രാജ്യത്തെ തൊഴില്‍ രംഗത്ത് അടുക്കും ചിട്ടയും കൊണ്ടുവരാന്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവിട്ട കാലം. നിതാഖത്ത് എന്ന പേരില്‍ നടപ്പിലാക്കാനുള്ള പരിഷ്‌കരണ നടപടികള്‍ ഇന്ത്യയിലായിരുന്നു ഏറെ ആശങ്ക സൃഷ്ടിച്ചത്.
ശരിയായ രേഖകളില്ലാതെ ഫ്രീ വിസകളില്‍ സൗദി അറേബ്യയിലെത്തി പലതരം തൊഴിലുകളില്‍ ഏര്‍പ്പെട്ട പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഷ്‌കരമായ ദിനങ്ങളായിരുന്നു അത്. രേഖകള്‍ ശരിയാക്കി എടുക്കുക എന്നതും അത്ര എളുപ്പമായിരുന്നില്ല. മലയാളികളായ സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം നിതാഖത്ത് ഇടിത്തീയായി മാറുന്നു എന്ന അവസ്ഥ.
പരിഷ്‌കരണ നടപടികളില്‍ വിട്ടുവീഴ്ചയില്ലാതെ ഭരണകൂടം മുന്നോട്ടു പോകുന്നതിനിടയിലും പ്രവാസികളുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ പരിദേവനങ്ങള്‍ അബ്ദുള്ള രാജാവ് കേള്‍ക്കാതിരുന്നില്ല. രേഖകള്‍ ശരിയാക്കിയെടുക്കാനുള്ള കാലാവധി ഇന്ത്യക്കാര്‍ക്ക് വേണ്ടി അദ്ദേഹം നീട്ടിക്കൊടുത്തു. ഇതിനായി ഇന്ത്യയുടെ അപേക്ഷ അദ്ദേഹം ശ്രദ്ധിച്ചു കേട്ടു, അതിനായി നടപടികളെടുക്കാനും നിര്‍ദ്ദേശം നല്‍കി. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു.
ഇത് മലയാളി പ്രവാസിയുടെ മാത്രം കാര്യമല്ല. രാജാവ് അന്തരിച്ചു എന്ന വാര്‍ത്തയോടെ തങ്ങളുടെ നാഥന്‍ ഇല്ലാതായി എന്ന മാനസികാവസ്ഥയിലേക്ക് സൗദിയിലെ ജനങ്ങള്‍ എത്തിയെന്നതാണ് യാഥാര്‍ത്ഥ്യം.
പത്ത് വര്‍ഷമായി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദ് എന്ന അബ്ദുള്ള രാജാവിന് സൗദി അറേബ്യ ഭരിക്കാന്‍ അവസരം ലഭിച്ചിട്ട്. അതിന് മുമ്പ് തന്നെ സൗദി കീരീടാവകാശി എന്ന നിലയില്‍ ഭരണത്തിന്റെ നയതന്ത്രവും ശൈലിയും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.
രാജ്യത്തിന്റെ ഭരണാധികാരിയെന്നോ രാജാവ് എന്നോ പറയുന്നതിന് പകരം രണ്ട് വിശുദ്ധ തിരുഗേഹങ്ങളുടെയും സേവകന്‍ എന്ന നിലയിലാണ് സൗദി ഭരണാധികാരികളെ വിശേഷിപ്പിക്കാറുള്ളത്.
സൗദി അറേബ്യക്ക് ലോകത്ത് പല വിശേഷണങ്ങളുമുണ്ട്. ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്ന്, ഏറ്റവും അധികം എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം, ലോകത്തിലെ ഏറ്റവും യാഥാസ്ഥിതികമായ രാജ്യം...എന്നിങ്ങനെ പോകുന്നു ആ വിശേഷണങ്ങള്‍. ഇതെല്ലാം നിലനില്‍ക്കെ തന്നെ സൗദി ഏറേബ്യയെ എല്ലാ രംഗത്തും പുരോഗതിയിലേക്കും കൂടുതല്‍ സമൃദ്ധിയിലേക്കും നയിക്കാന്‍ അബ്ദുള്ള രാജാവിനായി എന്നതായിരിക്കും കാലം അദ്ദേഹത്തിന് നല്‍കാന്‍ പോകുന്ന വിശേഷണം.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുള്‍ അസീസ് അല്‍സൗദിന്റെ പതിമൂന്നാമത്തെ മകനായ അബ്ദുള്ള 1961 ല്‍ മെക്കയുടെ മേയറായാണ് ഭരണം ആരംഭിക്കുന്നത്. 2005 അഗസ്ത് ഒന്നിന് അദ്ദേഹം രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെട്ടു.
2005 മുതലുള്ള അറബ് രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഈ കാലം എല്ലായിടത്തും ഏറെ സംഭവബഹുലമായിരുന്നു എന്നും കാണാം. ആഭ്യന്തര കലാപങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, അധിനിവേശങ്ങള്‍, കൊട്ടാരവിപ്ലവങ്ങള്‍, എണ്ണയുടെ വിലയിടിവ് എന്നിങ്ങനെ അറബ് മേഖലയില്‍ അശാന്തിയുടെയും അസ്വസ്ഥതയുടെയും കാലമായിരുന്നു ഇത്.
പക്ഷെ സൗദി അറേബ്യയെ ഇതൊന്നും സ്പര്‍ശിച്ചതേയില്ല. അബ്ദുള്ള രാജാവിന്റെ ശക്തമായ നേതൃത്വം തന്നെയായിരുന്നു പ്രധാന കാരണം. ജനങ്ങള്‍ക്കാകട്ടെ അദ്ദേഹത്തില്‍ വലിയ വിശ്വാസവും ആയിരുന്നു. ഈ ഒരു ബന്ധമാണ് രാജാവ് എന്ന നിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയതും.
വിദ്യാഭ്യാസ മേഖലയില്‍ അബ്ദുള്ള രാജാവ് കൊണ്ടുവന്ന മാറ്റങ്ങള്‍ രാജ്യത്തെ ഭരണരംഗത്ത് വലിയ ചലനങ്ങള്‍ ഉണ്ടാക്കി. സ്ത്രീ ശാക്തീകരണരംഗത്തും വലിയ സംഭാവനയായിരുന്നു അദ്ദേഹം നല്‍കിയത്. രാജ്യത്തെ പരമോന്നത സഭയായ ശൂറാ കൗണ്‍സിലില്‍ മുപ്പത് വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയത് അതുവരെ സൗദി അറേബ്യയില്‍ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതിയില്‍ വലിയ സംഭവമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് വോട്ടവകാശം നല്‍കാനും അദ്ദേഹം നടപടികളെടുത്തു.
എന്നാല്‍ അടുത്തകാലത്ത് സൗദി അറേബ്യയുടെ കര്‍ക്കശ നിലപാട് ലോകം കണ്ടത് തീവ്രവാദത്തിനോടുള്ള സമീപനത്തിലായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരില്‍ ഉടലെടുത്ത പുതിയ പ്രസ്ഥാനം പല അറബ് രാജ്യങ്ങളിലും തലപൊക്കിയപ്പോഴും പല രാജ്യങ്ങളിലേക്കും അധിനിവേശം നടത്തിയപ്പോഴും അതിനെതിരെ ശക്തമായ നിലപാടായിരുന്നു സൗദി അറേബ്യ സ്വീകരിച്ചത്.
ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗരാജ്യങ്ങളെ കൂടെ നിര്‍ത്തിക്കൊണ്ട് തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള ശക്തമായ തീരുമാനങ്ങളാണ് അബ്ദുള്ള രാജാവ് കൈകൊണ്ടത്. സൈനികശക്തി താരതമ്യേന കുറഞ്ഞ ഇതര അറബ് രാജ്യങ്ങള്‍ക്ക് സൗദി അറേബ്യയുടെ തണലും പിന്തുണയും അദ്ദേഹം ഉറപ്പ് നല്‍കി. ഇതാകട്ടെ ഗള്‍ഫ് നാടുകളില്‍ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്. അമേരിക്കയുമായും ബ്രിട്ടനുമായും നല്ല ബന്ധം ഉറപ്പുവരുത്തിയ സൗദി രാജാവ് ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ അവരുടെ സഹായവും ഇടക്ക് തേടി.
കഴിഞ്ഞ ഒരു വര്‍ഷമായി ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് സംഭവിക്കുന്ന വിലയിടിവ് ഏറ്റവും അധികം ബാധിക്കേണ്ടിയിരുന്നത് സൗദി അറേബ്യയെയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യം എന്ന നിലയില്‍ വിലയിലുണ്ടാവുന്ന മാറ്റം ഏറെ നഷ്ടമുണ്ടാക്കുന്നത് സൗദിക്കാണ്.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെകില്‍ സൗദിയുടെ ശബ്ദത്തിനും സാന്നിധ്യത്തിനും വലിയ സ്ഥാനമുണ്ട്. ഒരുഘട്ടത്തില്‍ ബാരലിന് 125 ഡോളര്‍ വരെ വിലയുണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വില അമ്പത് ഡോളറിനും താഴെയാണിപ്പോള്‍. എന്നിട്ടും എണ്ണ ഉല്‍പ്പാദനം കുറക്കാന്‍ ഒപെക് തയ്യാറായില്ല.
വിപണിയില്‍ എണ്ണയുടെ സമൃദ്ധമായ സാന്നിധ്യവും ഉപഭോഗത്തില്‍ വന്ന കുറവും അമേരിക്കയുടെ ഷെയില്‍ ഗ്യാസുമൊക്കെയാണ് എണ്ണയുടെ വില കുറയാന്‍ പ്രധാന കാരണങ്ങള്‍. ഈ ഘട്ടത്തില്‍ ഉല്‍പ്പാദനം കുറക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായപ്പോഴും ഉറച്ചുനിന്നത് സൗദിയായിരുന്നു. മാര്‍ക്കറ്റിലെ വിഹിതം കുറഞ്ഞുപോകുമെന്ന ദീര്‍ഘ വീക്ഷണമായിരുന്നു ഇക്കാര്യത്തില്‍ സൗദി ഭരണാധികാരി മുന്നോട്ടുവെച്ചത്. അത് മറ്റ് അംഗരാജ്യങ്ങള്‍ക്കും സ്വീകാര്യമായി.
എങ്കിലും ചരിത്രത്തിലാദ്യമായി സൗദി അറേബ്യക്ക് ഇത്തവണ കമ്മി ബജറ്റ് അവതരിപ്പിക്കേണ്ടി വന്നു. അതേസമയം ലോകത്ത് ഏറ്റവും അധികം എണ്ണയും ഡോളറും കരുതല്‍ ശേഖരമായുള്ള സൗദി അറേബ്യക്ക് ആശങ്കപ്പെടാനൊന്നുമില്ലെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.
എണ്ണമറ്റ സമ്പത്തിന്റെയും എണ്ണയുടെ സമൃദ്ധിയുടെയും ഇടയില്‍ നിന്ന് സൗദി അറേബ്യയുടെ മുഖം കൂടുതല്‍ പ്രസന്നമാക്കാനും രാജ്യത്തെ കൂടുതല്‍ ശക്തമാക്കാനും ശ്രമിച്ച ഭരണാദികാരിയുടെ വിയോഗം തീര്‍ച്ചയായും അറബ് ലോകത്തിന്റെ തന്നെ നഷ്ടമാണ്.