SPECIAL NEWS
  Jan 24, 2015
ഒബാമക്ക് ഏഴ് വലയങ്ങളുള്ള സുരക്ഷാകവചം
മനോജ് മേനോന്‍
ഒബാമയുടെ സുരക്ഷയ്ക്ക് 50,000 ഉദ്യോഗസ്ഥര്‍, 45,000 സി.സി.ടിവി ക്യാമറകള്‍, രാജ്പഥും പരിസരവും വിമാനം പറക്കല്‍ മേഖല, അവാക്‌സിന്റെ ആകാശനിരീക്ഷണം, സംസ്ഥാന അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍. രാജ്പഥ് പരിസരത്തെ 71 ഉയരം കൂടിയ കെട്ടിടങ്ങള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും അടച്ചിടും, മെട്രോ ഉള്‍പ്പടെ സകല ഗതാഗതസംവിധാനങ്ങളും നിശ്ചലമാകും.

ഭയഅഭയങ്ങള്‍ക്കിടയിലെ വേലിപോലെ, മനുഷ്യസാധ്യമായ എല്ലാ സുരക്ഷാകവചങ്ങളും ഇനി മൂന്നുനാള്‍ ഡല്‍ഹിയെ പുതയ്ക്കും. മറ്റൊരു രാഷ്ടത്തലവനും നല്‍കാത്ത സുരക്ഷാ സംവിധാനങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ രണ്ടാംവരവില്‍ ഇന്ത്യയില്‍ ഒരുക്കുന്നത്.

കെട്ടുകഥയെയോ, കേട്ട കഥയെയോ അതിശയിപ്പിക്കുന്ന ഈ സുരക്ഷാ സംവിധാനങ്ങള്‍ ഡല്‍ഹിയുടെ സാധാരണ ജീവിതത്തെ സ്തംഭിപ്പിക്കും. എന്നാല്‍ ഇത്തരം നിര്‍ബന്ധിത പരിമിതികള്‍ പരിചിതരായ ജനങ്ങള്‍ നിസ്സംഗതയോടെ സ്വയം ഒതുങ്ങും.

ഏഴ് വലയങ്ങളുള്ള സുരക്ഷാ സംവിധാനമാണ് ഒബാമക്കുവേണ്ടി ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. അമ്പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒബാമയുടെ യാത്രാമാര്‍ഗ്ഗങ്ങളില്‍ നിതാന്ത ജാഗ്രത പാലിക്കുക. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം യു.എസ്. രഹസ്യാന്വേഷക ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയിലുണ്ട്.


ഒബാമ താമസിക്കുന്ന സ്വകാര്യഹോട്ടലില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും അമേരിക്കന്‍ ഉദ്യോഗസ്ഥരും കാവല്‍ നില്‍ക്കും. യാത്രാ വഴികളില്‍ ആള്‍ക്കൂട്ടത്തില്‍ പോലും വ്യക്തികളുടെ മുഖം തിരിച്ചറിഞ്ഞ് സ്വയംപകര്‍ത്തുന്ന ഫേസ് റെക്കഗ്‌നിഷന്‍ ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, കമ്പോളങ്ങള്‍, രാജ്പഥ് എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. തീവ്രവാദികളെയും അക്രമികളെയും ലക്ഷ്യമിട്ടാണ് ഈ നടപടി. 45,000 സി.സി.ടിവി ക്യാമറകളും ഒപ്പമുണ്ട്്.

റിപ്പബ്ലിക് പരേഡ് നടക്കുന്ന രാജ്പഥും പരിസരങ്ങളും വിമാനം പറക്കല്‍ നിരോധന മേഖലയായി പ്രഖ്യപിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചതും സുരക്ഷ ലക്ഷ്യമാക്കി തന്നെ. 400 കിലോമീറ്ററോളം ദൂരം വിമാനങ്ങളോ ഹെലികോപ്ടറുകളോ മറ്റ് പറക്കല്‍ യന്ത്രങ്ങളോ പാടില്ല. റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്ന സൈനിക വിമാനങ്ങള്‍ക്ക് ഈ വിലക്ക് ബാധകമല്ല.

എയര്‍ബോണ്‍ വാണിംഗ് ആന്റ് കണ്‍ട്രോള്‍ സിസ്റ്റം അഥവാ അവാക്‌സ് ആകാശ നിരീക്ഷണം നടത്തും. 400 കിലോമീറ്റര്‍ ദൂരത്തുനിന്നു പോലും മിസൈലുകള്‍ കാണാന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒബാമ താജ്മഹല്‍ സന്ദര്‍ശനത്തിനായി എത്തുന്ന ആഗ്രയിലും അവിടേക്കുള്ള വഴികളിലും ഇതേ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കടല്‍ മാര്‍ഗ്ഗങ്ങളിലും രാജ്യാതിര്‍ത്തികളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉറങ്ങാത്ത കണ്ണുകള്‍ കാവലുണ്ട്.


രാജ്പഥിനും പരിസരത്തുമുള്ള 71 ഉയരം കൂടിയ കെട്ടിടങ്ങള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും അടച്ചിടും. ഇന്ത്യാഗേറ്റിന്റെ പരിസരത്തുള്ള മുഴുവന്‍ കെട്ടിടങ്ങളും ഞായറാഴ്ച വൈകിട്ട് മുതല്‍ പോലീസ് സീല്‍ ചെയ്യും. രാജ്പഥിനരികിലുള്ള നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍, റെയില്‍ ഭവന്‍, കൃഷിഭവന്‍, ശാസ്ത്രിഭവന്‍, വായു ഭവന്‍, ഉദ്യോഗ് ഭവന്‍, നിര്‍മാണ്‍ ഭവന്‍, ജവഹര്‍ ഭവന്‍, നാഷണ്‍ മ്യൂസിയം, വിജ്ഞാന്‍ ഭവന്‍ തുടങ്ങിയ പ്രധാന സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളും അടഞ്ഞു കിടക്കും.

സംസ്ഥാന അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു.

റിപ്പബ്ലൂക് ദിന പരേഡ് വീക്ഷിക്കാന്‍ ഒരു മണിക്കൂര്‍ 48 മിനിട്ടാണ് ഒബാമയും ഭാര്യ മിഷേലും രാജ്പഥില്‍ ചെലവിടുക.


പരേഡിന്റെ സമയം ചുരുക്കണമെന്ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ വഴങ്ങിയില്ല. തുറന്ന വേദിയിലെ സുരക്ഷയായിരുന്നു അവരെ ആശങ്കപ്പെടുത്തിയത്. പരേഡിനിടയില്‍ വിശിഷ്ടാതിഥി മടങ്ങുന്ന പതിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രാലയം നിര്‍ദേശം തള്ളിയത്.

അമേരിക്കയില്‍നിന്ന് കടല്‍ കടന്നെത്തിയ കാര്‍ഡിലാക് ലിമോസിന്‍ കാറിലായിരിക്കും പരേഡിനായി ഒബാമ എത്തുക.

ഒബാമ, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവര്‍ക്ക് പരേഡ് വീക്ഷിക്കാനായി ബുള്ളറ്റ് പ്രൂഫ് വേദി തയ്യാറായിക്കഴിഞ്ഞു.

തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിവരെ മെട്രോ ഉള്‍പ്പടെ സകല ഗതാഗതങ്ങളും മുടങ്ങും.
(ചിത്രങ്ങള്‍: എ.പി)
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -