അമ്പലം ഭരിക്കുന്നവരും നടത്തുന്നവരും കാളയിറച്ചി (പശുവിറച്ചിയല്ല- ഗോമാതാവിനെ ഭക്ഷിക്കരുത് എന്നേയുള്ളു പ്രമാണം എന്ന് ബീഫ് ഇഷ്ടപ്പെടുന്ന എന്റെ ഹൈന്ദവഗോസായിസുഹ്യത്തുക്കള്‍ തമാശയായി വ്യാഖ്യാനിച്ചിട്ടുണ്ട്) ഭക്ഷിക്കുന്നു, മദ്യം സേവിക്കുന്നു, ആഡംബരക്കാറില്‍ പതിനെട്ടാംപടി കയറുന്നു തുടങ്ങി അബ്രാഹ്മണ താമസപരിപാടികള്‍ നടത്തുന്നതായി ഇതേക്കുറിച്ച് വിവരമുള്ള മഹാന്മാര്‍ ടി വി യില്‍ പറയുന്നതു കണ്ടു. അഭയയും അച്ചന്മാരും സി ബി ഐ ഡയറിക്കുറിപ്പിനേക്കാള്‍ ആകര്‍ഷകമായി കോടതിവരാന്തയില്‍ ഒരുക്കിയ വിഷ്വല്‍സ് കണ്ടു, കാണാപ്പാഠമായി. മ്അദനിയുടെ വീറും വാശിയും വിതറുന്ന വാക്കുകളുടെയും മുഖഭാവങ്ങളുടെയും പിന്നിലെയും മുന്നിലെയും അര്‍ത്ഥം തേടി ചാനലായ ചാനലെല്ലാം തല കുത്തി മറിയുന്നു. പത്രം തുറന്നാല്‍ ഭാര്യമാര്‍ വേണോ വേണ്ടയോ എന്ന സ്വല്പം ബ്ലൂ മൗലികചിന്തകള്‍ ഉദ്ദീപിപ്പിക്കുന്ന കളര്‍പ്പടങ്ങള്‍. എല്ലാവരും പക്ഷെ ഒരു കാര്യത്തില്‍ ഒന്നിച്ചാണ്. നാം തികച്ചും സെക്യുലര്‍ ആണ് മതേതരത്വം മാത്രമേ നമ്മുടെ മനസ്സില്‍ കയറൂ.
ദൈവത്തോടടുപ്പമുള്ള ഇക്കൂട്ടരുടെ ഇത്തരം ആധുനിക സമീപനത്തിന്റെ ആകര്‍ഷകമായ ടി വി ഫുട്ടേജ് ഭാഗ്യത്തിന് പലരും തന്നത് എല്ലാ ചാനലുകളുടെയും ആര്‍ക്കൈവ്‌സിലുണ്ട്. ഭാഗ്യം. മറ്റൊന്നും കിട്ടാനില്ലാത്തപ്പോള്‍ നമ്മുടെ വിജ്ഞാനത്തിനും വിനോദത്തിനും ഗ്യാപ്പു വരികയില്ലല്ലോ.
തീവ്രവാദത്തിന്റെ ഉറവിടം എവിടെയാണ്? അത് മതനേതാക്കന്മാരുടെ ജല്പനങ്ങളിലല്ല. അവരുടെ വിഷവാക്കുകള്‍ വെറും കാറ്റു മാത്രമാണ്. തീപ്പൊരി ആളിക്കത്താനുള്ള കാറ്റ്.
പിന്നെ?
തീപ്പൊരി നമ്മുടെ മനസ്സുകളിലാണ്. ദൈവത്തെക്കാള്‍ വലുത് ആചാരങ്ങളും മേക്കപ്പുകളുമാണെന്ന് മതങ്ങള്‍ സാക്ഷരതയിലൂടെയും മാജിക്കുകളിലൂടെയും നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ വിജയിച്ചു. ശാസ്ത്രവും കോമണ്‍സെന്‍സും പോലും തോറ്റു. അമ്പതു കൊല്ലം മുമ്പ് പൂണൂല്‍ പൊട്ടിച്ച നമ്പൂതിരിവിപ്ലവകാരികളുടെ പേരക്കുട്ടികള്‍ ഇന്നു തികഞ്ഞ ആചാരാനുഷ്ഠാനങ്ങളോടെ പൂണുനൂലിടുന്നു. പൂണുനൂലിടാത്ത ജാതിക്കാര്‍ പൂണുനിലിടാനുള്ള അവകാശത്തിനായി മുറവിളി കൂട്ടുന്നു. പര്‍ദ്ദയിലേക്കുള്ള ആദ്യപടവുകള്‍ അടുത്ത കാലത്തായി ഉന്നതവിദ്യാഭ്യാസം നേടിയ മുസ്ലിം പെണ്‍കുട്ടികള്‍ പോലും ചവിട്ടാന്‍ തുടങ്ങിയിരിക്കുന്നു. നൊയമ്പുനോക്കാത്തവര്‍, കുര്‍ബാന കൊള്ളാത്തവര്‍, ചന്ദനം തൊടാത്തവര്‍ എല്ലാം ഭ്രഷ്ടിലേക്കു നീങ്ങുമോ എന്നു ഭയപ്പെടുകയാണ്. വസ്ത്രത്തിന്റെ നിറം പോലും മനുഷ്യനെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുകയാണ്. വിശപ്പും രോഗവും മരണവും എല്ലാവര്‍ക്കും ഒന്നുപോലെയാണെന്ന സത്യം നമ്മെ സുനാമി ഓര്‍മ്മിപ്പിച്ചെങ്കിലും അത് പെട്ടെന്നു മറക്കുന്നതില്‍ മതാചാരപണ്ഡിതര്‍ വിജയിച്ചുകൊണ്ടിരിക്കുകയാണ്. പൊങ്കാലകളും ഉത്സവങ്ങളും തീര്‍ത്ഥാടനങ്ങളും കാണിക്കകളുമാണ് മതം എന്ന നിലയിലേക്ക് വന്നുകഴിഞ്ഞു. ആവേശം നല്‍കുന്ന വിഷവാക്കുകളുടെ ചെറിയ കാറ്റു മതി, നമ്മളെല്ലാം തീവ്രവാദികളായി മാറും.
1955ലാണ് ഞാന്‍ വടക്കേഇന്ത്യയില്‍ പോയത്. അന്നത്തെ
വിന്ധ്യപ്രദേശിന്റെ തലസ്ഥാനമായ റീവാ പട്ടണത്തില്‍. വെള്ളക്കടുവയുടെയും അര്‍ജുന്‍സിംഗിന്റെയും നാട്. ഹിന്ദിയുടെ വകഭേദമായ ബാഘേല്‍ഖണ്ഡി ഭാഷ. കുടുമയില്ലാത്ത ഹിന്ദുക്കളെ അസ്പ്യശ്യരെന്നോ മദ്രാസി എന്ന അധമവര്‍ഗ്ഗമായോ കണക്കാക്കുന്ന സമൂഹം. അന്ന് എന്നോടൊപ്പം നാല്പതിപ്പതിലേറെ ചെറുപ്പക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ ഒരു ആഫീസില്‍ ജോലിയില്‍ ഒരേ സമയം പ്രവേശിച്ചു. എല്ലാവരും ഹൈ ഫസ്റ്റ് ക്ലാസ്, ഹൈ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദമുള്ളവര്‍. ഒരു ഡോക്ടറേറ്റുകാരനും ഒപ്പമുണ്ട്. സ്വതന്ത്രഭാരതത്തിന്റെ ബൗദ്ധികപാരമ്പര്യവും ഉന്നതവിദ്യാഭ്യാസവും കൈവശമുള്ള ലക്ഷ്യബോധം കൈവിടാത്ത യുവാക്കള്‍. ലഖ്‌നൗ, അലഹബാദ്, ദില്ലി, സാഗര്‍, ജബല്‍പുര്‍, ആഗ്രാ, പാട്‌നാ, കല്‍ക്കത്താ, നാഗ്പുര്‍, മദ്രാസ്, തിരുവിതാംകൂര്‍. എല്ലാ സര്‍വകലാശാലകളില്‍ നിന്നും വന്നവര്‍. ഹിന്ദു, മുസ്ലിം, ക്യസ്ത്യന്‍, സിഖ് എല്ലാവരുമുണ്ട്. ഇന്ന് അദ്ഭുതമായി തോന്നുന്നു. സിനിമയെയും സ്‌പോര്‍ട്ട്‌സിനെയും പെണ്‍കുട്ടികളെയും കാള്‍ കൂടുതല്‍ രാഷ്ട്രീയമായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ഇഷ്ടവിഷയം.
ഹിന്ദുത്വവും ജാതിവിഭാഗീയതയും ഫാബിയന്‍ സോഷ്യലിസവും ഭാഷാ തീവ്രവാദവും റഷ്യാ-ചൈനാ താത്വികസംഘര്‍ഷങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും ഏറ്റവും രസകരമായി ഇപ്പോള്‍ തോന്നുന്നത് അന്ന് പൊതുവെ ഒട്ടു മിക്കവരുടെയും ലൈന്‍ തികച്ചും ഇന്ത്യയില്‍ ഒരു അര്‍ദ്ധ സായുധവിപ്ലവം വരുമെന്നും അതിന്റെ വിജയത്തിന്റെ അനിവാര്യതയെക്കുറിച്ചുമുള്ള വിശ്വാസവുമായിരുന്നു എന്നതാണ്. ഗാന്ധിയന്‍ ചിന്തകള്‍ ആരും ഗൗരവമായി പഠിച്ചിരുന്നില്ല. എല്ലാവരുടെയും ഇഷ്ടനേതാവ് ഭഗത് സിംഗിന്റെ പാരമ്പര്യമുള്ള അച്യുത് പട്വര്‍ദ്ധന്‍ ആയിരുന്നു. ഹിന്ദി മേഖലയിലെ ചെറുപ്പക്കാരുടെ ആവേശമായിരുന്നു അക്കാലത്ത് അച്യുത്ജി. തെലുങ്കാനാ കമ്യൂണിസമായിരുന്നു കേരളത്തെക്കാളും ബംഗാളിനെക്കാളും വിശാലമായ ഹിന്ദി മേഖലയിലെ ചെറുപ്പക്കാരെ ആവേശം കൊള്ളിച്ചിരുന്നത്.
അന്ന് ഞങ്ങളെല്ലാവരും പൂര്‍ണ്ണമായി യോജിച്ചിരുന്ന ഒന്ന് ജാതിമതാദികള്‍ക്ക് എതിരായ നിലപാടിലായിരുന്നു. ഇടയ്ക്കിടയ്ക്ക് ഹിന്ദു മുസ്ലിം ലഹളകള്‍ ഉത്തരേന്ത്യയില്‍ സാധാരണമായിരുന്നു. ഒരു മുസ്ലിം ഡ്രൈവര്‍ ഓടിക്കുന്ന വണ്ടി ഇടിച്ച് പശു ചത്താല്‍ അത് ആ പ്രദേശത്ത് ഇത്തരം ഒരു ലഹള ഉണ്ടാകാന്‍ മതിയായ കാരണമായിരുന്നു. ഹിന്ദു മുസ്ലിം കുടുംബങ്ങള്‍ ലഹളയില്‍ നിന്ന് അയല്‍ക്കാരെ രക്ഷിക്കുന്ന കടമ സ്വയം ഏറ്റെടുക്കും. ഒരു ഗുണ്ടാ ലഹളയില്‍ കൂടുതല്‍ ആരും ഇവയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നില്ല.
ചെറുപ്പക്കാര്‍ വിപ്ലവത്തിനു വേണ്ടി തയാറാകുകയായിരുന്നു.
ഒരു രസകരമായ സംഭവം ഓര്‍ക്കുന്നു. 1959 ല്‍ ഇ എം എസ് മന്ത്രിസഭയെ പിരിച്ചു വിട്ട നടപടി ഉണ്ടായപ്പോള്‍ കേരള്‍ എന്ന സംസ്ഥാനത്തെക്കുറിച്ച് കേട്ടിട്ടുള്ളതല്ലാതെ കണ്ടിട്ടു പോലുമില്ലാത്ത ഞങ്ങളുടെ അന്നത്തെ കൂട്ടത്തിലെ ആഗ്രക്കാരന്‍ സുഹ്യത്ത് സര്‍ക്കാര്‍ ജോലിയില്‍ നിന്നു രാജി വച്ചു. കാരണം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഇന്ത്യന്‍ പ്രസിഡന്റിന്റെ കീഴില്‍ ജോലി ചെയ്യാന്‍ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല എന്ന്. (കേരളത്തില്‍ ഒരു വിമോചനസമരവിരുദ്ധവിപ്ലവകാരിയും ഈ രീതിയില്‍ തനിക്കു നഷ്ടം വരുന്ന വാശി കാട്ടിയില്ല എന്നത് നമ്മുടെ സ്വന്തം മലയാളി സൈക്കേ. അത് കാര്യം വേറെ) .ഇത്തരം തീവ്രമായ നടപടികള്‍ക്ക് തയാറുള്ള ഒരു യുവതലമുറയായിരുന്നു അന്ന് ഉത്തരേന്ത്യയിലെ ഹിന്ദി ഹ്യദയഭാഗത്ത്.
രാമരാജ്യവും സോഷ്യലിസവും. ശ്രീരാമന് ബാലിയെയും രാവണനെയും വധിക്കാന്‍ ആയുധമെടുക്കാം. തിന്മയെ എതിര്‍ക്കാന്‍ രാമനെ കണ്ടു പഠിക്കൂ. പണക്കാരായ ജമീന്ദാരന്മാരെയും കോണ്‍ട്രാക്ടറന്മാരെയും കൊല്ലുന്ന ചംബലിലെ കൊള്ളക്കാര്‍പോലും ആരാധ്യരായി മാറി.
സ്വതന്ത്രഇന്ത്യയുടെ പ്രധാന ക്ഷേമപദ്ധതിയായ കുടുംബാസൂത്രണം പെട്ടെന്ന് പ്രചരിച്ചു. കാരണം ലളിതമായിരുന്നു. ശ്രീരാമഭഗവാന് രണ്ടു കുട്ടികള്‍, ലവനും കുശനും മാത്രം. നമുക്കെന്തിനാണ് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍? കുടുംബാസൂത്രണത്തിന്റെ ഏറ്റവും ശക്തമായ മുദ്രാവാക്യം.
നമുക്കെന്തോ നഷ്ടപ്പെട്ടു.
ഈ ചിന്തകളുടെ സ്വാഭാവിക വളര്‍ച്ച നഷ്ടപ്പെട്ടതാണ് നമ്മുടെ ഇന്നത്തെ തീവ്രവാദ മനസ്സുകളുടെ പ്രധാന കാരണം.
ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. അന്നത്തെ തലമുറയുടെ പിന്‍ഗാമികള്‍ എങ്ങിനെ സാമ്പത്തികവും സാമുഹ്യവുമായ വിപ്ലവം എന്ന ലക്ഷ്യം വിട്ട് തീവ്രവാദത്തിന്റെയും ജാതിക്കസര്‍ത്തുകളുടെയും രൂപങ്ങളായി മാറിയെന്ന്. ഇന്ത്യന്‍ സോഷ്യലിസ്റ്റ് -കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ബംഗാളിലെയും കേരളത്തിലെയും ബുദ്ധിമാന്മാരായ പ്രാദേശിക മിഡില്‍ ലവല്‍ ചിന്തകര്‍ ഹിന്ദി മേഖലയില്‍ നിന്ന് മാറ്റി സ്വന്തം കൈയിലൊതുക്കിയത് ഒരു കാരണമാണ് തീര്‍ച്ച. ഇന്നും ഗ്രാമങ്ങളുമായോ ഏറ്റവും പാവപ്പെട്ടവരുമായോ അപ്പര്‍ മിഡില്‍ ക്ലാസ് വീക്ഷണത്തിലൂടെ ഇംഗ്ലീഷില്‍ക്കൂടി മാത്രം സംവദിക്കാന്‍ കഴിയുന്ന ഒരു നേത്യത്വത്തിന്റെ അപ്രമാദിത്വത്തില്‍ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനം എത്തിച്ചേര്‍ന്നു എന്നത് ഒരു സ്വാഭാവികദുരന്തം മാത്രമാണ് എന്ന് നമുക്കു സമാധാനിക്കാം.
പക്ഷെ ഈ പോക്ക് അപകടത്തിലേക്കാണ്. സംശയമില്ല. കഴിഞ്ഞ വര്‍ഷം 1957 മുതല്‍ പലപ്പോഴായി കുറെയേറെ വര്‍ഷങ്ങള്‍ ഞ3ന്‍ ജോലിയിലിരുന്ന ഗ്വാളിയറില്‍ പോയിരുന്നു. അമ്പതുകളിലും അറുപതുകളിലും ജനസംഘവും ഹിന്ദുത്വവും കൊടികുത്തി വിരാജിച്ച നഗരം. അടല്‍ ബിഹാരി ബാജ്‌പേയിയുടെയും മാധവ് റാവു സിന്ധ്യയുടെയും തട്ടകം. അവിടെ അര നൂറ്റാണ്ടിനു മുമ്പും മുമ്പും അനവധി മലയാളികള്‍ ഉണ്ടായിരുന്നു. പക്ഷെ ഒരിക്കലും അക്കാലത്ത് ഞങ്ങള്‍ ഏതു മതക്കാരാണെന്നോ ജാതിയാണെന്നോ ഭേദഭാവം അറിഞ്ഞിരുന്നില്ല. പക്ഷെ ദു:ഖത്തോടെ പറയട്ടെ. ഞാന്‍ മുഖ്യാതിഥിയായി ഇപ്പോള്‍ ചെന്നപ്പോള്‍ നടന്ന മലയാളികളുടെ കൂട്ടായ്മയില്‍ സ്ഥലത്തെ മലയാളിയായ ബിഷപ്പു തിരുമേനി അനുഗ്രഹപ്രഭാഷണത്തിന് വന്നപ്പോള്‍ ഉടന്‍ ഒരു പാവം ചെറുപ്പക്കാരനും വരുന്നു. സ്ഥലത്തെ ഈയിടെ തുടങ്ങിയ അയ്യപ്പന്‍കോവിലിലെ പൂജാരി. ഒരു ഉത്തരേന്ത്യന്‍ കാവി വസ്ത്രധാരിയായ പൂജാരിയുടെ എല്ലാ വേഷവിധാനങ്ങളോടെയും. മുസ്ലിങ്ങള്‍ കുറവായതുകൊണ്ടായിരിക്കണം ഒരു മുസ്ലിം പുരോഹിതനെയും കണ്ടില്ല. ഹിന്ദു- ക്രിസ്ത്യന്‍. മലയാളികളിലും ദൈവത്തിലും സമാസമം. ചിരിക്കേണ്ടതാണ്. പക്ഷെ അമ്പതു വര്‍ഷത്തിനു ശേഷം നാം എവിടെ ചെന്നെത്തി എന്ന് ഓര്‍ക്കുമ്പോള്‍ എന്റെ റീവായിലെ യുവസുഹ്യത്തുക്കളുടെ പരമ്പരയെ ഇല്ലാതാക്കിയ ആരോടൊക്കെയോ ദേഷ്യം തോന്നുന്നു.
യേശുക്രിസ്തുവിനോടോ അയ്യപ്പസ്വാമിയോടോ ചോദിക്കാനായിരിക്കും ഉപദേശം കിട്ടുക. ഇതിനൊരു പോംവഴിയില്ലേ ?
നമ്മുടെ നോബല്‍ പ്രൈസ് ജേതാവ് ഇന്ത്യന്‍ വംശജനായ നായ്പാള്‍ പറഞ്ഞതാണ് ശരി. മതം ഒരു കാലത്ത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും ആവശ്യമായിരുന്നു. ഇന്ന് ജനാധിപത്യവും അതിന്റെ സമാനരൂപങ്ങളും മതം നടത്തിയിരുന്ന കര്‍മ്മം നിര്‍വഹിക്കാന്‍ കഴിവ് നേടിക്കഴിഞ്ഞു. അമേരിക്കയും ചൈനയും ഭേദപ്പെട്ട ഉദാഹരണങ്ങളാണ്. അതുകൊണ്ട് ഇന്നത്തെ രീതിയിലുള്ള മതത്തിന് അദ്ദേഹം അമ്പതുകൊല്ലത്തെ ആയുസ്സേ നല്‍കിയുള്ളു. അന്തസ്സത്തയില്‍ നിന്ന് ബാഹ്യചിഹ്നങ്ങളിലേക്ക് ഒതുക്കപ്പെടുമ്പോള്‍ ഒരു ആശയത്തിനും ഏറെ നാള്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയില്ല എന്നത് ചരിത്രസത്യമാണ്.
നമ്മളോ ?
നാം സ്വതന്ത്രരാകാന്‍ ശ്രമിക്കുക. അല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. അതുവരെ തീവ്രവാദത്തെ ആയുധങ്ങള്‍ കൊണ്ട് നേരിടുകയല്ലേ നിവര്‍ത്തിയുള്ളു.