SPECIAL NEWS
  Jan 24, 2015
അമേരിക്കയുടെ കണ്ണായ കമ്പോളം
മനോജ് മേനോന്‍

ഇന്ത്യയിലേക്ക് രണ്ടാംവരവിന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഒരുങ്ങുന്നത്, തന്റെ വരവ് തന്നെ ചരിത്രമാക്കിക്കൊണ്ടാണ്. ഭരണകാലത്ത് രണ്ടു പ്രാവശ്യം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡണ്ട്, ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്നിങ്ങനെയാണ് ഈ സന്ദര്‍ശനം ചരിത്രത്തില്‍ സ്ഥാനംനേടുക.

കഴിഞ്ഞ സപ്തംബറില്‍ വാഷിങ്ടണില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയെന്ന നിലയ്ക്കാണ് ഒബാമയുടെ സന്ദര്‍ശനം.

ഗുജറാത്ത് കലാപത്തിന്റെ കരിനിഴലില്‍, ഒരിക്കല്‍ വിസ നിഷേധിക്കപ്പെട്ട രാജ്യത്തേക്ക് പ്രധാനമന്ത്രിയെന്ന നിലയിലുള്ള സന്ദര്‍ശനമായിരുന്നു മോദിക്ക് സപ്തംബര്‍ ഒരുക്കിയത്. വിസ നിരാസവും പിന്നീടുള്ള സ്വീകരണവും നല്കിയ കാല്പനിക പരിവേഷവും ഊര്‍ജം നിറഞ്ഞ ഇടപെടലുകളും വാഷിങ്ടണ്‍ സന്ദര്‍ശനത്തെ ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിച്ചു.

അന്ന് തുടക്കമിട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെ കൂടിക്കാഴ്ച്ചാവേദികള്‍ തുടര്‍ച്ചയുണ്ടാക്കുമെന്നാണ് രണ്ട് രാജ്യങ്ങളുടെയും നയതന്ത്രമേഖലകളുടെ പ്രതീക്ഷ. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും ആഭ്യന്തര രാഷ്ട്രീയത്തിനൊപ്പം രാജ്യാന്തര രാഷ്ട്രീയത്തിലും ആകാംക്ഷയുണര്‍ത്തുന്ന സംഭവമാണ്.

അയല്‍രാജ്യങ്ങള്‍ക്ക് മാത്രമല്ല, മറ്റ് ലോകരാജ്യങ്ങള്‍ക്കും ശ്രദ്ധിക്കാന്‍ മാത്രം വലിയ വരവ് തന്നെ. ലോകക്രമത്തില്‍ ഉടച്ചുവാര്‍ക്കല്‍ ഉറപ്പാക്കിക്കൊണ്ട് ചൈനയുടെ വര്‍ധിച്ചു വരുന്ന സാന്നിധ്യം, വിപുലീകൃതമാകുന്ന കമ്പോളങ്ങള്‍, ഉെ്രെകന്‍ പ്രശ്‌നത്തില്‍ ഉലയുന്ന റഷ്യയുടെ ഒറ്റപ്പെടല്‍, ശ്രീലങ്കയുടെ ഭരണ മാറ്റം, തീവ്രവാദ കേന്ദ്രമായി മാറിയ പാകിസ്താന്റെ രാഷ്ട്രീയം തുടങ്ങിയ രാഷ്ട്രീയ നയതന്ത്ര വിഷയങ്ങള്‍ കൊണ്ടുതന്നെ ഒബാമയുടെ സന്ദര്‍ശനം ലോകശ്രദ്ധ നേടുന്നു.

തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ഭരണമാറ്റം സ്വാഗതംചെയ്ത് ആദ്യം രംഗത്തുവന്നത് അമേരിക്കയായിരുന്നു. വിസ നിരോധം നീക്കിക്കൊണ്ട് പുതിയ പ്രധാനമന്ത്രിക്ക് അമേരിക്ക വാതില്‍ തുറക്കുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്ര മേഖലയിലെ നീക്കങ്ങള്‍ക്ക് ഇത് ആവേഗം പകര്‍ന്നു. അയല്‍ രാജ്യസന്ദര്‍ശനത്തില്‍നിന്ന് വന്‍കിട ലോകരാജ്യ സന്ദര്‍ശനങ്ങളിലേക്ക് മോദി കടന്നു. ഏഴ് മാസത്തെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നയതന്ത്ര മേഖല മാത്രം കേന്ദ്രീകരിച്ചാണെന്ന വിമര്‍ശനം ഉയരുന്നതിന് പോലും ഇത് ഇടയാക്കി.

സപ്തംബറില്‍ വാഷിങ്ടണില്‍ തുടക്കമിട്ട ചര്‍ച്ചകളുടെ തുടര്‍ച്ചക്കാണ് ഡല്‍ഹി വേദി ഒരുക്കുന്നത്. നയതന്ത്ര വിഷയങ്ങള്‍ക്കൊപ്പം ഉഭയകക്ഷി വാണിജ്യവ്യാപാര ബന്ധങ്ങളും ഒബാമ-മോദി ചര്‍ച്ചയിലെ പ്രധാന അജണ്ടയാണ്. ഇന്ത്യയുടെ വിപുലമായ കമ്പോളം അമേരിക്കയുടെ എക്കാലത്തെയും ലക്ഷ്യമാണ്. ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരം 50 ബില്യന്‍ ഡോളറില്‍നിന്ന് 400 ബില്യന്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

എന്നാല്‍ ചില നിര്‍ണായക തടസ്സങ്ങളാണ് അമേരിക്കയുടെ ലക്ഷ്യങ്ങളെ വഴിമുടക്കുന്നത്. തടസ്സങ്ങളെ ലഘൂകരിക്കാനായി, ഉദാരവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ആഭ്യന്തര രാഷ്ട്രീയത്തില്‍ മോദിയും എന്‍.ഡി.എ.സര്‍ക്കാരും നേരിടുന്ന പരിമിതികള്‍ കൊണ്ട് അത് എളുപ്പമല്ല.

2005 ല്‍ ധാരണയായതും 2008 ല്‍ ഒപ്പുവെച്ചതുമായ ഇന്ത്യാ-അമേരിക്ക ആണവകരാര്‍ തന്നെയാണ് അടയാളമായി മാറുന്ന ഉദാഹരണം. 2010 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആണവ ബാധ്യതാബില്ലാണ്, വര്‍ധിച്ച ആവേശത്തോടെ ഇറങ്ങിയ അമേരിക്കന്‍ ആണവകമ്പനികള്‍ക്ക് കയ്പായത്.

സാമൂഹ്യ പ്രതിജ്ഞാബദ്ധത നിലനില്‍ക്കുന്ന ഒരു ജനാധിപത്യ രാജ്യത്തെ സര്‍ക്കാരിന് പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാതെ കരാറുകളില്‍ ഒപ്പുവെയക്കാന്‍ കഴിയില്ലെന്ന വിളിച്ചുപറയലാണ് പാര്‍ലമെന്റ് പാസ്സാക്കിയ ആണവ ബാധ്യതാബില്‍. ആണവദുരന്തം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ആണവ കമ്പനികള്‍ വഹിക്കണമെന്ന വ്യവസ്ഥയാണ് ബില്ലിന്റെ കാതല്‍.

എന്നാല്‍ ആഗോള നിയമമനുസരിച്ച് ആണവ ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം നടത്തിപ്പുകാര്‍ അഥവാ ഓപ്പറേറ്റര്‍മാര്‍ക്കാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആണവകമ്പനികള്‍ ബില്‍ വ്യവസ്ഥകളെ എതിര്‍ക്കുന്നത്.

ഇതിനര്‍ഥം, ഇന്ത്യയില്‍ ആണവ പദ്ധതികളുടെ നടത്തിപ്പുകാര്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്. കമ്പനികളുടെ വാദം അനുസരിച്ച് ആണവ ദുരന്തമുണ്ടായാല്‍ ന്യുക്ലിര്‍ പവര്‍ കോര്‍പ്പറേഷന്‍ അഥവാ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്വം വഹിക്കണം. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് കൈ കഴുകാം. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ ഉയര്‍ത്തിയതോടെയാണ് തര്‍ക്കമുണ്ടായത്.

വാഷിങ്ടണില്‍വെച്ച് നടന്ന മോദി-ഒബാമ കൂടിക്കാഴ്ചയില്‍ ബില്ലും വ്യവസ്ഥകളും പ്രധാന ചര്‍ച്ചയായി. ഇതെത്തുടര്‍ന്ന് തര്‍ക്കപരിഹാരത്തിന് ഒരു സമിതിയെ നിയോഗിച്ചു. സമിതി മൂന്നുവട്ടം ലണ്ടനില്‍ യോഗം ചേര്‍ന്നു. നഷ്ടപരിഹാരം നല്കാന്‍ ഒരു ഇന്‍ഷുറന്‍സ് ഫണ്ട് രൂപീകരിക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശത്തിന് ഏകദേശ അംഗീകാരമായിട്ടുണ്ടെന്നാണ് സൂചന.

എന്നാല്‍ ബില്ലിലെ ചില വ്യവസ്ഥകളനുസരിച്ച് ഉത്തരവാദിത്വം ഭാഗികമായെങ്കിലും തങ്ങളുടെ മേല്‍ വരുമോ എന്ന ആശങ്ക കമ്പനികള്‍ക്ക് ബാക്കിയുണ്ട്. അതുകൂടി തീര്‍ത്തുകൊടുക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇന്ത്യയുടെ മറുപടിയാണ് ഇക്കാര്യത്തില്‍ നിര്‍ണായകം.

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല വിദേശകമ്പനികള്‍ക്ക് തുറന്നു കിട്ടുകയെന്നതാണ് അമേരിക്ക ഉള്‍പ്പടെയുള്ള സമ്പന്ന രാജ്യങ്ങളുടെ മറ്റൊരാവശ്യം. ഇന്‍ഷുറന്‍സ് മേഖല വിപുലമായി തുറന്നുകൊടുക്കാന്‍ യു.പി.എ.സര്‍ക്കാരും കോണ്‍ഗ്രസും പണ്ടേ തയ്യാറായിരുന്നു. ഒന്നാം യു.പി.എ,സര്‍ക്കാര്‍ ഇതിനായി ബില്ലും കൊണ്ടു വന്നു.

എന്നാല്‍ സര്‍ക്കാരിനെ പിന്തുണച്ച ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പ് മൂലം അത് വെളിച്ചം കണ്ടില്ല. യു.പി.എ.സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ അവരെക്കാള്‍ വേഗത്തില്‍ നടപ്പാക്കുന്ന മോദി സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം ഉയര്‍ത്തിക്കൊണ്ടുള്ള ബില്‍ വീണ്ടും കൊണ്ടുവന്നു. ലോക്‌സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ പലമാര്‍ഗ്ഗങ്ങള്‍ നോക്കിയെങ്കിലും ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലുയര്‍ന്ന എതിര്‍പ്പില്‍ തട്ടി ബില്‍ മുടങ്ങി.

പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ഓര്‍ഡിനന്‍സായി നടപ്പാക്കിയെങ്കിലും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിലും കഥ ആവര്‍ത്തിക്കുമെന്ന ഭയം സര്‍ക്കാരിനുണ്ട്. അമേരിക്ക ഉള്‍പ്പടെയുള്ള സമ്പന്ന രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. നിയമസഭാ തിരഞ്ഞെടുപ്പ വിജയങ്ങളിലൂടെ മോദി രാജ്യസഭ പിടിച്ചെടുക്കുന്നതു വരെയെങ്കിലും.

ഇത്തരം സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ വേഗം കൂട്ടണമെന്ന ആവശ്യം അമേരിക്ക ഡല്‍ഹി ചര്‍ച്ചകളില്‍ ഉയര്‍ത്തിയേക്കും. പ്രതിരോധമേഖലയിലെ ഇടപാടുകളില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ ചര്‍ച്ചകളില്‍ പുതിയ ഉടമ്പടികളുടെ ഉടലെടുക്കും. 10 വര്‍ഷമായി നിലനില്‍ക്കുന്ന ഇന്ത്യാ-അമേരിക്ക പ്രതിരോധ കരാറുകള്‍ പുതുക്കണമെന്ന അമേരിക്കയുടെ ആവശ്യത്തിന് മറ്റൊന്നല്ല കാരണം.

അതിവേഗ സൈനികനവീകരണം നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തില്‍് അമേരിക്കന്‍ ആയുധ കമ്പനികളുടെ കണ്ണുണ്ട്. പ്രതിരോധ രംഗത്ത് ആയുധ ഉപകരണ വാങ്ങലുകള്‍ക്ക് പുതിയ കരാറുകള്‍ ഉണ്ടായേക്കും. മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കാന്‍ സാങ്കേതികവിദ്യാ കൈമാറ്റമെന്ന ഇന്ത്യയുടെ ആവശ്യം എത്രമാത്രം യാഥാര്‍ഥ്യമാകുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷമേ പറയാനാകൂ.

പാകിസ്താനുമായുള്ള പ്രതിരോധ രംഗത്തെ അമേരിക്കയുടെ സഹകരണം ഇന്ത്യയ്ക്കും, ഇന്ത്യയും റഷ്യയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത ചങ്ങാത്തം അമേരിക്കയ്ക്കും ഉള്ളുലയ്ക്കുന്ന അസ്വസ്ഥതയാണെന്ന യാഥാര്‍ഥ്യം കൂടി ഇത്തരം ചര്‍ച്ചകളോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ഔഷധമേഖലയിലെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട തര്‍ക്കം, നിക്ഷേപകരാര്‍ ഒപ്പുവെയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യം തുടങ്ങിയ വിഷയങ്ങളും വാണിജ്യ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചാവിഷയങ്ങളാണ്.

ഉഭയകക്ഷി വാണിജ്യവ്യാപാര ബന്ധങ്ങള്‍ക്കൊപ്പം നയതന്ത്ര വിഷയങ്ങള്‍ക്കും നിര്‍ണായകമാണ് മോദി-ഒബാമ കൂടിക്കാഴ്ച. തീവ്രവാദ ഭീഷണി അതിര്‍ത്തികളില്ലാതെ പരക്കുന്ന പുതിയ കാലാവസ്ഥയില്‍ ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ അത് പ്രധാന വിഷയമാകും. തീവ്രവാദവും ഇന്ത്യാ-പാകിസ്താന്‍ ബന്ധവും സ്വാഭാവികമായും ചര്‍ച്ചയിലുയരും.

ചര്‍ച്ചകളുടെ ഗതി രാജ്യാന്തര രാഷ്ട്രീയത്തെ മാത്രമല്ല, രണ്ട് രാജ്യങ്ങളുടെയും ആഭ്യന്തര രാഷ്ട്രീയത്തെയും സ്വാധീനിക്കും. പാവ പ്രസിഡന്റെന്ന് ഒബാമക്കെതിരെ അമേരിക്കയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും, പ്രസംഗം മാത്രം പ്രവര്‍ത്തിയില്ലെന്ന് മോദിക്കെതിരെ ഇന്ത്യയില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ക്കും നയതന്ത്രമേഖലയിലെങ്കിലും ഒരളവ് വരെ ചര്‍ച്ചാമേശകള്‍ തീരുമാനമുണ്ടാക്കുമോയെന്ന് കണ്ടറിയണം. കാരണം ഇന്ത്യ അമേരിക്കയ്ക്ക് കണ്ണായ കമ്പോളമാണ്.
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -