വര്‍ഷം: 1513, കോഴിക്കോട്, ഇന്ത്യ. മലബാര്‍ തീരത്തെ കുരുമുളക് വ്യാപാരത്തിന്റെ കുത്തകയ്ക്കുവേണ്ടിയുള്ള രക്തരൂക്ഷിതമായ യുദ്ധത്തില്‍ പോര്‍ട്ടുഗീസ് നാവികശക്തിക്കുമുന്‍പില്‍ മുട്ടുമടക്കേണ്ടിവന്ന സാമൂതിരിയോട് അല്‍ഫോന്‍സോ ഡി അല്‍ബുക്കര്‍ക്ക് പ്രതീകാത്മകമായി ആവശ്യപ്പെട്ടത് ഒരു കുരുമുളക് വള്ളിയായിരുന്നു. പ്രക്ഷുബ്ധമായ തന്റെ സദസ്സിലെ മൂപ്പന്മാരോട് സാമൂതിരി ഇങ്ങനെ പറഞ്ഞത്രേ: 'അവര്‍ക്ക് നമ്മുടെ കുരുമുളക് കൊണ്ടുപോകാന്‍ സാധിച്ചേക്കും, പക്ഷെ നമ്മുടെ തിരുവാതിര ഞാറ്റുവേല ഒരിക്കലും കൊണ്ടുപോകാന്‍ കഴിയില്ല'. സാമൂതിരി ഉദ്ദേശിച്ചത് കേരളത്തിലെ സവിശേഷമായ കാലാവസ്ഥയെ ആയിരുന്നു.
വര്‍ഷം: 2013, വാഴ്‌സോവ്, പോളണ്ട് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയ്ക്കുവേണ്ടി വാഴ്‌സോവ് നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഐക്യരാഷ്ട്രസഭയുടെ 189 അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഒത്തുകൂടി. മനുഷ്യജന്യമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണക്കാരായ വ്യവസായവത്കൃത രാഷ്ട്രങ്ങളും അതിന്റെ ഏറ്റവും വലിയ ഇരകളായ മൂന്നാം ലോക രാഷ്ട്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വേദിയെ പ്രക്ഷുബ്ധമാക്കിയിരുന്നു. തൊട്ടു മുന്‍ ആഴ്ച ഫിലിപ്പിന്‍ ദ്വീപുകളില്‍ 10,000 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടാനും 15 ലക്ഷത്തിലധികം ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടാനും ഇടയാക്കിയ ഹൈയാന്‍ കൊടുങ്കാറ്റ് അപ്പോഴും അടങ്ങിയിരുന്നില്ല. അഞ്ഞൂറ് വര്‍ഷം മുന്‍പ് സാമൂതിരി സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വിധം കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ അനുഭവങ്ങള്‍ ലോകമെമ്പാടും ജനങ്ങള്‍ക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.

ആ ഉച്ചകോടി പതിവ് പോലെ അര്‍ത്ഥമുള്ള യാതൊരുവിധ സമവായത്തിലുമെത്താതെ പിരിയുകയാണുണ്ടായത്. എന്നാല്‍ ഈ കോലാഹലങ്ങള്‍ക്കിടയില്‍ ഒരു കൂട്ടം ആളുകള്‍ ലാഭമുണ്ടാക്കി. മ്യുണിച്ച് റീ (Munich Re), വില്ലിസ് റീ (Willis Re), സ്വിസ്സ് റീ (Swiss Re) തുടങ്ങിയ അന്താരാഷ്ട്ര റീഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രതിനിധികളായിരുന്നു അവര്‍. ക്യാറ്റ് ബോണ്ട് (catastrophe bond എന്നതിന്റെ ചുരുക്കം) എന്ന വിചിത്രമായ പേരുള്ള ലേറ്റസ്റ്റ് ധനകാര്യ ഉത്പന്നം വിറ്റഴിക്കാനുള്ള പ്രചാരണ പരിപാടികളും മറ്റുമായിരുന്നു അവരവിടെ നടത്തിയത്. ആരാണീ റീഇന്‍ഷുറന്‍സ് കമ്പനികള്‍? കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍ മുതലായ കാര്യങ്ങളില്‍ എന്താണവരുടെ താല്പര്യം?
ആദ്യം പറഞ്ഞ രണ്ടു സംഭവങ്ങള്‍ക്കിടയിലുള്ള അഞ്ഞൂറ് വര്‍ഷത്തെ ചരിത്രം ആധുനിക മുതലാളിത്ത മൂലധനത്തിന്റെയും കൂടെ ചരിത്രമാണ്. സമുദ്ര വ്യാപാരത്തിന്റെ കുത്തക കയ്യടക്കിയ യൂറോപ്യന്‍ നാവിക ശക്തികള്‍ തങ്ങളുടെ കപ്പലുകള്‍ക്കും ചരക്കുകള്‍ക്കും മറ്റും കപ്പല്‍ച്ചേദം, കടല്‍കൊള്ളക്കാര്‍ തുടങ്ങിയവ വഴി വന്നേയ്ക്കാവുന്ന പ്രവചനാതീതമായ നഷ്ടങ്ങളില്‍ നിന്നും രക്ഷപെടാന്‍ പതിനാലാം നൂറ്റാണ്ടു മുതല്‍ക്കു തന്നെ ഇന്‍ഷുറന്‍സ് ഉടമ്പടികള്‍ ഉണ്ടാക്കിയിരുന്നു. ഈ ഉറപ്പായിരുന്നു യഥാര്‍ഥത്തില്‍ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ദേശങ്ങളില്‍ പടയോട്ടം നടത്താനും തോട്ടങ്ങളും ഖനികളും നിര്‍മിക്കാനും അടിമക്കച്ചവടം നടത്താനും മറ്റും മുതലാളിത്ത മൂലധനത്തെ പ്രാപ്തമാക്കിയ പ്രധാന ഘടകം. തുച്ഛമായ ചിലവില്‍ അസംസ്‌കൃത വസ്തുക്കളും മറ്റു വിഭവങ്ങളും ചൂഷണം ചെയ്യാനുള്ള മൂലധനത്തിന്റെ കഴിവും വ്യാവസായിക മാലിന്യങ്ങള്‍ സ്വാംശീകരിക്കാന്‍ ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്കുള്ള കഴിവും ആണ് യഥാര്‍ത്ഥത്തില്‍ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ തന്നെ അടിസ്ഥാനം. എന്നാല്‍ ഈ നിഗമനങ്ങള്‍ക്കെല്ലാം ഇളക്കം സംഭവിച്ചു തുടങ്ങിയിരിക്കുന്നു. അസംസ്‌കൃത വസ്തുക്കള്‍ക്കും മാലിന്യ സംസ്‌കരണത്തിനും വേണ്ടിയുള്ള ചിലവുകള്‍ വര്‍ധിച്ചെന്നു മാത്രമല്ല അടിക്കടിയുണ്ടാകുന്ന വിനാശകരമായ പ്രകൃതി ദുരന്തങ്ങള്‍ ഇന്‍ഷുറന്‍സ് ചിലവുകളും കുത്തനെ ഉയര്‍ത്തിയിരിക്കുന്നു. വ്യാവസായിക മൂലധനത്തിന്റെ ലാഭസാധ്യതയെത്തന്നെ ഇത് ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ പ്രകൃതി ദുരന്തങ്ങളെയും വാണിജ്യവത്കരിക്കുക എന്നതു തന്നെയാണ് മൂലധന ശക്തികള്‍ ഈ പ്രശ്‌നത്തില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗ്ഗമായി കണ്ടത്. വ്യവസായ ശാലകള്‍, കെട്ടിടങ്ങള്‍ , കൃഷിയിടങ്ങള്‍ , തുടങ്ങി വസ്തുവകകള്‍ക്ക് പ്രോപ്പര്‍ടി ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനികളും, ഇന്‍ഷുറന്‍സ് കമ്പനികളെത്തന്നെ ഇന്‍ഷുര്‍ ചെയ്യുന്ന റീഇന്‍ഷുറന്‍സ് കമ്പനികളും അപായ/നഷ്ട സാധ്യതകളെ പരമാവധി പേരിലേക്ക് വ്യാപിപ്പിക്കാന്‍ പുത്തന്‍ മാര്‍ഗ്ഗങ്ങളുമായി രംഗത്തെത്തി. അതിലൊന്നാണ് ഇന്‍ഷുറന്‍സ് വ്യവസായത്തെ ഓഹരി വിപണിയുമായി ബന്ധിപ്പിക്കല്‍. ഓഹരി വിപണികള്‍ ആഗോള തലത്തില്‍ ബന്ധിപ്പിക്കപ്പെട്ടതിനാല്‍ നഷ്ട സാധ്യതകളെ കാലദേശങ്ങള്‍ക്കതീതമായി വ്യാപനം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.
ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും നൂതനമായ ഒരു ധനകാര്യ ഉത്പ്പന്നമാണ് ക്യാറ്റ് ബോണ്ടുകള്‍. സാധാരണയായി ഗവണ്മെന്റുകള്‍ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയും സ്വകാര്യ സംരഭകര്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്കു വേണ്ടിയുള്ള ഗവേഷണത്തിനും മറ്റും പണം സ്വരൂപിക്കാനാണ് ഓഹരി വിപണിയില്‍ കടപ്പത്രങ്ങള്‍ ഇറക്കാറുള്ളത്. എന്നാല്‍ ക്യാറ്റ് ബോണ്ടുകള്‍ ഭാവിയില്‍ സംഭവിക്കാനോ സംഭവിക്കാതിരിക്കാനോ സാധ്യതയുള്ള വിനാശകരമായ പ്രകൃതി ദുരന്തത്തെയാണ് അടിസ്ഥാനമാക്കുന്നത്. ഇത്തരത്തിലുള്ള ക്യാറ്റ് ബോണ്ടുകള്‍ അത്യാകര്‍ഷകമായ പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത കാലയളവില്‍ പ്രകൃതിക്ഷോഭം ഉണ്ടായില്ലെങ്കില്‍ നിക്ഷേപകര്‍ക്ക് അവരുടെ മൂലധനം പലിശ സഹിതം തിരിച്ചു കിട്ടുകയും പ്രകൃതി ക്ഷോഭിച്ചാല്‍ സമാഹരിച്ച മൂലധനം ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം നികത്താന്‍ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ചുരുക്കി പറഞ്ഞാല്‍ വിനാശകരമായ പ്രകൃതിദുരന്തങ്ങളെയും വിറ്റു കാശാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് അന്താരാഷ്ട്ര മൂലധന ശക്തികള്‍ കണ്ടുപിടിച്ചിരിക്കുന്നത്.
ക്യാറ്റ് ബോണ്ടുകള്‍ ആദ്യമായി വിപണിയില്‍ പ്രത്യക്ഷപ്പെടുന്നത് 1994ലാണ്. യു.എസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ചുഴലി ക്കൊടുങ്കാറ്റ് ആന്‍ഡ്രൂ 1992ല്‍ ഫ്ലോറിഡയില്‍ 2650 കോടി ഡോളറിന്റെ നാശമുണ്ടാക്കി പതിനൊന്നു ഇന്‍ഷുറന്‍സ് കമ്പനികളെ പാപ്പരാക്കിയിരുന്നു. അഭൂതപൂര്‍വമായ നഷ്ടം നേരിട്ട റീഇന്‍ഷുറന്‍സ് കമ്പനികള്‍ ഓഹരി വിപണിയില്‍ നിന്നും ധനസമാഹരണത്തിനു കണ്ടെത്തിയ പുത്തന്‍ സങ്കേതമായിരുന്നു ക്യാറ്റ് ബോണ്ടുകള്‍. അതിനു ശേഷമുണ്ടായ 2005ലെ കാ ട്രിന ചുഴലിക്കാറ്റും ന്യൂ ഒര്‍ലീന്‍സ് വെള്ളപ്പൊക്കവും 2011 ല്‍ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പവും സുനാമിയും ക്യാറ്റ് ബോണ്ടുകള്‍ കുതിച്ചുയരുന്നതിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദത്തെ ക്യാറ്റ് ബോണ്ടുകളുടെ കണക്കെടുക്കുകയാണെങ്കില്‍ ആദ്യ പത്തുകൊല്ലം കൊണ്ട് 400 കോടി ഡോളറിന്റെ ബോണ്ടുകള്‍ വിപണിയില്‍ ഇറങ്ങിയെങ്കില്‍ രണ്ടാം പാദം
4000 കോടി ഡോളറിന്റെ കച്ചവടത്തിനാണ് സാക്ഷ്യം വഹിച്ചത് . 2013ല്‍ മാത്രം 350 കോടി ഡോളറിന്റെ വളര്‍ച്ചയാണ് ക്യാറ്റ് ബോണ്ടുകള്‍ക്ക് ഉണ്ടായത് .വിപണിയില്‍ അവയ്ക്കുള്ള ആവശ്യകത, ലഭ്യത എന്നിവയ്‌ക്കൊപ്പം അവ അടിസ്ഥാനമാക്കുന്ന ദുരന്തങ്ങള്‍ യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതയെയും ആശ്രയിച്ചിരിക്കും ക്യാറ്റ് ബോണ്ടുകളുടെ വില. വെള്ളപ്പൊക്കവും കൊടുങ്കാറ്റും ഒക്കെ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ക്യാറ്റ് ബോണ്ടുകളുടെ കച്ചവടം പൊടിപൊടിക്കാറുണ്ട് എന്ന വസ്തുത ഈ വ്യവസായത്തിന്റെ അടിസ്ഥാനപരമായ സ്വഭാവമായ ആര്‍ത്തിയെയാണ് അടയാളപ്പെടുത്തുന്നത് . അമേരിക്കയിലെ ന്യൂ ജഴ്‌സി ആസ്ഥാനമായ ക്യാറ്റെക്‌സ് (Catastrophic Risk Exchange എന്നതിന്റെ ചുരുക്കം) ലോകമെമ്പാടുമുള്ള ദുരന്തങ്ങളുമായി ബന്ധിക്കപ്പെട്ടു കിടക്കുന്ന തങ്ങളുടെ നിക്ഷേപങ്ങളെ വിനിമയം ചെയ്യാന്‍ ആഗോള നിക്ഷേപക സ്ഥാപനങ്ങളെ സഹായിക്കുന്ന വിപണിയാണ്. ഉദാഹരണത്തിന് ഇവിടെ നിക്ഷേപകര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുനാമിയിലും യൂറോപ്പിലെ വരള്‍ച്ചയിലും അമേരിക്കയിലെ കൊടുങ്കാറ്റിലും എല്ലാം പണം നിക്ഷേപിക്കുകയും അവ കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. താഴേത്തട്ടിലുള്ള ഭൂരിഭാഗം ജനങ്ങള്‍ക്കും മേല്‍പ്പറഞ്ഞ സംഗതികള്‍ മരണം, ദാരിദ്ര്യം, നാശനഷ്ടങ്ങള്‍ എന്നിവയാണ് പ്രദാനം ചെയ്യുന്നതെങ്കില്‍ ഒരു വിഭാഗം ആളുകള്‍ ഇവയെ പണമുണ്ടാക്കാനുള്ള അവസരമായി കാണുന്നു.
ആദായകരമായ നിക്ഷേപ സാദ്ധ്യത എന്ന നിലയില്‍ പെന്‍ഷന്‍ ഫണ്ടുകളും മറ്റു ഭീമന്‍ നിക്ഷേപക സ്ഥാപനങ്ങളും ഈ മേഖലയിലേക്ക് പണം ഒഴുക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇതിന്റെ ഏറ്റവും വലിയ മേന്മയായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് ക്യാറ്റ് ബോണ്ടുകളെ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ബാധിക്കുന്നില്ല എന്നതാണ്. മാത്രമല്ല കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ 200 ഓളം ക്യാറ്റ് ബോണ്ടുകള്‍ വിപണിയിലെത്തിയെങ്കില്‍ അതില്‍ മൂന്നേ മൂന്നെണ്ണം മാത്രമാണ് പ്രകൃതി ക്ഷോഭങ്ങള്‍ക്കു നഷ്ടപരിഹാരം നല്‌കേണ്ടി വന്നതിലൂടെ നിക്ഷേപകര്‍ക്ക് ധനനഷ്ടത്തിനിടയാക്കിയത്. നഷ്ടപരിഹാര വിതരണത്തിനുള്ള അതീവ കര്‍ക്കശമായ നിബന്ധനകള്‍ തന്നെ കാരണം.
ഉദാഹരണത്തിന് മെക്‌സിക്കന്‍ ഗവണ്മെന്റ് ലോകബാങ്കിന്റെ നിര്‍ദേശാനുസരണം ഭൂകമ്പങ്ങള്‍, ചുഴലിക്കാറ്റുകള്‍ എന്നിവയില്‍നിന്നുള്ള പരിരക്ഷാര്‍ത്ഥം മള്‍ട്ടിക്യാറ്റ് മെക്‌സിക്കൊ എന്ന പേരില്‍ സ്വിസ്സ് റീ, മ്യുണിച്ച് റീ എന്നീ റീഇന്‍ഷുറന്‍സ് കമ്പനികളും ഗോള്‍ഡ്മാന്‍ സാക്‌സ് എന്ന ബാങ്കി ങ്ങ് ഭീമനും ചേര്‍ന്ന് നടത്തുന്ന
ക്യാറ്റ് ബോണ്ടില്‍ പങ്കാളിയാവുകയുണ്ടായി(3). 2010 ഏപ്രില്‍ മാസത്തില്‍ മെക്‌സിക്കന്‍ കാലിഫോര്‍ണിയ വിനാശകരമായ ഒരു ഭൂകമ്പത്തിനു സാക്ഷിയായി. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മേല്‍പ്പറഞ്ഞ ക്യാറ്റ് ബോണ്ടില്‍ നിന്നും ഒരു ചില്ലിക്കാശു പോലും ആര്‍ക്കും കിട്ടിയില്ല, കാരണം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മുന്‍നിശ്ചയിച്ച പരിധിയ്ക്കു പുറത്തായിരുന്നത്രേ! മെക്‌സിക്കന്‍ ഗവണ്മെന്റ് ഇന്‍ഷുറന്‍സ് പ്രീമിയം തുടര്‍ന്നും അടച്ചുകൊണ്ടിരിക്കുകയും ഗോള്‍ഡ്മാന്‍ സാക്‌സിന്റെ നിക്ഷേപകര്‍ക്ക് ലാഭം കിട്ടിക്കൊണ്ടിരിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്‍ഗ്രിഡ്, മാനുവല്‍ ചുഴലിക്കാറ്റുകള്‍ ഒന്നിച്ചു വീശിയപ്പോള്‍ മെക്‌സിക്കൊയില്‍ തന്നെ 200 ഓളം ആളുകള്‍ കൊല്ലപ്പെടുകയും 570 കോടി അമേരിക്കന്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഇത്തഒം നഷ്ടപരിഹാരം നല്‌കേണ്ട പരിധിയ്ക്കു പുറത്തായിരുന്നത്രേ ചുഴലിക്കാറ്റിന്റെ ശക്തി!
മെക്‌സിക്കൊ 2015 ഡിസംബര്‍ വരെ പ്രീമിയം അടച്ചുകൊണ്ടിരിക്കും.
വിനാശകരമായ പ്രകൃതി ക്ഷോഭങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങള്‍ നേരിട്ട നഷ്ടം നികത്താന്‍ പ്രീമിയം തുക കുത്തനെ ഉയര്‍ത്തുന്നത് പതിവാണ്. ഉയര്‍ന്ന പ്രീമിയം, ക്യാറ്റ് ബോണ്ടുകളില്‍ നിക്ഷേപം നടത്തുന്നത് ആദായകരമാക്കി മാറ്റുന്നു. എന്നാല്‍ പണത്തിന്റെ ഇങ്ങനെയുള്ള ഒഴുക്ക് ഇന്‍ഷുറന്‍സ് മേഖലയില്‍ കടുത്ത മത്സരത്തിനു വഴി വയ്ക്കുകയും, ഇന്‍ഷുറന്‍സ് കമ്പനികളെ തങ്ങളുടെ ലാഭക്ഷമത നിലനിര്‍ത്താനായി അത്യന്തം അപകടകരമായ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും എന്ന് വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളും പെന്‍ഷന്‍ ഫണ്ടുകളും മറ്റും ഹ്രസ്വകാല ലാഭത്തിനുവേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ അപകടകരവും നിരുത്തരവാദപരവുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റും വ്യാപകമാക്കാനേ ഉപകരിക്കൂ. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു കാരണവും സമാനമായ സാഹചര്യങ്ങളില്‍ അമേരിക്കന്‍ ഭവന വായ്പാ രംഗത്തു നടന്ന അനിയന്ത്രിതമായ ഊഹക്കച്ചവടം തന്നെയായിരുന്നു. 'ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് വ്യവസായത്തിന് കാലാവസ്ഥാ വ്യതിയാനം ഭീഷണി എന്നതിലുപരി ഒരു അവസരമാണ് മുന്നോട്ടു വയ്ക്കുന്നത്':
നെഫിലിയ കാപിറ്റല്‍ എന്ന വന്‍കിട നിക്ഷേപക സ്ഥാപനത്തിന്റെ മേധാവിയുടെ വാക്കുകളാണിവ. ചരിത്രത്തില്‍ നിന്ന് ആരും ഒന്നും പഠിക്കുന്നില്ല എന്നു വേണം നാം മനസ്സിലാക്കാന്‍.
കാലാവസ്ഥാ വ്യതിയാനത്തിനു ദേശരാഷ്ട്രങ്ങളുടെ മനുഷ്യനിര്‍മിതമായ അതിര്‍വരമ്പുകള്‍ ബാധകമല്ലെങ്കിലും ഇതിന്റെ പ്രഹരശേഷി ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരിക്കുന്നത് മൂന്നാം ലോകരാജ്യങ്ങളാണ് . ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ക്കൊപ്പം ദുരന്തങ്ങളെ നേരിടാനുള്ള വിഭവങ്ങളുടെ അപര്യാപ്തതയാണ് ഇതിനുള്ള പ്രധാന കാരണം. ആഗോളതാപനം മൂലം സമുദ്രനിരപ്പുയരുന്നത് നെതര്‍ലാന്‍ഡ്‌സിനെയും ബംഗ്ലാദേശിനെയും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമായിരിക്കെ വിഭവദാരിദ്ര്യവും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും ചേര്‍ന്ന് ബംഗ്ലാദേശില്‍ ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ഥികളായി അലഞ്ഞു തിരിയാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ അഭയാര്‍ഥികള്‍ (Climate Refugees) എന്നൊരു പുത്തന്‍ വാക്ക് തന്നെ മുഖ്യധാരാ മാധ്യമ വ്യാകരണത്തില്‍ കടന്നുവന്നിരിക്കുന്നു. 1602 ല്‍ നെതര്‍ലാന്‍ഡ്‌സിലെ അംസ്റ്റര്‍ഡാമില്‍ ഏഷ്യന്‍ കുരുമുളക് വ്യാപാരത്തിന്റെ കുത്തകയ്ക്കുവേണ്ടി രൂപീകരിക്കപ്പെട്ട ഡച്ച് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയായിരുന്നു യഥാര്‍ഥത്തില്‍ ആധുനിക മൂലധന മുതലാളിത്തത്തിനു തുടക്കമിട്ടത്. നാല് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ആംസ്റ്റര്‍ഡാം മുതലാളിത്ത മൂലധനത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായി തുടരുകയും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കോടിക്കണക്കിനായ ജനങ്ങള്‍ ഇതേ മുതലാളിത്ത സമ്പദ്വ്യവസ്ഥ വരുത്തിവച്ച പാരിസ്ഥിതിക നാശത്തിനു ഇരകളാകാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നത് ചരിത്രത്തിന്റെ ക്രൂരമായ ഫലിതമായിരിക്കാം.
2012ല്‍ ആഗോള തലത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം ഇനത്തില്‍ മാത്രം പിരിച്ചെടുത്ത തുക 460,000 കോടി ഡോളര്‍ വരും.
ഇത് ലോകരാഷ്ട്രങ്ങളുടെ മൊത്തം അഭ്യന്തര ഉല്പാദനത്തിന്റെ 7 ശതമാനത്തോളമാണ്. ഇത്രയും ഭീമമായ പണം കൈകാര്യം ചെയ്യുന്ന ഈ വ്യവസായം ലോകരാഷ്ട്രങ്ങളില്‍ ആകെ വ്യാപിച്ചു കിടക്കുകയാണെന്ന് തോന്നിപ്പിക്കുന്നത് സ്വാഭാവികമാണ് , എന്നാല്‍ യാഥാര്‍ത്ഥ്യം തികച്ചും വ്യത്യസ്തമാണ്. ആഗോള തലത്തില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടിട്ടുള്ള വസ്തുവകകളുടെ ഏകദേശം 90 ശതമാനത്തോളവും അമേരിക്കയും യൂറോപ്പും ഉള്‍ക്കൊള്ളുന്ന വികസിത രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതില്‍ തന്നെ പ്രതിശീര്‍ഷ ഇന്‍ഷുറന്‍സ് സാന്ദ്രത ഏറ്റവും കൂടുതല്‍ (ആളൊന്നുക്ക് 6500 ഡോളര്‍) ഉള്ള രാജ്യം നെതര്‍ലാന്‍ഡ്‌സും ഏറ്റവും കുറവ് (ആളൊന്നുക്ക് 5 ഡോളര്‍) ബംഗ്ലാദേശും ആണെന്നത് ആഗോള തലത്തിലെ സാമ്പത്തിക അസമത്വം എത്രത്തോളമുണ്ട് എന്നതിന്റെ ഒരു
ദൃഷ്ടാന്തം മാത്രമാണ്. ഇന്ത്യയില്‍ ഇത് 53 ഡോളര്‍ എന്ന വസ്തുത ഒരു താരതമ്യ പഠനത്തിനായി പരിഗണിക്കാവുന്നതാണ്. പാകിസ്താനില്‍ 2010 ല്‍ വിനാശം വിതച്ച വെള്ളപ്പൊക്കത്തില്‍ 2000 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 60 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതര്‍ ആവുകയുമുണ്ടായി. 40,000 കോടി രൂപയിലധികം വിലമതിക്കുന്ന സാമ്പത്തിക നഷ്ടമുണ്ടായപ്പോള്‍
കേവലം 300 കോടി രൂപയുടെ വസ്തുവകകള്‍ മാത്രമായിരുന്നു ഇന്‍ഷുര്‍ ചെയ്യപ്പെടിരുന്നത്.
വികസിത രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് പ്രീമിയം വരുമാനത്തിന്റെ വളര്‍ച്ച ഏതാണ്ട് നിശ്ചലമായ ഇന്നത്തെ സാഹചര്യത്തില്‍ ആഗോള ഇന്‍ഷുറന്‍സ് ഭീമന്മാര്‍ പുത്തന്‍ കമ്പോളങ്ങള്‍ തേടിയുള്ള പരക്കം പാച്ചില്‍ തുടങ്ങിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ മനസ്സിലാക്കാന്‍. പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ഇന്‍ഷുറന്‍സ് ബില്‍, ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ മൂലധനത്തിന്റെ പരിധി 26 ശതമാനത്തില്‍നിന്നും 49 ശതമാനമായി ഉയര്‍ത്താനും ഈ മേഖലയിലെ
നിയന്ത്രണങ്ങള്‍ എടുത്തുകളയാനും ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ നിന്നും പണം സമാഹാരിക്കാനും ഈ ബില്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് ഇന്‍ഷുറന്‍സ് മേഖലയില്‍ അനിയന്ത്രിതമായ ഊഹക്കച്ചവടത്തിനാണ് വഴി തെളിക്കാന്‍ പോകുന്നത്.
ഇപ്പോള്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം വരുന്ന ഗവന്മെന്റ് ഏതായാലും പാസ്സാക്കുന്ന ആദ്യത്തെ ബില്‍ ഇതായിരിക്കും എന്നത് സംശയലേശമില്ലാത്ത കാര്യമാണ്. ആഗോള മൂലധന ശക്തികള്‍ ഭരണ വര്‍ഗ്ഗത്തിനുമേല്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദം അത്രയ്ക്കുണ്ട്. ഭരണകൂടങ്ങള്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ക്ഷേമവും പ്രകൃതിയുടെ സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനു പകരം മൂലധനശക്തികളുടെ താല്പര്യം സംരക്ഷിക്കുന്ന സ്ഥിതിവിശേഷം മാറേണ്ടതുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രകൃതിയെ മുതലാളിത്തത്തില്‍നിന്നും ഭരണകൂടങ്ങളില്‍നിന്നും രക്ഷിക്കേണ്ടതുണ്ട്.
അസ്തിത്വ പ്രതിസന്ധികളെ തരണം ചെയ്യാനും വെല്ലുവിളികളെ അവസരങ്ങളാക്കിമാറ്റാനും മൂലധനത്തിനുള്ള നൈസര്‍ഗ്ഗികമായ കഴിവാണ് ചരിത്രത്തിന്റെ സങ്കീര്‍ണ്ണമായ വൈരുദ്ധ്യങ്ങള്‍ക്കിടയിലും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ പരാജയപ്പെടാതിരിക്കാനുള്ള കാരണം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വന്ന പതിറ്റാണ്ടുകളില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ക്ഷേമ രാഷ്ട്ര സങ്കല്പത്തിലൂന്നിയ സാമ്പത്തിക നയങ്ങള്‍ പിന്തുടരാന്‍ തുടങ്ങിയതും തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമായ രീതിയില്‍ ശക്തി പ്രാപിക്കുകയും ചെയ്തതായിരുന്നു മുതലാളിത്തം നേരിട്ട ആദ്യത്തെ വെല്ലുവിളി.
1970കളോടുകൂടി മുതലാളിത്ത മൂലധനത്തിന്റെ ലാഭത്തില്‍ അധോഗതിയുടെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. മൂലധനത്തിന്റെ ലാഭക്ഷമതയുടെ നേരെ വന്ന ഈ ഭീഷണിയെ അന്താരാഷ്ട്ര നാണ്യ നിധിയും ലോകബാങ്കും ചേര്‍ന്നു രൂപം കൊടുത്ത് നടപ്പിലാക്കിയ നവ ഉദാരീകരണ സാമ്പത്തിക നയങ്ങളിലൂടെ വിദഗ്ദ്ധമായി മറികടന്നിരിക്കുന്നു. മുതലാളിത്തം വര്‍ത്തമാന കാലത്തില്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യം പാരിസ്ഥിതിക പ്രതിസന്ധിയുടെതായ വെല്ലുവിളിയാണ്. അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവങ്ങള്‍, അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളുടെ മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍, കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വരുത്തുന്ന ആഘാതവും തന്മൂലമുണ്ടാകുന്ന കലാപങ്ങളും എല്ലാം ചേര്‍ന്ന് മുതലാളിത്തത്തെ അതിന്റെ ഏറ്റവും നിര്‍ണായകമായ ദശാസന്ധിയില്‍ എത്തിച്ചിരിക്കുന്നു.
ഈ പ്രതിസന്ധിയെ നേരിടാന്‍ എന്നത്തെയുമെന്നപോലെ മുതലാളിത്തം അതിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ആയുധങ്ങളാണ് ഉപയോഗിക്കുന്നത്: കച്ചവടവത്കരണവും സൈനികവത്കരണവും. പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യം, വിദ്യാഭാസം തുടങ്ങി ഇപ്പോള്‍ കാലാവസ്ഥ വരെ കച്ചവടവത്കരിക്കപ്പെട്ട സ്ഥിതിയാണുള്ളത്. ക്യാറ്റ് ബോണ്ടുകളെയും മറ്റും ഈ പശ്ചാത്തലത്തില്‍ വേണം നാം മനസ്സിലാക്കാന്‍. ഇത്തരത്തിലുള്ള അനിയന്ത്രിതമായ വാണിജ്യവത്കരണം എത്രത്തോളം ഫലപ്രദമാവും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങളെപ്പറ്റി ഭരണകൂടങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതു മനസ്സിലാക്കാന്‍ അമേരിക്കന്‍ സൈനിക ഉപദേശക സമിതി പ്രസിദ്ധീകരിച്ച
റിപ്പോര്‍ട്ട് സഹായകരമാണ്.
ഇപ്പോള്‍ നിലനില്ക്കുന്ന വെല്ലുവിളികളെ ഇരട്ടിപ്പിക്കുന്ന ഒന്നായിട്ടാണ് കാലാവസ്ഥാ വ്യതിയാനത്തെ അവര്‍ കാണുന്നത്. ദാരിദ്ര്യവും പ്രകൃതി ദുരന്തങ്ങളും ചേര്‍ന്ന് അസ്ഥിരമാക്കപ്പെട്ട ഭൂപ്രദേശങ്ങള്‍ ഭീകരവാദത്തിനു വളക്കൂറുള്ളതായി അവര്‍ വിലയിരുത്തുന്നു. കാലാവസ്ഥാ അഭയാര്‍ഥികള്‍ കുടിയേറിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ എങ്ങനെയാണ് വംശീയ കലാപങ്ങള്‍ക്ക് വേദിയായി മാറുന്നതെന്ന് അവര്‍ വിശകലനം ചെയ്യുന്നു. അമേരിക്കന്‍ ഭരണകൂടം ഇത്തരത്തിലുള്ള വെല്ലുവിളികള്‍ സൈനികമായി നേരിടാന്‍ സജ്ജമാകാണ്ടതിന്റെ അടിയന്തിര പ്രധാന്യത്തെപ്പറ്റിയാണ് മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നത്. വാണിജ്യവല്ക്കരണം പോലെ സൈനികവല്ക്കരണവും ഇത്തരത്തില്‍ മുതലാളിത്ത വികസനത്തിന് ഭൗതികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള മൂലധനത്തിന്റെ ആയുധമാണ്. നിക്ഷേപത്തിനും ലാഭത്തിനുമുള്ള സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കാലം പാരിസ്ഥിതിക ദുരിതങ്ങളുടെയും സാമൂഹിക സംഘര്‍ഷങ്ങളുടെയും ഈ ലോകം മുതലാളിത്തത്തിന് അനുകൂലമായിത്തന്നെ നിലനില്ക്കും. എന്നാല്‍ ഇത് ഇനി എത്രനാള്‍ കൂടി എന്നത് കാലം തെളിയിക്കേണ്ടതാണ്.