SPECIAL NEWS
  Jan 22, 2015
ഇടയന്റെ വരവിലും ഇരുളില്‍ ചിലര്‍
വി. പ്രവീണ
മാര്‍പാപ്പയുടെ വരവിനു മുന്നോടിയായി ഫിപ്പീന്‍സിലെ ജയിലുകളും നിറഞ്ഞു കവിഞ്ഞിരുന്നു. കള്ളന്മാരോ കൊലപാതകികളോ അല്ല, കുട്ടികളാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്. മാര്‍പാപ്പയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു തെരുവു കുട്ടികളെ ജയിലിടച്ചത്
ഫിലിപ്പീന്‍സിലെ സന്ദര്‍ശനത്തിനിടെ ഒരു കുട്ടിയെ ആശ്ലേഷിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ. ഫോട്ടോ: റോയിട്ടേഴ്‌സ്


ഫിലിപ്പൈന്‍സില്‍ അന്ന് മഴ തകര്‍ത്തു പെയ്യുകയായിരുന്നു. കനത്ത മഴയെ തടുത്ത് ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍ വലിയൊരു കുട പോലെ ആളുകള്‍ തടിച്ചു കൂടി. മഴത്തുള്ളികള്‍ക്ക് ഭൂമിയില്‍ പതിക്കാന്‍ ഇടം നല്‍കാതെ അവര്‍ വലിയ ഇടയനെ കാത്തുനിന്നു.

'പാപ്പ, കുഞ്ഞുങ്ങള്‍ ദൈവത്തിനു പ്രിയപ്പെട്ടവരാണെന്നല്ലേ എല്ലാവരും പറയാറുള്ളത്. പിന്നെന്തു കൊണ്ടാണ് ദൈവം കുഞ്ഞുങ്ങളെ ദുരിതങ്ങളില്‍ അകപ്പെടുത്തുന്നത്!' - ഗ്ലിസെല്ല ഐറിസ് എന്ന പന്ത്രണ്ടുകാരി മഴ ചൂഴ്ന്ന ആ മേടയില്‍ നിന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയോടു ചോദിച്ചു: കണ്ണീര്‍ മഴ പോലെ ആ വാക്കുകള്‍ പാപ്പയെ പൊതിഞ്ഞു.

ഇടറി മുറിഞ്ഞതായിരുന്നു ഗ്ലിസെല്ലയുടെ വാക്കുകള്‍. പാപ്പയുടെ സന്ദര്‍ശനം 'സുന്ദര'മാക്കാന്‍ ജയിലിലടയ്ക്കപ്പെട്ട ലക്ഷക്കണക്കിനു തെരുവുബാല്യങ്ങളുടെ പ്രതിനിധി. അവളുടെ ചോദ്യം പാപ്പയെ ഉലച്ചു. കുഞ്ഞുങ്ങളെ ഏറെ സ്‌നേഹിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ കണ്ണുകള്‍ നനഞ്ഞു.

അതാവണം, സദസ്സിനെ അഭിമുഖീകരിച്ച പാപ്പ മുന്‍കൂട്ടി തീരുമാനിച്ച പ്രസംഗത്തിനു പകരം കുഞ്ഞുങ്ങളെപറ്റിയാണ് പിന്നീട് സംസാരിച്ചത്. 'കുഞ്ഞുങ്ങള്‍ കരുതലോടെ സൂക്ഷിക്കേണ്ട സമ്മാനങ്ങളെപ്പോലെയാണ്. തെരുവുകളിലേക്ക് വലിച്ചെറിയപ്പെടാതെ അവരെ കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്!' തന്റെ വാക്കുകള്‍ക്കു കാതോര്‍ത്തുനിന്ന ഫിലിപ്പീന്‍സിലെ പൗരന്മാരോടും ഭരണകൂടത്തോടും പാപ്പ പറഞ്ഞു.

ഏഴു ദിവസത്തെ ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തിയതായിരുന്നു ഫ്രാന്‍സിസ് പാപ്പ. അറുപതു ലക്ഷത്തോളം ആളുകളാണ് പാപ്പയെ വരവേറ്റത്. അതേസമയം മാര്‍പാപ്പയുടെ വരവിനു മുന്നോടിയായി രാജ്യത്തെ ജയിലുകളും നിറഞ്ഞു കവിഞ്ഞിരുന്നു. കള്ളന്മാരോ കൊലപാതകികളോ അല്ല, കുട്ടികളാണ് ജയിലില്‍ അടയ്ക്കപ്പെട്ടതെന്നു മാത്രം!

മാര്‍പാപ്പയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഫിലിപ്പീന്‍സില്‍ തെരുവു കുട്ടികളെ ജയിലിടച്ചത്. അവരുടെ പ്രതിനിധി ആയിരുന്നു ഗ്ലിസെല്ല ഐറിസ്. മനിലയിലെ കാത്തലിക് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ മാര്‍പാപ്പയ്ക്ക് നല്‍കിയ സ്വീകരണത്തിലാണ് തെരുവില്‍നിന്നും സംഘടനാപ്രവര്‍ത്തകരുടെ കൈകളിലെത്തിയ രണ്ടുകുഞ്ഞുങ്ങളില്‍ ഒരാളായി അവള്‍ പങ്കെടുത്തത്.

മാര്‍പാപ്പയുടെ വരവിന് മുന്നോടിയായി നൂറുകണക്കിന് തെരുവ് കുട്ടികളെയാണ് ഫിലപ്പീന്‍സ് തടവിലാക്കിയത്. ഫോട്ടോ: എ.എഫ്.പി


ഫിലിപ്പീന്‍സില്‍ കുരുന്നുകളുടെ തടങ്കല്‍വാസം ഒരു പുതിയ കഥയല്ല. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും ആഗോളപൗരന്മാരുടെ സന്ദര്‍ശനത്തിനും രാജ്യം വേദിയാകുമ്പോള്‍ തെരുവുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ തടങ്കല്‍ പാളയങ്ങളിലേക്ക് നയിക്കപ്പെടും. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയില്‍ ഫിലിപ്പീന്‍സിന്റെ ഇരുണ്ട മുഖം പതിയാതിരിക്കാനുള്ള വഴി!

ദിവസങ്ങളും മാസങ്ങളും നീണ്ട തടവു ജീവിതത്തിനൊടുവില്‍ അവരെ തെരുവിലേക്കുതന്നെ തുറന്നുവിടും. ഇരന്നും മോഷ്ടിച്ചും സമൂഹത്തിന്റെ വൈകൃതങ്ങള്‍ക്കിരയായും ആര്‍ക്കും വേണ്ടാത്തവരായി അവര്‍ വളരും.

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം പതിനഞ്ചു ലക്ഷത്തോളം തെരുവു കുട്ടികളാണ് ഫിലിപ്പീന്‍സില്‍ ഉള്ളത്. തലസ്ഥാനമായ മനിലയില്‍ മാത്രം എഴുപതിനായിരത്തോളം കുഞ്ഞുങ്ങള്‍!

ദാരിദ്ര്യവും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുമാണ് തെരുവുകുട്ടികളുടെ എണ്ണം പെരുകുന്നതിന് കാരണമാകുന്നത്. ഓരോ വര്‍ഷവും ഇരുപതിനായിരത്തോളം കുഞ്ഞുങ്ങള്‍ തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്നു. അച്ഛനമ്മമാര്‍ ഉപേക്ഷിച്ചവരും അനാഥരാക്കപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുന്നു.

കുട്ടികളെ ഉപയോഗിച്ചുള്ള മയക്കുമരുന്നു കടത്തും ബാലവേശ്യാവൃത്തിയും ഫിലിപ്പീന്‍സില്‍ വ്യാപകമാണ്. പതിനെട്ടു ശതമാനത്തോളം തെരുവുകുട്ടികള്‍ എച്ച്.ഐ.വി ഉള്‍പ്പെടെയുള്ള ലൈംഗികരോഗങ്ങള്‍ക്ക് ഇരകളുമാണ്.

അടിക്കടിയുണ്ടാകുന്ന തടങ്കല്‍വാസവും കുറ്റവാളികളോടൊപ്പമുള്ള ജീവിതവും ഇവരില്‍ പലരെയും കൂടുതല്‍ വലിയ തെറ്റുകളിലേക്ക് നയിക്കുന്നു. തെരുവുകുട്ടികളുടെ പരിരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്ന കാര്യമായ നിയമങ്ങള്‍ ഫിലപ്പീന്‍സിലില്ല. തെരുവുകുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില സര്‍ക്കാര്‍ സ്ഥാപനങ്ങളാകട്ടെ ജയിലിനു സമാനമാണ്. വൃത്തിഹീനമായ മുറികള്‍ക്കുള്ളില്‍ കെട്ടിയിടപ്പെട്ടും വെറും നിലത്ത് തണുത്തു വിറച്ചു കിടന്നും കുഞ്ഞുങ്ങള്‍ കൊച്ചുനരകങ്ങള്‍ക്കുള്ളില്‍ തളര്‍ന്നു കഴിയുന്നു.

96 ശതമാനം സാക്ഷരതാ നിരക്കുള്ള രാജ്യത്ത് തെരുവുകുഞ്ഞുങ്ങള്‍ അക്ഷരങ്ങളുടെയും അറിവിന്റെയും വെളിച്ചം കടക്കാത്ത അഭിശപ്തമായ ഒരു ലോകത്ത് ജീവിതം ജീവിച്ചു തീര്‍ക്കുന്നു.

ഏഷ്യയില്‍ ഏറ്റവും അധികം കത്തോലിക്കാവിഭാഗക്കാരുള്ള രാജ്യത്ത് പോപ്പിന്റെ സന്ദര്‍ശനത്തിന് പ്രസക്തി ഏറെയാണ്. പോപ്പിന്റെ കണ്ണില്‍പെടാതെ നിരാലംബരായ കുഞ്ഞുങ്ങളെ തടങ്കലില്‍ ഒളിപ്പിച്ച ഭരണകൂടത്തിന്റെ നടപടി കടുത്ത വിവാദമുണ്ടാക്കിയിരുന്നു.

നിര്‍ബന്ധപൂര്‍വം കുറ്റവാളികള്‍ക്കൊപ്പം ജയില്‍ മുറികളില്‍ അടയ്ക്കപ്പെട്ട കുട്ടികള്‍ കടുത്ത പീഡനങ്ങള്‍ക്കാണ് ഇരയാവുന്നത്. തടങ്കല്‍ പാളയങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും പിന്നീട് തെരുവിന്റെ ഇരുട്ടിലേക്ക് തിരികെ വരുകയും ചെയ്ത കുട്ടികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതികളുമില്ല. ചില സംഘടനകള്‍ ഈ മേഖലയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ട്.

സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങും മുമ്പ് പങ്കെടുത്ത വേദികളിലെല്ലാം ഫ്രാന്‍സിസ് പാപ്പ കുഞ്ഞുങ്ങളുടെ സുരക്ഷയും ഉന്നമനവും വിഷയമാക്കി ജനങ്ങളോട് സംസാരിച്ചു. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണകൂടവും പൊതു സമൂഹവും എത്രത്തോളം ബാധ്യസ്ഥരാണെന്ന് അടിവരയിടുന്നതായിരുന്നു ആ വാക്കുകള്‍.

മാര്‍പാപ്പയുടെ വാക്കുകളെ തിരുവചനം പോലെ കാണുന്ന ഫിലിപ്പിനോകള്‍ തെറ്റുകളില്‍ നിന്നും വലിയ ശരികളിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?
 

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -