
തൃശ്ശൂരിനടുത്ത് ആഭരണ ഫാക്ടറിയില്‍ ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ ഏഴുപേര്‍ ഇതുവരെ മരിച്ചുകഴിഞ്ഞു.14പേര്‍ ഗുരുതരമായ പരിക്കേറ്റ് ആശുപത്രിലാണ്.ആളുകള്‍ ഒന്നും രണ്ടും ഒക്കെ ആയിട്ടാണ് മരിച്ചത്. അതിനാല്‍ ഇതൊരു'വെണ്ടക്കവാര്‍ത്ത'ആയില്ല.പതിവുപോലെ'ഉടന്‍'പരിശോധനയില്‍ ഫാക്ടറിക്ക് പല പെര്‍മിറ്റും ഇല്ലെന്നു കണ്ടെത്തി.ഉടമയെ അറസ്റ്റും ചെയ്തു.ഇനി പിന്നെ എവിടെയെങ്കിലും ഇതുപോലെ ഒരു അപകടം ഉണ്ടാവുന്നതുവരെ ഈ അപകടം ഒരു വാര്‍ത്തയല്ല.
ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള പോലെഒരപകടം ഒരു ദുരന്തമാകുന്നത് നാം അതില്‍ നിന്നും ഒന്നും പഠിക്കാതെ വരുമ്പോഴാണ്.ഒരു വര്‍ഷം മുന്‍പ് കാലടിയില്‍ ഒരു ഹോട്ടലിന്റെ അടുക്കളയില്‍ ഇതുപോലെ ഗ്യാസ് സിലിണ്ടര്‍ അപകടമുണ്ടായി.നാലോ അഞ്ചോ പേര്‍ അവിടെയും മരിച്ചു.അന്വേഷണവും അറസ്റ്റും കടപൂട്ടിക്കലും ഒക്കെ അവിടെയും നടന്നിരിക്കണം.പക്ഷേ,ഗ്യാസ് സിലിണ്ടറിന്റെ സുരക്ഷിതമായ ഉപയോഗത്തെപ്പറ്റി നാം എന്തെങ്കിലും പഠിച്ചോ?

ഇത് ഗ്യാസ് സിലിണ്ടറിന്റെ മാത്രം കാര്യമല്ല.ഒരു വര്‍ഷത്തില്‍8000 - ത്തോളം ആളുകളാണ് കേരളത്തില്‍ അപകടങ്ങളില്‍ മരണപ്പെടുന്നത്(നാഷണല്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്).ഇതില്‍ പകുതിയും റോഡപകടങ്ങളാണ്.പിന്നെ മുങ്ങി മരണം,അതിനു പിന്നില്‍ കെട്ടിടം പണിയുന്നതിനി യ്ക്ക്,അഗ്നിബാധ,ഷോക്കടിച്ച് എന്നിങ്ങനെ.പരിക്കുപറ്റുന്നവരുടെ കൃത്യമായ കണക്ക് ആരും സൂക്ഷിക്കാറില്ല.ഇതിന്റെ പത്തിരട്ടിയെങ്കിലും വരും അത്.മൊത്തം അപകടങ്ങളുടെ എണ്ണവും മരിക്കുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണവും എല്ലാം ജനസംഖ്യ വളര്‍ച്ചയുടെ അഞ്ചിരട്ടി വേഗത്തില്‍ വര്‍ദ്ധിക്കുന്നു. അപകടങ്ങളില്‍നിന്നും നാം ഒന്നും പഠിക്കുന്നില്ല എന്നല്ലേ ഇതു തെളിയിക്കുന്നത്?
അപകടകാരണം അന്വേഷിക്കുമ്പോള്‍:ഒരപകടം നടന്നാലുടന്‍ നാം'തിരക്കിട്ട'ഒരന്വേഷണം നടത്തും.ഒരു കുറ്റവും ഒരു കുറ്റവാളിയേയും കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.അതു കണ്ടുപിടിക്കുന്നതോടെ പോലീസിന്റെ പണി കഴിയും,സമൂഹത്തിന് സമാധാനവും ആകും.പക്ഷേ, ആ ദുരന്തത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തുന്നതിനോ അതില്‍നിന്നുള്ള പാഠങ്ങള്‍ പഠിക്കുന്നതിനോ ഇത്തരത്തിലുള്ള'കുറ്റാന്വേഷണം'സഹായകരമല്ല.ഇതിനു പല കാരണങ്ങളുണ്ട്.
ഒന്നാമതായി അപകടത്തെപ്പറ്റിയുള്ള അന്വേഷണം കുറ്റാന്വേഷണത്തിന്റെ സ്വഭാവമുള്ളതാകുമ്പോള്‍ സത്യം മറച്ചുപിടിക്കാനാണ് അപകടത്തെപ്പറ്റി ഏറ്റവും അടുത്തറിയുന്നവര്‍ ശ്രമിക്കുക.കാരണം അവര്‍ ഒരുപക്ഷേ അപകടത്തിന് ഉത്തരവാദികള്‍ ആയേക്കാവുന്നവരോ,ആ പ്രസ്ഥാനവുമായി ബന്ധമുള്ളവരോ ഒക്കെയാകാം.അല്ലെങ്കില്‍തന്നെ തൃശ്ശൂരിലെപോലെ ഒരു ചെറിയ സംരംഭത്തില്‍ അപകടമുണ്ടായി ആളുകള്‍ മരിക്കുകയുംജീവിക്കുന്നവരുടെ ചികിത്സാച്ചെലവുകള്‍ ഭാരിച്ചതാവുകയുംപ്രസ്ഥാനം മിക്കവാറും പൂട്ടേണ്ടിവരികയും ഒക്കെ ചെയ്യുന്ന സാഹചര്യത്തില്‍ ആ പ്രസ്ഥാനത്തിന്റെ ഉടമയെ കേസില്‍ ഉള്‍പ്പെടുത്തി ഏറെനാള്‍ ജയിലില്‍ ഇടുന്നതിന് സാധാരണ ആര്‍ക്കും താല്‍പര്യം ഉണ്ടാവില്ല.'പോവാനുള്ളതു പോയി'എന്നതാണ് ശരാശരി ചിന്ത.അതുകൊണ്ടാണ് ഈ'ഉടനടി'അറസ്റ്റും കുറച്ചുനാള്‍ ജയില്‍ താമസവും ഒക്കെ അല്ലാതെ കേരളത്തിന്റെ എണ്ണായിരം അപകടത്തിന്റെ പേരില്‍ ഒരു ശതമാനം ആളുകള്‍ പോലും കോടതിവഴി ശിക്ഷിക്കപ്പെട്ട് ജയിലിലില്ലാത്തത്.അതുകൊണ്ടുതന്നെയാണ് ടൊര്‍ണാഡോകള്‍ ട്രെയിന്‍ പൊക്കിയെടുക്കുന്നതുപോലെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടാകുന്നതും.
രണ്ടാമത്തെ കാര്യം അപകടത്തെപ്പറ്റിയുള്ളഅന്വേഷണം കുറ്റാന്വേഷണമാകുമ്പോള്‍ അത് പലപ്പോഴും സാങ്കേതികതലത്തില്‍ ഒതുക്കാന്‍ പറ്റും.ഉദാഹരണത്തിന് പാറമടയിലാണ് അപകടമെങ്കില്‍ ആ പാറമയ്ക്ക് ആവശ്യത്തിനുള്ള ലൈസന്‍സുകള്‍ ഉണ്ടായിരുന്നോ എന്നതാകും ആദ്യത്തെ അന്വേഷണം.കേരളത്തില്‍ എന്തുപ്രസ്ഥാനം നടത്തുന്നതിനും പ്രസക്തമായതും അല്ലാത്തതുമായ ഒരു ഡസന്‍ ലൈസന്‍സെങ്കിലും വേണം.ഉദാഹരണത്തിന് വെങ്ങോലയില്‍ ഒരു പ്ലൈവുഡ് ഫാക്ടറി നടത്തുന്നതിന് പഞ്ചായത്തിന്റെ അനുമതി,പൊലൂഷന്‍ കണ്‍ട്രോളിന്റെ അനുമതി,ഫോറസ്റ്റിന്റെ അനുമതി,തൊഴില്‍വകുപ്പിന്റെ അനുമതി,ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ അനുമതി എന്നിങ്ങനെ,ഇതില്‍ പലതും വര്‍ഷാവര്‍ഷം പുതുക്കേണ്ടതുമാണ്.അപ്പോള്‍ ഏതു ചെറുകിട കമ്പനിയില്‍ ഏതു ദിവസം കയറിച്ചെന്നാലും ചില ലൈസന്‍സുകള്‍ എല്ലാം ഇല്ലാതിരിക്കുകയോ പുതുക്കാതിരിക്കുകയോ ഒക്കെ ആയി കണ്ടുപിടിക്കാന്‍ പറ്റും.ഒരു അപകടം പറ്റുമ്പോള്‍ ഇക്കാര്യം എടുത്തുപറഞ്ഞ് ഉടമയെ അറസ്റ്റുചെയ്യുകയോ പ്രസ്ഥാനം പൂട്ടിക്കുകയോ ഒക്കെയാകാം.പക്ഷേ അപകടം ഉണ്ടായതുമായിട്ടോ അപകട സാധ്യതയുമായിട്ടോ ഈ ഒരു ഡസന്‍ ലൈസന്‍സിനും ഒരു ബന്ധവും ഉണ്ടാകണം എന്നില്ല.നാട്ടിലെ സാഹചര്യത്തില്‍ എല്ലാ ലൈസന്‍സുകളും ഉണ്ടെങ്കിലും അപകട സാധ്യത ഉണ്ടാകാം,തിരിച്ചും.
മൂന്നാമത്തെയും പ്രധാനമായതും ആയ കാരണം ഭൂരിഭാഗം അപകടങ്ങളും ഒരു'കുറ്റം'കൊണ്ടല്ല സംഭവിക്കുന്നത് എന്നതാണ്.ഇംഗ്ലീഷില്‍ അപകടങ്ങളെപ്പറ്റി പഠിക്കുന്ന വിഷയംസേഫ്റ്റി (saftey)ആണ്.കുറ്റങ്ങളെപ്പറ്റി പഠിക്കുന്നത്സെക്യൂരിറ്റി(securtiy)യും.ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം അപകടത്തിന് കാരണക്കാരായവരുടെ'ഉദ്ദേശം'ആണ്.കേരളത്തില്‍ ഉണ്ടാകുന്ന40000റോഡപകടങ്ങളില്‍ അപൂര്‍വം ചിലതൊഴിച്ച് ഒരു ഡ്രൈവറും'ഇന്നു ഞാന്‍ ഒരു അപകടം ഉണ്ടാക്കും'എന്നു കരുതി വീട്ടില്‍നിന്നും ഇറങ്ങുന്നവരല്ല.ഒരു റോഡപകടം സംഭവിക്കുന്നതിന്,അതിന് ഒരു വ്യക്തി ഉത്തരവാദിയാണെങ്കില്‍ പോലും,അനവധി കാരണങ്ങളുണ്ട്.അത് പരിശീലനത്തിന്റെ അഭാവമാകാം,രാത്രി ഓടിച്ച് പരിചയം ഇല്ലാത്തതാകാം,മലഞ്ചെരുവിലൂടെ ഓടിക്കാനുള്ള പരിചയക്കുറവാകാം,തലേന്ന് ഉറക്കമിളച്ചതോ വിശ്രമം ഇല്ലാതെ വണ്ടി ഓടിച്ചതോ ഒക്കെയാകാം.ഇങ്ങനെയുള്ള കാരണങ്ങളാണ് കണ്ടെത്തി പരിഹരിക്കേണ്ടത്.അതിനുപകരം ഓടിച്ചയാളെ ജയിലില്‍ ഇട്ടതുകൊണ്ട് എന്തു കാര്യം.കഴിഞ്ഞ വര്‍ഷം ഇടുക്കിയില്‍ ഏഴ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികളുടെ മരണത്തിനു കാരണമായത് മലമ്പ്രദേശത്ത് വണ്ടി ഓടിച്ച് പരിചയമില്ലാത്ത ആള്‍ വാഹനം ഓടിച്ചതാണെന്നു വായിച്ചു.കേരളം പോലെ തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതി ഉള്ള നാടുകളില്‍ മലനാട്ടിലേക്ക് ബസ് ഓടിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനവും ലൈസന്‍സും വേണമെന്ന് കഴിഞ്ഞ അപകടത്തിനുശേഷം തീരുമാനിച്ചിരുന്നെങ്കില്‍ അത് ഉപകാരപ്രദമായ ഒരു പാഠം ആകുമായിരുന്നു.
കഴിഞ്ഞ വര്‍ഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഓഫീസര്‍മാരുടെ ഒരു സമ്മേളനത്തില്‍ സുരക്ഷയെപറ്റി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.അതിനുവേണ്ടി തയ്യാറെടുക്കുമ്പോളാണ് വൈദ്യുതി സംബന്ധിച്ചതും വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ടതുമായ അപകടങ്ങളുടെ രൂക്ഷത ഞാന്‍ മനസ്സിലാക്കിയത്.കേരളത്തില്‍ 25-നും 40-നും ഇടയ്ക്കു ബോര്‍ഡ്തൊഴിലാളികളാണ് (സ്ഥിരം ജോലിക്കാരും കോണ്ട്രാക്റ്റ് ജോലിക്കാരും)ഓരോ വര്‍ഷവും അപകടത്തില്‍ മരിക്കുന്നത്, പരിക്ക് പറ്റുന്നവരുടെ എണ്ണം ഇതില്‍ പല മടങ്ങാണ്.വൈദ്യുതി അപകടം പിടിച്ചതാണെങ്കിലും വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ വികസിത രാജ്യങ്ങളില്‍ 'ആളെക്കൊല്ലി'അല്ല.ഏതാണ്ട് കേരളത്തിന്റെ മൂന്നില്‍രണ്ടുജനസംഖ്യയും കേരളത്തിന്റെ പല മടങ്ങ് വൈദ്യുതി ഉത്പാദന പ്രസരണവും ഉള്ള ഓസ്‌ട്രേലിയയില്‍ ഒരു വര്‍ഷം അഞ്ചില്‍ താഴെ ജോലിക്കാരാണ് വൈദ്യുതിയും ഗ്യാസും വെള്ളവും ഉള്‍പ്പെട്ട തൊഴിലിടങ്ങളില്‍ മരിക്കുന്നത്.
അപ്പോള്‍ കുഴപ്പം വൈദ്യുതിയുടേതല്ല.നാം എങ്ങനെ അതിനെ കൈകാര്യം ചെയ്യുന്നു എന്നതിന്റേതാണ്.വൈദ്യുതി ബോര്‍ഡില്‍ ഓരോ അപകടത്തിനു ശേഷവും കുറ്റാന്വേഷണങ്ങള്‍ നടക്കാറുണ്ട്.കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാറുമുണ്ട്(കഴിഞ്ഞ വര്‍ഷം ഒരു അപകടം ഉണ്ടായപ്പോള്‍ അച്ചടക്ക നടപടി പേടിച്ച് ഒരു വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച സംഭവംവരെ ഉണ്ടായി). ഇതുകൊണ്ട് അപകടങ്ങള്‍ കുറയുന്നുമില്ല. ഓരോ അപകടത്തിനും ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനുപകരം ഇനി ഒരു അപകടം ഉണ്ടാകാതെ ഇരിക്കാനുള്ള ശ്രമമാണ് അപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ മുഖ്യ ലക്ഷ്യം എങ്കില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണം നടക്കും എല്ലാവരും സത്യസന്ധ്യമായി അതിനോട് സഹകരിക്കുകയും ചെയ്യും.
അപകടം മനഃപൂര്‍വമായി ഉണ്ടാക്കുന്നത് അപൂര്‍വമാണെന്ന് പറഞ്ഞുവല്ലോ. (ഉദാ:ലോറി മനഃപൂര്‍വം ഇടിപ്പിച്ച് ആളെ കൊല്ലുന്നത്,ക്രെയിനിന്റെ കേബിള്‍ കട്ടുചെയ്ത് അപകടം ഉണ്ടാക്കുന്നത്).ഏതപകടത്തിലും അത് മനഃപൂര്‍വമാണോ എന്ന് അന്വേഷിക്കുകയും വേണം.പക്ഷേ മനഃപൂര്‍വമല്ലാതെയുണ്ടാക്കുന്ന അപകടങ്ങള്‍ ഒരു വ്യക്തിയുടെ ശ്രദ്ധക്കുറവുകൊണ്ടുമാത്രം ഉണ്ടാകുന്നതല്ല.ഏതു ജോലിയുടെ ഇടയ്ക്കാണോ അപകടം ഉണ്ടായത്,അതിന്റെ ആസൂത്രണത്തിലെ കുറവുതൊട്ട് അപകടം ഉണ്ടായാല്‍ പ്രതിരോധിക്കാനുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ അഭാവമോ പ്രയോഗമില്ലായ്മയോ ഒക്കെ പ്രത്യക്ഷത്തില്‍ ഒരു വ്യക്തിയുടെ കുറ്റം എന്നു തോന്നുന്ന എല്ലാ അപകടങ്ങള്‍ക്കും പിന്നിലുണ്ടാകും.ഇത് കണ്ടുപിടിക്കുമ്പോഴാണ് നമുക്ക് അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്നത്.അപ്പോഴാണ് അപകടങ്ങള്‍ കുറയുന്നത്.
പത്രവാര്‍ത്തകള്‍ അനുസരിച്ച്(ഇതു സത്യം ആകണമെന്നില്ല)തൃശ്ശൂരിലെ അപകടം ഉണ്ടായത് വലിയ സിലിണ്ടറിലെ ഗ്യാസ് ചെറിയ സിലിണ്ടറുകളിലേക്ക് നിറയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ്.ഇതു സത്യമാണെന്നു കരുതുക,അപ്പോള്‍ അടിസ്ഥാനപരമായ പല വസ്തുതകള്‍ ശ്രദ്ധിക്കാനുണ്ട്.ഒന്നാമത്,ആഭരണങ്ങളുടെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ചെറിയ ഗ്യാസ് സിലിണ്ടറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണോ, ഉണ്ടെങ്കില്‍ അതിനു വില കൂടുതലാണോ?ഇതേ പ്രക്രിയ തന്നെ നൂറുകണക്കിന് മറ്റു ആഭരണനിര്‍മ്മാണ ശാലകളില്‍ നടക്കുന്നുണ്ടാകില്ലേ,അവിടെയൊക്കെ അപകടം ഉണ്ടാകാത്തത് കേവലം ഭാഗ്യം കൊണ്ടല്ലേ?ഈ നിര്‍മ്മാണശാലകളിലെ അപകടസാധ്യതയെപ്പറ്റി ഏതെങ്കിലും സുരക്ഷാ വിദഗ്ധര്‍ പഠനം നടത്തിയിട്ടുണ്ടോ,ഇല്ലെങ്കില്‍ അതു വേണ്ടേ? തൊഴിലാളികള്‍ക്ക് ഗ്യാസുമായി പണി ചെയ്യുമ്പോള്‍ എടുക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെപ്പറ്റി ബോധം ഉണ്ടോ,ഒരു ഗ്യാസ് ലീക്ക് ഉണ്ടായാല്‍ തീ പിടിക്കുന്നതിനുമുന്‍പ് മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനം ഈ സ്ഥലങ്ങളില്‍ ഉണ്ടോ,ഇല്ലെങ്കില്‍ അതു നിര്‍ബന്ധമാക്കണ്ടേ?എന്നിങ്ങനെ നൂറുകണക്കിന് ചോദ്യങ്ങള്‍ നാം ചോദിക്കുകയും അതിന് ഉത്തരം കണ്ടെത്തുകയും വേണം.അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ആഭരണനിര്‍മാണ ഫാക്ടറികളിലും ഗ്യാസുപയോഗിക്കുന്ന മറ്റു സ്ഥലങ്ങളിലും നടപ്പിലാക്കേണ്ട മിനിമം സുരക്ഷാ സംവിധാനങ്ങളെപ്പറ്റി നിര്‍ദേശങ്ങള്‍ നല്‍കണം.അതിനെപ്പറ്റി തൊഴിലാളികള്‍ക്ക് അവബോധം ഉണ്ടാക്കുകയും വേണം.
സത്യം എന്തെന്നു വച്ചാല്‍ സുരക്ഷാവിഷയങ്ങളില്‍ ആധുനിക പരിശീലനം ലഭിച്ച വിദഗ്ദ്ധര്‍ നമ്മുടെ നാട്ടില്‍ തീരെ കുറവാണ്.ഇത് ഫാക്ടറികളിലാണെങ്കിലും ഔദ്യോഗിക സംവിധാനങ്ങളില്‍ ആണെങ്കിലും ശരിയാണ്.ഇതിന് മൂന്ന് കാരണങ്ങള്‍ ആണുള്ളത്.ഒന്നാമതായി നല്ല പരിശീലനവും പ്രവര്‍ത്തനപരിചയവും ഉള്ള സുരക്ഷാ വിദഗ്ദ്ധര്‍ക്ക് ലോകവ്യാപകമായി ഡിമാന്‍ഡ് ഉണ്ട്.അപ്പോള്‍ മലയാളി ആണെങ്കിലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പടെ കേരളത്തിലെ സ്ഥാപനങ്ങളില്‍നിന്നും സുരക്ഷാ പരിശീലനം നേടുന്നവര്‍ ആയാലും അവര്‍ക്കെല്ലാം ഇന്ത്യക്ക് പുറത്ത് നല്ല ജോലിയും ശമ്പളവും കിട്ടുന്നു.
രണ്ടാമത് സുരക്ഷ എന്നത് നാം ഇപ്പോഴും പ്രാധാന്യം മനസ്സിലാക്കിയിട്ടില്ലാത്ത വിഷയം ആണ്.അപ്പോള്‍ സുരക്ഷാ വിദഗ്ധര്‍ക്ക് കേരളത്തിലെസ്ഥാപനങ്ങളില്‍ വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല.നിയമം മൂലം നിര്‍ബന്ധമല്ലാത്ത പണിയിടങ്ങളില്‍ സുരക്ഷാ വിദഗ്ധര്‍ ഉണ്ടാകുക കൂടിയില്ല.വേണ്ടയിടങ്ങളില്‍ ആകട്ടെ,പറ്റിയാല്‍ മറ്റു ജോലികളുടെ കൂടെ'അഡീഷണല്‍ ഡ്യൂട്ടി'ആയിട്ടോ,പലപ്പോഴും മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നവരോ ഒക്കെ ആണ്സുരക്ഷാവകുപ്പ് കൈകാര്യം ചെയ്യുന്നത്. സുരക്ഷ ഏറെ പ്രധാനമായതും വര്‍ഷത്തില്‍ ഏറെ തൊഴിലാളികള്‍ മരിക്കുന്നതും ആയ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഒരു മുഴുവന്‍ സമയ സുരക്ഷാവിഭാഗം ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.
മറ്റു വകുപ്പുകളും വ്യത്യസ്തമല്ല.2013-ലെ കണക്കുവെച്ച്കെ.എസ്.ആര്‍ .ടി സി. ആയി ബന്ധപ്പെട്ടു ആയിരത്തോളം അപകടം ഉണ്ടായി, അതില്‍ 193 പേര്‍ മരിച്ചു 1257 പേര്‍ക്ക് പരിക്കും പറ്റി, എന്നിട്ടും ആ വകുപ്പിലും സുരക്ഷയ്ക്ക് ഉത്തരവാദി ആയ ഒരു ഓഫീസര്‍ ഉണ്ടെന്നു വെബ്‌സൈറ്റില്‍ കാണുന്നില്ല. സുരക്ഷയെ കാര്യമായി എടുക്കുന്ന രാജ്യങ്ങളില്‍ മിക്കവാറും കമ്പനികള്‍ക്ക് ഒരു സുരക്ഷാ വിഭാഗം നിര്‍ബന്ധമായും ഉണ്ടായിരിക്കും,സുരക്ഷാവിദഗ്ധന് കമ്പനിയുടെ പണി മുഴുവന്‍ നിര്‍ത്തിവയ്പിക്കാനുള്ള അധികാരം ഉണ്ട്. എണ്ണക്കമ്പനി പോലെ സുരക്ഷ പ്രധാനമായ സ്ഥാപനങ്ങളില്‍ ഓരോ പ്രവൃര്‍ത്തി ദിവസവും ഓരോ മീറ്റിങ്ങും ആരംഭിക്കുന്നത് സുരക്ഷയെ പറ്റി സംസാരിച്ചുകൊണ്ടാണ്.കേരളത്തില്‍ വര്‍ഷത്തില്‍ അപകട സാധ്യത ഉള്ള വകുപ്പുകളിലെല്ലാം ഓരോ സുരക്ഷാ വിഭാഗവും അതില്‍ തന്നെ അറിവും പരിശീലനവും ഉള്ള ഉദ്യോഗസ്ഥരും ഉണ്ടാവേണ്ട കാലം എന്നേ കഴിഞ്ഞു.
മൂന്നാമത്തെ കാര്യം,വന്‍കിട ഫാക്ടറികളിലോ നിര്‍മാണ പ്രവര്‍ത്തനങ്ങളിലോ ഒഴിച്ച് സുരക്ഷാവിദഗ്ധന്‍മാരെ ചെറുകിടഇടത്തരം പ്രസ്ഥാനങ്ങളില്‍ കാണാനേ ഇല്ല.വികസിത രാജ്യങ്ങളില്‍ ഏഴുപേരില്‍ കൂടുതല്‍ പണിയെടുക്കുന്ന നിര്‍മ്മാണ സ്ഥലത്തോ ഇരുപതു പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന കമ്പനികളിലോ സുരക്ഷാവിദഗ്ധന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.ഓരോ നിര്‍മ്മാണപ്രവര്‍ത്തനത്തിലും ഉത്പാദന പ്രക്രിയയിലും അതിന്റെ സുരക്ഷ അവലോകനം ചെയ്ത് ആവശ്യമായ മുന്‍കരുതലുകള്‍,പരിശീലനം,വ്യക്തി സുരക്ഷാവസ്തുക്കള്‍,മുന്‍കരുതല്‍ സംവിധാനം,അപകടം ഉണ്ടായാല്‍ എന്തു ചെയ്യണം എന്നുള്ള ആസൂത്രണം ഇതൊക്കെ ശരിയായാല്‍ മാത്രമേ പണി തുടങ്ങാന്‍ പറ്റുകയുള്ളൂ.ഇതെല്ലാം നമ്മുടെ നാട്ടിലും നിര്‍ബന്ധമായും നടപ്പിലാക്കണം.പണിച്ചെലവ് അല്‍പം കൂടിയാലും ആയിരക്കണക്കിന് മരണം ഒഴിവാക്കാം.പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
അപകടത്തിന് ഉത്തരവാദിയായി ഒരു വ്യക്തിയെ കണ്ടെത്തുന്നത് പ്രായോഗികമായി ഗുണകരമല്ല എന്ന് ആദ്യം പറഞ്ഞല്ലോ.എന്നാല്‍ ഇതിന് ഒരു ഒഴിവ്(exception)ഉണ്ട്.വലിയ പ്രസ്ഥാനത്തില്‍ അപകടം ഉണ്ടായാലും അതിന്റെ മുഖ്യ കാര്യനിര്‍വഹണ അധികാരി(CEO)വ്യക്തിപരമായി(സിവിലായും ക്രിമിനലായും)ഉത്തരവാദിയാണ് എന്ന സംവിധാനം ഉണ്ടായാല്‍,അതായത് റിഫൈനറിയുടെ ടാങ്കര്‍ അപകടത്തില്‍പെട്ടാല്‍ അതിന്റെ മാനേജിങ്ങ്് ഡയറക്ടറും,ടൂറിസം വകുപ്പിന്റെ ബോട്ടു മുങ്ങിയാല്‍ വകുപ്പുമന്ത്രിയും നേരിട്ട് ഉത്തരവാദികള്‍ ആകുമെന്ന് നിയമം ഉണ്ടാക്കിയാല്‍,അപകടം ഉണ്ടായി നാട്ടുകാര്‍മരിച്ചാല്‍ജയിലില്‍ കിടക്കാന്‍ പോകുന്നത് ടാങ്കറിന്റെ െ്രെഡവറായ മറുനാടാന്‍ തൊഴിലാളിയല്ല മറിച്ചു മാനേജിങ്ങ്് ഡയരക്ടര്‍ ആണെന്ന് വന്നാല്‍സുരക്ഷാ വിഷയത്തിന് പെട്ടെന്ന് ഗൗരവം വരും.സുരക്ഷ ഒരു അധിക ചെലവാണെന്ന ചിന്ത മാറി അത്യാവശ്യ കാര്യമാണെന്ന് ഉള്ള സ്ഥിതി വരും.അപകടം കുറയുകയും ചെയ്യും. ഇതൊരല്‍പം കടന്ന കയ്യാണെന്ന് എനിക്കറിയാം.പക്ഷെ ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്ന ഒരു സാമൂഹ്യദുരന്തം ഒഴിവാക്കാന്‍ ചില അറ്റ കൈപ്രയോഗങ്ങള്‍ ചിലപ്പോള്‍ വേണ്ടിവരും.
ഉത്തരവാദിത്തത്തിന്റെ ഒരു കാര്യം കൂടെ പറഞ്ഞ് ലേഖനം അവസാനിപ്പിക്കാം.എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്ത് അവിടുത്തെ ഓരോ മാനേജരുടേയും മുറിക്കു മുന്നില്‍ ആ വര്‍ഷം ഉണ്ടായ അപകടങ്ങളുടെ എണ്ണം അപകടത്തില്‍പെട്ടതോ മരിച്ചതോ ആയവരുടെ എണ്ണം,അപകടം ഇല്ലാതെയിരുന്ന ദിവസങ്ങളുടെ എണ്ണം,അപകടം ഇല്ലാതെ തുടര്‍ച്ചയായി എത്ര തൊഴില്‍ ദിനങ്ങള്‍തൊഴിലാളികളുടെ എണ്ണം, അപകടം ഇല്ലാതിരുന്ന ദിവസം(തുടര്‍ച്ചയായി) ഇവ ഒരു വലിയ ബോര്‍ഡില്‍ എഴുതിവയ്ക്കും.ഓരോ മാനേജര്‍മാരുടേയും വര്‍ഷാവസാന പെര്‍ഫോര്‍മന്‍സ് അസ്സസ്‌മെന്റിലും ബോണസ് കണക്കു കൂട്ടുന്നതിലും ഈ സുരക്ഷാ പെര്‍ഫോര്‍മന്‍സ് പ്രധാന പങ്കുവഹിക്കുകയും ചെയ്യും.നമ്മുടെ സ്ഥാപനങ്ങളുടെ മുന്‍പിലും -മന്ത്രിമാരുടേതുള്‍പ്പടെ- ഇത് എളുപ്പത്തില്‍ നടപ്പിലാക്കാവുന്നതേ ഉള്ളൂ.സ്വന്തം കമ്പനിയിലോ വകുപ്പിലോ അപകടം നടന്നാല്‍ ജയിലില്‍ പോയില്ലെങ്കിലും കമ്പനിയുടെ ലാഭമോ വകുപ്പിന്റെ പ്രവര്‍ത്തന മികവോ പല മനുഷ്യരുടെ ജീവന്റെ മുകളിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്നുള്ള അറിവ് ചിലരുടെയെങ്കിലും ഉറക്കം കെടുത്തിയേക്കാം. അതില്‍ നിന്നും സുരക്ഷക്ക് വേണ്ട ശ്രദ്ധ ഉണ്ടാവുകയും ചെയ്യാം.