എഴുത്തുകാരന്റെ /എഴുത്തുകാരിയുടെ അവസാനത്തെ അഭയകേന്ദ്രമേതാണ്? അവനെ/അവളെ അവനവനാക്കുന്ന അക്ഷരങ്ങള്‍. ലോകം മുഴുവന്‍ അയാളെ തള്ളിപ്പറഞ്ഞാലും, എല്ലാവരും ഇറക്കിവിട്ടാലും, എഴുത്തിന്റെ വീട് അതെത്ര ചെറുതായിരുന്നാലും അയാളെ കാത്തിരിക്കുന്നു. അക്ഷരങ്ങള്‍ കാവലിരിക്കുന്നു.
'ജീവിതത്തില്‍ പലതരത്തിലുള്ള തിരിച്ചടികളുണ്ടായപ്പോഴും എനിക്ക് എന്റെ പുസ്തകങ്ങളുണ്ടായിരുന്നു' എന്ന് ഒരു അഭിമുഖത്തില്‍ എം.ടി.പറഞ്ഞിട്ടുണ്ട്. എന്റെ പുസ്തകങ്ങള്‍ എന്നതിലൂടെ എം.ടി ഉദ്ദേശിച്ചത് തന്റെതന്നെ പുസ്തകങ്ങള്‍ എന്നല്ല. മറിച്ച് അക്ഷരങ്ങള്‍ എന്നാണ്. അക്ഷരങ്ങള്‍ എന്ന അഭയകേന്ദ്രം.
ഒരുപക്ഷേ, മറ്റൊരു ജോലിക്കുമില്ലാത്ത ഒരു പ്രത്യേകതയാവാം ഇത്.
 |
ശശിതരൂര്‍ സാഹിത്യോത്സവ വേദിയില്‍ |
ശശി തരൂര്‍ ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ വേദിയില്‍ വന്നിറങ്ങിയത് കണ്ടപ്പോള്‍ ഒരു എഴുത്തുകാരന്‍ തന്റെ അഭയകേന്ദ്രത്തിലേക്ക് വരുന്നതുപോലെ തോന്നി. ലോകം മുഴുവന്‍ എതിരുനിന്നാലും എഴുതുന്നിടത്തോളം കാലം വായനക്കാരുടെ ലോകം തനിക്ക് ചുറ്റും ഉണ്ടാവും എന്ന ബോധ്യം അദ്ദേഹത്തിലുള്ളത് പോലെയും.
വ്യക്തിജീവിതത്തിന്റെ ഏറ്റവും ആഴങ്ങളില്‍ വരെയുള്ള വേരുകളെ വലിച്ച് പുറത്തിടുന്ന തരത്തിലുള്ളതും ഏത് ഉരുക്കുമനുഷ്യനേയും ഉലച്ചുകളയുന്നതുമായ പ്രശ്‌നത്തിന് നടുവില്‍നിന്ന് വന്ന് വലിയ ഒരു സദസ്സിന് മുന്നില്‍ സമചിത്തതയോടെ, എഴുത്തിനേക്കുറിച്ചും പുസ്തകത്തേക്കുറിച്ചും രാഷ്ട്രീയത്തേക്കുറിച്ചും സംസാരിക്കുക എന്നത് ചെറിയ കാര്യമല്ല.
സാഹിത്യോത്സവ നഗരിയിലേക്ക് വന്ന ശശി തരൂരിന്റെ മുഖത്ത് ആദ്യം നേരിയ വിഷാദവും തളര്‍ച്ചയും ഉണ്ടായിരുന്നെങ്കിലും വേദിയില്‍ സംസാരിക്കാനായി കയറിയപ്പോള്‍ അദ്ദേഹം മറ്റൊരാളായി. സ്ഫുടമായ ഭാഷയും സൂക്ഷ്മാമായ ചിന്തയും സമഗ്രമായ കാഴ്ചപ്പാടുമുള്ള ഒരാള്‍. അദ്ദേഹം അത് വിശദമായും കണിശമായും പറഞ്ഞ് ഫലിപ്പിക്കുകയും ചെയ്തു. കേട്ടിരുന്ന പ്രൗഢമായ സദസ്സും തരൂരിനോട് നീതി പുലര്‍ത്തി. വ്യക്തിപരമായ ഒരു ചോദ്യം പോലും ആരും ചോദിച്ചില്ല, എല്ലാം അവര്‍ക്ക് അറിയാമായിരുന്നെങ്കിലും.
അതിനിടയിലാണ് ഒരു ടി.വി റിപ്പോര്‍ട്ടറെ പരിചയപ്പെട്ടത്. ചെറുപ്പക്കാരനാണ്. എം.ബി.എയ്ക്ക് പോകേണ്ടയാള്‍ വഴിതെറ്റി റിപ്പോര്‍ട്ടറായതുപോലുള്ള വേഷവും ഭാവവും. എല്ലാറ്റിനേക്കുറിച്ചും തുണ്ടംതുണ്ടം അറിയാം.
തരൂരിനേക്കുറിച്ച് സംസാരിച്ചുവന്നപ്പോള്‍ കക്ഷി പറഞ്ഞു: 'അല്ലെങ്കിലും ഈ സാഹിത്യോത്സവമൊക്കെ പത്രങ്ങള്‍ക്കുള്ളതാണ്. വൈകുന്നേരം വരെ എല്ലാം കേട്ടിരുന്ന് അവസാനം എഴുതി അയച്ചാല്‍ മതി. എന്നാല്‍ ഞങ്ങള്‍ ചാനലുകള്‍ക്ക് അങ്ങിനെയല്ല, ഓരോ നിമിഷവും വാര്‍ത്തവേണം'.
'തരൂര്‍ ഇന്നൊന്നും പറയുമെന്ന് തോന്നുന്നില്ല' -ഞാന്‍ പറഞ്ഞു. 'എന്തെങ്കിലും പറഞ്ഞാല്‍ മതി. ഒറ്റവരി കിട്ടിയാല്‍ അതുവച്ച് നമുക്ക് വ്യാഖ്യാനിക്കാം'.
വ്യാഖ്യാനിക്കത്തക്കതായി ഒന്നും തരൂര്‍ പറഞ്ഞില്ല. നമ്മുടെ റിപ്പോര്‍ട്ടര്‍ നിരാശനായി പ്രസ്സ് ടെറസില്‍ നില്‍ക്കുന്നത് കണ്ടു. കുറേക്കഴിഞ്ഞപ്പോള്‍ കക്ഷി ആവേശം വീണ്ടെടുത്തുകൊണ്ട് പറഞ്ഞു: 'പോട്ടെ, നാളെ നയ്പാളിനെപ്പിടിക്കാം'.
സുനന്ദ പുഷ്‌ക്കറിനെ വിവാഹം ചെയ്യുന്നതിനും എത്രയോ മുമ്പ് എഴുത്തുതുടങ്ങിയ ആളാണ് ശശി തരൂര്‍. എന്നാല്‍ ജയ്പൂര്‍ സാഹിത്യോത്സവവേദിയില്‍ 'ഇന്ത്യ ശസ്ത്ര' എന്ന പുസ്തകവുമായി തരൂരിന് പിറകേ ഓടിയവരില്‍ വലിയൊരു വിഭാഗം പുതിയ വിവാദത്തിലെ നായകന്റെ ഒപ്പുവാങ്ങാന്‍ കമ്പം കയറിയവരായിരുന്നു എന്നത് വ്യക്തം.
വിവാദം, അത് ഏത് തരത്തിലുള്ളതായാലും അതിന് പിറകേ ജനം കണ്ണും ചിമ്മി ഓടുന്നു എന്നതാണ് വാസ്തവം. തരൂര്‍ എഴുതിയ കാര്യങ്ങളിലല്ല, തരൂര്‍ എന്ന വ്യക്തിയിലാണ് ശ്രദ്ധ. ജയ്പൂര്‍ സാഹിത്യോത്സവം പോലുള്ള ഉപരിവര്‍ഗ്ഗത്തിന്റെ ഒരു സമാഗമവേദിയില്‍ ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.
പുസ്തകത്തെയല്ല, വ്യക്തിയെ വായിക്കാനാണ് ഇത്തരക്കാര്‍ക്കിഷ്ടം. ആ വായന ഒരു വേട്ടയാടലിന് തുല്യവുമാണ്. സാഹിത്യോത്സവനഗരിയിലൂടെ ശശി തരൂര്‍ എന്ന എഴുത്തുകാരന്‍ ഓടി മറയുന്നത് കണ്ടപ്പോള്‍ ഇത് ബോധ്യമായി.
ഒന്നില്‍നിന്നും ഓടിയൊളിക്കാത്ത എഴുത്തുകാരനെ ഓടിച്ചിട്ടുപിടിച്ച് വിചാരണ ചെയ്യുന്ന മനോഭാവം. സമൂഹം ഒരു വേട്ടമൃഗത്തേപ്പോലെയാണ് എന്ന് പറയുന്നത് എത്ര ശരി. ശശി തരൂരിന് അനുഭവത്തിന്റെ ചൂടില്‍ ഇതേക്കുറിച്ച് എപ്പോഴെങ്കിലും എഴുതാം.
എഴുതാനറിയുന്നവന് എല്ലാ അനുഭവങ്ങളും അസംസ്‌കൃതവസ്തുക്കളാണ്. ചുറ്റിലും പതുങ്ങിയിരിക്കുന്ന സമൂഹമുള്ളിടത്തോളം കാലം ഇത്തരം അനുഭവങ്ങള്‍ക്ക് പഞ്ഞവുമുണ്ടാവുകയുമില്ല (ചിത്രങ്ങള്‍: ലേഖകന്‍).