SPECIAL NEWS
  Nov 12, 2014
ശാസ്ത്രവും സ്ത്രീകളും തമ്മില്‍ എന്ത്?
രമ്യ ഹരികുമാര്‍
ലോകം കണ്ട മികച്ച അഞ്ചു ശാസ്ത്രജ്ഞരുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടാല്‍ മനസ്സില്‍ ആദ്യമെത്തുന്ന പേരുകളില്‍ സ്ത്രീ നാമധേയങ്ങള്‍ ചുരുക്കമാണ്. ഒരിക്കലും നോബല്‍ സമ്മാന ജേതാവായ മാഡം മേരി ക്യൂറിയെ വിസ്മരിച്ചുകൊണ്ടല്ല ഇത്തരമൊരു അഭിപ്രായപ്രകടനം. പകരം ശാസ്ത്രലോകത്തുളള സ്ത്രീകളുടെ വളരെ വ്യക്തമായ അഭാവത്തിനു നേരെയുളള ചൂണ്ടുവിരലാകുക മാത്രമാണ് ചെയ്യുന്നത്.
യൂറോപ്പിന്റെ നവോത്ഥാനകാലഘട്ടമായ പതിനാലാം നൂറ്റാണ്ടുമുതല്‍ പതിനേഴാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലാണ് ശാസ്ത്രലോകത്ത് അഭൂതപൂര്‍വ്വമായ മുന്നേറ്റമുണ്ടാകുന്നത്. നിക്കോളാസ് കോപ്പര്‍നിക്കസ്, ഗലീലിയോ ഗലീലി, സര്‍ ഐസക് ന്യൂട്ടണ്‍ തുടങ്ങിയ പ്രഗത്ഭര്‍ ശാസ്ത്രലോകത്തിന് പുതിയ മുതല്‍ക്കൂട്ടുകള്‍ സംഭാവന ചെയ്യുന്നത് ഈ നവോത്ഥാനകാലത്താണ്.
നവോത്ഥാനം അതിന്റെ ഉച്ചസ്ഥായിലെത്തിയിരുന്ന, ശാസ്ത്രം അതിന്റെ നെറുകയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ഇക്കാലത്ത് എഴുതാനും വായിക്കാനുമുളള അറിവ് നേടുകയോ സ്ത്രീ വിഷയങ്ങളെന്നു പറയപ്പെടുന്ന ചിത്രത്തുന്നല്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം എന്നിവയില്‍ അറിവു സമ്പാദിക്കലോ ആയിരുന്നു സ്ത്രീകളുടെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം.
പിന്നീട് മികച്ച വിദ്യാഭ്യാസം നേടാനുളള അവകാശം സ്ത്രീകള്‍ നേടിയെടുത്തെങ്കിലും ശാസ്ത്രം പുരുഷന്‍മാരുടെ മാത്രം ലോകമായി അപ്പോഴേക്കും എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. 1876 വരെ യുകെയിലെ സര്‍വ്വകലാശാലകള്‍ നടത്തിയിരുന്ന ശാസ്ത്ര കോഴ്‌സുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പോലും നിഷിദ്ധമായിരുന്നുവേ്രത. യു.കെയിലെ ആദ്യ ഭൗതികശാസ്ത്ര പ്രൊഫസറായി ഡാഫ്‌നെ ജാക്ക്‌സണ്‍ ശാസ്ത്ര വഴികളിലെത്താന്‍ അവിടുന്ന് പിന്നേയും നൂറുവര്‍ഷങ്ങളാണ് എടുത്തത്.
ഇത് 2014. താല്പര്യമുളള ആര്‍ക്കു വേണമെങ്കിലും ശാസ്ത്ര വിഷയങ്ങളില്‍ ഉപരിപഠനം നടത്താനുളള അവസരവും സാധ്യതകളും ഇന്നുണ്ട്. ശാസ്ത്ര വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നിട്ടും ശാസ്ത്രത്തില്‍ സ്ത്രീ പ്രാതിനിധ്യം കുറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? ശാസ്ത്ര ലോകത്തിന് ഇനിയും കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?
അപഗ്രഥനങ്ങളും ചര്‍ച്ചകളും ഗവേഷണങ്ങളും ഈ വിഷയത്തെ ചുറ്റിപറ്റി നടന്നു കഴിഞ്ഞു. ഇന്നും നടന്നുകൊണ്ടിരിക്കുന്നു. വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ക്കും സാഹചര്യങ്ങള്‍ക്കും അവ രൂപപ്പെടുത്തുന്ന സംസ്‌ക്കാരത്തിനും ഇക്കാര്യത്തില്‍ ഒരു വലിയ പങ്കു തന്നെയുണ്ട്. സാഹിത്യവും മറ്റു വിഷയങ്ങളുമാണ് സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുളളത് എന്ന ചിന്തകളെ ഊട്ടിയുറപ്പിച്ചാണ് പെണ്‍കുട്ടികള്‍ മുതിര്‍ന്നു വരുന്നതും തനിക്ക് യോജിച്ച തൊഴില്‍ മേഖലകളെ കുറിച്ച് സ്വന്തമായി കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതും. പഠനകാലയളവില്‍ ആണ്‍കുട്ടികളെ പിന്നിലാക്കി ശാസ്ത്രമുള്‍പ്പടെയുളള വിഷയങ്ങളില്‍ ഉന്നത ഗ്രേഡുകള്‍ കരസ്ഥമാക്കുന്ന പെണ്‍കുട്ടികള്‍ പോലും കോളേജ് തലത്തോടെ ശാസ്ത്രത്തോട് വിടപറയുന്നു.

പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രത്തോട് അഭിനിവേശം ഉണര്‍ത്താന്‍ പാകത്തിലുളള മികച്ച ആദര്‍ശമാതൃകകള്‍ ശാസ്ത്രലോകത്ത് കുറവാണ്. മേരി ക്യൂറി, റോസലിന്‍ഡ് ഫ്രാങ്ക്ലൂന്‍ തുടങ്ങിയ സ്ത്രീ രത്‌നങ്ങള്‍ ഉണ്ടെങ്കിലും മനസ്സില്‍ ലക്ഷ്യം രൂപപ്പെട്ടു വരുന്ന പഠനാകാലയളവില്‍ അവര്‍ പഠിക്കുന്ന ശാസ്ത്രചരിത്രങ്ങളിലെ ശാസ്ത്രജ്ഞ കഥാപാത്രങ്ങളെല്ലാം പുരുഷന്മാരാണ്.
ഇതില്‍ നിന്നും ഭിന്നമായി ശാസ്ത്രവിഷയങ്ങളോട് താല്പര്യം പ്രകടിപ്പിച്ച് ഉപരിപഠനത്തിനായി എത്തുന്നവരുമുണ്ട്. അവരില്‍ പലരും ഡോക്ടറേറ്റ് ഉള്‍പ്പടെയുളള ഉയര്‍ന്ന യോഗ്യതകള്‍ നേടുകയും ചെയ്യുന്നു. പക്ഷേ പഠനം പൂര്‍ത്തിയാക്കി പിഎച്ച്ഡി നേടിക്കഴിയുമ്പോഴേക്കും സ്ത്രീകള്‍ക്കു അവരുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് സമൂഹം കരുതുന്ന രണ്ടാം ഘട്ടം തുടങ്ങാനുളള സമയമായിക്കഴിഞ്ഞിരിക്കും. കല്യാണം കഴിഞ്ഞ് കുട്ടികളും കുടുംബവുമായി ജീവിതം ക്രമപ്പെടുത്താനുളള സമ്മര്‍ദ്ദങ്ങള്‍ അവര്‍ക്കു മുകളില്‍ ഏറുന്നു. കഴിവുളളവാരായിട്ടും പലരും ശാസ്ത്രത്തില്‍ നിന്നും കൊഴിഞ്ഞുപോകുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ അതാണ്.
ശാസ്ത്രം അത്യധികം ആത്മാര്‍പ്പണവും ദീര്‍ഘനാളത്തെ കഠിനാധ്വാനവും പരിശ്രമവും വേണ്ട മേഖലയാണ്. ദിവസങ്ങളും വര്‍ഷങ്ങളും നീണ്ടു നില്‍ക്കുന്ന പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ മാത്രമേ വിജയം തേടിയെത്തൂ. ചിലപ്പോള്‍ പരാജയപ്പെട്ടെന്നും വരാം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാതൃത്വത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങളില്‍ തടഞ്ഞ് വേണ്ടത്ര സമയം പരീക്ഷണങ്ങള്‍ക്കോ പഠനങ്ങള്‍ക്കോ ചെലവഴിക്കാന്‍ സാധിക്കാതെ വരുന്നു. കുടുംബവും ലാബും തമ്മിലുളള പൊരുത്തക്കേടുകള്‍ ആരംഭിച്ചു തുടങ്ങുന്നതോടെ സ്ത്രീകള്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുന്നതോടൊപ്പം അവരുടെ പ്രകടനവും മോശമാകുന്നു.
ശാസ്ത്ര ലോകത്ത് ഇന്നും പ്രകടമാണെന്ന് പറയപ്പെടുന്ന ലൈംഗീകവിവേചനവും സ്ത്രീകളെ ശാസ്ത്രത്തില്‍ നിന്നും അകറ്റുന്നുണ്ടെന്നാണ് യേല്‍ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജിസ്റ്റായ ജോ ഹാന്‍ഡെല്‍സ്മാനിന്റെ അഭിപ്രായം. ശാസ്ത്ര ലോകത്തെ ലിംഗവിവേചനത്തെക്കുറിച്ച് ജോയും സംഘവും നടത്തിയ പഠനങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
യുഎസിലെ പ്രശസ്്തമായ ആറു യൂണിവേഴ്‌സിറ്റിയിലെ 127 പ്രൊഫസര്‍മാരോട് ജോയും സംഘവും ലാബോറട്ടറി മാനേജര്‍ പോസ്റ്റിലേക്കായി രണ്ടു ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ വിലയിരുത്താന്‍ ആവശ്യപ്പെട്ടു. ഒരേ യോഗ്യതയുളള ജെന്നിഫര്‍ എന്ന പെണ്‍കുട്ടിയുടേയും ജോണ്‍ എന്ന ആണ്‍കുട്ടിയുടേയും കെട്ടിച്ചമച്ച കരിക്കുലം വിറ്റേ ആയിരുന്നു രണ്ടും. സ്ത്രീകള്‍ ഉള്‍പ്പടെയുളള ഭൂരിഭാഗം പ്രൊഫസര്‍മാരും ആണ്‍കുട്ടിയെ ജോലിക്കെടുക്കാനാണ് താല്പര്യം പ്രകടിപ്പിച്ചത്. പെണ്‍കുട്ടിയെ ജോലിക്കെടുക്കാന്‍ താല്പര്യപ്പട്ടവരാകട്ടെ ആണ്‍കുട്ടിയേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് പെണ്‍കുട്ടിക്ക് വാഗ്ദാനം ചെയ്തത്. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനോ അവരെ ജൂനിയേഴ്‌സ് ആയി ലഭിക്കാനാണോ ആണ് മിക്കവര്‍ക്കും താല്പര്യം.
സ്ത്രീകളുടെ പ്രകടനനിലവാരത്തില്‍ സംശയം പ്രകടിപ്പിക്കുകയും ഇടക്കിടെ അവലോകനം നടത്തുകയും ചെയ്യുന്നവര്‍ അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കാനും മടിക്കുന്നുണ്ട്. സയന്റിഫിക് അഡൈ്വസറി ബോര്‍ഡുകളിലേക്ക് സ്ത്രീകളെ നിയമിക്കാന്‍ മടിക്കുന്ന കമ്പനി അധികൃതരുമുണ്ട്.സ്ത്രീകള്‍ക്ക് നല്‍കുന്ന ശമ്പളത്തിലും വളരെ പ്രകടമായ വിവേചനമാണ് ഇന്നുളളത്. ഭൗതികശാസ്ത്രം ജ്യോതിശാസ്ത്രം എന്നീ രംഗങ്ങളിലെ സ്ത്രീ ശാസ്ത്രജ്ഞര്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് 40 ശതമാനത്തോളം കുറവാണ് ശമ്പളം.
ഇന്ത്യന്‍ ന്യൂറോ ശാസ്ത്രജ്ഞ വിജയലക്ഷ്മി രവീന്ദ്രനാഥിന്റെ വാക്കുകള്‍ കടമെടുത്തു പറയുകയാണെങ്കില്‍ 'ശാസ്ത്രം ഒരു അസൂയാലുവായ യജമാനത്തിയാണ്. പൂര്‍ണ്ണ സമര്‍പ്പണമാണ് അതാവശ്യപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഒരോ ചെറിയ ഖണ്ഡത്തില്‍ പോലും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പിന്തുണ ആവശ്യമായി വരുന്നത്'. ഇക്കാര്യം തിരിച്ചറിഞ്ഞ പല രാജ്യങ്ങളും ശാസ്ത്രലോകത്ത് തുടരുന്ന ഇത്തരം ലൈംഗീക അസമത്വത്തെ നേരിടാന്‍ വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു.
കുട്ടികളുടെ സംരക്ഷണത്തിനുളള സഹായം, പ്രസാവവധി വര്‍ധിപ്പിക്കുക തുടങ്ങി മികച്ച കുടുംബസൗഹൃദമുള്ള നയങ്ങളാണ് അവയില്‍ ചിലത്. ശാസ്ത്ര രംഗത്ത് സ്ത്രീകള്‍ക്കായി പ്രത്യേകസംവരണം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. ശാസ്ത്രരംഗത്ത് വലിയ പുരോഗതികള്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഇന്ത്യയില്‍ കിരണ്‍ (knowledge Involvement in Research advancement through nurturing) പോലുളള വനിതാശാക്തീകരണ പദ്ധതികള്‍ ആദ്യപടിയായി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. പല യൂറോപ്യന്‍ റിസര്‍ച്ച് ഏജന്‍സികളും ഇന്‍സ്റ്റിറ്റിയൂഷനുകളും സ്ത്രീകളുടെ ഗവേഷണപദ്ധതികള്‍ക്കും സ്വന്തം ലാബുകളുടെ നിര്‍മ്മാണത്തിനുമായി നിരവധി ഫണ്ടുകളും അനുവദിച്ചു തുടങ്ങിയിരിക്കുന്നു.
ഒന്നുറപ്പിക്കാം കാലമെടുത്താലും ഭാവി ശാസ്ത്രജ്ഞരില്‍ വര്‍ത്തമാന കാലത്തെ ആണ്‍മക്കളോടൊപ്പം പെണ്‍മക്കളും കൈകോര്‍ക്കും. പക്ഷേ അതിനായി ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അവരുടെ കഴിവുകളെ പൂട്ടു തുറന്നു വിടാന്‍ സാധിക്കണമെന്നു മാത്രം.



 

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -