SPECIAL NEWS
  Jan 25, 2015
ജയ്പൂര്‍ ജുഗല്‍ബന്ദി അഞ്ചാംദിനം: മറവിയിലേക്ക് പോകുന്ന എഴുത്തുകാരനും മറക്കപ്പെടാത്ത എഴുത്തും

കോഴിക്കോട്ടുവച്ചു കണ്ട പി.ഭാസ്‌കരന്‍ മാസ്റ്ററുടെ ഒരു അവസാന കാല ചിത്രം മറന്നിരുന്നില്ല: കാവ്യഭരിതവും സംഗീതമോഹനവുമായ ഒരു സുന്ദരഭൂതകാലത്തെ മുഴുവന്‍ മറന്ന്, വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളില്‍നിന്നും സ്ഥലകാലബോധങ്ങളില്‍നിന്നുമെല്ലാം വിടുതല്‍ നേടി, ചിന്തയുടെ ഏതോ ആദിമയില്‍ അദ്ദേഹമിരിക്കുന്ന കാഴ്ച.

താന്‍ എഴുതിയ പാട്ടുകള്‍കേട്ട് 'ഇത്രയും നല്ല ഗാനം ആരാണ് എഴുതിയത്?' എന്ന് ചോദിച്ച് കുട്ടിയേപ്പോലെയിരിക്കുന്ന മാഷ്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ഓര്‍മ്മകള്‍ മുറിഞ്ഞും, പറഞ്ഞു തുടങ്ങിയ വാചകങ്ങള്‍ പാതിവഴിയില്‍ കൈമോശം വന്നും സദസ്സിനെ നോക്കി ഒരു കുട്ടിയേപ്പോലെയിരിക്കുന്ന നൊബേല്‍ ജേതാവ് വി. എസ്. നയ്പാളിനെ കണ്ടപ്പോള്‍ വീണ്ടും ഭാസ്‌കരന്മാസ്റ്ററുടെ അവസാനകാലം ഓര്‍മവന്നു.

വി. എസ്. നയ്പാള്‍ സാഹിത്യോത്സവ വേദിയില്‍


പാതി ഇരുട്ട് വീണ മസ്തിഷ്‌കവുമായി ഇങ്ങിനെ കുട്ടിയെപ്പോലെ മുന്നിലിരിക്കുന്നത് ചില്ലറക്കാരനല്ല. തുറന്നതും മൂര്‍ച്ചയേറിയതുമായ എഴുത്തിലൂടെയും മുഖത്തടിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളിലൂടെയും ഒരുപാട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ആളാണ്. 'മുറിവേറ്റ നാഗരികത' എന്ന് ഇന്ത്യയെ വിളിച്ചയാള്‍. വെളിച്ചത്തിന്റെ ദേശം എന്ന് എല്ലാവരാലും വിളികൊണ്ട ഈ ദേശത്തെ 'ഇരുട്ടിന്റെയിടം' എന്ന് ഒറ്റയടിക്ക് പറഞ്ഞുകളഞ്ഞയാള്‍.

അങ്ങനെയുള്ളയാളാണ് ഇരുട്ട് വീണുതുടങ്ങിയ ഓര്‍മ്മകളുമായി ഇങ്ങിനെയിരിക്കുന്നത്. മൂര്‍ച്ചയേറിയ മസ്തിഷ്‌കം കൊണ്ട് ശ്രീരാമനടക്കമുള്ള എല്ലാ വിഗ്രഹങ്ങളേയും വിചാരണചെയ്ത കുട്ടികൃഷ്ണമാരാരുടെ അവസാനകാലവും ഓര്‍മ്മവന്നു.

നയ്പാളിന്റെ ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങുന്നതേയുള്ളൂ. തന്റെ എഴുത്ത് ലോകവുമായുള്ള അതിന്റെ ബന്ധം പൂര്‍ണമായും മുറിഞ്ഞുപോയിട്ടില്ല. എന്നാല്‍ അവിടവിടെ ഇരുട്ടിന്റെ ദ്വാരങ്ങള്‍ വീണിരിക്കുന്നു. തൊട്ടുമുമ്പ് എന്താണ് പറഞ്ഞതിലേക്കുള്ള ചരട് വിട്ടുപോകും. അപ്പോള്‍ മുകളിലേക്കയച്ച പട്ടത്തിന്റെ ചരട് പൊട്ടിപ്പോയി നില്‍ക്കുന്ന കുട്ടിയേപ്പോലെ നയ്പാള്‍.

ചില ചോദ്യങ്ങള്‍ക്ക് 'യെസ് യെസ്' എന്ന് മാത്രം മറുപടി. ചിലതിന് ഒറ്റവാക്കില്‍ മറുപടി. ചിലതിന് വ്യക്തമായി മരുപടി പറഞ്ഞു തുടങ്ങും. എന്നാല്‍ പാതിവഴിയില്‍വച്ച് മുറിഞ്ഞുപോകം. പിന്നെ തിരിച്ചുപോക്കില്ല. ചിലപ്പോള്‍ വികാരത്തള്ളിച്ചകൊണ്ട് കണ്ണുനിറയും. അപ്പോള്‍ ഭാര്യ നാദിറ കണ്ണുതുടച്ചു കൊടുക്കും.

എന്നാല്‍ ഇതിനെല്ലാമിടയിലും ഇരുട്ടിനെ തുളച്ചുകീറുന്ന വജ്രസൂചിപോലെ ആ നര്‍മ്മബോധം പുറത്തേക്ക് മിന്നിവീഴും.

നയ്പാള്‍ ഒരുപക്ഷേ പൂര്‍ണ്ണമായും ആദിമമായ ബോധത്തിന്റെ ഇരുട്ടിലേക്ക് നടക്കുകയാവാം. അവിടെ മാര്‍കേസും ഭാസ്‌കരന്‍ മാസ്റ്ററും കുട്ടികൃഷ്ണമാരാരുമെല്ലാം അദ്ദേഹത്തെ കാത്തുനില്‍പ്പുണ്ടാവും. താന്‍ ആരാണെന്നോ താന്‍ എഴുതിയവ എന്താണെന്നോ അദ്ദേഹം മറന്നേക്കാം.

എന്നാല്‍ നയ്പാള്‍ എഴുതിയവയെല്ലാം ലോകത്തിന്റെ ഓര്‍മ്മയില്‍ ശേഷിക്കും; മറവിയുടെ ഇരുട്ട് വീഴാതെ, ഒരു തരത്തിലുള്ള മുറിവുമേല്‍ക്കാതെ-ഒരുപാട് യാഥാസ്ഥിതിക ചിന്താഗതികളെ നിരന്തരം മുറിവേല്‍പ്പിച്ചുകൊണ്ട്.

ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം സംസാരിക്കുന്നു. ഫോട്ടോ: പി.ടി.ഐ


ഒരു വശത്ത് ഒരു പ്രതിഭ ഓര്‍മ്മകള്‍ മുറിഞ്ഞിരിക്കുമ്പോള്‍ തൊട്ടപ്പുറത്തെ വേദിയില്‍ ഏകദേശം അതേ പ്രായമുള്ള മറ്റൊരാള്‍ നാള്‍ക്കുനാള്‍ തെളിഞ്ഞുവരുന്ന ഓര്‍മ്മകളും സൂക്ഷ്മമാവുന്ന ബുദ്ധിയും തളരാത്ത ഇച്ഛാശക്തിയുമായി ആയിരങ്ങളോട് സംവദിക്കുന്നു. ഡോ.എ.പി.ജെ.അബ്ദുള്‍ കലാം.

ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ കലാമിനെ കാണാനാണ് ഏറ്റവുമധികം ആളുകള്‍വന്നത്. എല്ലാതരക്കാരും എത്തി, ആവേശത്തോടെ ചോദ്യങ്ങള്‍ ചോദിച്ചു, അദ്ദേഹം പറയുന്നത് ഏറ്റുപറഞ്ഞു, പല പല പ്രതിജ്ഞകളെടുത്തു.

എന്തുകൊണ്ടാണ് ഈ മനുഷ്യനെക്കാണാന്‍ നാടെങ്ങും ഇങ്ങിനെ ജനം കൂടുന്നത്? എന്താണ് ഇദ്ദേഹത്തിന്റെ കയ്യിലുള്ള മന്ത്രം? ആലോചിച്ചപ്പോള്‍ ഒറ്റ ഉത്തരമേയുള്ളൂ: പ്രതീക്ഷ. മുടങ്ങാത്ത, മരിക്കാത്ത പ്രതീക്ഷ. ഇടറാത്ത ഇച്ഛാശക്തി.

രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും എല്ലാം ഏറ്റവും മോശമായവ മാത്രം ചുറ്റിലും സഞ്ചരിക്കുമ്പോഴും എങ്ങിനെ മനുഷ്യന് ഇങ്ങനെ ശുഭപ്രതീക്ഷയോടെ ഇരിക്കാന്‍ സാധിക്കും എന്നത് മാത്രമാണ് കലാം പറയുന്നത്. എല്ലാം സ്വന്തം ജീവിതത്തില്‍നിന്നുള്ള ഉദാഹരണം.

ഡോ.അബ്ദുള്‍ കലാമിനെ കാണാന്‍ സാഹിത്യോത്സവത്തില്‍ തടിച്ചുകൂടിയവര്‍


രാമേശ്വരം എന്ന കടലോരഗ്രാമത്തില്‍പ്പിറന്ന് ആകശത്ത് പറക്കുന്ന വെള്ളക്കൊറ്റികളെക്കണ്ട് സ്വപ്‌നംകണ്ട് വളര്‍ന്ന് ഇന്ത്യയുടെ മിസൈല്‍മാനായി തനിക്ക് മാറാമെങ്കില്‍ ആര്‍ക്കും എന്തുമാകാം എന്ന സന്ദേശം. വലിയ ലക്ഷ്യത്തിലേക്ക് പറക്കാനുള്ള ആഹ്വാനം, ചിറകുകള്‍ കരിയാതെ കാക്കാനുള്ള ഇച്ഛാശക്തി.

ഇത്രയൊക്കെയേ അദ്ദേഹം പറയുന്നുള്ളൂ. ഇത്തരം വാക്കുകളും ശുഭചിന്തകളും ജനങ്ങള്‍ക്ക് ആവശ്യമുണ്ട്. അബ്ദുള്‍കലാമിന് ചുറ്റുമുള്ള ആള്‍ക്കൂട്ടം അതാണ് തെളിയിക്കുന്നത്.

എന്നാല്‍ അബ്ദുള്‍കലാമുമാര്‍ എപ്പോഴും സംഭവിക്കുന്നില്ല. എപ്പോഴെങ്കിലും അവര്‍ വരുന്നു. ലോകത്തെ കുറേക്കൂടി മുന്നോട്ട് നയിച്ച്, വെളിച്ചം പകര്‍ന്ന് കടന്നുപോകുന്നു. ആ വെളിച്ചത്തിലും ഊര്‍ജത്തിലുമാണ് പിന്നീടുള്ള ലോകത്തിന്റെ സഞ്ചാരം (ചിത്രങ്ങള്‍: ലേഖകന്‍)





Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -