എന്‍.ഗോപാലകൃഷ്ണന്‍ കഥാവശേഷനായി.
എന്തുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെപറ്റി ഒരു വരി പോലും എവിടെയും - ഫെയ്‌സ്ബുക്കില്‍ പോലും - എഴുതാതിരുന്നത് എന്ന് അദ്ദേഹവുമായി ഏറ്റവും ഗാഢമായ ബന്ധമുള്ള ആളുകളില്‍ ഒരാളാണ് ഞാന്‍ എന്നറിയാവുന്ന നിരവധിപേര്‍ ചോദിച്ചു.
ഉച്ചനേരം കഴിഞ്ഞ് 'മാതൃഭുമി'യില്‍നിന്ന് ഒ.ആര്‍.രാമചന്ദ്രന്‍ വിളിച്ചു. 'മാതൃഭൂമി' ഓണ്‍ലൈനില്‍ ഓര്‍മ്മക്കുറിപ്പ് എഴുതിത്തരണം. സഹദേവേട്ടന്‍ തന്നെയാണ് എഴുതേണ്ടത്. മൂന്നുമണിയോടെ തരണം. എനിക്ക് ഉറപ്പുകൊടുക്കാന്‍ കഴിഞ്ഞില്ല.
മൈഗ്രേന്‍ പിടികൂടി തലയുയര്‍ത്താന്‍ വയ്യാതെ, ലോകത്തോടു മുഴുവന്‍ ക്ഷോഭിച്ച് കഴിഞ്ഞുകൂടുകയായിരുന്നു ഇന്നലെ മുഴുവനും ഞാന്‍.
ബുധനാഴ്ച രാവിലെ പത്രത്തില്‍നിന്ന് മരണവിവരം അറിഞ്ഞിരുന്നു. ആ സമയം മൈഗ്രെന്‍ അലട്ടിത്തുടങ്ങിയി. ഗോപിയേട്ടനെപറ്റി എന്തെങ്കിലും ആലോചിക്കാന്‍ പോലും ആ തലവേദന എന്നെ അനുവദിച്ചില്ല. വൈകുന്നേരമാണ് അല്‍പ്പം ശമനം കിട്ടിയതും പുറത്തേക്കിറങ്ങിയതും.
-----
ഏത് പത്രാധിപരെ സംബന്ധിച്ചും ആഹ്ലാദകരമെന്ന് പറയാവുന്ന ഒന്ന് ചുരുങ്ങിയ കാലയളവില്‍ എറിയ അളവില്‍ വായനക്കാര്‍ ഇഷ്ടപ്പെടുന്ന പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതാണ്. എനിക്കും.
ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതുമായിരുന്നുവെങ്കിലും എന്‍. ഗോപാലകൃഷ്ണന്‍ മലയാളത്തില്‍ എഴുതിത്തുടങ്ങുന്നതിന് കാരണക്കാരാന്‍ ആയത് ഞാനാണ്. ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹമെഴുതിയ മിക്ക ലേഖനങ്ങളും പ്രസിദ്ധീകരിച്ചത്. അത് അദ്ദേഹം പ്രസിദ്ധീകരിച്ച ആദ്യ ലേഖന സമാഹാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് - എ.സഹദേവനും ഡി.സി.കിഴക്കേമുറിയും ആണ് അദ്ദേഹത്തെ മലയാളത്തില്‍ പ്രതിഷ്ഠിച്ചതെന്ന്. അദ്ദേഹമെഴുതിയ മലയാളലേഖനങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ച സഹപത്രാധിപര്‍ എന്ന നിലക്ക് ഞാന്‍; ആദ്യമലയാള ലേഖനസമാഹാരം പ്രസിദ്ധീകരിച്ച പ്രസാധകന്‍ ഡി.സി.കിഴക്കെമുറി.
പിന്നെ മലയാള മനോരമ ദിനപത്രത്തില്‍ എഡിറ്റോറിയല്‍ പേജില്‍ അദ്ദേഹത്തെ കണ്ടുതുടങ്ങി. തോമസ് ജേക്കബ് എഴുതിയത് ഓര്‍മ്മ വരുന്നു; 'മലയാളത്തെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം ശ്രദ്ധേയമായ ഒരുകാര്യം എന്‍ ഗോപാലകൃഷ്ണന്‍ എന്ന ഒരാള്‍ എഴുതുടങ്ങിയെന്നതാണ്'. താമസിയാതെ മറ്റു പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തോട് ലേഖനങ്ങള്‍ ചോദിച്ചുവാങ്ങിത്തുടങ്ങി.
----
ആദ്യമായി എന്‍ ഗോപാലകൃഷ്ണനെ കാണുന്ന സന്ദര്‍ഭം നല്ല ഓര്‍മ്മയുണ്ട്.
ഒരു ദിവസമുണ്ട്, അതാ മീശ കൊണ്ട് സര്‍റിയലിസ്റ്റ് ചിത്രകാരന്‍ സാല്‍വദോര്‍ ദാലിയെ ഓര്‍മ്മിപ്പിക്കുന്ന മുഖവുമായി ഒരു കുറിയ ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഭാഗത്തിലേക്ക് കയറി വന്നു. സഹദേവനല്ലെ എന്ന് ചോദിച്ച് ഇരിന്നു. കാതില്‍ ചുവന്ന കല്ലുള്ള കടുക്കന്‍. നേരിയ മല്ല്തുണിയില്‍ പ്രത്യേകം തയ്പ്പിച്ച വെള്ളക്കുപ്പായം. എന്ത് അഹിതം സംഭവിച്ചാലും ചിരിയിലേക്കേ തെന്നിമാറൂ എന്ന് നിശ്ചയിച്ച മുഖഭാവം. എന്‍ ഗോപാലകൃഷ്ണന്‍ എന്ന് സ്വയം പരിചയപ്പെടുത്തി അദ്ദേഹം. സഹദേവനെ പരിചയപ്പെടണമെന്ന് ഗോപാലകൃഷ്ണന്‍ എന്ന ഒരു വ്യക്തി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കഥാകൃത്ത്/നോവലിസ്റ്റ് കെ.പി.രാമനുണ്ണി എന്നോട് കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ പറഞ്ഞത് അപ്പോള്‍ ഓര്‍മ്മ വന്നു.
ഗോപാലകൃഷ്ണന്‍ ഒരു കത്ത് തന്നു. 'വായനക്കാര്‍ എഴുതുന്നു' എന്ന പംക്തിയിലേക്ക് വായനക്കാരന്‍ തന്നെ പത്രാധിപര്‍ക്ക് നേരിട്ടു കൊണ്ടുവന്നു തന്ന എഴുത്തായിരുന്നു അത്. ആ കാലത്ത് റിട്ടയേര്‍ഡ് ഐ.പി.എസ്. ഓഫീസര്‍ എന്‍. കൃഷ്ണന്‍നായര്‍ ആഴ്ചപ്പതിപ്പില്‍ എഴുതിവന്നിരുന്ന 'വിലങ്ങുകളെ വിട' എന്ന സര്‍വീസ് സ്റ്റോറിയിലെ ഒരു പരാമര്‍ശത്തെക്കുറിച്ചായിരുന്നു കത്ത്. ടി എന്‍ ജയചന്ദ്രനെ വിമര്‍ശിക്കുന്നതായിരുന്നു പരാമര്‍ശം. അതേക്കുറിച്ച് എന്‍ ഗോപാലകൃഷ്ണന്‍ എഴുതിയത്: 'വയനാട്ടിലെ വയലില്‍ ഇറങ്ങിയ പുലിയുടെ തലക്കുമീതെ പുലി നെല്ലും തിന്നുമല്ലോ എന്ന് കരുതി കിളികള്‍ തലങ്ങുംവിലങ്ങും പറന്ന് വേവലാതിപ്പെടുന്നത് പോലെയായി ടി എന്‍ ജയചന്ദ്രനെക്കുറിച്ചുള്ള എന്‍. കൃഷ്ണന്‍നായരുടെ എഴുത്ത്' എന്നായിരുന്നു.
കുറച്ചു നേരം സംസാരിച്ച് പിരിയുമ്പോള്‍ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, 'ഗോപിയേട്ടന് ഒട്ടനവധി അനുഭവങ്ങളുണ്ടാകുമല്ലൊ, ആഴ്ച്ചപ്പതിപ്പിലേക്ക് എഴുതിതരുമോ?'.
അങ്ങനെ ഗോപിയേട്ടന്‍ എഴുതിത്തുടങ്ങി. കെ. എല്‍. സൈഗാളിനെ പറ്റി, ടെന്‍സിങ്ങിനെ പറ്റി, ഹിന്ദുസ്ഥാനി സംഗീതജ്ഞരെപറ്റി, വിദേശയാത്രകളിലെ അനുഭവങ്ങളില്‍നിന്ന് രസകരമായ സന്ദര്‍ഭങ്ങള്‍ അതിമനോഹരമായ ഭാഷയില്‍ എന്‍ ഗോപാല്കൃഷ്ണന്‍ എഴുതി. ഓര്‍മ്മയും നര്‍മ്മവും കലരുമ്പോള്‍ ഉണ്ടായ പുതിയതരം എഴുത്തായിരുന്നു അത്. അവയില്‍ എനിക്കേറ്റവും പ്രിയങ്കരമായത് 'ശ്രീ ഗുരുഭ്യോ നമ:' എന്ന ലേഖനമാണ്. പിന്നെ കെ എല്‍ സൈഗാളിനെ പറ്റിയുള്ളതും.
----
അങ്ങനെ ഇരിക്കെ ഗോപിയേട്ടന്‍ പറഞ്ഞു, 'നമുക്ക് വി കെ എന്നിനെ പോയി കാണണം'. പോകുകയും ചെയ്തു. ഒരുപാടുകാലത്തെ സൗഹൃദം ഉണ്ടായിരുന്നവര്‍ നീണ്ട കാലത്തെ വേര്‍പെടലിന് ശേഷം കാണുന്ന പോലെയായിരുന്നു അത്. വി കെ എന്‍ പെട്ടെന്ന് ആഗോളകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങി. താന്‍ പറയുന്നത് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയുന്ന ഒരേ ഒരാള്‍ എന്ന മട്ടിലായിരുന്നു വി കെ എന്‍ സംസാരിച്ചത്. പിരിയുമ്പോള്‍ ഒരു സാഹിത്യക്കച്ചവട ഉടമ്പടിയും നടന്നു. വി കെ എന്‍ എഴുതിയ കഥാസമാഹരം നാഷണല്‍ ബുക്ക് ട്രസ്റ്റിന് പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഇംഗ്ലീഷില്‍ മൊഴിമാറ്റാന്‍ ഉള്ള ഉടമ്പടി. ഗോപിയേട്ടന്‍ ആ സമയത്ത് കെ പി രാമനുണ്ണിയുടെ 'സൂഫി പറഞ്ഞ കഥ' തര്‍ജ്ജിമ ചെയ്തിരുന്നു.
ഈ ഉടമ്പടിക്ക് പിന്നീട് തട്ടിയ ഉടവ് രസകരമായ വേറൊരു കഥയിലേക്ക് തിരിയുന്നു. അതു പറയാം. കഥകളില്‍ ഒന്ന് തര്‍ജ്ജിമ ചെയ്ത് അഭിപ്രായത്തിനായി ഗോപിയേട്ടന്‍ വി കെ എന്നിന് അയച്ചുകൊടുത്തു. അഭിപ്രായവ്യത്യാസമില്ലാത്തതിനാല്‍ തുടര്‍ന്ന് കഥകള്‍ മുഴുവന്‍ മൊഴിമാറ്റി ഗോപിയേട്ടന്‍ നാഷണല്‍ ബുക്ക് ട്രസ്റ്റിന് അയച്ചുകൊടുത്തു. ഇക്കാര്യത്തില്‍ വി കെ എന്‍ എന്നോടാണ് ഗോപിയേട്ടനോട് പറയാനുള്ള കാര്യങ്ങള്‍ ഫോണിലുടെയും മറ്റും അറിയിച്ചുകൊണ്ടിരുന്നത്.
ആയിടക്ക് ആണ് ഗോപിയേട്ടന്‍ ആദ്യ ലേഖനസമാഹാരം ഡി സി വഴി പ്രസിദ്ധീകരിക്കുവാന്‍ തയ്യാറെടുക്കുന്നതും അച്ചടി പൂര്‍ത്തിയാവുന്നതും. അതു പ്രകാശനം ചെയ്യാന്‍ വി കെ എന്‍ തന്നെ വരണമെന്ന് ഗോപിയേട്ടന്‍ ആഗ്രഹിക്കുകയും വി കെ എന്‍ സമ്മതിക്കുകയും ചെയ്തു. പ്രകാശന ദിവസം വി കെ എന്‍ വന്നില്ല. എന്നാല്‍ വീട്ടുകാരോട് ഈ കാരണം പറഞ്ഞ് വി കെ എന്‍ തിരുവില്വാമലയില്‍ നിന്ന് പുറപ്പെടുകയും ചെയ്തു. കോഴിക്കോട്ടേക്കെന്ന് പറഞ്ഞ് പുറപ്പെട്ട വി കെ എന്‍ തൃശ്ശൂരാണ് എത്തിയത്. അങ്ങനെയാണ് ഒരുപാടു കാലമായി വി കെ എന്‍ മനസ്സും പ്രവൃത്തിയും പ്രോഗ്രാം ചെയ്യപ്പെട്ടിരുന്നത്. പുസ്തകപ്രകാശനവേളയില്‍ ഗോപിയേട്ടന്‍ സംഭവം നര്‍മ്മം കലര്‍ത്തി കൃതജ്ഞ്താപര്‍വമാക്കി. അതിന് എന്തെങ്കിലും പ്രതികരണം വി കെ എന്നില്‍ നിന്നുണ്ടായോ എന്നറിവില്ല. ഒരാഴ്ച്ചക്കകം എനിക്ക് തിരുവില്വാമലയില്‍ നിന്ന് ഒരു പോസ്റ്റ്കാര്‍ഡ്. ടു, 'എ സെര്‍ട്ടന്‍ സഹദേവന്‍, മാതൃഭൂമി കോഴിക്കോട്'. പോസ്റ്റ് കാര്‍ഡെന്നാല്‍ തുറന്ന കത്താണല്ലൊ ആര്‍ക്കും വായിക്കാവുന്ന കത്ത്. നാഷ്ണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞ് തര്‍ജ്ജിമ ചെയ്ത ഞാനെഴുതിയ കഥകള്‍ പകര്‍പ്പ് ഉടന്‍ തിരിച്ചയക്കാന്‍ മൂപ്പരോട് പറയുക, ഇല്ലെങ്കില്‍ 'ഗാങ്മാന്‍ ഗോപാലന്‍' എന്ന പേരില്‍ ഒരു കഥാപാത്രത്തെ ഉണ്ടാക്കി ഞാന്‍ കഥയെഴുതും. റെയില്‍വെയില്‍ ട്രിബൂണല്‍ പദവിയിലിരുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ കഥ മാനഹാനി ഉണ്ടാക്കുമോ എന്നെനിക്കറിയില്ല, പ്രത്യേകിച്ച് വി കെ എന്‍ എഴുതുമ്പോള്‍. കത്ത് ഞാന്‍ ഗോപിയേട്ടന് കൈമാറി. ഗോപിയേട്ടന്‍ ആ മാനുസ്‌ക്രിപ്റ്റ് എത്രയും വേഗം വരുത്തി വി കെ എന്നിന് എത്തിച്ചു കൊടുത്ത് 'ഗാങ്ങ് മാന്‍ ഗോപാലന്‍' എന്ന കഥാപാത്രഭ്രൂണഹത്യ സാധിച്ചു.
---
ഗോപിയേട്ടനുമായുള്ള സംഭാഷണങ്ങളില്‍ പരാമര്‍ശിക്കുന്ന സംഭവങ്ങള്‍ പലതും വിശ്വസിക്കണമോ എന്നെനിക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ എഴുത്തുകാരന്‍ വിരാജിക്കുന്ന ലോകത്തെ ഭാവനകളില്‍ എനിക്ക് തര്‍ക്കംകൊണ്ട് ഇടപെടാന്‍ തോന്നിയിട്ടില്ല. അത്രക്ക് മനോഹരമായി കഥ പറയുന്ന ആളായിരുന്നു എന്‍. ഗോപാലകൃഷ്ണന്‍. ഉദാഹരണം, ഗോപിയേട്ടന്‍ ചിത്രകാരന്‍ സാല്‍വദോര്‍ ദാലിയുടെ പാചകക്കാരനെ സ്‌പെയിനിലെ കാറ്റലോണിയയിലെ തെരുവില്‍ കണ്ടു പരിചയപ്പെട്ട കഥ. പാചകക്കാരനിലൂടെ ദാലിയെ എനിക്ക് ഇങ്ങനെ ഗോപിയേട്ടന്‍ വിവരിച്ചുതന്നു: ദാലി അറു പിശുക്കനായിരുന്നു, വീട്ടു ജോലിക്കാരോട് ഒട്ടും മാന്യതയില്ലാതെ പെരുമാറുകയും അവരെ വീട്ടുസാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് കുറ്റപ്പെടുത്തി ഉപദ്രവിക്കുകയും ചെയ്തിരുന്നു, ഗോപിയേട്ടന്‍ പരിചയപ്പെട്ട ആ പാചകക്കാരന്‍ ദാലിയുടെ വീട്ടില്‍നിന്ന് പോകാന്‍ അവസാനത്തെ കാരണം പ്രാതലിന് അയാള്‍ ഉണ്ടാക്കിക്കൊടുത്ത ഓംലെറ്റ് ആയിരുന്നുവത്രെ. രണ്ടു മുട്ട കൊണ്ടു ഓംലെറ്റ് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട ദാലി അതുകഴിച്ച ശേഷം അടുക്കളയില്‍ ചെന്ന് ചവറ്റുകുട്ടയില്‍ കയ്യിട്ടു പരതി. കിട്ടിയത് നാല് മുട്ടയുടെ തോട്! ദാലി പാചകക്കാരനെ പൊരിച്ചുകളഞ്ഞു. വെറും രണ്ടു മുട്ടയുടെ മോഷ്ടാവായി അറിയപ്പെടാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് അയാള്‍ ജോലി ഉപേക്ഷിച്ച് ദാലിയുടെ വീട്ടിന് മുന്നില്‍ എതിര്‍വശത്തായി സ്പാനിഷ് ഓംലെറ്റ് കട തുടങ്ങി. ഗോപിയേട്ടന്‍ പാചകക്കാരനെ കണ്ടത് അവിടെ വെച്ചാണ്!
---
എന്തായാലും മറ്റുള്ളവര്‍ക്ക് അസംഭാവ്യം എന്ന് പറയാവുന്ന ഇത്തരം യാദൃച്ഛികതയെ പറ്റിയാകുമ്പോള്‍ എനിക്കും ഒന്ന് പറയാനുണ്ട്. ഒരു നാള്‍ മാവൂര്‍റോഡില്‍ അരയിടത്തുപാലത്തിനിപ്പുറത്ത് അന്നുണ്ടായിരുന്ന വിദേശമദ്യ വില്‍പ്പനശാലയില്‍ കയറിച്ചെല്ലുമ്പോള്‍ ഗോപിയേട്ടന്‍ എന്നെയും കൂട്ടി. വീട്ടില്‍ നടക്കാനിരിക്കുന്ന ഒരു വിരുന്നിന് മദ്യം വാങ്ങുകയായിരുന്നു ഉദ്ദേശ്യം. ബില്ലെഴുതുന്നതിനിടയില്‍ സേയ്ല്‍സ്മാന്‍ കുപ്പികള്‍ പൊതിയാന്‍ ആദ്യം കിട്ടിയ ദിനപത്രമെടുത്തു പാതിയായി കീറി. ആ കടലാസ്സില്‍ കണ്ണുടക്കിയ നേരം ഞാന്‍ വിസ്മയിച്ചു. ആ കടലാസുപാതിയിലെ മൂലയില്‍ നിന്ന് എന്‍ ഗോപാലകൃഷ്ണന്‍ ചിരിക്കുന്നു. ആ മീശ എഴുന്നേ നില്‍ക്കുന്നു! തലെ ദിവസം പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഗോപിയേട്ടന്‍ എഴുതിയ ലേഖനവും ചിത്രവും. ഒരു നൊടിയിടകൊണ്ടയാള്‍ കുപ്പി പൊതിഞ്ഞ് ഗോപിയേട്ടന്‍ വശം കൊടുത്തു. അയാള്‍ അറിഞ്ഞില്ല പൊതിഞ്ഞുകൊടുത്ത കടലാസിലെ എഴുത്തും ചിത്രവും മുന്നില്‍ നില്‍ക്കുന്ന ആളുടേതാണെന്ന്. പത്രപ്രവര്‍ത്തനത്തിലെ വിലയേറിയ പാഠം ചെറിയ ഭേദഗതിയോടെ എനിക്ക് മുന്നില്‍ നിവരുകയായി. 'ടുഡേയ്'സ് ബെസ്റ്റ് പ്രൊഡ്യൂസ്ഡ് പേപ്പര്‍ ഇസ് ടുമോറോസ് ഫിഷ്‌റാപ്പ്' (ഇന്ന് നന്നായി തയ്യാറാക്കിയ പത്രം നാളെ മീന്‍ പൊതിയാനുള്ളതാണ്)- 'മദ്യവും' എന്ന് പാഠഭേദം!
----
ജീവിതത്തില്‍ ഏറ്റവും മുന്തിയത് ഇഷ്ടപ്പെട്ട ആളായിരുന്നു ഗോപിയേട്ടന്‍, എന്തും ഏതും മുന്തിയത്. മദ്യവും.
മദ്യത്തെപ്പറ്റി ഗോപിയേട്ടന്‍ പറയുന്ന വര്‍ത്തമാനം ലേഖനങ്ങളാക്കാന്‍ ഞാന്‍ ഒരിക്കല്‍ ശ്രമിച്ചിരുന്നു. അപ്പോഴേക്കും എനിക്ക് ആഴ്ച്ചപ്പതിപ്പില്‍നിന്ന് പോകേണ്ടിവന്നു. വിവിധരാജ്യങ്ങളില്‍ സഞ്ചരിച്ച ഗോപിയേട്ടന്‍ അവിടെനിന്ന് സുവനീറുകള്‍ കൊണ്ടുവരും. അക്കൂട്ടത്തില്‍ വിശിഷ്ടമായ മദ്യവും ഒരു കുപ്പി കൊണ്ടുവന്നിരുന്നു. എപ്പോഴെങ്കിലും വളരെ അടുപ്പവും സ്‌നേഹവും ഉള്ളവര്‍ക്ക് ഗോപിയേട്ടന്‍ കരുതലോടെ കൊടുക്കും. അതും ഒരു തുടം മാത്രം. ഒഴിഞ്ഞ കുപ്പിയില്‍നിന്ന് കൂടെ ഉള്ളവര്‍ക്ക് ഓരോ തുള്ളി വീതം മദ്യം കൊടുക്കുന്ന വിദ്യയും ഗോപിയേട്ടന്‍ കാണിച്ചിരുന്നു. എത്ര ഒഴിഞ്ഞാലും പിന്നെയും ഒരുരു തുള്ളി ഊറിയൂറിവരുന്ന മറ്റൊരു മദ്യമായിരുന്നു അത്, വിദേശി തന്നെ. ഗോപിയേട്ടന്‍ ആ തുള്ളിയെ വിശേഷിപ്പിച്ചിരുന്നത് 'മദേഴ്‌സ് ടിയര്‍' എന്നായിരുന്നു. ക്ഷമാശീലയായ അമ്മക്ക് കണ്ണുനീര്‍ വരില്ല അല്ലെങ്കില്‍ അത് കാണാന്‍ അര്‍ക്കും കഴിയില്ല, സ്‌നേഹമുള്ളവര്‍ക്ക് മാത്രം കാണാവുന്ന കണ്ണിരാണത്രെ അത്. അതിനാല്‍ 'അമ്മയുടെ കണ്ണുനീര്‍'.
ഒരിക്കല്‍ എനിക്കുംം ഗോപിയേട്ടന്‍ അമ്മയുടെ കണ്ണുനീര്‍ ഒരിറ്റ് തരികയുണ്ടായി.