കേരളത്തിന് ഇടയ്ക്കിടയ്ക്ക് ഒരു ഗൗരവമായ പ്രശ്‌നം എടുത്ത് അതിന് തികച്ചും വിപ്ലവകരമായ മൗലികമായ പരിഹാരം കണ്ട് ലോകത്തിന് മാത്യകയാകുന്ന പതിവുണ്ട്. അവിടെ നാം ജാതി മത വര്‍ണ്ണ വര്‍ഗ്ഗ സാമ്പത്തിക വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ലീഡ് കൊടുക്കും. തുടക്കം കേരളം ഇന്നത്തെ നിലയില്‍ രൂപപ്പെട്ട 1956 ലാണ്. ലോകചരിത്രം മുഴുവന്‍ പരതി. ഒരിടത്തുപോലും ആയുധത്തിന്റെ പിന്‍ബലമില്ലാതെ ഒരു ആശയവും തത്വശാസ്ത്രവും ദൈവവും വിജയിച്ചിട്ടില്ല. നാം അത് ശരിയല്ല എന്നു കാട്ടിക്കൊടുത്തു. കമ്യൂണിസത്തെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ അംഗീകരിച്ച് നാം റഷ്യയെയും ചൈനയെയും പോലും സ്തബ്ദ്ധരാക്കി. ഈ ഇതുപത്തൊന്നാം നൂറ്റാണ്ടില്‍ത്തന്നെ നോക്കൂ, എത്രയെത്ര പ്രശ്‌നങ്ങളാണ് ഈയിടെ നാം ഒരേ അഭിപ്രായത്തോടെ സരളമായി പരിഹരിച്ചത്. ഐസ് ക്രീം, ടാറ്റാ, കൊക്കൊക്കോള, എസ്റ്റേറ്റ് മാഫിയാ, സ്ത്രീപീഡനം. അവസാനം മുല്ലപ്പെരിയാര്‍ ആയിരുന്നു.
ഇപ്പോള്‍ ദാ മദ്യപ്രശ്‌നവും തീര്‍ന്നു.
കേരളത്തിന്റെ സ്വന്തം മദ്യവര്‍ജ്ജനപരിപാടി ലോകശ്രദ്ധയും ദേശീയ ശ്രദ്ധയും പണ്ട് നാം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തികച്ചും സ്വതന്ത്രമായ വോട്ടിംഗ് പ്രക്രിയയിലൂടെ ഭരണാധികാരം ഏല്‍പ്പിച്ചപ്പോഴുണ്ടായതിന്റെ അകലത്തു പോലും എത്തിയില്ല. പക്ഷെ കേരളത്തില്‍ നാമെല്ലാം നമ്മുടേതായ പാതി അറിവുകളുടെയും അറിവില്ലായ്മകളുടെയും തിരക്കില്‍ ഈ പരിപാടിക്ക് വലിയ പ്രാധാന്യം നല്‍കി. കണക്കുകളും ശരാശരികളും പാര്‍ട്ടികള്‍ തമ്മിലും പാര്‍ട്ടികള്‍ക്കുള്ളിലുമുള്ള വഴക്കുകളും ഈ രാഷ്ട്രീയ തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ക്ക് തികച്ചും വ്യത്യസ്തവും അതേ സമയം വിശ്വസനീയവുമായ മാനം നല്‍കി.

നമ്മുടെ മദ്യവര്‍ജ്ജന, മദ്യനിരോധന പരിപാടികള്‍ മീഡിയായില്‍ തിരിഞ്ഞും മറിഞ്ഞും കോലാഹലമായി വന്നു കൊണ്ടിരുന്നപ്പോള്‍ ആ വിവാദത്തില്‍ മദ്യം വരുത്തുന്ന വിപത്തിനെക്കുറിച്ച് ഘോരഘോരം വാദിച്ച സുഹ്യത്തുക്കളില്‍ പലരും ലേശം നന്നായി രഹസ്യമായും പാതി പരസ്യമായും മദ്യപാനം നടത്തുന്നവരാണ്. അവരോട് ഈ നിലപാടിലെ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി തികച്ചും ന്യായയുക്തമായ മലയാളി സൈക്കേയാണ്.
കള്ളം പറയരുത്. നമുക്കറിയാം. കൊച്ചു കുഞ്ഞുങ്ങളെപ്പോലും കള്ളം പറഞ്ഞാല്‍ നാം ശിക്ഷിക്കും. എന്നു വച്ച് നമ്മളോ കുഞ്ഞുങ്ങളോ കള്ളം പറയാതിരിക്കുമോ ? നോ, പിന്നെ, മദ്യം സമൂഹത്തിലുണ്ടാക്കുന്ന ദുരന്തം, വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ അതിന് ഓരോ കേസിനും ഓരോന്നാണ് കാരണം. അപൂര്‍വം ചില കേസുകളില്‍ മദ്യം മറ്റു ചില ആസക്തികള്‍പോലെ വണ്‍ ഓഫ് ദി റീസണ്‍സ് ആയേക്കാം. അത്രേയുള്ളു.
എന്റെ അഭിവന്ദ്യനായ സുഹ്യത്ത്, കേരളത്തിലെ അത്യുന്നതനായ സാംസ്‌ക്കാരികരില്‍ ഒരു പ്രമുഖന്‍, പക്കാ മദ്യവിരുദ്ധനാണ്, ഈ വിഷയം സംസാരത്തിനിടയില്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
അങ്ങ് മദ്യം കഴിച്ചിട്ടില്ലേ ? ഒരിക്കല്‍പ്പോലും? ടേസ്റ്റിന് ?
എന്താ അങ്ങിനെ ഒരു ചോദ്യം?
വെറുതെ. മാഷ് ഇപ്പോള്‍ കള്ളം പറയുന്നത് നിര്‍ത്തിയോ എന്നറിയാന്‍ ചോദിച്ചതാ?
അദ്ദേഹം ചിരിച്ചു.
നോക്കൂ. എന്താണ് മദ്യം? അത് ആപേക്ഷികമാണ്. ലഹരി തരുന്നതെന്തും മദ്യമാണ്. അഹങ്കാരം, ആര്‍ത്തി ഇവയും ഒന്നു ചിന്തിച്ചാല്‍ മദ്യമല്ലേ ? അതു പോകട്ടെ, നാം മദ്യമെന്നു ഇപ്പോള്‍ കരുതുന്ന എന്തും മദ്യമാണോ ? വൈന്‍ മദ്യമാണോ ? നോ. അതുപോലെ ബിയര്‍ മദ്യമാണോ ? മധുരക്കള്ള് മദ്യമാണോ ? നോ. ദശമൂലാരിഷ്ടം മദ്യമാണോ? കൊക്കൊക്കോള മദ്യമാണോ ? എന്തിന് കുറെ നേരം അടച്ചു വച്ചിരുന്നാല്‍ ആള്‍ക്കഹോള്‍ ആയി മാറുന്ന നൂറു കണക്കിന് കാര്‍ഷികവിഭവങ്ങള്‍ നമുക്കുണ്ട്. അവ മദ്യമാണോ ? സങ്കീര്‍ണ്ണമായ പ്രശ്‌നമാണ്.
എനിക്ക് മിക്കവാറും എല്ലാ മേഖലകളിലും എന്നോട് രഹസ്യമായി സത്യം പറയാറുള്ള അനവധി പരിചയക്കാരുണ്ട്. അവരില്‍, ഒരു ഏകദേശക്കണക്കാണ്, മുപ്പതു ശതമാനം ഏറ്റവുമടുപ്പമുള്ള സുഹ്യത്തുക്കളോടൊപ്പം മറ്റാരുമറിയാതെ മാത്രം വല്ലപ്പോഴും മദ്യപിക്കുന്നവരാണ്. കൂടുതലൊന്നുമില്ല. ഒരു രസം. അവര്‍ ഭാര്യയോടുപോലും ഇക്കാര്യം പറയാന്‍ ഭയപ്പെടുന്നവരാണ്. അവര്‍ക്ക് മദ്യത്തിന്റെ നാറ്റം അകറ്റാനുള്ള ഒറ്റമൂലികള്‍ അറിയാം. അവര്‍ പൂര്‍ണ്ണമായും മദ്യപാനം സമൂഹത്തിന് ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്നവരുമാണ്.
പിന്നെ നാല്‍പ്പതു ശതമാനം കൂട്ടര്‍ വൈന്‍, ബിയര്‍ പാര്‍ട്ടികളാണ്. സ്ഥിരം കുടിയന്മാരല്ല. അവരുടെ ഈ മദ്യപാനത്തിന് മതപരവും സാമൂഹ്യപരവുമായ അന്തസ്സ് അവര്‍ നല്‍കും. ഭാര്യയെയും മേജറായ മക്കളെയും ഈ വൈന്‍ ബിയര്‍ പരിപാടിയില്‍ ഭാഗഭാക്കാക്കാന്‍ അവര്‍ മടിക്കാറില്ല. ക്ലബ്ബില്‍, വീട്ടില്‍, ഹൈ ടീ എന്ന് വിശേഷിപ്പിക്കുന്ന പാര്‍ട്ടികളില്‍. എവിടെയുമാകാം. ഇടയ്ക്ക് അല്പം റമ്മോ ജിന്നോ വോഡ്കയോ വിസ്‌ക്കിയോ ഒപ്പം കൂട്ടി എന്നു വരാം. അവര്‍ക്ക് എന്തു കഴിച്ചാലും വിരോധമില്ല. കഴിച്ചില്ലെങ്കിലും വലിയ വിരോധമില്ല. ഇവര്‍ വീട്ടിലൊരു ശല്യവുമുണ്ടാക്കില്ല. മദ്യപാനത്തിന് അവര്‍ സ്വയം പരിധി വച്ചിട്ടുണ്ട്.
മൂന്നാമത്തെ കൂട്ടരാണ് സ്ഥിരം മദ്യപാനികള്‍. അത് ഏകദേശം ഇരുപതു ശതമാനം വരും ക്ലബ്ബിലും ബാറിലും ഹോട്ടല്‍ മുറിയിലും എന്നല്ല സൗകര്യം കിട്ടിയാല്‍ എവിടെയും എപ്പോഴും ബ്രാന്‍ഡുപോലും നോക്കാതെ കിട്ടുന്നത്രയും കുടിക്കുന്നവര്‍. സമൂഹത്തിന് അവരുടെ ലഹരി രണ്ടു മണിക്കൂറില്‍ ബാധിക്കില്ല. പിന്നെ ഒറ്റയുറക്കമാണ്. ഉണരുമ്പോള്‍ ശാന്തരും മാന്യന്മാരുമായി മാറിയിരിക്കും.
ബാക്കി പത്തു ശതമാനത്തില്‍ അഞ്ചു ശതമാനം ആരോഗ്യകാരണങ്ങളാല്‍ കുടി നിര്‍ത്തി ഇപ്പോള്‍ കുടിക്കുന്നവരെ നിരന്തരം കുടി നിര്‍ത്താന്‍ ഉപദേശിക്കുന്നവരാണ്.
അവസാനത്തെ അഞ്ചു ശതമാനത്തിലാണ് കുടി കാരണം സാമൂഹ്യവിപത്തായി മാറിയ കൂട്ടരും, സത്യമായും ജീവിതത്തിലൊരിക്കലും കുടിച്ചിട്ടില്ലാത്തവരും പെടുന്നത്. ഏകദേശം സമമായി.
മദ്യനിരോധനനിയമം ക്യത്യമായി അച്ചടിച്ചു കിട്ടിക്കഴിഞ്ഞാല്‍ അതിനെ നാം സംശയമില്ല, വരവണ്ണം തെറ്റിക്കാതെ അനുസരിച്ച് മറി കടക്കും. കുടിക്കാവുന്ന ദ്രാവകത്തിലെ ആള്‍ക്കഹോളിക്ക് കണ്ടെന്റിന്റെ ശതമാനത്തെ ചൊല്ലി വക്കീലന്മാര്‍ക്ക് കുശാലാകും. ചാനലുകള്‍ക്ക് രസമാകും.
നാം കൈനീട്ടി നിയമത്തെ സ്വീകരിക്കും.
നിരോധനം വേണോ, റഡി. വര്‍ജ്ജനം മതിയോ, ഓ കെ.
നമ്മുടെ ഈ അനുസരണാശീലത്തിന് നല്ല ഉദാഹരണങ്ങള്‍ അടുത്ത കാലത്തുണ്ടായവ നോക്കൂ.
വഴിയോരത്ത് നിന്ന് പുക വലിക്കരുത്. നാം പുകവലി നിര്‍ത്തി.
ബന്ദ് പാടില്ല. നാം ബന്ദ് നിര്‍ത്തി. ഹര്‍ത്താലാക്കി.
ഇനി ടി പി ടൈപ്പ് കൊലപാതകം പാടില്ല. നാം രാഷ്ട്രീയ കൊലപാതകം നിര്‍ത്തി. രാഷ്ട്രീയക്കാരെ കൊല്ലുന്നത് വേലിത്തര്‍ക്കം മൂലമാക്കി മാറ്റി.
ബാറുകള്‍ അടച്ചു. മദ്യപാനം നിന്നു.
നിയമപ്രകാരം കൊക്കൊക്കോള, വൈന്‍, ദശമൂലാരിഷ്ടം, റൂട്ട് ബിയര്‍ മുതല്‍ പതിനഞ്ചു ശതമാനം വരെ ആള്‍ക്കഹോളിക്ക് കണ്ടന്റുള്ള പാനീയം മദ്യമല്ല. ആ ശതമാനം ഘട്ടം ഘട്ടമായി പെട്രോള്‍ ഡീസല്‍ വില പോലെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. അതു പോലെ മരുന്നിന്റെ ഭാഗമായി ഒരു ക്യത്യ അളവില്‍ നീറ്റായി മദ്യം കഴിക്കുന്നത് രോഗിയുടെ ദിനചര്യയായി ഒരു രജിസ്റ്റേര്‍ഡ് ഡോക്ടര്‍ പ്രിസ്‌ക്രൈബ് ചെയ്ത കുറുപ്പടി കൈവശമാക്കിയാല്‍ പിന്നെ പ്രശ്‌നമേയില്ല. സന്തോഷത്തോടെ ഇഷ്ടമുള്ള ബ്രാന്‍ഡ് വീട്ടിലിരുന്ന് കഴിക്കാം. മരുന്നു കഴിക്കുന്ന ഗ്യഹനാഥനെ ഒരു
ശല്യമായി ഇന്നു വരെ ഒരു കുടുംബവും വിശേഷിപ്പിച്ചിട്ടില്ല.
ലോജിക്ക് വിഷയം പഠിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം ലോജിക്കിന് ഉദാഹരണമായി നല്‍കുന്ന ഒരു വചനമുണ്ട്.
വക്കീലന്മാര്‍ കള്ളമേ പറയൂ. ഞാന്‍ ഒരു വക്കീലാണ്,.
അപ്പോള്‍ ഇതില്‍ സത്യമെന്താണ് ? അസത്യമെന്താണ് ?
കേരളത്തിന്റെ സ്വന്തം മദ്യനിരോധനവും വര്‍ജ്ജനവും നമുക്ക് അസ്വദിക്കാം.