SPECIAL NEWS
  Jan 23, 2015
ജയ്പൂര്‍ ജുഗല്‍ബന്ദി മൂന്നാംദിനം: മഴ കവിതയാണ്, കഥയാണ് - പക്ഷേ, ജീവിതമല്ല

മനുഷ്യന്‍ കവിത എഴുതിത്തുങ്ങിയ കാലം മുതല്‍ മഴ പ്രചോദനവും വിഷയവുമാണ്. മഹാകവികളുടേത് മുതല്‍ കോളേജ് കവികളുടേത് വരെ എത്രയെത്ര മഴക്കവിതകള്‍ നാം വായിച്ചിരിക്കുന്നു! പ്രണയമായും വിരഹമായും വിഷാദമായും ആനന്ദമായും രാത്രിയുടെ താരാട്ടും തേങ്ങലുമൊക്കെയായും എത്രയെത്ര ഭാവങ്ങളില്‍ മഴ നമുക്ക് മുന്നിലെത്തിയിരിക്കുന്നു!

'പ്രണയമിത്തൂവല്‍പൊഴിയും പവിഴമഴ'...പാട്ടിലും മഴ. കഥയിലും നിറയേ മഴയുണ്ട്. നന്തനാരുടെ കഥകള്‍ ഓര്‍ക്കുക. പത്മാരാജന്റെ 'തൂവാനത്തുമ്പികളി'ല്‍ നിറയെ മഴയാണ്. മഴ കൂടാതെ ക്ലാരയെ ഓര്‍ക്കാന്‍ സാധിക്കില്ല!

മഴയില്‍ കുതിര്‍ന്ന സഹിത്യോത്സവ വേദി


ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വന്ന എല്ലാ എഴുത്തുകാരും മഴയെക്കുറിച്ച് മധുരമായി എവിടെയെങ്കിലും എഴുതിയിരിക്കും. തടിച്ചുകൂടിയ സാഹിത്യപ്രേമികള്‍ അവ വായിച്ച് മഴയെ പ്രണയിച്ചും കാണും.

എന്നാല്‍ വ്യാഴാഴ്ച ജയ്പൂരില്‍ നിര്‍ത്താതെ മഴ പെയ്തപ്പോള്‍ സംഗതിമാറി. സാഹിത്യം വേറെ, ജീവിതം വേറെ എന്ന് ഒറ്റ നിമിഷംകൊണ്ട് തെളിഞ്ഞു. ഒരുതുള്ളി മഴവെള്ളം ശരീരത്തില്‍ വീഴുമ്പോഴേയ്ക്കും ശപിച്ചുകൊണ്ട് ഓടി രക്ഷപ്പെടുന്നവരായിരുന്നു അധികവും.

മഴയെക്കുറിച്ചുള്ള രചനകളെക്കുറിച്ച് മോഹിപ്പിക്കുന്ന രീതിയില്‍ എത്ര വേണമെങ്കിലും ചര്‍ച്ചചെയ്യാം. എന്നാല്‍, മഴകൊള്ളാന്‍ സാധിക്കില്ല. വീട്ടിന്റെ മട്ടുപ്പാവിലിരുന്നോ ജാലകത്തിന്റെ അരികിലിരുന്നോ ചില്ലുകയറ്റിയ കാറിലിരുന്നോ ആസ്വദിക്കാവുന്ന, എഴുതാവുന്ന സാധനമാണ് മഴ. നേരിട്ടുള്ള ജീവിതത്തില്‍ അത് അലോസരമാണ്.

'എഴുത്തുകാരന്‍ എന്തല്ലയോ അതാണ് അയാള്‍ എഴുതുന്നത്' എന്ന് ആരാണ് പറഞ്ഞത്? സാഹിത്യകാരന്മാരുടെ മേല്‍ മഴ വീഴുന്നത് നേരിട്ടുകണ്ടപ്പോള്‍ അത് ശരിക്കും മനസ്സിലായി.

അമീഷ് തൃപാഠി സാഹിത്യോത്സവത്തിനിടെ


ചീറിവിഴുന്ന മഴയുടെ ഇടയിലാണ് സാഹിത്യോത്സവത്തിനെത്തിയ അമീഷ് തൃപാഠി എന്ന സുമുഖനായ എഴുത്തുകാരനെ കണ്ടത്. 'ശിവ ട്രയോളജി'യും 'ദ ഇമ്മോര്‍ട്ടല്‍ മെലുഹ'യും 'ദ സീക്രട്ട് ഓഫ് നാഗാസും' 'ദ ഓത്ത് ഓഫ് വായുപുത്രാസു'മൊക്കെ എഴുതിയ ജനപ്രിയ എഴുത്തുകാരന്‍. ലക്ഷക്കണക്കിന് വില്‍ക്കുന്ന പുസ്തകങ്ങളുടെ രചയിതാവ്. 'പാവങ്ങളുടെ ഡാന്‍ ബ്രൗണ്‍'!

സ്‌കൂളില്‍പ്പഠിക്കുമ്പോള്‍ സര്‍ഗ്ഗാത്മകമായി ഒന്നുമില്ലാത്ത, ബോക്‌സിങ്ങില്‍ മാത്രം പങ്കെടുത്തിരുന്ന, കൊല്‍ക്കത്ത ഐ.ഐ.എല്ലില്‍നിന്ന് വിജയിച്ച, 14 വര്‍ഷം വ്യവസായ ലോകത്ത് ജീവിച്ച താന്‍ എങ്ങനെയാണ് എഴുത്തുാകരനായതെന്ന് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

ശിവന്‍ ആണ് തന്നെക്കൊണ്ട് എഴുതിക്കുന്നത് എന്നാണ് അമീഷ് പറയുന്നത്. കടുത്ത ശിവഭക്തനാണ്. പക്ഷേ കൈലാസത്തില്‍ ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ല. എഴുത്തുകാരന്റെ യാതൊരു ഭാവങ്ങളുമില്ല ഈ മനുഷ്യനില്‍. അസ്തിത്വദു:ഖങ്ങളോ സൃഷ്ടിയുടെ വേദനയോ ഒന്നുമില്ല. വായിക്കുന്നത് അംബേദ്കറുടെ പുസ്തകങ്ങളാണ്. എഴുതുന്നത് നാഗലോകത്തെക്കുറിച്ചും. എഴുത്തുമാത്രമാണ് ഇപ്പോള്‍ ജീവിതം എന്നും പറയുന്നു. കഞ്ഞിക്കും കുമ്പിളിനുമുള്ളതെല്ലാം എഴുത്തുതന്നെ നല്‍കുന്നുണ്ട്. കോട്ടും സൂട്ടുമിട്ട് ഫുള്‍ സ്റ്റെലില്‍ ഒരു എഴുത്ത് ജീവിതം. മലയാളിയായതുകൊണ്ട് അത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടി.

ഉറുദുവില്‍ എഴുതുന്നതുകൊണ്ടാവാം ഷംസുര്‍ റഹ്മാന്‍ ഫാറൂഖി എന്ന എഴുത്തുകാരനില്‍ പഴയകാലത്തിന്റെ ഛായയായിരുന്നു ഏറെ. അദ്ദേഹത്തിന്‍ 'ദ സണ്‍ റൈസ് ഫ്രം ദ എര്‍ത്ത്' എന്ന ബ്രൃഹദ് നോവല്‍ മിര്‍സാഗാലിബ് അടക്കമുള്ള കവികള്‍ വിഹരിച്ച ഒരു കാലത്തിന്റെ കഥ പറയുന്നു. മിര്‍സാ ഗാലിബിനെപ്പോലെ ഒരു കവിയില്ല ഇന്ത്യയില്‍ എന്ന് ഈ എഴുത്തുകാരന്‍ വിശ്വസിക്കുന്നു.

സാഹിത്യോത്സവത്തിന് വന്ന എല്ലാ എഴുത്തുകാരെയും കൊണ്ടുനടക്കുന്നത് ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാരായ ആണ്‍ കുട്ടികളും പെണ്‍കുട്ടികളുമാണ്. അവര്‍ക്ക് ഓരോ എഴുത്തുകാരനും ഒരോ ഉത്പന്നമാണ്. മറ്റൊന്നും അവര്‍ക്ക് അറിയില്ല!

തന്നെ തടവിലാക്കി കൊണ്ടനടക്കുകയും എവിടെയൊക്കെയോ കൊണ്ടിരുത്തി ആരെയൊക്കെയോ വിളിച്ച് അഭിമുഖം ചെയ്യിക്കുകയും ചെയ്യുന്നതിനെതിരെ ഫാറൂഖി അസ്വസ്ഥനാവുന്നത് കണ്ടു. നന്നേ പ്രായമായിപ്പോയതുകൊണ്ടാണ്. ഇല്ലെങ്കില്‍ ബഹളമുണ്ടാക്കാനുള്ള തീ ഉള്ളില്‍ ഉള്ള ആളാണ് എന്ന് പെരുമാറ്റത്തില്‍നിന്ന് മനസ്സിലായി.

സാഹിത്യോത്സവത്തിനെത്തിയ വഹീദാ റഹ്മാന്‍


ഉച്ചയ്ക്ക് ശേഷം മഴയൊഴിഞ്ഞ വഴിയിലൂടെ കയ്യില്‍ ഒരു ഹാന്‍ഡ്ബാഗും തൂക്കി നടന്നുപോകുന്ന ആ സ്ത്രീയെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, ഒറ്റയടിക്ക് മോഹിപ്പിക്കുന്ന ഒരു കാലവും സിനിമയിലെ രംഗങ്ങളും ഗാനങ്ങളും കണ്ണില്‍വന്നു നിറഞ്ഞു: 'പ്യാസ', 'ഗൈഡ്', 'മുഛെ ജീനേ ദോ'....വഹീദാ റഹ്മാന്‍! അവര്‍ ഇതാ ഒരു പാവം വീട്ടമ്മയെപ്പോലെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥയെപ്പോലെ, റിട്ടയേര്‍ഡ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സിനേപ്പോലെ മുന്നിലൂടെ നടന്നുപോകുന്നു.

വഹീദാ റഹ്മാന്‍ - പഴയകാല ചിത്രം


നസ്‌റീന്‍ മുന്നി കബീറുമായിച്ചേര്‍ന്ന് തയ്യാറാക്കിയ 'കോണ്‍വര്‍സേഷന്‍ വിത്ത് വഹീദാ റഹ്മാന്‍' എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ എത്തിയതായിരുന്നു അവര്‍.

ഗുരുദത്തിനെക്കുറിച്ചുള്ള എന്തെല്ലാം ഓര്‍മ്മകളായിരിക്കണം ആ മനസ്സില്‍ ആറുമറിയാതെ അടഞ്ഞിരിക്കുന്നുണ്ടാവുക! സുഗന്ധമുള്ള സൗന്ദര്യമായി ഈ രാജ്യമാകെ പാറിപ്പറന്ന ജീവിതം ഇപ്പോള്‍ നരപടര്‍ന്ന്, അമ്മൂമ്മച്ചിരിയുമായി, അലങ്കാരങ്ങളില്ലാതെ. വാര്‍ദ്ധക്യവും മരണവും മാത്രമാണ് തോല്‍പ്പിക്കാന്‍ സാധിക്കാത്ത യാഥാര്‍ത്ഥ്യം.

ഇന്ത്യയിലെ അഞ്ച് പ്രതിഭകളുടെ ജീവിതം അവരുടെ സംഭാഷണങ്ങളായി രേഖപ്പെടുത്തിയ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമാണ് നസ്‌റീന്‍ മുന്നി കബീര്‍. ഗാനരചയിതാക്കളും കവികളുമായ ഗുല്‍സാര്‍, ജാവേദ് അക്തര്‍, ഗായിക ലതാമങ്കേഷ്‌കര്‍, സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍, നടി വഹീദാ റഹ്മാന്‍ എന്നിവരുടെ അപൂര്‍വ്വങ്ങളായ ജീവിതമാണ് നസ്‌റീന്‍ മുന്നി പകര്‍ത്തിയത്.

സാഹിത്യോത്സവ സദസ്സ്


ഒരുപക്ഷേ, എഴുതപ്പെടാതെ പോകുമായിരുന്നതും തീര്‍ച്ചയായും കാലത്തിന് ആവശ്യമായതുമായ ഈ ജീവിതങ്ങളെ പകര്‍ത്തി എന്നത് ചെറിയ കാര്യമല്ല. എങ്ങനെയാണ് പ്രതിഭകളിലേക്ക് പ്രവേശിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'അവരെ പ്രചോദിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച്'. ഓരോരുത്തരിലും ഓരോ തരത്തിലാണ് പ്രതിഭ ഒഴുകുന്നത്. താന്‍ പകര്‍ത്തിയതില്‍ ഏറ്റവും ആത്മീമായ ജീവിതം എ.ആര്‍.റഹ്മാന്റേതാണ്. ഇനിയാരിലേക്കാണ് സഞ്ചരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'അറിയില്ല, ഞാന്‍ ഒരു ബ്ലോക്കിലാണ്'.

സിനിമ തന്നെയാണ് പുതിയ കാലത്തിന്റെ മാധ്യമം എന്നും അതിലെ വിവാദങ്ങളേയും ചിന്തകളേയും പുതിയ തലമുറ എത്രമാത്രം സൂക്ഷ്മയും ആഴത്തിലും നിരീക്ഷിക്കുന്നു എന്നുമുള്ളതിന് തെളിവായിരുന്നു 'ഹാംലറ്റിന്റെ ധര്‍മ്മസങ്കടങ്ങള്‍' എന്ന ചര്‍ച്ച. വില്യം ഷേക്‌സ്പിയറുടെ നാടകത്തെ മുന്‍നിര്‍ത്തി വിശാല്‍ ഭരദ്വാജിന്റെ 'ഹൈദര്‍' എന്ന സിനിമയുടെ അടിസ്ഥാനത്തിലായിരുന്ന ചര്‍ച്ച.

വിശാല്‍ ഭരദ്വാജ് സാഹിത്യോത്സവ വേദിയില്‍


കശ്മീര്‍ പ്രമേയമായ ചര്‍ച്ചയായതിനാല്‍ തീര്‍ച്ചയായും തീ അതിന്റെ അടിയിലുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ സൗമ്യവും കാര്യമാത്രപ്രസക്തവുമായ മറുപടികളാല്‍ വിശാല്‍ ഭരദ്വാജും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ബഷ്‌റാത് പീറും അവയെ നേരിട്ടതുകൊണ്ട് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.

ഒരു സിനിമാ സംവിധായകന്‍ കബീര്‍ദാസിന്റെ ദോഹകള്‍ ചൊല്ലുന്നത് കേട്ടപ്പോള്‍ കൊതി തോന്നി-നമ്മുടെ ന്യൂജന്‍ ആശാന്മാരിലാരെങ്കിലും കുമാരനാശാനെയെങ്കിലും ഒന്ന് തിരിച്ചറിഞ്ഞ് രണ്ടുവരി ചൊല്ലിക്കേള്‍ക്കാന്‍.

മരുഭൂമിയില്‍ നിര്‍ത്താതെ മഴ പെയ്‌തേക്കാം. എന്നാല്‍ ന്യൂജന്‍...കുമാരനാശാന്‍? നടക്കുമോ, ആശാനേ?
 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -