നഗറിലേക്കും മിസോറാമിലെ സായിറങ്ഗിലേക്കും എത്തിച്ച് മ്യാന്‍മറിലെ കാലായിയില്‍ നിലവിലുള്ള പാതയിലേക്ക് ബന്ധിപ്പിക്കുന്നത് എളുപ്പമാവും എന്നാണ് പുതിയ വിലയിരുത്തല്‍. അവിടെ നിന്നും യങ്കോണിലേക്കും ദവേയ് വഴി ബാങ്കോക്കിലേക്കും നിലവില്‍ പാതകളുണ്ട്.
അസം താഴ്‌വരയില്‍ നിന്ന് സിലിച്ചര്‍ ജിരിബാം വഴി മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലേക്ക് റെയില്‍വേ ലൈന്‍ പണി പുരോഗമിക്കുന്നുണ്ട്. ജിരിബാം മേഖലയിലെ നിര്‍മ്മാണപ്രവര്‍ത്തി പക്ഷേ തുടര്‍ച്ചയായി ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും കീഴിലാണ്. 2018 ആവുന്നതോടെ ഇംഫാലില്‍ റെയില്‍പാത എത്തിക്കുക എന്നതായിരുന്നു ആദ്യ പദ്ധതിയുടെ ലക്ഷ്യം.
ഇവിടെ നിന്നും മ്യാന്‍മര്‍ അതിര്‍ത്തിയായ മൊറെയിലേക്ക് 110 കി.മി ദൂരം മാത്രമാണ് ഉള്ളത്. തമുവിന് ചേര്‍ന്നാണ് ഈ പ്രദേശം. പുതിയ പാതയില്‍ ബംഗ്ലാദേശ് അതിര്‍ത്തി മുതല്‍ മ്യാന്‍മര്‍ വരെ 257 കി.മി പാത വേണം.
ആഗോള സാമ്പത്തികക്രമത്തിന് കീഴില്‍ അതിര്‍ത്തികള്‍ അപ്രസ്‌ക്തമായി, പുതിയ ലോകക്രമം നിലവില്‍ വന്നതായുള്ള പ്രതീക്ഷകള്‍ക്ക് കീഴിലാണ് യൂറോപ്പ് വരെ പഴയ സില്‍ക്ക് പാത ഉരുക്കുപാതയായി പുനരുജ്ജീവിപ്പിക്കാം എന്ന ആശയം ഉയര്‍ന്നത്. അതിര്‍ത്തികളിലെ കൂട്ടിയിണക്കല്‍ മാത്രമാണ് ആവശ്യമായിരുന്നത്. റെയില്‍വെ ഗേജുകള്‍ക്ക് അടിസ്ഥാനമായ പാളങ്ങളുടെ വീതിവ്യത്യാസം ചരക്കുമാറ്റത്തിനുള്ള സ്റ്റേഷനുകള്‍ നിര്‍മ്മിച്ച് പരിഹരിക്കാം എന്നും പ്രതീക്ഷിക്കപ്പെട്ടു.
എന്നാല്‍ നാലുപതിറ്റാണ്ടിന് മുമ്പ് വിഭാവനം ചെയ്യപെട്ട ഈ പദ്ധതി ഇപ്പോഴും രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കകത്തുമുള്ള പലതരം തര്‍ക്കങ്ങളില്‍പെട്ട് കിടക്കുകയാണ്. ചൈന പോലുള്ള രാജ്യങ്ങളാണ് അതിര്‍ത്തികളില്‍ ഇത്തിരി എങ്കിലും മുന്നേറ്റം നടത്തിയിട്ടുള്ളത്. എന്നാല്‍ മ്യാന്‍മര്‍ വഴി ഇന്ത്യാസമുദ്രത്തിലേക്ക് വഴി തുറക്കുന്ന യുദ്ധതന്ത്രത്തിന്റെ ഭാഗം മാത്രമാണ് ഇതെന്ന വിമര്‍ശനങ്ങളും ഉണ്ട്.
ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏറ്റവുമധികം അതിര്‍ത്തി പങ്കുവെക്കുന്നത് അയല്‍ രാജ്യങ്ങളുമായാണ്. വികസന മുരടിപ്പിന് പരിഹാരം തേടി ഈ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖം വഴി വ്യാപാര അനുമതിക്ക് സാധ്യത തേടിയിരുന്നു. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തന്നെ ഈ ആവശ്യം ഉന്നയിച്ചു. ഈ പ്രദേശങ്ങളുടെ റെയില്‍, റോഡ് ഗതാഗത സൗകര്യങ്ങള്‍ പരിമിതവും പൂര്‍ണ്ണമായും കാലാവസ്ഥയെ ആശ്രയിച്ച് നില്‍ക്കുന്നവയാണ്.
രാജ്യങ്ങളെ കൂട്ടിയിണക്കുന്ന റെയില്‍ പാത നിലവില്‍ വരികയാണെങ്കില്‍ ഈ പ്രദേശങ്ങളുടെ വികസന വ്യാപാര സാധ്യതകളില്‍ വന്‍ കുതിപ്പുണ്ടാകും എന്നാണ് പ്രതീക്ഷ. പക്ഷേ, രാജ്യത്തിന് അകത്തെ റെയില്‍വെ ലൈനിന്റെ നിര്‍മാണം തന്നെ വിവാദങ്ങളിലും ആക്രമണങ്ങളിലും കുരുങ്ങി നില്‍ക്കുമ്പോള്‍ എന്ന് പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ആര്‍ക്കും ഉറപ്പില്ല.