SPECIAL NEWS
  Nov 21, 2014
മലബാറിലെ ഏലക്കച്ചവടം
അഡ്വ. ടി.ബി. സെലുരാജ്‌
സുഹൃത്തുക്കളില്‍ പലരും മദ്യപിക്കാറുണ്ട്. അവസാനത്തെ പെഗ്ഗും കാലിയാക്കിക്കഴിഞ്ഞാല്‍ ഒരു മാന്ത്രികന്റെ കൈയടക്കത്തോടെ പോക്കറ്റില്‍നിന്നും ഇക്കൂട്ടര്‍ ഒന്നോ രണ്ടോ ഏലമണികള്‍ പെറുക്കിയെടുക്കും. എന്തിനാണിത് കഴിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരവും കിട്ടും: ''കുടുംബത്തിലൊരല്പം സമാധാനവുമൊക്കെ വേണ്ടേ?'' ഇങ്ങനെ ഏലലേപന സുഗന്ധം ചാര്‍ത്തിയെത്തുന്ന ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്ന ഭാര്യമാര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. ഏലം ഇന്നിപ്പോള്‍ ഇടുക്കി ജില്ലയില്‍ മാത്രം ഒതുങ്ങുന്നു. വയനാട്ടില്‍നിന്ന് ഇവ ഏറെക്കുറേ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍, മുന്‍കാലത്ത് മലബാറില്‍ ഒരുവിധം എല്ലായിടത്തും ഏലം കൃഷിചെയ്തിരുന്നുവെന്നതാണ് വാസ്തവം. അക്കാലത്ത് കാടുകള്‍ വ്യാപകമായിരുന്നുവല്ലോ. അതിനാല്‍ തണുപ്പും. ചില രേഖകളിലൂടെ മലബാറിലെ ഏലക്കച്ചവടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.
നാദാപുരം തറ, കൊട്ടിപ്പുറം, കടത്തനാട്ടിലെ അറങ്ങാടന്‍ ആലി ഹസ്സന്‍ ബ്രിട്ടീഷ് സര്‍ക്കാറുമായുണ്ടാക്കിയ ഒരു കരാര്‍ ഇങ്ങനെ: ''വയനാട്, താമരശ്ശേരി, കടത്തനാട്, കൊട്ടിയോട്ട്, ഏറനാട് എന്നീ ദേശങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഏലത്തിന്റെ 1822 വര്‍ഷത്തിലെ ലേലം ഞാന്‍ താഴെ പറയുന്ന വ്യവസ്ഥകളില്‍ വിളിച്ചെടുത്തിരിക്കുന്നു. 18,000 മദ്രാസ് ഉറുപ്പികയ്ക്കാണ് ഞാന്‍ ലേലം കൈക്കൊണ്ടിട്ടുള്ളത്. ഇതില്‍ ലാന്‍ഡ് കസ്റ്റവും സീ കസ്റ്റവും ഉള്‍പ്പെടുന്നില്ല. കാര്‍ഡമം ഹില്‍ ഉടമകളുടെ അവകാശ ബാധ്യതകള്‍ക്കും ഞാനുത്തരവാദിയല്ല. എന്റെ കരാറിന്റെ ഉറപ്പിലേക്കായി നാദാപുരത്തെ പോത്തുംകണ്ടി ചേക്കുവിനെ സെക്യൂരിറ്റിയായി വെച്ചിരിക്കുന്നു. 3000 ഉറുപ്പിക സര്‍ക്കാര്‍ ട്രഷറിയില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുമുണ്ട്. 997 മിഥുനം 15ന് ലേലത്തുകയായ 18000 രൂപയും അടച്ചിരിക്കും. ഇത് മൂന്ന് തവണകളിലായിരിക്കും അടയ്ക്കുക. ഇതടച്ചു കഴിഞ്ഞാല്‍ പോത്തുംകണ്ടി ചേക്കുവിന്റെ സെക്യൂരിറ്റി തുക അയാള്‍ പിന്‍വലിക്കുന്നതാണ്. കുന്നുകളിലെ ഏലം ഉത്പാദകര്‍ക്ക് കൊടുക്കേണ്ടതിനും മറ്റു പലവക കാര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 5000 ഉറുപ്പിക അഡ്വാന്‍സ് തുക ഞാന്‍ മടക്കിത്തരുന്നതാണ്. എന്റെ ഈ കരാറിന് സ്ഥലത്തുള്ള ഏലം ഉത്പാദകരും ശരിവെക്കുന്നതായി അറിയിക്കട്ടെ. അവരിതിന് കൈച്ചിറ്റ് എഴുതിത്തന്നിട്ടുള്ളതാണ്. ഭാവിയില്‍ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ ഏലം കൃഷിക്കാര്‍ സര്‍ക്കാറിനെതിരെ വല്ല കേസ്സുകളും ഈ ലേലത്തെ സംബന്ധിച്ച് ഫയല്‍ ചെയ്യുകയാണെങ്കില്‍ ഞാനതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. സര്‍ക്കാറിന് എന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന എല്ലാ വീഴ്ചകള്‍ക്കും ഞാനുത്തരവാദിയായിരിക്കുമെന്ന് അറിയിക്കട്ടെ. ഇത്രയുമറിയിച്ചുകൊണ്ട് കല്ല മൊയ്തീന്‍കുട്ടി, പറക്കാട്ട് വാവുട്ടി എന്നീ സാക്ഷികള്‍ മുമ്പാകെ അലി ഹസ്സന്‍ എന്ന ഞാന്‍ എഴുതി ഒപ്പിട്ടിരിക്കുന്നു.''
തലശ്ശേരി തുറമുഖത്തുനിന്നും ഏലം നിറച്ച കപ്പലുമായി യാത്ര പുറപ്പെടുവാന്‍ തയ്യാറായി നില്‍ക്കുന്ന യുജീനിയ എന്ന കപ്പലിലെ കപ്പിത്താന്റെ പ്രസ്താവന ഇങ്ങനെ: ''ദൈവത്തിന്റെ കൃപയാല്‍ സുരക്ഷിതമായിരിക്കുന്ന 'യുജീനിയ' എന്ന കപ്പല്‍ മദ്രാസിലേക്ക് പുറപ്പെടാനായി തലശ്ശേരി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നു. അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് ദൈവകടാക്ഷത്തിങ്കല്‍ ക്യാപ്റ്റനായ ഹോളണ്ടെന്ന ഞാന്‍ എത്തിച്ചേരും. ഏലം നിറച്ച 799 പെട്ടികളാണ് എന്റെ കപ്പലിലുള്ളത്. രാജാവിന്റെ ശത്രുക്കളില്‍നിന്നും അഗ്‌നികളില്‍നിന്നും പേമാരികളില്‍നിന്നും കൊടുങ്കാറ്റുകളില്‍നിന്നും വഴിമധ്യേയുള്ള മറ്റപകടങ്ങളില്‍നിന്നും ദൈവമെന്നെ കാത്തുരക്ഷിക്കുമെന്ന് എനിക്കുറപ്പാണ്. സുരക്ഷിതനായി ഞാന്‍ മദ്രാസിലെത്തിയാല്‍ 811 മദ്രാസ് ഉറുപ്പിക എനിക്ക് കൂലിയായി കിട്ടുന്നതായിരിക്കും. ദൈവം ഈ നല്ല കപ്പലിനെ സംരക്ഷിക്കട്ടെ.'' ഇത്തരം അനവധി കപ്പലുകളുടെ കപ്പിത്താന്മാരില്‍നിന്നുള്ള പ്രസ്താവനകള്‍ ആര്‍ക്കേവ്‌സില്‍ ലഭ്യമാണ്.
വളരെ വാശിയേറിയതായിരുന്നു ഏലത്തിന്റെ ലേലവില്‍പ്പന. വടകര, തലശ്ശേരി എന്നീ ഭാഗങ്ങളിലുള്ള ധനാഢ്യരായ മാപ്പിളമാരുടെ കുത്തകയായിരുന്നു ഈ ലേലമെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ പല ആരോപണങ്ങളും അക്കാലത്തുയര്‍ന്നുവന്നിരുന്നു. ധരാഷാ കസ്റ്റംജി എന്ന പാഴ്‌സി കച്ചവടക്കാരന്റെ പരാതിതന്നെ നോക്കുക: ''മലബാര്‍ കളക്ടറായിരുന്ന ക്ലമണ്‍സ്റ്റന്റെ മുമ്പിലാണ് ഇദ്ദേഹം പരാതിയുമായെത്തിയത്. കഴിഞ്ഞ ലേലത്തില്‍ എനിക്കുപറ്റിയ നഷ്ടം താങ്കള്‍ നികത്തിത്തരണം. ഏലം പരസ്യമായി ലേലംചെയ്യുന്ന അവസരത്തിലെല്ലാം വടകര, തലശ്ശേരി ഭാഗങ്ങളിലെ മാപ്പിളമാര്‍ മാത്രമാണ് പങ്കെടുക്കാറുള്ളത്. ഇതൊരു കുത്തകയായി മാറിയിരിക്കുന്നു. മറ്റുള്ളവര്‍ ലേലത്തില്‍ പങ്കെടുക്കാതിരിക്കുവാന്‍ ഇവരെല്ലാവിധത്തിലും പരിശ്രമിക്കുന്നു. താങ്കളുടെ ശിരസ്തദാര്‍ വരെ ഈ കള്ളക്കളിക്ക് കൂട്ടുനില്‍ക്കുന്നുവെന്നതാണ് സങ്കടകരമായ അവസ്ഥ. 1821ല്‍ വളരെ കുറഞ്ഞ വിലയിലാണ് ലേലം ഉറപ്പിച്ചിട്ടുള്ളത്. ഇത് ഇക്കൂട്ടരുടെ ഒരു ഒത്തുകളിമൂലമാണെന്ന് എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഒരാള്‍ മാത്രം ലേലത്തില്‍ പങ്കെടുക്കുകയും ലാഭം തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുക്കുകയുമാണ് ഇവരുടെ സ്ഥിരം പരിപാടി. ഇതുമൂലം നഷ്ടം സംഭവിക്കുന്നത് താങ്കളുടെ സര്‍ക്കാരിനാണ്. 1828ല്‍ വടകരയില്‍വെച്ച് നടന്ന ലേലത്തില്‍ ഞാന്‍ പങ്കെടുക്കുകയും ലേലസംഖ്യ കൂട്ടിവിളിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ മാപ്പിളമാരില്‍ ചൊവ്വക്കര ബാപ്പന്‍കുട്ടിക്കും കൂട്ടിവിളിക്കേണ്ടിവന്നു. 20,335 ഉറുപ്പികയ്ക്കാണ് ഒടുവില്‍ ഇദ്ദേഹത്തിന് ലേലമുറപ്പിക്കേണ്ടിവന്നത്. തുടര്‍ന്ന് ഇക്കൂട്ടരെന്നെ ഭീഷണിപ്പെടുത്തുകയുണ്ടായി. 1829ല്‍ ഞാന്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഇക്കൂട്ടര്‍ പരിഭ്രാന്തരായി. ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് 1,500 രൂപ ഇനാം തരാമെന്ന് പ്രലോഭിപ്പിക്കുകയുമാണ് ചെയ്തത്. ഞാന്‍ ഈ വിവരം സബ്ബ് കളക്ടറായിരുന്ന മാക്ലിനിനെ അറിയിക്കുകയുണ്ടായി. ഞാനവരില്‍നിന്നും പാരിതോഷികം വാങ്ങിക്കുകയാണെങ്കില്‍ തന്റെ സമീപത്തൊന്നും എന്നെ കണ്ടുപോകരുതെന്ന് സബ്ബ് കളക്ടര്‍ എന്നോട് പറയുകയുണ്ടായി. ഞാന്‍ അവരുടെ പാരിതോഷികം സ്വീകരിക്കുകയുണ്ടായില്ല. തുടര്‍ന്ന് നടന്ന ലേലത്തില്‍ 28,525 ഉറുപ്പികയ്ക്ക് ഞാന്‍ ലേലം വിളിച്ചെടുക്കുകയാണുണ്ടായത്. ഇതിലതൃപ്തരായ മറ്റുള്ളവര്‍ കളക്ടറായിരുന്ന ഷെഫീല്‍ഡിനെ കണ്ട് ഞാന്‍ വിളിച്ചതിനേക്കാള്‍ കൂടുതല്‍ തുകയ്ക്ക് ലേലമുറപ്പിക്കാനവര്‍ തയ്യാറാണെന്ന് അറിയിച്ചു. ഞാന്‍ വിളിച്ചെടുത്ത തുകയേക്കാള്‍ വെറും അഞ്ച് രൂപ കൂട്ടി മാത്രമാണ് അവര്‍ വിളിക്കുവാന്‍ തയ്യാറായത്. മലബാര്‍ കളക്ടറായിരുന്ന ഷെഫീല്‍ഡ് ഈ വിവരം ബോര്‍ഡ് ഓഫ് റവന്യൂവിനെ അറിയിക്കുകയുണ്ടായി. എന്നാല്‍, ബോര്‍ഡ് ഓഫ് റവന്യൂ ആകട്ടെ, എന്റെ പേരില്‍ ഉറപ്പിച്ച ലേലം മാറ്റുവാന്‍ തയ്യാറായില്ല. എനിക്കുവേണ്ടി സെക്യൂരിറ്റി നിന്നത് കണ്ണൂര്‍ ബീബിയായിരുന്നു. അരിശംപൂണ്ട മാപ്പിളക്കച്ചവടക്കാര്‍ അറയ്ക്കല്‍ ബീബിയെ കണ്ട് എനിക്കുവേണ്ടി സെക്യൂരിറ്റി നില്‍ക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതുമൂലം ബീബി പിന്‍മാറി. തുടര്‍ന്ന് എനിക്ക് മറ്റൊരു സെക്യൂരിറ്റിയെ കണ്ടെത്തേണ്ടിവന്നു. 1829ല്‍ ഏലം ലേലം വിളിച്ചെടുത്തതും ഞാന്‍തന്നെ. 42,505 ഉറുപ്പികയ്ക്കാണ് ഞാന്‍ ലേലം കൊണ്ടത്. എന്നാല്‍, നാദാപുരത്തെ ആലി ഹസ്സനും ചൊക്രുവും അതിനേക്കാള്‍ കൂടിയ തുകയ്ക്ക് ലേലംവിളിയില്‍ പങ്കെടുത്തു. ഞാന്‍ ലേലസംഖ്യ കൂട്ടിവിളിക്കുന്നതുകൊണ്ടാണ് ലേലസംഖ്യ ഉയര്‍ന്നുവന്നത് എന്നതൊരു ചരിത്രംതന്നെയാണ്. മലബാര്‍ കളക്ടര്‍ ഇക്കാര്യത്തില്‍ പലപ്പോഴായി എന്നെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കുറി ഏലം വില അന്താരാഷ്ട്ര വിപണിയില്‍ വളരെ താഴ്ന്നതിനാല്‍ എനിക്ക് വളരെയേറെ നഷ്ടമുണ്ടായിരിക്കുന്നു.
ആരും ലേലത്തില്‍ പങ്കെടുക്കാനില്ലാതിരുന്നതുകൊണ്ട് 32,000 ഉറുപ്പികയ്ക്ക് ഞാന്‍തന്നെ വിളിച്ചെടുക്കേണ്ടിവന്നു. എനിക്കിതുമൂലം വളരെയേറെ നഷ്ടമുണ്ടായിരിക്കുന്നു. അതിനാല്‍ എനിക്കുണ്ടായ നഷ്ടം താങ്കള്‍ നികത്തിത്തരണമെന്ന് അപേക്ഷിക്കുന്നു.'' വളരെ വാശിയേറിയ ലേലംവിളിയാണ് ഏലത്തിന്റെ കാര്യത്തില്‍ ഇവിടെ നടന്നിരുന്നത് എന്ന് ഈ കത്ത് നമ്മെ ഓര്‍മിപ്പിക്കുന്നു.

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -