
ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച സ്‌പേസ് ഷട്ടിലിന്റെ തകര്‍ച്ചയുടെ കഥപറയുന്ന 2013 ല്‍ പുറത്തിറങ്ങിയ ചിത്രം ഗ്രാവിറ്റിയുടെ നിര്‍മ്മാണ ചിലവ് 610 കോടി രൂപയാണെന്നാണ് (10 കോടി ഡോളര്‍) കണക്ക്. എന്നാല്‍ ചന്ദ്രനും കടന്ന് ചുവന്നഗ്രഹത്തിലേക്ക് ഇന്ത്യ അയച്ച യഥാര്‍ത്ഥഉപഗ്രഹത്തിന്റെ നിര്‍മ്മാണത്തിനും പദ്ധതിക്കും ആകെ ചിലവായത് ഏകദേശം 450 കോടി രൂപ (7.4കോടി ഡോളര്‍). നാസ ചൊവ്വയിലേക്കയച്ച ക്യൂരിയോസിറ്റിക്ക് ചിലവായത് 200 കോടി ഡോളറാണ് (ഏതാണ്ട് 12,000 കോടി രൂപ). മംഗള്‍യാനു ദിവസങ്ങള്‍ മുമ്പ് ചൊവ്വയിലെത്തിയ നാസയുടെ മേവന്‍ പേടകത്തിന് ചിലവുവന്നത് 67.9 കോടി ഡോളറും. അത് വികസിപ്പിക്കാന്‍ അഞ്ചുവര്‍ഷമെടുത്തെന്നുകൂടി ഓര്‍ക്കണം.
ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത മഹാത്ഭുമായി മംഗള്‍യാന്‍ മാറിയത് അങ്ങനെയാണ്. ചൊവ്വാ പര്യവേഷണത്തില്‍ ഇന്ത്യ കാല്‍വെയ്പ് നടത്തിയ അഭിമാന മുഹൂര്‍ത്തത്തില്‍ ജനങ്ങളെ മുഴുവനായും മൂന്നുനേരം ഊട്ടാന്‍ കഴിയാതിരുന്നിട്ടും ലക്ഷ്യം കണ്ട ഇന്ത്യയുടെ ഇഛാശക്തിയെയാണ് ലോകം പുകഴ്ത്തുന്നത്. ഇവിടെയാണ് 1960 ല്‍ ആരംഭിച്ച ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തെ നമ്മള്‍ നമി

ക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ നാസക്ക് ലഭിച്ച സൗഭാഗ്യമൊന്നും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒക്ക് ലഭിച്ചിട്ടില്ല. നാസയും യൂറോപ്യന്‍ യൂണിയനും റഷ്യയും ചേര്‍ന്ന് 52 ലേറെ ചൊവ്വാ ദൗത്യങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചത് വെറും 21 എണ്ണം മാത്രം. ചൈന 2011 ല്‍ വിക്ഷേപിച്ച ആദ്യത്തെ ചൊവ്വാ ദൗത്യം ഭൂമിയുടെ പ്രദക്ഷിണ വലയം കടക്കാനാകാതെ തളര്‍ന്നുവീണു. ഇന്ത്യ അതിന്റെ ആദ്യത്തെ ദൗത്യത്തില്‍ തന്നെ വിജയം കണ്ടു.
നാസയുമായി തട്ടിച്ചുനോക്കുമ്പോള്‍ നീണ്ട കാലത്തെ ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവിലല്ല, വെറും 300 ദിവസത്തെ കഠിനപ്രയത്‌നം കൊണ്ടാണ് ഇന്ത്യ 67 കോടി കിലോമീറ്റര്‍ താണ്ടാനുള്ള റോക്കറ്റും ഉപഗ്രഹവും അനുബന്ധ സംവിധാനങ്ങളും വികസിപ്പിച്ചത്. നാസ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി പ്രതിവര്‍ഷം 1750 കോടി ഡോളര്‍ ചിലവിടുമ്പോള്‍ ഇന്ത്യ പ്രതിവര്‍ഷം ചിലവിടുന്നത് 120 കോടി ഡോളര്‍ മാത്രമാണ് എന്നുമോര്‍ക്കണം. നാസയുടെ മേവന്‍ കുറച്ച് ദിവസങ്ങള്‍ മുമ്പേ ചൊവ്വയിലെത്തിയിട്ടും മംഗള്‍യാന്‍ എന്തേ വൈകിപ്പോയോ എന്ന വിമര്‍ശനങ്ങള്‍ വെളിച്ചം തൊടാതെ പോയതും അതുകൊണ്ടാണ്.
അമ്പത്തിനാല് വര്‍ഷങ്ങള്‍ക്കപ്പുറം 1960 ല്‍ ഇന്ത്യയുടെ തെക്കേയറ്റത്ത് തിരുവനന്തപുരത്തിനടുത്ത് തുമ്പയിലെ ഒരു പഴയ പള്ളി പ്രധാന ഓഫീസാക്കിയാണ് ഐ.എസ്.ആര്‍.ഒ പ്രവര്‍ത്തനം തുടങ്ങിയത്. തൊട്ടടുത്ത ബിഷപ്പ്‌സ് ഹൗസായിരുന്നു അതിന്റെ പണിപ്പുര. കാലിത്തൊഴുത്തായിരുന്നു ലബോറട്ടറി. തിരുവനന്തപുരത്തെ തുമ്പയില്‍ തെങ്ങിന്‍തോപ്പിനു നടുവില്‍ നിന്നാണ് 1963 ല്‍ നമ്മള്‍ ആദ്യത്തെ റോക്കറ്റ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. ഒരു ചെറിയ അമേരിക്കന്‍ നിര്‍മ്മിത റോക്കറ്റ്. അവിടെ നിന്നാണ് മംഗള്‍യാന്‍ വരെയുള്ള യാത്രയുടെ തുടക്കം.
അവിടെത്തുടങ്ങിയ യാത്രയാണ് നാനോ കാറിന്റെ വലിപ്പവും 1,337 കിലോ തൂക്കവുമുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മോം) എന്ന ചെറു പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതുവരെയെത്തി നില്‍ക്കുന്നത്. സരസമായ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളുടെ വാക്കുകള്‍ കടമെടുത്താല്‍ വെറും ഓട്ടോ കാശിനാണ് നമ്മള്‍ ചൊവ്വയിലെത്തിയത്, കിലോമീറ്ററിന് വെറും 11 രൂപക്ക്. 610 കോടി രൂപ മുടക്കി നിര്‍മ്മിച്ച സിനിമയിലെ ബഹിരാകാശ പേടകം ചന്ദ്രനില്‍പോലുമെത്താതെ തകര്‍ന്നു പോയപ്പോള്‍ (ബോക്‌സ് ഓഫീസ് വിജയം മറക്കുന്നില്ല) 450 കോടി രൂപ മുടക്കിയ നമ്മുടെ മംഗള്‍യാന്‍ ദൗത്യം വന്‍ വിജയമായി.