SPECIAL NEWS
  Dec 26, 2014
അറിയപ്പെടാത്ത ശങ്കര്‍
സുധീര്‍നാഥ്‌
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഓര്‍മയായിട്ട് 25 വര്‍ഷം

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന മഹാനായ കാര്‍ട്ടൂണിസ്റ്റ് ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവെന്ന നിലയിലാണ് ലോകം അറിയുന്നത്. അദ്ദേഹം കായംകുളത്തുകാരനാണെന്നതില്‍ മലയാളികളായ നമുക്ക് എന്നും അഭിമാനിക്കാം. എഴുപത്തഞ്ചാം വയസില്‍ ശാരീരിക പ്രയാസങ്ങള്‍ കാരണം ശങ്കര്‍ കാര്‍ട്ടൂണ്‍ വരക്കുന്നതു നിര്‍ത്തി. 1989 ഡിസംബര്‍ 26 ന് ക്രിസ്തുമസിന്റെ പിറ്റേന്ന് ശങ്കര്‍ അന്തരിക്കുമ്പോള്‍ വയസ് 87. ശങ്കര്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്.

ഇരുപത്തഞ്ച് വര്‍ഷം വേണ്ടി വന്നു നമുക്ക് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് വേണ്ടി ഒരു സ്മാരകം നിര്‍മ്മിക്കാന്‍. ശങ്കറിന്റെ ജന്‍മനാട്ടില്‍ കേരള സര്‍ക്കാര്‍ നിര്‍മ്മിച്ച കാര്‍ട്ടൂണ്‍ മ്യൂസിയമാണ് അത്. 2014 ജൂലൈ 31ന് ശങ്കറിന്റെ ജന്‍മദിനത്തില്‍ മക്കളായ ശാന്തയേയും യമുനയേയും സാക്ഷി നിര്‍ത്തിയാണ് കേരള ലളിത കലാ അക്കാദമിയുടെ നേത്യത്വത്തില്‍ പൂര്‍ത്തിയാക്കിയ മ്യൂസിയം സാംസ്‌കാരിക ലോകത്തിന് കേരള മുഖ്യമന്ത്രി സമര്‍പ്പിച്ചത്. ശങ്കറിന്റെ സ്മരണയ്ക്കായി കേന്ദ്രസര്‍ക്കാര്‍ മരണാനന്തരം രണ്ട് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി. വളരെ ചെറു പ്രായത്തിലേ അനാഥനായ അദ്ദേഹത്തിന്റെ ജീവിതരേഖ ഏതൊരാള്‍ക്കും അത്ഭുതവും ജീവിത വിജയത്തിന് ഊര്‍ജ്ജം നല്‍കുന്നതുമാണ്.


കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1927-ല്‍ ബി.ഏ. പാസ്സായതിനുശേഷം നിയമം പഠിക്കുവാനാണ് ശങ്കര്‍ ബോംബെയിലെത്തിയത്. മുടങ്ങാതെ നിയമ ക്ലാസ്സുകളില്‍ ഹാജരായിരുന്നെങ്കിലും ഒരു ജോലിയായിരുന്നു ശങ്കറിന് ആവശ്യം. പത്രങ്ങളില്‍ പരസ്യം കണ്ട് പലയിടത്തും അപേക്ഷിച്ചു. ആകസ്മികമായി പ്രശസ്ത കപ്പല്‍ ഉടമയും സിന്ധ്യ സ്റ്റീംഷിപ്പ് കമ്പനി സ്ഥാപകനുമായ നാരോത്തം മൊറാര്‍ജിയില്‍ നിന്ന് ഒരു ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചു. ഇന്റര്‍വ്യൂ പരാജയമായിരുന്നെങ്കിലും ഭാഗ്യം കൊണ്ട് മൊറാര്‍ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി. അഞ്ചു വര്‍ഷക്കാലം മൊറാര്‍ജി കുടുംബത്തിനുവേണ്ടി ജോലി ചെയ്തു. ആദ്യം അച്ഛന്റെ കൂടെ, പിന്നീട് മകളുടേയും ജാമാതാവിന്റേയും കൂടെ. ഈ കാലത്ത് സാമാന്യം ഭേദപ്പെട്ട രീതിയില്‍ ജീവിക്കാനുള്ള സ്വത്ത് ശങ്കര്‍ സമ്പാദിച്ചു. അവധിക്ക് നാട്ടില്‍, കായംകുളത്തെത്തി, സ്‌നേഹിച്ച പെണ്ണിനെ-തങ്കത്തെ വിവാഹം ചെയ്തു.

മൊറാര്‍ജി കുടുംബത്തോടൊപ്പം ജോലി ചെയ്യുന്ന കാലത്ത് തന്നെ കുട്ടിക്കാലവിനോദമായിരുന്ന കാര്‍ട്ടൂണ്‍ വര ശങ്കര്‍ തുടര്‍ന്നിരുന്നു. പിന്നീട് അതൊരു ആവേശമായി വളര്‍ന്നു. ഇക്കാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായും ഇഴുകിച്ചേര്‍ന്നു. ബോംബെയിലെ പെഡ്ഡാര്‍ റോഡില്‍ ശങ്കര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് കോണ്‍ഗ്രസ് ബുള്ളറ്റിന്‍ രഹസ്യമായി പ്രിന്റു ചെയ്തിരുന്നത്. രാഷ്ട്രീയ സാഹചര്യത്തെ കളിയാക്കി കാര്‍ട്ടൂണ്‍ വരയ്ക്കുന്നതില്‍ ശങ്കര്‍ സന്തോഷം കണ്ടെത്തി. 'ദി ബോംബെ ക്രോണിക്ക്ള്‍'.'ദി ഫ്രീ പ്രസ് ജേര്‍ണല്‍' തുടങ്ങിയ ബോംബെ പത്രങ്ങളില്‍ ഇത്തരം കാര്‍ട്ടൂണുകള്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനെ ആസ്പദമാക്കി വരച്ച കാര്‍ട്ടൂണ്‍ പ്രശസ്ത ദല്‍ഹി പത്രമായ 'ഹിന്ദുസ്ഥാന്‍ ടൈംസി'ന്റെ എഡിറ്ററായിരുന്ന പോത്തന്‍ ജോസഫിന് വളരെയധികം ഇഷ്ടമായി. ഏതോ ആവശ്യത്തിന് ബോംബെയിലെത്തിയ അദ്ദേഹം ശങ്കറിനെ ആകസ്മികമായി ബസ് സ്റ്റാന്‍ഡില്‍വെച്ച് കാണാന്‍ ഇടയായി. സ്‌നേഹാധിക്യത്തോടെ ശങ്കറിനെ കെട്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു; എന്റെ പത്രത്തില്‍ നിങ്ങള്‍ ഒരു സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേരുമോ?''. ആ ക്ഷണം സ്വീകരിച്ച ശങ്കര്‍ 1932 അവസാനത്തോടെ 'ഹിന്ദുസ്ഥാന്‍ ടൈംസി' ല്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ദല്‍ഹിയിലെത്തി.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ ദല്‍ഹി ശങ്കറിന് പുതിയ ലോകമായിരുന്നു. ഡല്‍ഹിയിലെ 'ഹിന്ദുസ്ഥാന്‍ ടൈംസി' ലെ കാര്‍ട്ടൂണിസ്റ്റ് ജോലി, രാഷ്ട്രീയത്തിലും മറ്റു പല മേഖലകളിലും പ്രമുഖരായ ഇന്ത്യാക്കാരും വിദേശീയരുമായ അനേകം പേരോട് തോളോട് തോളുരുമ്മി ഇടപഴകുന്നതിന് അവസരം സൃഷ്ടിച്ചു. വിദേശരാജ്യങ്ങളില്‍ പോയി കലയെക്കുറിച്ചും കാര്‍ട്ടൂണിനെക്കുറിച്ചും പഠിക്കുവാന്‍ അവസരം ലഭിച്ചു. നീണ്ട പതിനാല് വര്‍ഷം 'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍ ജോലി ചെയ്ത ശങ്കര്‍ മാനേജുമെന്റുമായുള്ള അഭിപ്രായവ്യത്യാസം കാരണം 1946-ല്‍ ജോലി ഉപേക്ഷിച്ചു. 'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍ നിന്നു വിട്ട അതേവര്‍ഷം തന്നെ വ്യവസായ പ്രമുഖനായ രാമകൃഷ്ണ ഡാല്‍മിയയോടൊന്നിച്ച് 'ദി ഇന്ത്യന്‍ ന്യൂസ് ക്രോണിക്കിള്‍ എന്നൊരു ദിനപത്രം തുടങ്ങി. എന്നാല്‍ പതിനൊന്ന് മാസങ്ങള്‍ക്കുശേഷം അതില്‍നിന്ന് പിന്മാറി. 1948-ല്‍ 'ശങ്കേഴ്‌സ് വീക്കിലി' തുടങ്ങി. ജവഹര്‍ലാല്‍ നെഹറുവായിരുന്നു ആദ്യത്തെ ലക്കം പുറത്തിറക്കിയത്. തദവസരത്തില്‍ അദ്ദേഹം പറഞ്ഞത് പ്രശസ്തമാണ്. 'ഡോണ്ട് സ്‌പെയര്‍ മീ ശങ്കര്‍'. (Don't spare me Shankar). 1948-ല്‍ തുടങ്ങി. '64 വരെയുള്ള പതിനാറ് വര്‍ഷങ്ങളില്‍ എണ്ണൂറിലധികം 'ശങ്കേഴ്‌സ് വീക്കിലി' ലക്കങ്ങളിലായി അദ്ദേഹത്തെക്കുറിച്ച് ആയിരത്തഞ്ഞൂറോളം കാര്‍ട്ടൂണുകള്‍ ശങ്കര്‍ വരച്ചിട്ടുണ്ട്.


ആരോഗ്യം കാര്‍ട്ടൂണ്‍ വരയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച അവസരത്തിലാണ് ശങ്കേഴ്‌സ് വീക്കിലി അദ്ദേഹം നിര്‍ത്തുന്നത്. അടിയന്തിരാവസ്ഥ അതിനൊരു കാരണമായിരുന്നില്ല. തന്റെ കൈയ്യൊപ്പില്ലാത്ത ശങ്കേഴ്‌സ് വീക്കിലി അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. വെറും കാര്‍ട്ടൂണിസ്റ്റ് മാത്രമായിരുന്നില്ല ശങ്കര്‍. കാര്‍ട്ടൂണുകളിലൂടെ മാത്രം ശങ്കറെ വിലയിരുത്തുന്നത് അപൂര്‍ണ്ണമാണ്. കുട്ടികള്‍ക്കായി 1949-ല്‍ അദ്ദേഹം ആരംഭിച്ച രാഷ്ട്രാന്തര ചിത്രരചനാ മത്സരം ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. 1957-ല്‍ ശങ്കര്‍ തുടങ്ങിയ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് കുട്ടികള്‍ക്കായി ആയിരത്തോളം പുസ്തകങ്ങള്‍ പുറത്തു കൊണ്ടുവന്നു കഴിഞ്ഞു. കുട്ടികളുടെ മാസികയായ ചില്‍ഡ്രന്‍സ് വേള്‍ഡ് എന്ന മാസിക ശ്രദ്ധേയമാണ്. കുട്ടികളുടെ പുസ്തകങ്ങള്‍ മാത്രമുള്ള ലൈബ്രറിയില്‍ ഇന്നു അന്‍പതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്.

ശങ്കര്‍ തുടക്കം കുറിച്ച കുട്ടികളുടെ ഡോള്‍സ് മ്യൂസിയത്തില്‍ ലോകത്തിലെ 85 രാഷ്ട്രങ്ങളില്‍ നിന്നായി ആറായിരത്തിലേറെ പാവകളുണ്ട്. ശങ്കറിന് വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്ത അവസരത്തില്‍ സമ്മാനമായി ലഭിച്ചതാണ് പാവകളേറെയും. ശങ്കറിന്റെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമെന്നോണം ഡല്‍ഹിയില്‍ ചാണക്യപുരിയില്‍ പുതിയൊരു മന്ദിരം ഉയരുകയാണ്. ''ശങ്കേഴ്‌സ് സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍.'' പാവകളുടെ മ്യൂസിയം, ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്, കുട്ടികള്‍ക്ക് ഒരു ആര്‍ട്ട് ഗ്യാലറി, ആംഫി തീയേറ്റര്‍, സെമിനാര്‍ ഹാള്‍, ഡോര്‍മിറ്ററി താമസസൗകര്യം എന്നിവയെല്ലാം ഇവിടെയുണ്ടാവും.
കാമുകിയായിരുന്ന ഭാര്യ തങ്കം 1988ല്‍ മരണപ്പെട്ടതോടെ ശങ്കര്‍ ആകെ തകര്‍ന്നു.

ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവായ ശങ്കറിന്റെ ബ്രഷില്‍ വരച്ച വരയില്‍ ഇന്ത്യയയിലെ നേതാക്കള്‍ ആനന്ദനൃത്തം ആടിയിരുന്നു. ശങ്കറിന്റെ തണല്‍പറ്റി എത്രയോ കാര്‍ട്ടൂണിസ്റ്റുകളും പില്‍ക്കാലത്ത് പ്രശസ്തരായി. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കിയാണ് ശങ്കറെ ഇന്ത്യ ആദരിച്ചത്. ശങ്കര്‍ 1989് ഡിസംബര്‍ 26ന് മരണപ്പെട്ടപ്പോള്‍ വന്ന വാര്‍ത്ത ഇപ്രകാരമായിരുന്നു.

ന്യൂഡല്‍ഹി: വിശ്വപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ.ശങ്കരപ്പിള്ള (കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍) ചൊവ്വാഴ്ച രാവിലെ ഇവിടെ അന്തരിച്ചു. ഇന്ത്യയില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ക്ക് തുടക്കമിട്ട ശങ്കര്‍ ഒരു വര്‍ഷത്തിലേറെക്കാലമായി തീരെ കിടപ്പിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 6.30 മണിയോടെയാണ് അന്ത്യമുണ്ടായത്. 87 വയസ്സ് പ്രായമുണ്ട്. മൂന്ന് പെണ്‍മക്കളും ഒരു മകനുമുണ്ട്. ശാന്ത, യമുന, ലീല, രവി എന്നിവരാണ് മക്കള്‍. ഭാര്യ തങ്കം ഒരു വര്‍ഷം മുമ്പേ മരിച്ചു.

മൃതദേഹം ഒട്ടേറെ സുഹൃത്തുക്കളുടേയും ആരാധകരുടേയും പൗരപ്രമുഖരുടേയും ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തില്‍ ദില്ലി വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.

പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ മൂന്ന് അവാര്‍ഡുകളും ലഭിച്ചിട്ടുള്ള ശങ്കര്‍ തലസ്ഥാനത്തേയും ലോകത്തിലെ തന്നേയും പ്രശസ്തനായ മലയാളിയും മലയാളികളുടെ ആരാധ്യപുരുഷനുമായിരുന്നു.

ചരമവാര്‍ത്തയറിഞ്ഞ് നാനാ മേഖലകളിലുള്ള പ്രമുഖര്‍ അദ്ദേഹം താമസിക്കുന്ന പുരാണ്‍കില റോഡ് വസതിയിലെത്തിച്ചേര്‍ന്നു.
മന്ത്രി പി.ഉപേന്ദ്ര, മുന്‍മന്ത്രിമാരായ എം.എം. ജേക്കബ്, കെ.ആര്‍.നാരായണന്‍ എം.പി മാരായ തലേക്കുന്നില്‍ ബഷീര്‍, വക്കം പുരുഷോത്തമന്‍, കാര്‍ട്ടൂണിസ്റ്റുകളായ രംഗ, സുധീപ്, മുന്‍ പോളിസി പ്ലാനിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. പാര്‍ഥസാരഥി, മുന്‍ പി.ടി.ഐ ജനറല്‍ മാനേജര്‍, എന്‍.ആര്‍. ചന്ദ്രന്‍, യു.എന്‍.ഐ ജനറല്‍ മാനേജര്‍ കെ.പി.കെ.കുട്ടി, മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.


വാര്‍ത്തകള്‍ ചരിത്ര രചനയുടെ ആദ്യ എഫ്‌ഐആര്‍ ആണെന്ന് പറയുന്നത് പരിഗണിച്ചാല്‍ ഈ വാര്‍ത്തയില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അന്തരിച്ചു. ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന കാര്‍ട്ടൂണിസ്റ്റ്. ഇന്ത്യയിലെ കാര്‍ട്ടൂണ്‍ കലയുടെ കുലപതി. പക്ഷേ അദ്ദേഹം അര്‍ഹിക്കുന്നവിധം ഒരു അന്ത്യയാത്ര നല്‍കാന്‍ 25 വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ സാധിച്ചോ..?

അടുത്ത ദിവസത്തെ പത്രങ്ങളില്‍ വിശദമായ വാര്‍ത്തയും ശിഷ്യന്മാരുടെ അനുസ്മരണവും ജീവചരിത്രക്കുറിപ്പുകളുമൊക്കെ വന്നു. ദൂരദര്‍ശന്‍ വളരെ നന്നായിത്തന്നെ ചരമവാര്‍ത്ത സംപ്രേഷണം ചെയ്തു; എന്നാല്‍ വരേണ്ടവരൊക്കെ വരികയും ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്‌തോ?

മരണം രാവിലെയായിരുന്നു; ശവസംസ്‌കാരം വൈകുന്നേരം നാലുമണിക്കും ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയമായിരുന്നു. ഒട്ടുമിക്ക എം.പി.മാരും സ്ഥലത്തുണ്ടായിരുന്നു. മുന്‍ മന്ത്രിമാരും. അവരില്‍ വിരലില്‍ എണ്ണാവുന്നവരെയേ ശങ്കറിന്റെ വീട്ടില്‍ കണ്ടുള്ളു; അവരില്‍ പലര്‍ക്കും ശങ്കറിനെ അറിയില്ലെന്നു ധരിക്കുകയാവും നന്ന്.

കേന്ദ്രമന്ത്രിസഭയില്‍ അന്ന് കേരളത്തിന്റെ രണ്ട് അംഗങ്ങളുണ്ട്-കെ.പി.ഉണ്ണിക്കൃഷ്ണന്‍ കാബിനറ്റ് മന്ത്രിയാണ്. എം.ജി.കെ. മേനോന്‍ സഹമന്ത്രിയാണ്. ശങ്കറിനെപ്പോലെ ഒരു വ്യക്തി മരിക്കുമ്പോള്‍ അവര്‍ ആ വീട്ടില്‍ വരുമെന്നു പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? ഉണ്ണിക്കൃഷ്ണന്റെ വക അനുശോചനമെങ്കിലും ഉണ്ടായി.

ഇതൊക്കെ പോകട്ടെ, രാജീവ് ഗാന്ധിയുടെ കാര്യമോ? കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് ഏറ്റവും അടുപ്പമുണ്ടായിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനോടായിരുന്നു. ഇന്ദിരാഗാന്ധിക്കും ശങ്കറിനെ ഏറെ ഇഷ്ടമായിരുന്നു. പക്ഷേ ശങ്കര്‍ മരിച്ചപ്പോള്‍ രാജീവ്ഗാന്ധി അവിടെ ഒന്നു വരാന്‍പോലും മെനക്കെട്ടില്ല. രാവിലെതന്നെ മരണവാര്‍ത്ത രാജീവ്ഗാന്ധിയുടെ വീട്ടില്‍ അറിയിച്ചതായിരുന്നു.

ഡല്‍ഹിയില്‍ അന്നുള്ള മലയാളികളില്‍ പ്രമുഖന്‍ ആരെന്നു ചോദിച്ചാല്‍ ഒരു സംശയവും കൂടാതെ പറയാം ഇ.എം.എസ്. അദ്ദേഹത്തെ ശങ്കറിന്റെ മരണവാര്‍ത്ത അറിയിക്കാന്‍പോലും സി.പി.എം. പ്രവര്‍ത്തകര്‍ മറന്നുപോയി. ഇതൊക്കെ രാഷ്ട്രീയക്കാരുടെ തിരക്കു മൂലമാണ് എന്നു പറഞ്ഞ് ഒഴിയാം. എന്നാല്‍ ശങ്കര്‍ തന്നെ വര പഠിപ്പിച്ച ഒരുപറ്റം കാര്‍ട്ടൂണിസ്റ്റുകള്‍ ഡല്‍ഹിയിലുണ്ടല്ലോ. അവരില്‍, എത്രപേര്‍ ശങ്കറിന്റെ മൃതദേഹം കാണാനെത്തിയെന്ന് ആരായുന്നതു നന്നായിരിക്കും. ശവസംസ്‌കാരത്തിനു നൂറുകണക്കിനാളുകളുണ്ടായിരുന്നുവെന്നു പത്രങ്ങളും ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. ഇരുപതിലേറെപ്പേര്‍ പങ്കെടുത്ത ആ ശവസംസ്‌കാരമായിരുന്നുവോ ശങ്കറിനു നല്‍കേണ്ടിയിരുന്നത്.

ആ മൃതദേഹത്തിന് അരികില്‍ നിന്ന് തലമൂത്ത ഒരു പത്രപ്രവര്‍ത്തകന്‍ പറയുന്നുണ്ടായിരുന്നു-''ഡല്‍ഹി മാറിപ്പോയിരിക്കുന്നു. പണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു മരണം നടന്നാല്‍ ഒരായിരം പേരെങ്കിലും ഇവിടെ വന്നുകൂടുമായിരുന്നു. ഇപ്പോള്‍ നാം നന്നായി അഭിനയിക്കാന്‍ പഠിച്ചിരിക്കുന്നു.''എല്ലാം കഴിഞ്ഞു. ദൂരദര്‍ശനെ അഭിനന്ദിക്കണം. അവര്‍ ഹിന്ദി വാര്‍ത്തയിലും ഇംഗ്ലീഷ് വാര്‍ത്തയിലും ശങ്കറിന്റെ മരണം വളരെ നന്നായി റിപ്പോര്‍ട്ട്‌ചെയ്തു.


ശങ്കര്‍ നെഹ്‌റു സുഹൃദ് ബന്ധം എല്ലാവര്‍ക്കും അറിയാം. നെഹ്‌റു മരിച്ചപ്പോള്‍ ശങ്കര്‍ നെഹ്‌റുവിന്റെ മൃതശരീരം കാണുവാനും അന്ത്യ അഭിവാദ്യം അര്‍പ്പിക്കുവാനും പോയിരുന്നില്ല. തന്റെ ഓഫീസില്‍ കാര്‍ട്ടൂണ്‍ രചനയിലായിരുന്ന ശങ്കര്‍ ശിഷ്യനായ കാര്‍ട്ടൂണിസ്റ്റ് യേശുദാസിനോട് പറഞ്ഞു. എനിക്കത് കാണാന്‍ കഴിയില്ലടോ.... ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ കുഞ്ചന്‍ നമ്പ്യാര്‍ പേപ്പട്ടി കടിച്ച് പേവിഷമേറ്റ് മരിച്ചപ്പോഴും ഒരാളും തിരിഞ്ഞുനോക്കിയില്ല. അബു എബ്രഹാമിന്റെ അന്ത്യയാത്രയില്‍ തിരുവനന്തപുരത്ത് ഒത്തുചേര്‍ന്നവര്‍ അന്‍പതില്‍ താഴെ പേര്‍ മാത്രം. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ പ്രിയ ശിഷ്യന്‍ കുട്ടി അമേരിക്കയില്‍ മരിച്ചതിന് ശേഷം ഒരാഴ്ച്ച മോര്‍ച്ചറിയില്‍ കിടക്കേണ്ടിവന്നു. മകന്‍ ബിസിനസ്സ് ടൂറ് കഴിഞ്ഞ് മടങ്ങിവരാന്‍ വൈകിയതായിരുന്നു കാരണം. ശങ്കറിന്റെ മരണദിവസം ദില്ലിയില്‍ ഒരു ഡസനിലേറെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ഉണ്ടായിരുന്നു. രങ്കയും അന്ന് അത്ര പ്രശസ്തനല്ലായിരുന്നു സുധീര്‍ തൈലാങ്ങും അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തി. ചിതയിലേയ്ക്ക് കുലപതിയുടെ ശരീരം വെയ്ക്കുമ്പോള്‍ ആകെ പത്തിരുപത്് പേര്‍ കാണും. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ.

എന്തായാലും മഹാനായ ആ ചിരിവരക്കാരന്റെ വരകള്‍ മരണമില്ലാതെ നിലനില്‍ക്കും. 25 വര്‍ഷമല്ല, അതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും. എല്ലാം കണ്ട് ശങ്കറും നെഹ്‌റുവും പഴയത്‌പോലെ നമ്മളോട് പറയുന്നുണ്ടാകും ... ഡോണ്‍ഡ് സ്‌പെയര്‍ മീ...
(കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍സെക്രട്ടറിയും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമാണ് ലേഖകന്‍)
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -