SPECIAL NEWS
  Dec 28, 2014
തുടര്‍ക്കഥയാകുന്ന ആകാശദുരന്തങ്ങള്‍
ശിഹാബുദ്ദീന്‍ തങ്ങള്‍
ഈ വര്‍ഷം മാത്രം ലോകത്തുണ്ടായത് ചെറുതും വലുതുമായ മുപ്പതിലേറെ വിമാനാപകടങ്ങള്‍. ആയിരത്തിലേറെപ്പേര്‍ക്ക് ഈ ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു



നിഗൂഢതകള്‍ അവശേഷിപ്പിച്ചു കൊണ്ട് മറ്റൊരു വിമാനം കൂടി ആകാശവീഥിയില്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇന്‍ഡൊനീഷ്യയില്‍നിന്ന് സിംഗപ്പൂരിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഏഷ്യയുടെ ക്യൂ സെഡ് 8501 വിമാനമാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. 155 യാത്രക്കാരും ജീവനക്കാരും അടക്കം 162 പേരാണ് വിമാനത്തിലുള്ളത്.

പറന്നുയര്‍ന്ന് 42 മിനിറ്റിനു ശേഷമാണ് വിമാനം കാണാതായത്. 32,000 അടി ഉയരത്തില്‍ സഞ്ചരിക്കുകയായിരുന്ന വിമാനം പതിവ് റൂട്ടില്‍ നിന്ന് വഴിമാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച ഉടനെയാണ് വിമാവുമായുള്ള ബന്ധം നഷ്ടമായത്.

ജാവാ കടലിനു മുകളില്‍ കലിമാന്താന്‍ ദ്വീപിനു സമീപത്തുവെച്ചാണ് വിമാനം അപ്രത്യക്ഷമായിരിക്കുന്നത്. 239 പേരുമായി മലേഷ്യന്‍ വിമാനം എംഎച്ച് 370 അപ്രത്യക്ഷമായ ദക്ഷിണ ചൈനാ കടലിന്റെ തുടര്‍ച്ചയാണ് ജാവാ കടല്‍. ഇതുവരെ വിമാനത്തെ കുറിച്ച് ആധികാരികമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

വിമാനാപകടങ്ങള്‍ മാധ്യമങ്ങളിലെ ഒരു സ്ഥിരം കോളമായി മാറേണ്ട അവസ്ഥയിലെത്തുന്ന നിലയിലാണ് സമീപകാലത്തെ അപകടനിരക്ക്. 2014 ല്‍ ഇതിനകം ചെറുതും വലുതുമായ മുപ്പതിലേറെ വിമാനാപകടങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഈ അപകടങ്ങളില്‍ ആയിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

മാര്‍ച്ച് എട്ടിന് കാണാതായ മലേഷ്യന്‍ വിമാനം മുതല്‍ ഇപ്പോള്‍ കാണാതായിരിക്കുന്ന എയര്‍ ഏഷ്യ വിമാനം വരെ വരെ ചെറുതും വലുതുമായ ഒട്ടേറെ വിമാനാപകടങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. വന്‍ അപകടങ്ങള്‍ മാത്രമേ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍ വരുന്നുള്ളൂ എങ്കിലും ചെറിയ ചെറിയ നിരവധി അപകടങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നത്.

മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് ചൈനയിലെ ബെയ്ജിങിലേക്ക് പുറപ്പെട്ട എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത് ഇപ്പോഴും നിഗൂഢതയായി തുടരുന്നു. മാര്‍ച്ച് എട്ടിന് രാത്രി ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പ്രാദേശിക സമയം 7.24 ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ഒരു മണിക്കൂറിനകം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഇതുവരെ ഈ വിമാനത്തെ കുറിച്ചോ വിമാനത്തില്‍ ഉണ്ടായിരുന്നവരെ കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ല.

ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നായി 227 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 239 പേരായിരുന്നു എംഎച്ച് 370 ല്‍ ഉണ്ടായിരുന്നത്. ചരിത്രം കണ്ടതില്‍വെച്ച് ഏറ്റവും വ്യാപകമായ തിരച്ചിലാണ് വിമാനത്തിനായി നടന്നത്. ദക്ഷിണ ചൈന കടല്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ ലോകരാജ്യങ്ങള്‍ തങ്ങളുടെ ആധുനിക സാങ്കേതികവിദ്യയും സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ പൊടിപോലും കണ്ടെത്താനായില്ല.

വിമാന റാഞ്ചല്‍ ഉള്‍പ്പെടെ ഒട്ടേറെ സാധ്യതകള്‍ പരിഗണിച്ച ശേഷം വിമാനം തകര്‍ന്നു വീണതാണെന്ന് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും അതിനുള്ള വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 239 മനുഷ്യജീവനുകളുമായി എംഎച്ച് 370 എങ്ങോട്ടു പോയി എന്നത് ഇപ്പോഴും ചോദ്യം മാത്രമായി അവശേഷിക്കുന്നു.

2014 ജൂലായ് 14 ന് യുക്രൈന്‍ വ്യോമസേനയുടെ വിമാനം റഷ്യന്‍ അനുകൂലികളായ വിഘടനവാദികള്‍ വെടിവെച്ചു വീഴ്ത്തിയതാണ് പിന്നീട് ലോകം കേട്ട വലിയ ദുരന്ത വാര്‍ത്ത. വിമാനത്തിലുണ്ടായിരുന്ന 49 പേരും മരിച്ചു. അതിനുശേഷം ജൂലായ് 1 ന് മറ്റൊരു മലേഷ്യന്‍ വിമാനമായ എംഎച്ച് 17 യുക്രൈനില്‍ തകര്‍ന്നുവീണു. 280 യാത്രക്കാരും 15 ജീവനക്കാരും ഉള്‍പ്പെടെ 295 യാത്രക്കാര്‍ ദുരന്തത്തില്‍ പെട്ടു.

ആംസ്റ്റര്‍ഡാമില്‍നിന്ന് ക്വാലാലംപൂരിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരില്‍ 120 പേര്‍ അവധി ആഘോഷിക്കാന്‍ പോകുന്ന കുട്ടികളായിരുന്നു. യുക്രൈനിലെ റഷ്യന്‍ വിമതരുടെ മിസൈല്‍ ആക്രമത്തിലാണ് വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പേരില്‍ അമേരിക്കയും റഷ്യയും തമ്മില്‍ നേരിട്ടുള്ള വാക്‌പോരുണ്ടായെങ്കിലും അതും രാഷ്ട്രീയലക്ഷ്യങ്ങളുടെ അതിര്‍ത്തിവരയ്ക്കപ്പുറം കടന്നില്ല.

എംഎച്ച് 17 ന്റെ ദുരന്തവാര്‍ത്തയുടെ പിന്നാലെ ജൂലായ് 23 ന് തായ്‌വാനില്‍നിന്ന് അടുത്ത വിമാന ദുരന്തവാര്‍ത്തയെത്തി. 54 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന ട്രാന്‍സ് ഏഷ്യ എയര്‍വേയ്‌സിന്റെ വിമാനത്തിലെ 47 പേര്‍ ദുരന്തത്തില്‍ മരിച്ചപ്പോള്‍ 11 പേര്‍ അപകടത്തെ അതിജീവിച്ചു. ഏറ്റവും കുടുതല്‍ ആളുകള്‍ അതിജീവിച്ച സമീപകാല വിമാനാപകടമാണിത്.

ലാന്‍ഡിംഗിന് ഒരുങ്ങവേ തായ്‌വാനിലെ മാവോങ് വിമാനത്താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നുവീണത്. തായ്‌വാനില്‍ മോശം കാലാവസ്ഥയാണ് നിലനിന്നിരുന്നെങ്കിലും വിമാനത്തിന് ലാന്‍ഡിംഗിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ വാദിക്കുന്നത്. ഇൗ വിമാനത്തിന് മുമ്പ് സമാനമായ കാലാവസ്ഥയില്‍ ഇവിടെ ഇറങ്ങിയ മറ്റു വിമാനങ്ങളെല്ലാം സുരക്ഷിതമായി ലാന്‍ഡു ചെയ്തതായും അവര്‍ പറയുന്നു.

തൊട്ടടുത്ത ദിവസം 116 പേരുടെ മരണവാര്‍ത്തയുമായി അടുത്ത ആകാശദുരന്തമെത്തി. എയര്‍ അള്‍ജീരിയയുടെ വിമാനം മാലിയ്ക്ക് സമീപം മരുഭൂമിയില്‍ തകര്‍ന്നുവീഴുകയായിരുന്നു. പറന്നുയര്‍ന്ന് 50 മിനുട്ടിനു ശേഷം ബന്ധം നഷ്ടമായ വിമാനം തകര്‍ന്നുവീണ സ്ഥലം മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകള്‍ കണ്ടെത്തുമ്പോള്‍ യാത്രക്കാരില്‍ ആരും തന്നെ ജീവനോടെ അവശേഷിച്ചിരുന്നില്ല.

ഇതിനു പിന്നാലെ തുടര്‍ച്ചയായ മൂന്നാംദിനത്തിലെ ആകാശ ദുരന്തവാര്‍ത്തയുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനമായ എഎല്‍എച്ച് ധ്രുവ് ചോപ്പര്‍ വിമാനം ഉത്തര്‍പ്രദേശില്‍ തകര്‍ന്നു വീണു. പൈലറ്റും കോ-പൈലറ്റും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും മരിച്ചു. അതിനു മുമ്പ് മാര്‍ച്ച് 28 ന് വ്യോമസേനയുടെ സി 130 ജെ വിമാനം തകര്‍ന്ന് ഒരു മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചിരുന്നു.

ഓഗസ്റ്റ് പത്തിന് 48 പേരുടെ മരണവാര്‍ത്തയുമായി വിമാനാപകട വാര്‍ത്ത ഇറാനിലെ ടെഹ്‌റാനില്‍ നിന്നെത്തി. വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തില്‍ തന്നെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ കാലപ്പഴക്കമായിരുന്നു അപകടകാരണം.

ഇവ ഈ വര്‍ഷത്തെ പ്രധാന അപകടങ്ങളാണെങ്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ചെറു അപകടങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്നതാണ്. ഡിസംബര്‍ മാസത്തില്‍ മാത്രം ഇപ്പോഴുണ്ടായിരിക്കുന്ന എയര്‍ ഏഷ്യ അപകടം ഒഴിവാക്കിയാല്‍ അഞ്ച് വിമാനാപകടങ്ങളാണ് ഉണ്ടായത്. ഡിസംബര്‍ രണ്ടിന് ബഹാമസില്‍ വിമാനം തകര്‍ന്ന് ഒരാളും ഡിസംബര്‍ മൂന്നിന് കൊളമ്പിയ അപകടത്തില്‍ പത്തു പേരും ജീവന്‍ വെടിഞ്ഞു. ഡിസംബര്‍ എട്ടിലെ മെറിലാന്‍ഡ് അപകടത്തില്‍ എട്ടു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഡിസംബര്‍ 12 ന് ശ്രീലങ്കന്‍ സൈനിക വിമാനം തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു. ക്രിസ്മസിന്റെ തലേന്നുണ്ടായ കൊളമ്പിയന്‍ അപകടത്തില്‍ മരിച്ചത് ഏഴു പേരാണ്.

കാലപ്പഴക്കം, സാങ്കേതിക തകരാര്‍ തുടങ്ങിയ കാരണങ്ങളാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ആകാശയാത്രയിലെ സുരക്ഷിതത്വമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാലപ്പഴക്കം ചെന്നതും പൂര്‍ണ്ണമായി സുരക്ഷ ഉറപ്പാക്കാനാകാത്തതുമായ നിരവധി വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈനിക വിമാനങ്ങള്‍ പോലും ഈ അവസ്ഥയില്‍ നിന്നും മുക്തമല്ല എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

തുടര്‍ച്ചയായി പുറത്തുവരുന്ന അപകട വാര്‍ത്തകള്‍ വിമാനയാത്ര എന്നത് ഒരു പേടിസ്വപ്‌നമാക്കി തീര്‍ക്കുകയാണ്. ഈ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ നിന്നും ആകെ രക്ഷപ്പെട്ടത് മുപ്പതിലേറെ പേര്‍ മാത്രം. ഇതില്‍ 11 പേരും രക്ഷപ്പെട്ടത് തായ്‌വാനില്‍ ഉണ്ടായ അപകടത്തില്‍ നിന്നാണ്.

അപകടത്തില്‍ പെട്ടവര്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്തു സംഭവിച്ചു എന്നുപോലും പലപ്പോഴും ബന്ധുക്കള്‍ക്ക് അറിയാനാകുന്നില്ല എന്നതാണ് ആകാശ ദുരന്തങ്ങളുടെ ഏറ്റവും കഠിനമായ വശം. മനുഷ്യന്‍ ചൊവ്വയില്‍ എത്തിയിട്ടും ഭൗമോപരിതലത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ പറക്കുന്ന വിമാനങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് കണ്ടെത്താനാനാകുന്നില്ല എന്നത് പരിഹാസ്യമാണ്. കോടിക്കണക്കിന് കിലോമീറ്ററുകള്‍ അകലെ നിന്ന് ആകാശ പേടകങ്ങള്‍ നമുക്ക് വിവരങ്ങള്‍ നല്‍കുമ്പോഴും തകര്‍ന്ന വിമാനങ്ങളുടെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താന്‍ പോലും നമുക്കാകുന്നില്ല.

വ്യോമയാനരംഗത്ത് സമഗ്രമായ സാങ്കേതിക നവീകരണത്തിന്റെ ആവശ്യമാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോടിക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള പേടകങ്ങള്‍ നമുക്ക് ഭൂമിയിലിരുന്ന് നിയന്ത്രിക്കാനാവുമെങ്കില്‍ ദിവസവും വിമാനങ്ങളില്‍ സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ നമുക്കാവേണ്ടതുണ്ട്.

വികസ്വര രാഷ്ട്രങ്ങളിലാണ് അപകടം കുടുതലായി ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. വികസിത രാജ്യങ്ങളും വിമാനാപകടങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മുക്തമല്ലെങ്കിലും അപകടനിരക്കില്‍ വലിയ അന്തരമുണ്ട്. മികച്ച സാങ്കേതികവിദ്യയും നല്ല വിമാനങ്ങളും ഉപയോഗിക്കുന്നതിലൂടെ തന്നെ അപകടനിരക്കില്‍ വലിയ വ്യത്യാസം കൊണ്ടുവരാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യോമ ഗതാഗത സുരക്ഷയ്ക്കായി രാജ്യാന്തര തലത്തില്‍ ശ്രമങ്ങളുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -