പാടിപ്പോകരുത്, അഭിനയിച്ചാല്‍മതി എന്ന് ഗായകരെ ചട്ടംകെട്ടുന്ന മെഗാ ഷോ സംഘാടകരും ടെലിവിഷന്‍ ചാനലുകാരും നിരവധിയുള്ളപ്പോള്‍, വെറുതെ പാടിവിയര്‍ക്കുന്നതെന്തിനെന്ന്
ചില പാട്ടുകാരെങ്കിലും ചിന്തിച്ചുപോയാല്‍ അതിലെന്തു തെറ്റ്?
വരികളും വാക്കുകളുംതൊട്ട് അക്ഷരങ്ങള്‍വരെ കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്ത് ദിവസങ്ങളോളം വിയര്‍പ്പൊഴുക്കി ഏതെങ്കിലും സൗണ്ട് എന്‍ജിനീയര്‍ തട്ടിക്കൂട്ടുന്ന
ഈ പാട്ടുകള്‍ പൊതുവേദിയില്‍ പാടി അവതരിപ്പിക്കുക എന്നത് അചിന്ത്യം. അപ്പോള്‍പ്പിന്നെ പ്ലസ് ട്രാക്ക് അല്ലാതെ മറ്റെന്തുണ്ട് പാവങ്ങള്‍ക്കാശ്രയം?

പ്ലസ് ട്രാക്ക് എന്നുകേട്ടാല്‍ ഞെട്ടിത്തരിക്കുമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട വിഷാദഗായകന്‍ കെ.പി.ഉദയഭാനു, മരണംവരെ.
ഗള്‍ഫില്‍ നടന്ന ഒരു മെഗാ ഷോയിലാണ് ഈ 'ഫോബിയ' ഭാനുവേട്ടനെ ആദ്യം പിടികൂടിയത്. നേരത്തേ പാടിവെച്ച പാട്ടിനൊത്ത് സ്‌റ്റേജില്‍ ചുണ്ടനക്കി ആളെപ്പറ്റിക്കുന്ന പ്ലസ് ട്രാക്ക് എന്ന ചെപ്പടിവിദ്യ പ്രചാരത്തില്‍ വന്നുതുടങ്ങിയിരുന്നതേയുള്ളൂ. വേദിയില്‍ ആട്ടവും പാട്ടും മിമിക്രിയും അരങ്ങുതകര്‍ക്കുന്നതിനിടെ സംഘാടകരിലാരോ വന്ന് ഉദയഭാനുവിന്റെ കാതില്‍ മന്ത്രിക്കുന്നു: ''ഇനി ചേട്ടന്റെ ഊഴമാണ്. അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു... തകര്‍ക്കണം നമുക്ക്.'' അങ്ങേയറ്റം വിഷാദഭരിതമായ ഈ ഗാനം പാടി ആരെ തകര്‍ക്കാനെന്നു ചിന്തിച്ചിരിക്കെ അതാവരുന്നു അടുത്ത കോടാലി: ''ഇത്തവണ ചേട്ടന്‍ പാടേണ്ട. ഒന്ന് ചുണ്ടനക്കി അഭിനയിച്ചാല്‍മതി. പ്ലസ് ട്രാക്കാണ്. ചേട്ടന്‍ പാടിവെച്ച ഒറിജിനല്‍ ട്രാക്ക് തന്നെ. ഓര്‍ക്കസ്ട്ര അവരുടെ ഭാഗം അഭിനയിച്ചുതകര്‍ത്തുകൊള്ളും.''
ഒന്നും പിടികിട്ടിയില്ല ഗായകന്. വേദിയില്‍ സ്വയംമറന്ന് പാട്ടിന്റെ വരികളിലൂടെ ഒഴുകിപ്പോകുന്നതാണ് ഉദയഭാനുവിന്റെ ശൈലി. റെക്കോഡ് ചെയ്ത പാട്ടിന്റെ യാന്ത്രികമായ ഒഴുക്കില്‍നിന്നു വ്യതിചലിച്ച് ഗാനത്തിന് സ്വന്തമായി ഭാവാവിഷ്‌കാരം നല്‍കുമ്പോഴേ ലൈവ് പരിപാടി ശരിക്കും 'ലൈവ്' ആയിമാറൂ എന്നു വിശ്വസിക്കുന്ന പഴയ തലമുറയുടെ പ്രതിനിധിയാണല്ലോ ഭാനു. സദസ്സിനുമുന്നിലെ അഭിനയം എന്ന ആശയംതന്നെ ശുദ്ധഭോഷ്‌കായി അദ്ദേഹത്തിനു തോന്നിയത് സ്വാഭാവികം. പക്ഷേ, ഇവിടെ വേറെ വഴിയില്ലായിരുന്നു. ഓര്‍ക്കസ്ട്രക്കാര്‍ക്ക് ഭാനുവേട്ടന്റെ പാട്ടുകള്‍ വായിച്ച് പരിചയമില്ല. പരിപാടിയിലുടനീളം (മിമിക്രിയും സ്‌കിറ്റുകളുമുള്‍പ്പെടെ) പ്ലസ് ട്രാക്ക് പ്രളയമാണുതാനും. ഒടുവില്‍ മനസ്സില്ലാമനസ്സോടെ സംഘാടകരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവരുന്നു, ആരോടും മറുത്തുപറഞ്ഞ് ശീലമില്ലാത്ത ഗായകന്.
പാട്ടുതുടങ്ങിയപ്പോള്‍ ഒരു പ്രശ്‌നം; സ്പീക്കറിലൂടെ ഒഴുകുന്ന ഗായകശബ്ദം സ്‌റ്റേജിലേക്കു കേള്‍ക്കാനില്ല. പശ്ചാത്തലസംഗീതം മാത്രം അത്യാവശ്യം കേള്‍ക്കാം. എന്തായാലും ആയിരക്കണക്കിനു വേദികളില്‍ പാടിയ പരിചയംവെച്ച്, കൃത്യമായ ടൈമിങ്ങോടെതന്നെ ഉദയഭാനു ചുണ്ടനക്കി; ശബ്ദം പുറത്തുവരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചുകൊണ്ട്. അഭിനയം മോശമാകരുതല്ലോ. പല്ലവി പാതിയെത്തിയപ്പോഴാണ് കളിമാറിയത്. മുന്നിലിരിക്കുന്ന ജനം കൂവുന്നു. പതുക്കെത്തുടങ്ങിയ കൂവല്‍ നിമിഷങ്ങള്‍ക്കകം കാതടപ്പിക്കുംവിധം ഉച്ചത്തിലായി. ഏതാനും നിമിഷങ്ങള്‍ക്കകം അന്തരീക്ഷം ശബ്ദായമാനം. പാട്ട് ആരും ശ്രദ്ധിക്കുന്നുപോലുമില്ല. തന്റെ അഭിനയം പാളിപ്പോയോ എന്നായിരുന്നു ഉദയഭാനുവിന്റെ ആശങ്ക.
ഇടയ്ക്ക് വേദിയുടെ പിന്നില്‍നിന്നാരോ ഗായകനെ കൈകൊട്ടിവിളിച്ചു. പാട്ടുനിര്‍ത്തി തിരിച്ചുവരാനുള്ള കല്പനയാണ്. തിരികെച്ചെന്നപ്പോള്‍, ജാള്യതയോടെ അവിടെ ഒരുകൂട്ടം സംഘാടകര്‍ പരുങ്ങിനില്‍ക്കുന്നു. ''ഒരു അമളിപറ്റിപ്പോയി ചേട്ടാ. ചേട്ടന്റെ 'അനുരാഗ നാടക'മായിരുന്നില്ല നമ്മള്‍ പ്ലേ ചെയ്തത്. സതീഷ് ബാബു പാടിയതായിരുന്നു. ട്രാക്ക് സംഘടിപ്പിച്ചപ്പോള്‍ പറ്റിയ പിഴവാണ്. പൊറുക്കണം.'' ചിരിക്കണോ കരയണോ എന്നറിയാതെ മരവിച്ചുനിന്നു ഉദയഭാനു. ജീവിതത്തില്‍ ഇതുപോലൊരനുഭവം ആദ്യം. ഉദയഭാനുവിന്റെ പാട്ടെന്നുകരുതി സംഘാടകരിലെ ഏതോ വിവരദോഷി വാങ്ങിവെച്ച സതീഷ് ബാബുവിന്റെ സി.ഡി.യിലെ പാട്ടാണ് പിന്നണിയില്‍ സദസ്സ് കേട്ടതത്രേ. സ്‌റ്റേജില്‍ നില്‍ക്കുന്നത് ഉദയഭാനു. സ്പീക്കറിലൂടെ ഒഴുകിവരുന്നത് സതീഷ് ബാബുവും. സഹിക്കുമോ ജനം... ''അടികിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം. അന്നു നിര്‍ത്തിയതാണ് ചുണ്ടനക്കിയുള്ള അഭിനയം'' എന്തും ലാഘവത്തോടെമാത്രം കാണാറുള്ള ഭാനുവേട്ടന്‍ പിന്നീടൊരിക്കല്‍ പറഞ്ഞു. ''നമ്മുടെ പാട്ടുകേള്‍ക്കാന്‍വേണ്ടി ടിക്കറ്റെടുത്തു വരുന്ന സാധാരണ മനുഷ്യരെ വഞ്ചിക്കുന്നത് നന്ദികേടല്ലെങ്കില്‍പ്പിന്നെ മറ്റെന്താണ്. അതിനുകിട്ടിയ ശിക്ഷയാവണം ഗള്‍ഫിലെ അനുഭവം.''
ഇത് പത്തുവര്‍ഷം മുന്‍പത്തെ കഥ. പ്ലസ് ട്രാക്ക് അന്നൊരു പുതുമയായിരുന്നെങ്കില്‍ ഇന്നത് ഗാനമേളാവേദികളില്‍, പ്രത്യേകിച്ച് മെഗാഷോകളില്‍, മിക്കവാറും അനിവാര്യതയായി മാറിയിരിക്കുന്നു. പരസ്യമായ രഹസ്യമാണിന്ന് ഇത്തരം വേദികളിലെ പാട്ടഭിനയം. നാഷണല്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലെ 'അത്യാഹിത'ത്തോടെ അത് സാധാരണക്കാര്‍കൂടി തിരിച്ചറിഞ്ഞുവെന്നുമാത്രം. 1990കളുടെ അവസാനത്തോളം പഴക്കമുണ്ട് നമ്മുടെ നാട്ടില്‍ ഈ ഏര്‍പ്പാടിനെന്നറിയുക. മൈനസ് ട്രാക്ക് (കരോക്കെ) ആയിരുന്നു അന്നൊക്കെ ഫാഷന്‍. അവിടെ ഓര്‍ക്കസ്ട്രക്കാര്‍ മാത്രമേ അഭിനയിക്കേണ്ടൂ എന്ന വ്യത്യാസമുണ്ട്. ഗായകന്‍ പാടുകതന്നെവേണം. പിന്നെപ്പിന്നെ അഭിനയം പാട്ടുകാരിലേക്കും പടര്‍ന്നു. നമ്മുടെ ഗായകപ്രമുഖരില്‍ ചിലര്‍ക്കെങ്കിലും പ്ലസ് ട്രാക്ക് ഒരു ദൗര്‍ബല്യമാണെന്നു സാക്ഷ്യപ്പെടുത്തുന്നു ഓര്‍ക്കസ്ട്രരംഗത്തെ തലമുതിര്‍ന്ന കലാകാരന്മാര്‍. കുറ്റം പാട്ടുകാരുടേതു മാത്രമല്ലെന്നതാണു സത്യം.
പാടിപ്പോകരുത്, അഭിനയിച്ചാല്‍ മതി എന്ന് ഗായകരെ ചട്ടംകെട്ടുന്ന മെഗാ ഷോ സംഘാടകരും ടെലിവിഷന്‍ ചാനലുകാരും നിരവധിയുള്ളപ്പോള്‍, വെറുതെ പാടിവിയര്‍ക്കുന്നതെന്തിനെന്ന് ചില പാട്ടുകാരെങ്കിലും ചിന്തിച്ചുപോയാല്‍ അതിലെന്തു തെറ്റ്? വെറുതെവന്ന് പാട്ടഭിനയിച്ചാല്‍പ്പോലും പ്രതിഫലംതരാം എന്നുപറഞ്ഞു പിന്നാലെകൂടിയ സംഘാടകരെക്കുറിച്ച് ഒരു പ്രമുഖഗായിക പറഞ്ഞുകേട്ടത് അടുത്തിടെയാണ്. ''സംഗീതത്തെ ഈശ്വരതുല്യമായിക്കാണുന്ന എനിക്ക് പാട്ടിനൊത്തു ചുണ്ടനക്കി ജനങ്ങളെ വഞ്ചിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍പോലുമാവില്ല. നമ്മള്‍ ലൈവായി പാടിയാലും ജനം വിശ്വസിക്കില്ലെന്നുവന്നാല്‍ എന്തുചെയ്യും?'' ചിന്തിപ്പിക്കുന്ന ചോദ്യം. ഈ ആശങ്ക പങ്കുവെയ്ക്കുന്ന വേറെയും ഗായകരുണ്ട്. ''പ്ലസ് ട്രാക്കിന്റെ അടിമകള്‍ ഒരുകാര്യമോര്‍ക്കണം. സ്‌റ്റേജില്‍ ഹൃദയംതുറന്ന് പാടുന്ന എത്രയോ ഗായകരുണ്ട്. നിരപരാധികളായ അവരാണ് നിങ്ങള്‍കാരണം ക്രൂശിക്കപ്പെടുന്നത്'' പുതിയ തലമുറയിലെ മറ്റൊരു ഗായകപ്രതിഭയുടെ പരിദേവനം.
നാട്ടുകാര്‍ക്കു മുന്നിലുള്ള പാട്ടഭിനയം അത്ര എളുപ്പമുള്ള ദൗത്യമല്ലെന്നുകൂടി അറിയുക. അപകടസാധ്യത ഏറെയുള്ള ഇടപാടാണത്. സ്വന്തം കൈയില്‍നിന്ന് മൈക്ക് തെറിച്ചുപോയിട്ടും സ്പീക്കറിലൂടെ പാട്ടൊഴുകുന്നതുകേട്ട് നിറഞ്ഞ സദസ്സിനുമുന്നില്‍ ഇളിഞ്ഞചിരിയോടെ നിന്ന ഗായകന്റെ ചിത്രം ഇന്നുമുണ്ടോര്‍മ്മയില്‍. പ്ലസ് ട്രാക്കിന്റെ ചരിത്രത്തിലെ ആദ്യകാലദുരന്തങ്ങളിലൊന്ന്. താരം സ്‌റ്റേജില്‍ തകര്‍ത്തു'പാടു'മ്പോള്‍, വേദിയുടെ താഴെ ഒളിഞ്ഞിരുന്ന് അദ്ദേഹത്തിനു ശബ്ദംപകര്‍ന്ന ഗായകനെയും മറക്കാനാവില്ല. പാടിക്കൊണ്ടിരിക്കെ സി.ഡി. സ്‌കിപ്പ് ചെയ്തതുമൂലം, പാട്ട് കഷ്ണം കഷ്ണമായി ചിതറിയപ്പോള്‍ (പ്രമദ....നംവീ.....തുരാഗംചൂ....ശുഭസായാ....ലെ എന്ന മട്ടില്‍) വികലമായ പാട്ടിനൊത്ത് അതിലും വികൃതമായി ചുണ്ടനക്കേണ്ടിവന്ന ഗായകന്റെ ഗതികേട് വേറെ. അങ്ങനെ പ്ലസ് ട്രാക്കുണ്ടാക്കിയ പുകിലുകള്‍ എത്രയെത്ര. പാട്ടു പാട്ടിന്റെ വഴിക്കും 'അഭിനേതാക്കള്‍' അവരുടെവഴിക്കും പോയതുകൊണ്ടാണല്ലോ നാഷണല്‍ ഗെയിംസ് വേദിയില്‍ ജനം ഈ 'ഇരട്ടത്താപ്പ്' കൈയോടെ പിടികൂടിയത്. അഭിനയം കുറ്റമറ്റതായിരുന്നെങ്കില്‍ ഈ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയേ ഇല്ലായിരുന്നുവെന്നതല്ലേ സത്യം?
പാട്ടഭിനയം ഇത്രയേറെ വ്യാപകമാകാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. നമ്മുടെ അഭിനേതാക്കളെല്ലാം രായ്ക്കുരാമാനം പാട്ടുകാരായിമാറി എന്നതുതന്നെ. പ്രേംനസീറും സത്യനും സുകുമാരനും സോമനും ജയനും ഷീലയും ശാരദയുമൊന്നും സ്‌റ്റേജില്‍ പാടി ജനത്തെ കോരിത്തരിപ്പിച്ചവരല്ല. പാടാനറിയുന്ന അടൂര്‍ഭാസിയെ മലയാളസിനിമ പൂര്‍ണമായി പ്രയോജനപ്പെടുത്തിയുമില്ല. അറിയാവുന്ന പണി ഭംഗിയായി ചെയ്തിരുന്നവരുടെ കാലംകഴിഞ്ഞു മലയാളസിനിമയില്‍. അറിയാത്ത പണിയേ ചെയ്യൂ എന്ന് ശാഠ്യംപിടിക്കുന്നവരാണേറെയും. പാട്ടുകാര്‍ അഭിനയിക്കുന്നതും അഭിനേതാക്കള്‍ പാടുന്നതും കണ്ടുശീലിച്ചു നാം. സംഗീതസംവിധായകര്‍ പാട്ടെഴുതുന്നതും ക്യാമറാമാന്‍മാര്‍ നൃത്തംചെയ്യുന്നതും അസാധാരണമല്ലാതായി.
ഈ ജനുസ്സില്‍പ്പെടുന്ന വേറെയും കാഴ്ചകള്‍ കാണേണ്ടിവന്നേക്കാം ഭാവിയില്‍. പാടാനറിയുന്ന മനോജ് കെ. ജയനെയും അശോകനെയും ഇന്ദ്രജിത്തിനെയും സിദ്ധിക്കിനെയും രമ്യ നമ്പീശനെയും മമ്തയെയും മുരളി ഗോപിയെയും ഒന്നും മറക്കുന്നില്ല. പക്ഷേ, ഗായകരായി സ്വയമവതരിച്ച മറ്റുപല നടന്മാരുടെയും ആലാപനം ലളിതമായഭാഷയില്‍ പറഞ്ഞാല്‍ അരോചകംതന്നെയാണ്; പലപ്പോഴും കര്‍ണകഠോരവും. അന്ധമായ താരാരാധനയില്‍ സ്വയം മതിമറക്കവേ ഈ സത്യം അവരില്‍പ്പലരും തിരിച്ചറിയാറില്ലെന്നുമാത്രം; ആരും അതവരെ പറഞ്ഞുമനസ്സിലാക്കാറുമില്ല. ആധുനിക റെക്കോഡിങ് സാങ്കേതികവിദ്യയുടെയും ഓട്ടോ ട്യൂണറുടെയും സഹായത്തോടെ ഒറ്റരാത്രികൊണ്ട് ഈ കുളിമുറിപ്പാട്ടുകാര്‍ ഗാനഗന്ധര്‍വന്മാരായിമാറുന്നു. വരികളും വാക്കുകളുംതൊട്ട് അക്ഷരങ്ങള്‍വരെ കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്ത് ദിവസങ്ങളോളം വിയര്‍പ്പൊഴുക്കി ഏതെങ്കിലും സൗണ്ട് എന്‍ജിനീയര്‍ തട്ടിക്കൂട്ടുന്ന ഈ പാട്ടുകള്‍ പൊതുവേദിയില്‍ പാടിയവതരിപ്പിക്കുകയെന്നത് അചിന്ത്യം. അപ്പോള്‍പ്പിന്നെ പ്ലസ് ട്രാക്കല്ലാതെ മറ്റെന്തുണ്ട് പാവങ്ങള്‍ക്കാശ്രയം.
മെഗാ മ്യൂസിക്കല്‍ ഷോകളില്‍ പാട്ടഭിനയം ഒരു ഉദാത്ത'കല'യായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പാട്ടിനൊത്തു ചുണ്ടനക്കാന്‍ പ്രത്യേക പരിശീലനംവരെ ലഭ്യമാണിപ്പോള്‍. ലൈവ് പാടിയാല്‍ പരിപാടിയുടെ ഗുണനിലവാരം കുറയുമെന്നു വിശ്വസിക്കുന്ന സംഘാടകര്‍ കൂടിവരുന്നു. പ്രോഗ്രാമിന്റെ സൗണ്ടിങ് തികവാര്‍ന്നതാക്കാന്‍വേണ്ടി പാട്ടുകള്‍ രണ്ടാമതും പാടി മിക്‌സ് ചെയ്യാന്‍ ടി.വി. ചാനലുകളും ഗായകരെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും സന്തുഷ്ടര്‍. ചാനലുകാരും സംഘാടകരും ഗായകരും ഓര്‍ക്കസ്ട്രക്കാരും എല്ലാം. ആരും ഇക്കാര്യത്തില്‍ പരാതിപറഞ്ഞുകേള്‍ക്കാറില്ല. കഥയറിയാതെ ആട്ടംകണ്ട് മിഴിച്ചിരിക്കുന്ന നമ്മള്‍ പ്രേക്ഷകര്‍മാത്രം മണ്ടന്മാര്‍.