SPECIAL NEWS
  Jan 22, 2015
ജയ്പൂര്‍ ജുഗല്‍ബന്ദി രണ്ടാംദിനം: നയ്പാളിന്റെ കണ്ണീരും ജാവേദ് അക്തറിന്റെ മന്ദഹാസവും

എഴുത്തുകാരന്‍ എങ്ങിനെയായിരിക്കണം? അയാളുടെ എഴുത്തല്ല - ജീവിതം, വേഷം, പെരുമാറ്റ രീതികള്‍. ഇതൊക്കെയാണ് ഉദ്ദേശിച്ചത്.

മറ്റാര്‍ക്കും അതേക്കുറിച്ച് അത്രയ്ക്ക് വലിയ കാഴ്ചപ്പാടൊന്നുമില്ലെങ്കിലും മലയാളിക്കുണ്ട്. മലയാളിക്കിപ്പോഴും എഴുത്തുകാരന്‍ എന്നാല്‍ മലിനവസ്ത്രധാരിയും മദ്യപാനിയും പറഞ്ഞ വാക്കിനും സമയത്തിനും വിലയില്ലാത്തവനും ദരിദ്രനുമൊക്കെയാണ്! (പത്രപ്രവര്‍ത്തകനെ കാണിക്കേണ്ടിവരുമ്പോള്‍ മലയാള സിനിമ ഇപ്പോഴും ജുബ്ബ ധരിച്ച്, പെന്നും റൈറ്റിങ്ങ് പാഡുമായി നില്‍ക്കുന്ന ഒരു പേക്കോലത്തെയാണ് കാണിക്കാറുള്ളത്).

എന്നാല്‍, ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വെറുതേയൊന്ന് നടന്നാല്‍ മതി, അറിയാം എഴുത്തുകാരന്റെ വില.

എഴുത്തുകാരനും എഴുത്തുകാരിയുമാണ് ഇവിടെ താരം.


അവര്‍ കോട്ടും സൂട്ടുമണിയുന്നു, കൃത്യസമയത്ത് വരുന്നു, ആളുകളുമായി മാന്യമായി ഇടപഴകുന്നു, ചര്‍ച്ചകളില്‍ ഒട്ടും പ്രകോപിതരാകാതെ പങ്കെടുക്കുന്നു, തന്റെ ശബ്ദം കേള്‍ക്കാന്‍ മാത്രമാണ് ഇക്കണ്ട ജനം വന്നിരിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുന്നില്ല, കൃത്യമായ സമയത്തിനുള്ളില്‍ പറയേണ്ടത് പറഞ്ഞ് അവര്‍ പോകുന്നു. സ്വന്തം സംസാരം കഴിഞ്ഞും ആള്‍ക്കൂട്ടത്തില്‍ വെറുതേ അലഞ്ഞുനടക്കുന്നില്ല.

ഇക്കണക്കിന് പോയാല്‍, അലമ്പായ എഴുത്തുകാരന്‍ എന്നത് പുരാണങ്ങളില്‍ മാത്രം വായിക്കാവുന്ന കഥയാവുമോ എന്നാണ് പേടി!

ജാവേദ് അക്തറിന് ചുറ്റും കൂടിയവരില്‍ ഭൂരിഭാഗവും സിനിമാക്കമ്പക്കാര്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹം സംസാരിച്ചത് എഴുത്തിന്റെ ആഴങ്ങളെക്കുറിച്ചും അത് പകരുന്ന സംസ്‌കാരത്തേക്കുറിച്ചും അതിന്റെ ധാരകള്‍ മുറിയുന്നതിനേക്കുറിച്ചും.

ജാവേദ് അക്തര്‍ സാഹിത്യോത്സവവേദിയില്‍


വിദ്യാഭ്യാസമില്ലാത്ത ഏറ്റവും സാധാരണക്കാരന്റെ തത്വചിന്താപുസ്തകവും ജീവിതപുസ്തകവും അറിവിന്റെയും മനുഷ്യത്വത്തിന്റേയും മാര്‍ഗ്ഗദീപവുമെല്ലാം ഏറ്റവും ലളിതമായി എഴുതിയ സിനിമാഗാനങ്ങളായിരുന്നു എന്ന് അക്തര്‍ പറഞ്ഞത് അത്തരം ഗാനങ്ങള്‍ മാഞ്ഞുപോയ ഒരു പുതിയ കാലത്തേക്കുറിച്ച് സൂചിപ്പിക്കാനായിരുന്നു. ഇന്നും ഏറ്റവും പുതിയ തലമുറയ്ക്ക് മത്സരങ്ങളില്‍ പാടണമെങ്കില്‍ പഴയ ഗാനങ്ങള്‍ തന്നെ വേണം. പാട്ടുകള്‍ മോശമാവുന്നുണ്ടെങ്കില്‍ അതിന് പ്രധാനകാരണം അത്തരം ഗാനങ്ങളെ സ്വീകരിക്കുന്ന സമൂഹത്തിന്റെ മനോഭാവമാണ്. നിങ്ങള്‍ വേണ്ട എന്ന് പറയൂ, നല്ലതുമായി കലാകാരന്‍ വരും. കാരണം നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ അവന് തൊഴിലില്ല, ജീവിതമില്ല.

ജാവേദ് അക്തര്‍ സംസാരിച്ചതുമുഴുവന്‍ ഗൗരവമേറിയ കാര്യമാണെങ്കിലും അതിന്റെ അവതരണം നര്‍മ്മഭരിതമായിരുന്നു. 'ഷോലെ'യ്ക്കും 'ഡോണി'നും 'കാലാപഥറി'നും 'ദീവാറി'നും 'മിസ്റ്റര്‍ ഇന്ത്യ'യ്ക്കുമെല്ലാം തിരക്കഥ എഴുതിയ അദ്ദേഹത്തിന്റെ ഭാഷണത്തില്‍ മുഴുവന്‍ ചടുലമായ മറുപടികള്‍ നിറഞ്ഞു. അതില്‍ തെളിഞ്ഞ ചിന്തയും നിറഞ്ഞ ഉദാഹരണങ്ങളും വന്നുപോയി.

പല മറുപടികളേയും സദസ്സിലിരുന്ന് അദ്ദേഹത്തിന്റെ പത്‌നികൂടിയായ നടി ശബാനാ ആസ്മി നര്‍മ്മപൂര്‍വ്വം പൂരിപ്പിച്ചപ്പോള്‍ എന്തുകൊണ്ടാണ് അവരുടെ ദാമ്പത്യം വിഘ്‌നങ്ങളേതുമില്ലാതെ തുടരുന്നത് എന്നും മനസ്സിലായി. അവര്‍ക്ക് പരസ്പരം നന്നായി മനസ്സിലാവുന്ന, പൂരിപ്പിക്കപ്പെടുന്നു.

വീല്‍ചെയറില്‍ വി.എസ്.നയ്പാള്‍ സാഹിത്യോത്സവത്തിന്റെ വേദിയിലേക്ക് വന്നപ്പോള്‍ 'ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്‌നസ്സും', ഇന്ത്യ: എ വൂണ്ടഡ് സിവിലൈസേഷ'നും എഴുതിയ ആളാണോ ഇതെന്ന് തോന്നിപ്പോയി. ഒരു കുട്ടിയേപ്പോലെ അദ്ദേഹം സദസ്സിന്റെ മുന്‍നിരയിലിരുന്നു. തൊട്ടടുത്ത് ഭാര്യ നാദിറാ നയ്പാള്‍.

വി.എസ്.നയ്പാള്‍ സാഹിത്യോത്സവത്തിന്റെ വേദിയിലേക്ക് വീല്‍ചെയറില്‍ എത്തിയപ്പോള്‍


പോള്‍ തെറൂവും അമിത് ചൗധരിയും ഹനീഫ് ഖുറൈശിയും തന്റെ 'ഹൗസ് ഓഫ് മിസ്റ്റര്‍ ബിശ്വാസിനേ'റിച്ച് പറയുന്നത് അദ്ദേഹം സസൂക്ഷ്മം കേട്ടിരുന്നു. കേള്‍വിയിലുടനീളം യാതൊരുവിധ ഭാവങ്ങളും ആ മുഖത്ത് ഉണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫര്‍മാരെ ഇടകയ്ക്കിടെ രൂക്ഷമായി നോക്കും. അപ്പോള്‍ നയ്പാളിന് എവിടെയൊക്കെയോ വി.കെ.എന്നിന്റെ രൂപം വന്നു. രൂക്ഷമായ പരിഹാസം കലര്‍ന്ന നോട്ടം. ഭര്‍ത്താവിന്റെ ഭാവങ്ങളില്‍നിന്ന് നാദിറ അദ്ദേഹത്തിന്റെ മൂഡുകള്‍ മനസ്സിലാക്കി.

ഒടുവില്‍, തന്റെ രചനയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ക്ക് നന്ദി പറയാന്‍ നയ്പാള്‍ വേദിയിലെത്തി. എന്നാല്‍ നന്ദി എന്നു പറഞ്ഞതും അദ്ദേഹത്തിന്റെ വാക്കുകള്‍ മുറിഞ്ഞു. പിന്നെ കരച്ചിലിന്റെ പ്രവാഹമായിരുന്നു. ഇക്കാലമത്രയും രൗദ്രമായി മാത്രം കണ്ട ആ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകി. നനഞ്ഞ മിഴികളും മനസ്സുമായി നയ്പാള്‍ വില്‍ച്ചെയറില്‍ പതുക്കെപ്പതുക്കെ താഴേയക്ക്് പോയി. പാറയിലെ നീരുവ കണ്ടു.

പോള്‍ തെറൂ-സാഹിത്യോത്സവത്തിനിടെ


നസീറുദ്ദീന്‍ ഷായും ഗിരീഷ് കര്‍ണ്ണാടും ചേര്‍ന്നപ്പോള്‍ അതൊരു യഥാര്‍ത്ഥ ജുഗല്‍ബന്ദിയായി. ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ കണ്ട് പരിചയിച്ച്, ഒന്നിച്ച് യാത്ര ചെയ്ത ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തന്നെയായിരുന്നു ഇരുവരും. രണ്ടുപേരിലും സാഹിത്യവും നാടകവും സിനിമയും ഒരേപോലെ കൂടിക്കലര്‍ന്നിരിക്കുന്നു. സര്‍ഗ്ഗാത്മകതയുടെ വിവിധ സഞ്ചാരപഥങ്ങള്‍ ഇരുവര്‍ക്കും നല്ല പരിചയം. അതുകൊണ്ടുത്തനെ അവരുടെ സംസാരവും ജനം നന്നായി ആസ്വദിച്ചു.

നസീറുദ്ദീന്‍ ഷാ സംസാരിക്കുന്നു


അവര്‍ പറഞ്ഞുവച്ചത് ഇത്രമാത്രം: അക്കാദമിയുടെ പഠനലോകത്തിനുമപ്പുറമാണ് കലയുടെ പ്രഭവകേന്ദ്രം. ഒരിക്കലും പുരസ്‌കാരങ്ങളല്ല തിരസ്‌കാരങ്ങള്‍തന്നെയാണ് കലാകാരനെ വളര്‍ത്തുന്നത്.

എഴുത്തിനെ മാര്‍ക്കറ്റിങ്ങുമായി സമര്‍ത്ഥമായി ബന്ധിപ്പിച്ചു എന്നതാണ് ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ഏറ്റവും വലിയ വിജയം. എട്ടുവര്‍ഷം മുന്‍പ് വെറും പതിമൂന്ന് പേരുമായി വില്യം ഡാള്‍റിംപിള്‍ എന്ന എഴുത്തുകാരന്‍ ആരംഭിച്ച ഈ സംരഭം ഇന്ന് ആയിരക്കണക്കിന് കാഴചക്കാരിലേക്ക് പകര്‍ന്നിരിക്കുന്നു.


ഇത് ഒരു സാഹിത്യ കുംഭമേളയാണ് എന്നാരോ പറയുന്നത് കേട്ടു. ചെന്നൈ സംഗീതോത്സവത്തിനോ തഞ്ചാവൂര്‍ സംഗീതോത്സവത്തിനോ സംഗീതപ്രേമികള്‍ പോകുന്നതുപോലെയാണ് ജയ്പൂര്‍ സാഹിത്യോത്സവത്തിന് എഴുത്തുകാര്‍ വരുന്നത്. ഇത് എഴുത്തിന്റെ വിജയമാണ്, എഴുത്തിന്റെ വിപണിവില മനസ്സിലാക്കിയ ഒരു സംഘത്തിന്റെ വിജയമാണ്.

വിപണിയുടെ ഈ ബഹളത്തിനിടയിലും, സാമ്പ്രദായിക ചര്‍ച്ചകള്‍ക്കിടയിലും ഇവിടെ വികാരത്തിന്റെ ലോലഗ്രന്ഥികള്‍ ഉടഞ്ഞ് നയ്പാള്‍ കരയുന്നു, നിറഞ്ഞതും തെളിഞ്ഞതുമായ മനസ്സുമായി ജാവേദ് അക്തര്‍ മന്ദഹസിക്കുന്നു, ഉള്ളില്‍നിന്നുറന്ന പരിശീലനങ്ങളൊന്നുമില്ലാത്ത വാക്കുകളുമായി നസിറുദ്ദീന്‍ ഷാ എത്തുന്നു.
രണ്ടും സര്‍ഗ്ഗാത്മകതയുടെ രണ്ട് മുഖങ്ങള്‍.

ഇങ്ങിനെയൊക്കെയാവുമ്പോഴും ജ്വലിക്കുന്ന അപൂര്‍വ്വമായ ചില രചനാജന്മങ്ങളെ ഇത്തരം ഹൈടെക് ഉത്സവങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ശശിതരൂരല്ല ശരച്ചന്ദ്ര ചാറ്റര്‍ജി, പ്രസൂണ്‍ ജോഷിയല്ല സാഹിര്‍ ലുധിയാന്‍വി, സുധാമൂര്‍ത്തിയോ ഹനീഫ് ഖുറേശിയോ അല്ല സാദത്ത്് ഹസന്‍ മന്തോ, ഗുല്‍സാറോ ജാവേദ് അക്തറോ അല്ല ഗിരീഷ് പുത്തഞ്ചേരി, കേകി ദാരുവാലയല്ല കുഞ്ഞിരാമന്‍ നായര്‍.

ഇത്തരം ജ്വലിത ജന്മങ്ങള്‍ക്ക് മറ്റുത്സവങ്ങളില്ല, അവര്‍തന്നെയാണ് ഉത്സവം. ഇങ്ങിനെ കോപ്പിവരകളിലൊതുങ്ങാതെ സ്വയം ഉത്സവമായ ആരെയും ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ നഗരിയില്‍ കണ്ടില്ല. അതുണ്ടാക്കുന്ന മുഷിപ്പ് ചെറുതല്ല. പ്രത്യേകിച്ച് കോഴിക്കോട്ടുനിന്ന് വരുന്ന ഒരാള്‍ക്ക് (ചിത്രങ്ങള്‍: ലേഖകന്‍).
 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -