സംരക്ഷണത്തിനായി ലോകം മുഴുവന്‍ ഒന്നിക്കെ മണിപ്പൂരില്‍ അമുര്‍ ഫല്‍കണുകള്‍ തീന്‍ മേശയില്‍. വിസ്മയ ദൂരം താണ്ടിയുള്ള പറക്കലിനിടയില്‍ ബരാക് നദിയുടെ നിബിഡ തടങ്ങളില്‍ വിശ്രമത്തിനെത്തിയ പക്ഷികള്‍ ഒന്നോടെ വേട്ടയാടപെടുകയാണ്.
ലോകത്തില്‍ ഏറ്റവും ദൂരം സഞ്ചരിക്കുന്ന ഈ പക്ഷികള്‍ വേട്ടക്കാരുടെ കൈകളില്‍ നിന്ന് ഒരു വേള രക്ഷപെട്ടു എന്നു കരുതിയിരുന്നതാണ്. നാഗലാന്റിലെ ദ്വയാങ് തടാക മേഖലയിലായിരുന്നു അമുര്‍ ഫാല്‍ക്കണുകള്‍ ഏറ്റവും അധികം വേട്ടയാടപെട്ടിരുന്നത്. ഇവയുടെ സഞ്ചാര ദൂരം പോലെ തന്നെ വിവിധ ഭൂഖണ്ഡങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ ബോധവല്‍കരണവും പ്രാദേശിക കാവല്‍ സംഘങ്ങളുമായി അവിടെ സംരക്ഷണ വലയം തീര്‍ത്തു. പക്ഷെ മണിപ്പൂരില്‍ ഇപ്പോഴും ഇവ കൂട്ടത്തോടെ കൊന്നെടുക്കപ്പെടുന്നു.
നവംബറിലാണ് ഈ ദേശാടകര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചേക്കേറുന്നത്. തെക്കു കിഴക്കന്‍ സൈബീരിയയില്‍ നിന്നും ചൈനയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍ നിന്നുമാണ് ലക്ഷ്യം തെറ്റാതെ പറന്നു വരുന്നത്. ഇന്ത്യ ഇടത്താവളം മാത്രമാണ്. മധ്യേന്ത്യ വഴി അറബിക്കടല്‍ കടന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വരെയാണ് ഓരോ വര്‍ഷവും സഞ്ചരിക്കുന്നത്. ചക്രവാതങ്ങളെ ചെറുക്കാന്‍ ആയിരം മീറ്റര്‍ വരെ ഉയരത്തിലാണ് പറക്കല്‍. ഇതിനിടയില്‍ വടക്കു കിഴക്കന്‍ മേഖലയില്‍ കുലം അറ്റു പോകുന്ന സാഹചര്യമാണ്.
വര്‍ഷം 22000 കി.മി പറക്കുന്ന ഈ പക്ഷികളുടെ തിരികെയുള്ള സഞ്ചാര മാര്‍ഗ്ഗം കൃത്യമായി ലഭ്യമല്ല. ഇതിനായി കഴിഞ്ഞ വര്‍ഷം നാഗാലാന്റില്‍ മൂന്നു പക്ഷികളെ സാറ്റലൈറ്റ് ചിപ്പ് ഘടിപ്പിച്ച് വിട്ടിരുന്നു. നാഗാ, പന്‍ഗട്ടി, വോക്ക എന്നു പേര്‍ നല്‍കി. പന്‍ഗട്ടിയും നാഗയും മംഗോളിയവരെ എത്തിയതായി സിഗ്നല്‍ ലഭിച്ചു. വോക്കയെ സോമാലിയവരെയും പിന്തുടരാന്‍ കഴിഞ്ഞു. അതിനു ശേഷം നവംബറോടെ ഇവ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ സിഗ്നല്‍ അറ്റു പോയി.
സംരക്ഷിത പട്ടികയിലുള്ള അമുര്‍ ഫല്‍ക്കണുകളുടെ എണ്ണം കുറഞ്ഞതോടെയാണ് കൂട്ടമായ വേട്ടയാടല്‍ ശ്രദ്ധയില്‍ പെട്ടത്. ബരാക് തടം ഉള്‍പെടുന്നതാണ് മണിപ്പൂരിലെ തമങ്‌ലോങ് ജില്ല. ജീവനുള്ള ഒരു പക്ഷിക്ക് ഇവിടെ 50 രൂപവരെയാണ് വിപണി വിലയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തോക്കുകള്‍ക്കും തോട്ടയ്ക്കും പുറമെ കൂട്ടമായി പിടിക്കാന്‍ എലിപശ ഉപയോഗിക്കുന്നു. ചേക്കേറുന്ന ചില്ലകളിലും വള്ളികളിലും കഠിനമായ പശതേച്ച് ജീവനോടെ പിടിക്കയാണ്. അധികൃതര്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത അഗാധ തടങ്ങളിലെ വനമേഖലയിലാണ് വേട്ട. വിപണിയില്‍ ഇപ്പോള്‍ ഉണക്ക ഇറച്ചി വരെ ലഭ്യമാണ്.
കൃത്യമായ ബോധവല്‍കരണമോ ഈ പക്ഷികളുടെ പ്രധാന്യത്തെക്കുറിച്ച് അറിവു നല്‍കാനുള്ള സംവിധാനങ്ങളോ ഇല്ലാത്തതാണ് വേട്ട വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. ഒരു വര്‍ഷത്തെ ബോധവല്‍കരണ പ്രവര്‍ത്തനം കൊണ്ടു തന്നെ നാഗാലാന്റില്‍ വേട്ട പൂര്‍ണ്ണ തോതില്‍ നിര്‍ത്താന്‍ കഴിഞ്ഞത് അവര്‍ ഇതിനു സാക്ഷ്യമായി പറയുന്നു.