SPECIAL NEWS
  Feb 06, 2015
വയനാട്ടില്‍ ഭീതിവിതച്ച് കുരങ്ങുപനി
രമേഷ്‌കുമാര്‍ വെള്ളമുണ്ട
ആദിവാസികളടക്കമുള്ള നാട്ടുകാര്‍ മാത്രമല്ല, വയനാട്ടിലെ വനപാലകരും കുരങ്ങുപനി ഭീതിയിലാണ്. കുരങ്ങുകളിലെ ചെള്ളുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഈ ഈ വൈറസ് രോഗത്തിന് ഫലപ്രദമായ ചികിത്സ ഇപ്പോഴും ലഭ്യമല്ല



കുരങ്ങ് പനിയുടെ ഭീതിയിലാണ് വയനാട്. വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വയനാട്ടില്‍ കുരങ്ങന്‍മാരുടെ സാന്നിദ്ധ്യമില്ലാത്ത ഗ്രാമങ്ങള്‍ വിരളമാണ്. അതുകൊണ്ട് തന്നെ ക്യാസനോര്‍ ഫോറസറ്റ് ഡിസീസ് (കെ.എഫ്.ഡി) എന്ന കരുങ്ങുപനി ജനങ്ങളിലേക്ക് പകരുന്നത് തടയാന്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

വയനാട്ടില്‍ പുല്‍പ്പള്ളി മേഖലയില്‍ ഇതിനകം 24 പേര്‍ക്ക് രോഗം പടര്‍ന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കുരങ്ങ് പനിക്ക് ഫലപ്രദമായ ചികിത്സ ഇനിയും ലഭ്യമല്ല എന്നത് ആദിവാസികള്‍ അടക്കമുള്ള നാട്ടുകാരില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. വനപാലകരും കുരങ്ങ് പനി ഭീതിയിലാണ്.

കര്‍ണാടകത്തില്‍ ആദ്യം

കര്‍ണ്ണാടകത്തിലെ വനഗ്രാമത്തിലാണ് കുരങ്ങുപനി രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1957 ല്‍ ഷിമോഗ ജില്ലയിലെ ക്യാസ്‌നോര്‍ വനത്തിലാണ് അപൂര്‍വ്വമായ ഈ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനാല്‍ ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ് ( Kyasanur forest disease ) എന്ന് കുരങ്ങുപനിക്ക് പേര് ലഭിച്ചു.

1954 ല്‍ ഇതേ ഗ്രാമത്തില്‍ മൂന്നുമാസക്കാലയളിവില്‍ ഒട്ടനവധി വന്യമൃഗങ്ങളും ഗ്രാമവാസികളും മരണത്തിന് കീഴടങ്ങിയിരുന്നു. കാരണം പിടികിട്ടാതെ ആരോഗ്യവകുപ്പ് തുടര്‍ച്ചയായി നടത്തിയ പഠനങ്ങളിലൂടെയാണ് പുതിയ രോഗത്തെക്കുറിച്ച് പുറംലോകമറിയുന്നത്.

വൈറസ് ബാധ മാരകമാണെന്ന് ആരോഗ്യവിദഗ്ധര്‍ കണ്ടെത്തിയെങ്കിലും, ഫലപ്രദമായചികിത്സ ഇന്നും ലഭ്യമല്ലാത്തതാണ് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ വള്ളിക്കാവിലാണ് കേരളത്തില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എട്ടേക്കറോളം വിസ്തൃതിയുള്ള അമ്പലം വക സ്ഥലം ഇരുന്നൂറോളം കുരങ്ങന്‍മാരുടെ വാസസ്ഥലമായിരുന്നു. കുരങ്ങന്‍മാര്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങിയപ്പോള്‍ നടത്തിയ ലാബ് പരിശോധനയിലാണ് കര്‍ണ്ണാടകയിലെ ഷിമോഗയില്‍ കണ്ട രോഗം കേരളത്തിലുമെത്തിയെന്ന് തെളിയിക്കപ്പെട്ടത്.

2013 മെയ് മാസത്തില്‍ വയനാട്ടിലെ നൂല്‍പ്പുഴയില്‍ കുരങ്ങുപനിയുടെ വൈറസ് മനുഷ്യരില്‍ വ്യാപിച്ചതായി തെളിഞ്ഞു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം മലപ്പുറം ജില്ലയിലെ നിലമ്പൂരും മൂന്ന് പേര്‍ക്ക് രോഗ സ്ഥിരീകരിച്ചു.

രോഗലക്ഷണങ്ങള്‍

കുരങ്ങുപനി വട്ടന്‍ ചെളളുകളിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. കുരങ്ങ്, അണ്ണാന്‍, എലി, വവ്വാല്‍ എന്നിവയുടെ ശരീരത്തിലുളള വട്ടന്‍ ചെളളാണ് രോഗം പകര്‍ത്തുന്നതെങ്കിലും പ്രധാനമായും കുരങ്ങുകളുടെ ശരീരത്തിലുളള ചെളളാണ് മനുഷ്യരിലേക്ക് രോഗം പകര്‍ത്തുന്നത്.

രോഗവാഹിയായ ചെളളിന്റെ കടിയേറ്റാല്‍ മൂന്ന് മുതല്‍ എട്ട് ദിവസങ്ങള്‍ക്കുളളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. മറ്റ് വൈറസ് രോഗങ്ങളുടേതുപോലുളള ലക്ഷണങ്ങളാണ് കുരങ്ങുപനിക്കും പ്രത്യക്ഷമാവുക. ശക്തമായ തലവേദനയും ശരീരമാസകലം തണുപ്പു കയറുന്നതും ആദ്യലക്ഷണമാണ്.

കണ്ണിന് ചുവപ്പുനിറം, കടുത്ത പനി, തലവേദന, ഛര്‍ദ്ദി, പേശിവേദന, സന്ധിവേദന, മൂക്കില്‍നിന്നും രക്തം വരിക, ദേഹത്ത് ചുവന്ന് തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ശരീരത്തില്‍ രക്തം കട്ടപിടിക്കുകയോ ആന്തരിക രക്തസ്രാവമുണ്ടാവുകയോ ചെയ്യുന്നത് മരണ കാരണമായേക്കാം. ആധുനിക സിറോളജിക്കല്‍ ലാബിലുള്ള രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രക്തം മാറ്റുക, പ്ലേറ്റ്‌ലെറ്റുകള്‍ മാറ്റുക തുടങ്ങിയ ചികിത്സാരീതികള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്നില്ല എന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു.

വനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും, വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് സ്ഥിരമായി കാട്ടില്‍ പോകുന്നവരും, വനാതിര്‍ത്തിയോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ താമസിക്കുന്നവരും രോഗ സാധ്യത തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.

മുന്‍കരുതലുകള്‍ എങ്ങനെ

വനത്തിനുളളില്‍ പോകുമ്പോള്‍ കട്ടിയുളള, ഇളം നിറമുളള, ദേഹം മുഴുവന്‍ മുടുന്നതരത്തിലുളള വസ്ത്രം ധരിക്കുക.
കാലുകളിലൂടെ ചെളള് കയറാത്ത വിധത്തില്‍ ഗണ്‍ബൂട്ട് ധരിക്കണം.

ചെളളിനെ അകറ്റി നിര്‍ത്തുന്ന ഒഡോമസ് പോലുളള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്.

കാട്ടില്‍നിന്ന് പുറത്തുവന്ന ഉടന്‍ വസ്ത്രങ്ങളും, ശരീരവും പരിശോധിച്ച് ചെളളില്ലെന്ന് ഉറപ്പ് വരുത്തുക. ചൂട്‌വെളളത്തില്‍ കുളിക്കുകയും, വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യുക.

ശരീരത്തില്‍ ചെളള് പിടിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അതിനെ അമര്‍ത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യുക.

ചെളളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകണം.

കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വിദഗ്ദ്ധ ചികിത്സ തേടുക. ധാരാളം പാനീയങ്ങള്‍ കുടിക്കുന്നതും പൂര്‍ണ്ണവിശ്രമം എടുക്കുന്നതും രോഗം എളുപ്പം ഭേദമാകാന്‍ സഹായിക്കും.

യാതൊരുകാരണവശാലും സ്വയം ചികിത്സിക്കരുത്.


കുരങ്ങ് പനിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും സേവനങ്ങള്‍ക്കുമായി ആരോഗ്യവകുപ്പ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ -9048154453
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -