
ഒരു കുപ്പി വെള്ളത്താല്‍ ഒരു മുറിയെ പ്രകാശിപ്പിച്ചവനാണ് ആല്‍ഫ്രെഡോ മോസര്‍. മോസറുടെ വെളിച്ചക്കുപ്പി ഇന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ദരിദ്രരുടെ വിളക്കാണ്. പകല്‍പോലും ഇരുളടഞ്ഞ കൂരകളിലെ ദീപസ്തംഭം. അടുത്തവര്‍ഷം പകുതിയോടെ ലോകത്തെ 10 ലക്ഷം വീടുകളിലെങ്കിലും ഈ ചെലവില്ലാ വെളിച്ചമെത്തിയേക്കും.
രണ്ട് ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പി. അതില്‍ നിറക്കാനുള്ള വെള്ളം. വെള്ളത്തില്‍ കലര്‍ത്താന്‍ രണ്ട് കപ്പ് ബ്ലീച്ചിങ് പൗഡര്‍. വെള്ളത്തില്‍ പച്ചപ്പായല്‍ നിറയാതിരിക്കാനാണ് ബ്ലീച്ചിങ് പൗഡര്‍. ഇവയാണ് 'കുപ്പി ബള്‍ബി'നുവേണ്ട അസംസ്‌കൃത വസ്തുക്കള്‍.
ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയ വെള്ളം കുപ്പിയില്‍ നിറക്കുക. വീടിന്റെ മേല്‍ക്കൂരയില്‍ തുളയുണ്ടാക്കി കുപ്പി കുത്തനെ ഉറപ്പിക്കുക. കുപ്പിയില്‍ സൂര്യപ്രകാശത്തിന്റെ തീവ്രതയനുസരിച്ച് 40 മുതല്‍ 60 വാട്ട് വരെ വെളിച്ചം മുറിയില്‍ നിറയും. കുപ്പിക്കുള്ളിലൂടെ കടക്കുമ്പോള്‍ സൂര്യപ്രകാശത്തിനുണ്ടാകുന്ന റിഫ്രാക്ഷനാണ് (ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ പ്രകാശത്തിനുണ്ടാകുന്ന ദിശാവ്യതിയാനം) കുപ്പിയെ വൈദ്യുതി ബള്‍ബ് പോലെ പ്രകാശിപ്പിക്കുന്നത്.

2002-ലാണ് ബ്രസീലില്‍ മെക്കാനിക്കായ മോസര്‍ കുപ്പിവെളിച്ചവുമായെത്തിയത്. ആ വര്‍ഷം ബ്രസീലിലുണ്ടായ തുടര്‍ച്ചയായ വൈദ്യുതി മുടക്കമാണ് അദ്ദേഹത്തെ ഇതിലേക്ക് നയിച്ചത്. മോസറുടെ നാടായ യൂബെറാബയിലെ വീടുകളില്‍ മിക്കവയും പകല്‍പോലും ഇരുണ്ടുകിടന്നു.
വൈദ്യുതി ഇല്ല. എന്തെങ്കിലും അപകടമുണ്ടായാല്‍ ആളുകളെ അറിയിക്കാന്‍ ഒരു സൈറണ്‍ മുഴക്കാന്‍പോലും നിര്‍വാഹമില്ല. ഇതിനെന്തു പ്രതിവിധിയെന്ന് മോസറും സുഹൃത്തുക്കളും ആലോചിച്ചു. കടലില്‍വെച്ചുതന്നെ റോമന്‍ കപ്പലുകള്‍ കത്തിക്കാന്‍ ആര്‍ക്കിമിഡിസ് ഉപയോഗിച്ച തന്ത്രം പുതുരൂപത്തില്‍ പരീക്ഷിക്കാന്‍ ഇവരോട് നിര്‍ദേശിച്ചത് മോസറുടെ ബോസാണ്. ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറച്ച് ലെന്‍സ് പോലെ ഉപയോഗിച്ച് സൂര്യപ്രകാശമേല്‍പ്പിച്ച് ഉണക്കപ്പുല്ല് കത്തിക്കുക. തീ അപകടസന്ദേശം നല്‍കും. ഈ ആശയമാണ് കുപ്പിവെളിച്ചത്തിലേക്ക് മോസറെ എത്തിച്ചത്. അയല്‍വീട്ടിലും നാട്ടിലെ സൂപ്പര്‍മാര്‍ക്കറ്റിലും മോസര്‍ കുപ്പിബള്‍ബ് പിടിപ്പിച്ചു.
ഇത് ദൈവിക വെളിച്ചമാണെന്നാണ് മോസര്‍ പറയുന്നത്. 'ദൈവം എല്ലാവര്‍ക്കുമായി സൂര്യനെ നല്‍കി. വെളിച്ചം എല്ലാവര്‍ക്കുമുള്ളതാണ്. കുപ്പിവെളിച്ചം ഉപയോഗിച്ചാല്‍ പണം ലാഭിക്കാം. അതില്‍ നിന്ന് ഷോക്കുണ്ടാവില്ല. ചെലവുമില്ല' -ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബദല്‍ ഊര്‍ജം പരീക്ഷിക്കുന്നവരും കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് വെളിച്ചമെത്തിക്കാന്‍ ശ്രമിക്കുന്ന എന്‍.ജി.ഒകളും 'മോസറുടെ വിളക്കി'നെ ആശ്രയിക്കുന്നു. ഇന്ത്യ, ബംഗ്ലാദേശ്, ടാന്‍സാനിയ, അര്‍ജന്റീന, ഫിജി തുടങ്ങി 15 രാജ്യങ്ങള്‍ കുപ്പിവെളിച്ചത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നു. ജനങ്ങളില്‍ പാതിയും ദാരിദ്ര്യരേഖക്ക് താഴെക്കഴിയുന്ന ഫിലിപ്പീന്‍സില്‍ വൈദ്യുതി പലര്‍ക്കും ആഡംബരമാണ്. അവിടെ 1.4 ലക്ഷം വീടുകളില്‍ ഇപ്പോള്‍ മോസര്‍ വിളക്കുകളുണ്ട്.
മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളും പരിസ്ഥിതി സൗഹൃദ സോളാര്‍ ബള്‍ബ് എന്ന പേരില്‍ കുപ്പി വിളക്ക് ഡിസൈന്‍ ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്.