SPECIAL NEWS
  Dec 02, 2014
ഇന്ത്യയും കേരളവും തമ്മില്‍ വികസന ദൂരങ്ങളുണ്ടോ?
പുലാപ്രെ ബാലകൃഷ്ണന്‍
വികസന സങ്കല്പത്തില്‍ നിര്‍മാണപ്രവര്‍ത്തനവും സാമ്പത്തിക വളര്‍ച്ചയും മാത്രമല്ല സാമൂഹിക വികസനവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. മുന്‍പ് കേരളം ഒരു മാതൃകയായിരുന്നെങ്കില്‍ എവിടെയാണ് പിന്നീട് പരാജയം സംഭവിച്ചത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളത്തിന്റെയും ഇന്ത്യയുടെയും വികസനത്തിന്റെ സവിശേഷതകളും പരിമിതികളും സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് സാമ്പത്തിക ശാസ്ത്രവിദഗ്ധനും സി.സി.എസില്‍ അധ്യാപകനുമായ ലേഖകന്‍

കേരളത്തിന്റെ നിര്‍മിതിയില്‍ അച്യുതമേനോന്റെ പങ്ക് ചോദ്യംചെയ്യപ്പെടാത്തതാണ്. മുഖ്യമന്ത്രിപദവിയിലെ കാലദൈര്‍ഘ്യത്തിനപ്പുറം അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ തന്നെയാണ് ഇതിനാധാരം. ചിന്തിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയില്‍ രാഷ്ട്രീയ മണ്ഡലത്തില്‍ അദ്ദേഹം കൊണ്ടുവന്ന പരിഗണനകള്‍, ഏറെ പ്രധാനമാണ്. ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ലോകവീക്ഷണം അദ്ദേഹത്തിന്റെ എഴുത്തുകളില്‍ പ്രകടമാണ്. അതുകൊണ്ടുതന്നെ കേരളവും അവശിഷ്ട ഇന്ത്യയും തങ്ങളുടെ വികസനാനുഭവങ്ങളില്‍ പരസ്പരം പകരുന്ന പാഠങ്ങളെന്ത് എന്ന അന്വേഷണത്തിന് അച്യുതമേനോനെ ഓര്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തിയുണ്ട്.

കഴിഞ്ഞ ഒരു ദശകം അന്താരാഷ്ട്രരംഗത്ത് ഇന്ത്യ ഒരു സാമ്പത്തികശക്തിയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. BRICS കൂട്ടായ്മയിലെ അംഗത്വം ഒരു സൂചകമായി എടുക്കാവുന്നതാണ്. കേരളം ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണെങ്കിലും കഴിഞ്ഞ നാലു ദശാബ്ദക്കാലമായി ലോകത്തിലെ വികസന സാമ്പത്തിക ശാസ്ത്രജ്ഞരുടെ കണ്ണില്‍ കേരളത്തിനും അതിന്റെ വികസനാനുഭവങ്ങള്‍ക്കും ഒരു സ്ഥാനമുണ്ട്. 'കേരള മോഡല്‍' എന്ന പ്രയോഗം അങ്ങനെയുണ്ടായതാണ്. 'മോഡല്‍' എന്ന വാക്ക് സൃഷ്ടിക്കുന്ന മൂര്‍ധന്യദശ, ആവര്‍ത്തനക്ഷമത തുടങ്ങിയ അര്‍ഥസൂചനകള്‍ സംവാദമര്‍ഹിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ 'വികസനാനുഭവം' സവിശേഷമാണെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും അതിന്റെ അനുപാതത്തെ കവച്ചുവെക്കുന്ന ലോകശ്രദ്ധ കേരളം നേടിയിട്ടുണ്ട്. വികസനത്തിനു വേണ്ടിയുള്ള നയരൂപവത്കരണത്തിന്റെയും സാമൂഹികസ്ഥാപനങ്ങളുടെ ക്രമീകരണത്തിന്റെയും അടിസ്ഥാനത്തില്‍ കേരളത്തെയും അവശിഷ്ട ഇന്ത്യയെയും പരിഗണിക്കുമ്പോള്‍, അവശിഷ്ട ഇന്ത്യ എന്നത് സമാനസ്വഭാവമാര്‍ന്ന (Homogenous) ഒരു ഗണനയല്ല എന്ന എതിര്‍വാദമുയര്‍ന്നുവരും. ഇന്ത്യാഗവണ്‍മെന്റിന്റെ നയങ്ങളുമായും അതിന്റെ അനന്തരഫലങ്ങളുമായും കേരളാ അനുഭവത്തെ ബന്ധപ്പെടുത്തി പരിശോധിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. താരതമ്യം അര്‍ഥപൂര്‍ണമാവുന്നതിന് ഇടയ്ക്ക് ചില സംസ്ഥാനങ്ങളുടെ അനുഭവങ്ങളേയും പരാമര്‍ശിക്കേണ്ടിവരും.

പ്രതിശീര്‍ഷ ഉപഭോഗച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനങ്ങളിലൊന്ന് എന്നതിന് അടിവരയിടണം. കേരളം ഇക്കാര്യത്തില്‍ ഒരു അനന്യമാതൃകയൊന്നുമല്ല. ചില സമ്പന്നസംസ്ഥാനങ്ങള്‍ ഈ ഗണത്തില്‍ ഇന്ത്യയില്‍ വേറെയുമുണ്ട്. പക്ഷേ, ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെയും അപേക്ഷിച്ച് സാമൂഹിക സൂചകങ്ങളിലെ ഉല്‍ക്കര്‍ഷം കേരളത്തിന്റെ ഒരു അനന്യമാതൃക തന്നെയാണ്. ഇവിടെ ജനങ്ങള്‍ക്കിടയില്‍ സാമൂഹികവികസനത്തിന്റെ വിതരണം കാര്യക്ഷമമായി നടന്നു എന്നതാണ് പ്രധാനം. സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, സ്ത്രീ-പുരുഷാനുപാതം എന്നിവയെല്ലാം ഇതിന്റെ സൂചകങ്ങളാണ്. അതായത് ദാരിദ്ര്യനിരക്കിലെ കുറവിനോടൊപ്പം സാമൂഹികവികസനത്തിന്റെ ഫലപ്രദമായ വിതരണം കൂടി ചേരുമ്പോള്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സവിശേഷശ്രദ്ധയര്‍ഹിക്കുന്നുണ്ടെന്നര്‍ഥം.

കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ ചരിത്രത്തില്‍ നിന്ന് മൂന്ന് പ്രധാനപാഠങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്. ചൈനയുടെയോ ചില വ്യവസായവത്കൃത പാശ്ചാത്യരാജ്യങ്ങളുടെയോ സ്ഥിതിയോടടുത്തുനില്‍ക്കുന്ന ഉയര്‍ന്ന സാമൂഹികവികാസം തന്നെയാണൊന്ന്. ഇത് പൊതുവെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും മറ്റു രണ്ടെണ്ണം അങ്ങനെയല്ല. അവശിഷ്ട ഇന്ത്യയ്ക്ക് കേരളത്തില്‍ നിന്ന് പഠിക്കാനുള്ളതെന്ത് എന്ന വീക്ഷണകോണില്‍ നോക്കുമ്പോള്‍ അവ കൂടുതല്‍ പ്രസക്തവുമാണ്. ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിലൊന്നായിരുന്ന സമയത്ത് കേരളം കൈവരിച്ച സാമൂഹിക വികാസ സൂചകങ്ങള്‍ തന്നെയാണവ. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇവ ആദ്യം നിരീക്ഷിക്കപ്പെട്ടത്. പിന്നീട് അമര്‍ത്യാസെന്നിലൂടെ അവ ലോകശ്രദ്ധയ്ക്ക് പാത്രീഭവിക്കുകയും ചെയ്തു. കേരളത്തിന്റെ അനുഭവം 'എന്താണ് വികസനം?' എന്ന ചോദ്യം ഉയര്‍ത്തുന്നതായി അമര്‍ത്യസെന്‍ അഭിപ്രായപ്പെട്ടു. അത് ഉയര്‍ന്ന പ്രതിശീര്‍ഷവരുമാനമാണോ അതോ ഉയര്‍ന്ന സാമൂഹിക വികാസമാണോ? കേരളാനുഭവം ആദ്യമായി പഠിക്കപ്പെട്ട എഴുപതുകളില്‍ ഇന്ത്യയിലെ സമ്പന്നസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അവികസിതമായിരുന്നു എന്ന് പറയാനാവുമോ? അന്ന് കേരളം ഏറെ ദരിദ്രമായിരുന്നു. പക്ഷേ, അന്നത്തെ ഉയര്‍ന്ന സാമൂഹിക സൂചകങ്ങള്‍ ക്ഷേമസൂചകങ്ങളായിരുന്നില്ലേ? ഉത്തരങ്ങള്‍ വ്യക്തമാണ്.

കേരളത്തിന്റെ സാമൂഹികവികസനം ഒരു പൊതുമേഖലാനയത്തിന്റെ ഭാഗമായി രൂപപ്പെട്ടതായിരുന്നുവെന്ന് ഇന്ന് നമുക്കറിയാം. അവശിഷ്ട ഇന്ത്യയുടെ പുരോഗതിക്കുള്ള കൃത്യമായ ഒരു സൂചനയാണിത്. വടക്കും കിഴക്കുമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കുറഞ്ഞ പ്രതിശീര്‍ഷവരുമാനം അവരുടെ സാമൂഹിക വികാസത്തിന് ഒരു പ്രതിബന്ധമാവണമെന്നില്ല എന്നര്‍ഥം. പക്ഷേ, ഒരു പൊതുകേന്ദ്രീകൃത നയത്തിന്റെ അഭാവത്തില്‍ ഇത് സാധ്യമാവില്ല. കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ പൊതുമേഖലയ്ക്ക് ലഭിച്ച വലിയ സ്വീകാര്യത ഇത്തരമൊരു നയത്തിന്റെ ഭാഗമായിരുന്നു. സ്വകാര്യമേഖലയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കാനായേക്കും. പക്ഷേ, ഒരു ദരിദ്രജനസംഖ്യയിലേക്ക് ആരോഗ്യസേവനങ്ങളെത്തിക്കാന്‍ അത് പര്യാപ്തമാവില്ല. ജനാധിപത്യവുമായി ക്ഷേമരാഷ്ട്രസങ്കല്‍പത്തെ സംയോജിപ്പിച്ചിട്ടുള്ള പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിന് മികച്ച ഉദാഹരണങ്ങള്‍ കാണാം. ഇത് ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ലെന്നര്‍ഥം.

സാമ്പത്തിക ഫലങ്ങളെ സാമ്പത്തികഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിശദീകരിക്കുക എന്നത് പലപ്പോഴും സംഭവിക്കാറുള്ള ഒരു അബദ്ധമാണ്. എന്റെ വര്‍ഗത്തില്‍പ്പെട്ട സാമ്പത്തികശാസ്ത്രജ്ഞരുടെ സാമ്രാജ്യത്വപക്ഷ സമീപനങ്ങള്‍ തന്നെയാണ് ഇത്തരം അബദ്ധത്തിന് പ്രേരകമാവുന്നത്. കേരളത്തിന്റെ അനുഭവം നോക്കുകയാണെങ്കില്‍ അതിന്റെ പൊതുനയം സാമ്പത്തിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിശദീകരിക്കാനാവുന്നതല്ല എന്നു മനസ്സിലാവും. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2014 ഡിസംബര്‍ 7 ലക്കം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഒരു ഭാഗം)

 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -