ക്യൂ നില്‍ക്കുന്നതു പോലെയുള്ള കാര്യങ്ങളില്‍ സാമാന്യമര്യാദ കാണിക്കുകയും, എന്തു കാര്യത്തേയും കയ്യൂക്കുകൊണ്ടു നേരിടാമെന്ന മനോഭാവം ഇല്ലാതാവുകയും ചെയ്താല്‍ കേരളത്തിലെ പകുതി സെക്യൂരിറ്റിക്കാരുടെ ആവശ്യം ഇല്ലാതാകും. സെക്യൂരിറ്റിക്കാരില്‍ കൂടുതല്‍ പേരുടേയും ജോലി സംസ്‌കാരമുള്ള ആളുകളെപോലെ പെരുമാറാന്‍ മലയാളികളെ നിര്‍ബന്ധിക്കുക എന്നതാണ്. സംസ്‌കാരസമ്പന്നം എന്ന് സ്വകാര്യമായി അഹങ്കരിക്കുകയും ഇടക്കിടക്ക് സ്വയം പുകഴ്ത്തിപ്പറയുകയും ചെയ്യുന്ന നമുക്ക് ദൈവസന്നിധിയില്‍ പോലും സെക്യൂരിറ്റിക്കാരുടെ സാന്നിദ്ധ്യമില്ലാതെ സംസ്‌കാരത്തോടെ പെരുമാറാന്‍ കഴിയുന്നില്ല എന്നതല്ലേ വാസ്തവം
ഓരോ മരണവും ദുഃഖകരമായ ഒരു സംഭവമാണ്. എന്നാല്‍ ആ സംഭവം ഒരു ദുരന്തമാകുന്നത് സമൂഹം അതില്‍നിന്നും ഒന്നും പഠിക്കാതെ വരുമ്പോഴാണ്. കഴിഞ്ഞ മാസം കോഴിക്കോട് മാളിലുണ്ടായ സെക്യൂരിറ്റിക്കാരന്റെ മരണം അത്തരത്തില്‍ ഒന്നാണ്. സിനിമാതിയേറ്ററില്‍ സെക്യൂരിറ്റിയായി നിന്ന ഒരു മദ്ധ്യവയസ്‌കന്‍. ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലിയുണ്ടായ എന്തോ കശപിശയുടെ പേരില്‍ രണ്ടുപേര്‍ അദ്ദേഹത്തെ തല ചുമരിലിടിച്ചും അടിച്ചും കൊന്നു എന്നാണ് റിപ്പോര്‍ട്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്തു, ഒന്നോരണ്ടു ദിവസം മാള്‍ അടച്ചിട്ടു. തീര്‍ന്നു കാര്യം. നമ്മുടെ വാര്‍ത്തകളില്‍നിന്നും അത് പോയിക്കഴിഞ്ഞു. ഇനി അവരെ കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ഒക്കെ ചെയ്യുമ്പോള്‍ ഒരു രണ്ടുവരി വാര്‍ത്തയായി സംഭവം അവസാനിക്കും.
ഇത് കഷ്ടമാണ്. എന്റെ ചെറുപ്പകാലത്ത് പോലീസ് സ്റ്റേഷനു മുന്‍പില്‍ നിക്കറിട്ട് തോക്കും പിടിച്ചു നില്‍ക്കുന്ന പാറാവുകാരനും പിന്നെ ഫാക്ട് പോലെയുള്ള വല്യ കമ്പനികള്‍ക്ക് മുമ്പിലുള്ള സി ഐ എസ് എഫ് കാരനും പിന്നെ എവിടെയെങ്കിലും ഒക്കെ കാണുന്ന ഗൂര്‍ഖയും അല്ലാതെ പ്രൈവറ്റ് സെക്യൂരിറ്റി എന്ന പ്രസ്ഥാനം അത്ര വ്യാപകമായിരുന്നില്ല. നമ്മുടെ സമൂഹത്തില്‍ അക്രമമോ കുറ്റകൃത്യങ്ങളോ അത്ര വര്‍ധിച്ചിട്ടുമില്ല. അപ്പോള്‍ എന്തുകൊണ്ടാണ് നമുക്കിടയില്‍, പെട്ടെന്ന് ആശുപത്രിതൊട്ട് തുണിക്കടവരെയുള്ള സ്ഥാപനങ്ങളില്‍ സെക്യൂരിറ്റിയുടെ ആവശ്യം ഉണ്ടായി. സമൂഹത്തിന്റെ സുരക്ഷയില്‍ ഈ സെക്യൂരിറ്റിക്കാര്‍ക്ക് എന്ത് പങ്കുവഹിക്കാന്‍ കഴിയും. ഇവരുടെ സുരക്ഷ സമൂഹം എങ്ങനെ ഉറപ്പു വരുത്തും. ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ഒരു ചര്‍ച്ചയ്ക്കുള്ള അവസരമായിരുന്നു ഈ മരണം. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.
കേരളത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്യുന്നവരുടെ എണ്ണം പതിനായിരക്കണക്കിന് വരും. എ.ടി.എം.ന്റെ മുന്നില്‍ ഉറക്കം തൂങ്ങിയിരിക്കുന്ന ഒറ്റ ഗാര്‍ഡുകള്‍തൊട്ട് ഫ്ലാറ്റുകള്‍, തുണിക്കടകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ നാലാളുകള്‍ വന്നുപോകുന്ന ഏതു പ്രസ്ഥാനത്തിലും ഇപ്പോള്‍ സെക്യൂരിറ്റി ഉണ്ട്. സ്വര്‍ണക്കടയുടേയൊ ബ്ലേഡ്ബാങ്കിന്റേയോ ഒക്കെ മുന്നില്‍ സെക്യൂരിറ്റിക്കാരുണ്ടാകുന്നത് മനസ്സിലാക്കാമെങ്കിലും ആശുപത്രിയിലും സിനിമാ തിയേറ്ററിലും ആളെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റിക്കാര്‍ ഉണ്ടാകുന്നത് സമൂഹത്തിലെ കുറ്റവാസനയുടെ വര്‍ധന അല്ല പൗരബോധത്തിന്റെ (civic sense) അഭാവത്തെയാണ് തുറന്നു കാട്ടുന്നത്.
ക്യൂ നില്‍ക്കുന്നതു പോലെയുള്ള കാര്യങ്ങളില്‍ സാമാന്യമര്യാദ കാണിക്കുകയും, എന്തു കാര്യത്തേയും കയ്യൂക്കുകൊണ്ടു നേരിടാമെന്ന മനോഭാവം ഇല്ലാതാവുകയും ചെയ്താല്‍ കേരളത്തിലെ പകുതി സെക്യൂരിറ്റിക്കാരുടെ ആവശ്യം ഇല്ലാതാകും. മുന്‍പ് പറഞ്ഞപോലെ ഈ സെക്യൂരിറ്റിക്കാരില്‍ കൂടുതല്‍ പേരുടേയും ജോലി കളവോ മറ്റു കുറ്റകൃത്യങ്ങളോ നിയന്ത്രിക്കുകയല്ല, മറിച്ച് സംസ്‌കാരമുള്ള ആളുകളെപോലെ പെരുമാറാന്‍ മലയാളികളെ നിര്‍ബന്ധിക്കുക എന്നതാണ്. അപ്പോള്‍ എന്തുകൊണ്ടാണ് സംസ്‌കാരസമ്പന്നം എന്ന് സ്വകാര്യമായി അഹങ്കരിക്കുകയും ഇടക്കിടക്ക് സ്വയം പുകഴ്ത്തിപ്പറയുകയും ചെയ്യുന്ന നമുക്ക് ദൈവസന്നിധിയില്‍ പോലും സെക്യൂരിറ്റിക്കാരുടെ സാന്നിദ്ധ്യമില്ലാതെ സംസ്‌കാരത്തോടെ പെരുമാറാന്‍ കഴിയുന്നില്ല എന്നെങ്കിലും ആലോചിക്കാന്‍ ഈ മരണം ഉപയോഗിക്കാമായിരുന്നു.
കാരണം എന്തായാലും സെക്യൂരിറ്റിക്കാരുടെ എണ്ണം നൂറുമടങ്ങ് വര്‍ദ്ധിച്ചു എന്നുള്ളത് സത്യമാണല്ലോ. വെറും അന്‍പതിനായിരം പോലീസുകാരാണ് കേരളത്തില്‍ ആകെയുള്ളത് എന്ന് ഇടക്ക് മന്ത്രിമാര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. അതിന്റെ ഇരട്ടിയെങ്കിലും വരും പ്രൈവറ്റ് സെക്യൂരിറ്റിക്കാര്‍. അപ്പോള്‍ സമൂഹത്തിന്റെ സുരക്ഷക്ക് ഇവരെകൂടി ഉള്‍പ്പെടുത്തി ഒരു സംവിധാനം ഉണ്ടായാല്‍ നമ്മുടെ സുരക്ഷ ഒട്ടും അധികചെലവില്ലാതെ ഇപ്പോഴത്തേതിലും നന്നാക്കിക്കൂടെ?
സെക്യൂരിറ്റിയായി നില്‍ക്കുന്നവരോട് സാധാരണക്കാര്‍ അധികം സംസാരിക്കാറില്ല. അങ്ങനെ സംസാരിച്ചാല്‍ നമുക്ക് ഒരുകാര്യം മനസ്സിലാക്കാം. ഈ സെക്യൂരിറ്റിപ്പണിക്കു നില്‍ക്കുന്നവരില്‍ ഭൂരിഭാഗത്തിനും സുരക്ഷാരംഗത്ത് പരിശീലനമോ ജോലിപരിചയമോ ഇല്ല. കണ്‍മുന്‍പില്‍ ഒരു കുറ്റകൃത്യമോ അപകടമോ നടന്നാല്‍ എങ്ങനെ പ്രതികരിക്കണമെന്നതിനെപ്പറ്റി ഒരു മാര്‍ഗരേഖയും അവരില്‍ ഭൂരിഭാഗത്തിനും ആരും കൊടുത്തിട്ടുമില്ല. യൂണിഫോം ഒക്കെയിട്ട് കുഴപ്പം ഒന്നും ഉണ്ടാകില്ല എന്ന ധൈര്യത്തില്‍ അവര്‍ അവിടെ ഇരിക്കുന്നു. അവര്‍ തൊപ്പിയൊക്കെ വച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്ന വിശ്വാസത്തില്‍ നമ്മളും നടക്കുന്നു. കുറ്റവാസനയുള്ളവര്‍ക്ക് മനുഷ്യരെ, കാമറകളേക്കാള്‍ പേടിയുള്ളതുകൊണ്ട് ഈ പരിപാടി കുറെയൊക്കെ ഫലപ്രദമാകുന്നു. എന്തെങ്കിലും സംഭവിക്കുമ്പോള്‍ മനോധര്‍മ്മം പോലെ അവര്‍ ഇടപെടുന്നു. പലപ്പോഴും അത് അവരുടെ ജീവഹാനിയില്‍വരെ എത്തിച്ചേരുന്നു.
ഇതു മതിയോ? പതിനായിരക്കണക്കിനു വരുന്ന ഈ പ്രൈവറ്റ് സെക്യൂരിറ്റി സേനക്കാരെക്കൊണ്ട് സമൂഹത്തിന് ഏറെ ഗുണമുണ്ടാക്കാനായി നമുക്ക് പലതും ചെയ്യാം. ഒന്നാമതായി സെക്യൂരിറ്റിജോലി ചെയ്യുന്നവര്‍ക്കുവേണ്ടി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഒരു ട്രെയിനിംഗ് നിര്‍ബന്ധമാക്കുക. അഞ്ചുദിവസത്തെ പരിശീലനത്തിനിടക്ക് സെക്യൂരിറ്റി (കുറ്റകൃത്യങ്ങളും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍) യുടേയും സേഫ്റ്റി (അപകടങ്ങളും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍) യുടേയും അടിസ്ഥാനപാഠങ്ങളെങ്കിലും അവരെ പഠിപ്പിക്കുക. ഇത് ഒരു കുറ്റകൃത്യം മുന്നില്‍ കണ്ടാല്‍ അല്ലെങ്കില്‍ ഉണ്ടാകുന്നുവെന്നു കണ്ടാല്‍ അതിനെ എങ്ങനെ നേരിടണമെന്നതും ഒരു അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ അതില്‍പെട്ടവര്‍ക്ക് എങ്ങനെ പ്രഥമശുശ്രൂഷ നല്‍കാം എന്നതും ഒക്കെ അവരെ പഠിപ്പിക്കാവുന്നതാണ്.
ഉദാഹരണത്തിന് നമ്മുടെ ഫ്ലാറ്റുകളുടെ മുന്നില്‍ ഇരിക്കുന്ന സെക്യൂരിറ്റിക്കാരക്ക്് അഗ്‌നിശമന സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നും നീന്തല്‍ കുളത്തില്‍ മുങ്ങി പോകുന്നവര്‍ക്കുള്ള പ്രഥമശുശ്രൂഷ എന്താണെന്നും പഠിപ്പിച്ചാല്‍ പല അപകടങ്ങളും മരണങ്ങളും വരെ ഒഴിവാക്കാന്‍ അവര്‍ക്ക് പറ്റും.
രണ്ടാമത് നമ്മുടെ ഈ സെക്യൂരിറ്റിക്കാരെ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളും ആയി ബന്ധിപ്പിക്കുക എന്നതാണ്. പ്രധാനമായും പോലീസ്, ഫയര്‍ ആന്റ് സേഫ്ടി, ആശുപത്രി എന്നീ സംവിധാനങ്ങളുമായി അവരെ ബന്ധിപ്പിക്കണം. ഓരോ സെക്യൂരിറ്റിക്കാരനും അവരുടെ ജോലിസ്ഥലത്തിന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനും ആശുപത്രിയും എവിടെയാണെന്ന് അറിഞ്ഞിരിക്കണം. അവിടുത്തെ ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ ഉണ്ടായിരിക്കണം. കഴിയുമെങ്കില്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ വെച്ച് എളുപ്പത്തില്‍ കുറ്റകൃത്യം അല്ലെങ്കില്‍ അപകടം നടന്ന സ്ഥലം കണ്ടെത്താന്‍ പറ്റുന്ന ഒരു മൊബൈല്‍ ആപ്പ് ഇവര്‍ക്ക് എല്ലാം കൊടുക്കുകയും വേണം. അപ്പോള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍തന്നെ ഇവര്‍ക്ക് ഔദ്യോഗിക സംവിധാനത്തെ അലര്‍ട്ട് ചെയ്യാം.
ഈ പാവങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ സമൂഹത്തിന് എന്തുചെയ്യാന്‍ കഴിയും നാം ആലോചിക്കണം. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇവര്‍ക്ക് നിയമപരമായ യാതൊരു പരിരക്ഷയും ഇല്ല. വീട്ടിലേക്ക് അനുവാദമില്ലാതെ കടന്നു കയറുന്ന ആളുടെ ചന്തിക്ക് ഒരു കടിവച്ചു കൊടുക്കുന്ന വീട്ടിലെ നായക്കുള്ള നിയമസംരക്ഷണം പോലും അതിക്രമിച്ച് കടക്കുന്ന ആളെ തടയാന്‍ ശ്രമിക്കുന്ന ഫ്ലാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിന് ഇല്ല. യൂണിഫോം ഇട്ട് സെക്യൂരിറ്റി ആയി നില്‍ക്കുന്ന ഒരാള്‍ ആശുപത്രിയില്‍ ഉണ്ടാകുന്ന ഒരു കശപിശയില്‍ ഇടപെട്ട് എന്തെങ്കിലും സംഭവിച്ചാല്‍ സ്വയരക്ഷക്ക് എന്ന വാദം പോലും അവരെ പിന്‍താങ്ങാന്‍ ഇല്ല. അതുകൊണ്ട് സുരക്ഷാഗാര്‍ഡുമാര്‍ ആയി നില്‍ക്കുന്ന ഇവര്‍ക്ക് എന്ത് ആയുധങ്ങള്‍ (വടിയോ, പെപ്പര്‍ സ്‌പ്രേയോ, ടേസറോ) ഉപയോഗിക്കാം എന്നതും ഏതു അവസരത്തില്‍ എത്ര ബലം ഉപയോഗിക്കാം എന്നതും വ്യക്തമായി നിര്‍വചിക്കുന്ന ഒരു മാര്‍ഗരേഖ ഗവണ്മന്റ് ഉണ്ടാക്കണം. ഇത് പരിശീലനത്തിന്റെ ഭാഗം ആക്കുകയും വേണം. സെക്യൂരിറ്റി ഗാര്‍ഡ് ആയി നില്‍ക്കുന്ന ഓരോരുത്തരുടേയും മേല്‍വിലാസവും അവര്‍ എന്തെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കണം. ഇതുകൂടാതെ തൊഴില്‍ സ്ഥലത്തെ അപകടങ്ങളില്‍പെടുന്നവര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷയും കൊടുക്കണം.