SPECIAL NEWS
  Mar 15, 2014
ഇന്ത്യയിലല്ലാത്ത 10 തിരഞ്ഞെടുപ്പുകള്‍
സിസ്സി ജേക്കബ്‌
ഇന്ത്യയ്‌ക്കെന്നത് പോലെ മറ്റു ചില രാഷ്ട്രങ്ങള്‍ക്കും 2014 തിരഞ്ഞെടുപ്പു വര്‍ഷമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും മിക്കവാറും സൂപ്പര്‍പവറും ആയ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സ്വാഭാവികമായും ആഗോളശ്രദ്ധ പിടിച്ചുപറ്റും. അത്രയുമോ അതിനെക്കാളേറെയോ പ്രധാനപ്പെട്ടതാണ് 2014-ലെ മറ്റു പത്ത് തിരഞ്ഞെടുപ്പുകള്‍. ആ തിരഞ്ഞെടുപ്പുകളിലൂടെ:

1. അഫ്ഗാനിസ്താന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഏപ്രില്‍ 5)

താലിബാന്റെ പതനത്തിനുശേഷം നടക്കുന്ന മൂന്നാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. താലിബാന് ശേഷം ഇക്കാലമത്രയും രാജ്യം ഭരിച്ചത് ഹമീദ് കര്‍സായിയാണ്. രണ്ടിലധികം തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഭരണഘടന പൗരനെ വിലക്കുന്നതിനാല്‍ കര്‍സായിക്ക് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. പുതിയ ആളാവും പ്രസിഡന്റ്.

2009-ലെ തിരഞ്ഞെടുപ്പില്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ചേര്‍ന്ന് കൊണ്ടുവരാന്‍ ശ്രമിച്ച പരിഷ്‌ക്കാരങ്ങള്‍ക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സാധ്യതകളേതുമില്ല. യു.എസും കര്‍സായിയും തമ്മിലുള്ള ബന്ധം സുഖകരമല്ല. വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടക്കുമെന്ന്് ആശങ്കപ്പെടുന്ന തിരഞ്ഞെടുപ്പിന്റെ സുരക്ഷയെക്കുറിച്ചും ഉത്കണ്ഠയുണ്ട്.

കര്‍സായിയുടെ പിന്‍ഗാമി ആരാകുമെന്നതിനെ പറ്റി വ്യക്തമായ ചിത്രമായിട്ടില്ല. പത്രിക നല്‍കിയ 27 സ്ഥാനാര്‍ഥികളില്‍ 16 പേരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. ശേഷിച്ച 11 പേരാണ് മത്സരരംഗത്തുള്ളത്. അതിലൊരാള്‍ , ഹമീദ് കര്‍സായിയുടെ സഹോദരന്‍ ഖയ്യും മാര്‍ച്ച് ആറിന് പിന്‍മാറി. ഇനിയുള്ള പത്തുപേരില്‍. ഉസാമ ബിന്‍ ലാദനെ അഫ്ഗാനിസ്താനിലേക്ക് ക്ഷണിച്ച അബ്ദുള്‍ റസൂല്‍ സയ്യഫും ഉണ്ട്.

അഫ്ഗാനിസ്താന്റെ രാഷ്ട്രീയത്തിലും അഫ്ഗാന്‍ ജനതയുടെ ജീവിതത്തിലും നിര്‍ണായകശക്തിയായിരുന്ന നാറ്റോ സൈന്യം 2015 ആദ്യത്തില്‍ രാജ്യം വിടുകയാണ്. കാനഡ സ്വന്തം പട്ടാളത്തെ പിന്‍വലിച്ചുകഴിഞ്ഞു. യു.എസുമായി ദീര്‍ഘകാല സുരക്ഷാ കരാറില്‍ ഒപ്പിടാന്‍ കര്‍സായി തയ്യാറായാല്‍ അഫ്ഗാന്‍ സേനയെ പരിശീലിപ്പിക്കാനും താലിബാനെതിരായ പോരാട്ടത്തിനുമായി കുറച്ചു വിദേശപാട്ടാളക്കാര്‍ അഫ്ഗാനിസ്താനില്‍ തുടരും. എന്നാല്‍, യു.എസില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട കര്‍സായി കരാറില്‍ ഒപ്പിടാനുള്ള സാധ്യതയില്ല. ഇപ്പോഴും താലിബാന്‍ ഭരിക്കുന്ന നാടുകള്ളുള്ള, അവര്‍ക്ക് സ്വാധീനമുള്ള മേഖലകളുള്ള അഫ്ഗാനിസ്താനില്‍ പുതിയ പ്രസിഡന്റിനെ സഹായിക്കാന്‍ സ്വന്തം പോലീസും പട്ടാളവുമേ ഉണ്ടാവൂ. അയാളെ കാത്തിരിക്കുന്നത് കഷ്ടപ്പാടുകളുടെ ഭാവികാലമാണ്.

2. ഇറാഖ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് (ഏപ്രില്‍ 30)

രാഷ്ട്രീയമായും മതപരമായും ഇപ്പോഴും ഭിന്നിച്ചുനില്‍ക്കുന്ന ഇറാഖില്‍ മൂന്നാം തവണയും അധികാരത്തിലേറാന്‍ കഴിയുമോ എന്ന നോട്ടത്തിലാണ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി. പ്രസിഡന്റിന്റെ കാലാവധി രണ്ടു തവണയായി നിജപ്പെടുത്തിയിരുന്ന നിയമം സുപ്രീം കോടതി 'അട്ടിമറിച്ച'ത് ഇതിനാണെന്നാണ് അഭ്യൂഹം. പക്ഷേ, 2013-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ ഭരണസഖ്യമായ സ്റ്റേറ്റ് ഓഫ് ലോ തോറ്റത് മാലിക്കിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല എന്നാണ് വ്യക്തമാക്കുന്നത്. പ്രവിശ്യകളില്‍ പാതിയില്‍ താഴെയുള്ളവയുടെ, അതും ഷിയ ഭൂരിപക്ഷമുള്ളവയുടെ ഭരണമേ സ്റ്റേറ്റ് ഓഫ് ലോയുടെ കയ്യിലുള്ളൂ.

വിഘടിച്ചുനില്‍ക്കുന്ന മതവിഭാഗങ്ങള്‍ തമ്മില്‍ അക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് ഇറാഖില്‍. ഇവയെ നേരിടാനും തീവ്രവിഭാഗങ്ങളെ കൈകാര്യം ചെയ്യാനും ഇറാഖിലെ നേതാക്കള്‍ക്ക് എങ്ങനെ കഴിയുന്നു എതിനെ ആശ്രയിച്ചിരിക്കും അവിടുത്തെ ജനാധിപത്യത്തിന്റെ ഭാവി.

3 ദക്ഷിണാഫ്രിക്ക ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് (ഏപ്രിലിനും ജൂണിനുമിടെ)

ദക്ഷിണാഫ്രിക്കയില്‍ അപ്പാട്ടെയ്റ്റ് അവസാനിച്ചതിന്റെ ഇരുപതാം വര്‍ഷമാണ് 2014. ഈ വര്‍ഷമാണ് ദക്ഷിണാഫ്രിക്കയിലെ അഞ്ചാമത്തെ പൊതുതിരഞ്ഞെടുപ്പ്. നെല്‍സണ്‍ മണ്ടേലയില്ലാത്ത ആദ്യ തിരഞ്ഞെടുപ്പും.

ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ ജനം തിരഞ്ഞെടുക്കും. അസംബ്ലി പുതിയ പ്രസിഡന്റിനെയും. 1994 മുതല്‍ ദക്ഷിണാഫ്രിക്ക ഭരിക്കുന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി.) തന്നെ അധികാരത്തില്‍ തുടരും. പക്ഷേ, കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ പാര്‍ട്ടിക്ക് നഷ്ടപ്പെടുമെന്നുറപ്പ്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 64.9 ശതമാനമാണ് കഴിഞ്ഞ തവണ എ.എന്‍.സിക്ക് കിട്ടിയ വോട്ട്.

അഴിമതിയും മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും തത്ഫലമായുള്ള തൊഴിലില്ലായ്മയുമെല്ലാം ചേര്‍ന്ന് ദുസ്ഥിതിയിലാണ് ദക്ഷിണാഫ്രിക്ക.

അപ്പാട്ടെയ്റ്റിന്റെ അന്ത്യത്തിനുശേഷം പിറന്നവര്‍ക്ക് എ.എന്‍.സിയോട് കാര്യമായ പ്രതിപത്തിയില്ല. പ്രായമായവര്‍ക്ക് അത് അവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയുടെ പ്രതീകമാണെങ്കില്‍ പുതുതലമുറയ്ക്ക് അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാരുടെ കൂട്ടമാണത്.

പ്രസിഡന്റ് ജേക്കബ് സുമയെ മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയന്‍സ് ഇംപീച്ച് ചെയ്യാന്‍ ശ്രമിച്ചേക്കും. 'കറുത്ത ഭൂരിപക്ഷത്തിന്റെ ആത്മാഭിമാനം തിരിച്ചുപിടിക്കുമെന്ന' ദൃഢപ്രതിജ്ഞയുമായി പുതിയ പാര്‍ട്ടിയായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് രംഗത്തുണ്ട്.

4. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പുകള്‍ (മെയ് 22 മുതല്‍ 25 വരെ)

കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണങ്ങള്‍കൊണ്ടാണ് യൂറോപ്പ് സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ നോക്കിയത്. അത് ഫലം കണ്ട മട്ടുകാണുന്നില്ല. തൊഴിലില്ലായ്മയാകട്ടെ റെക്കോഡ് നിലയിലാണ്. യൂറോപ്പിലെ പല സമ്പദ്‌വ്യവസ്ഥകളും ഇപ്പോഴും മാന്ദ്യത്തിലാണ്. ജനം നിരാശരും.

യൂറോപ്യന്‍ യൂണിയനിലെ 751 സീറ്റുകളിലേക്ക് അംഗരാജ്യങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ദേശീയവാദി പാര്‍ട്ടികള്‍ക്കായിരിക്കുമൊണ് കണക്കുകൂട്ടല്‍. യൂറോപ്യന്‍ രാഷ്ട്രീയത്തിന്റെ അരികുകളില്‍ നില്‍കുന്ന ഇവര്‍ക്ക് അസംതൃപ്തരായ നാട്ടുകാരെ സ്വാധീനിക്കാനാവുമെന്നാണ് വിലയിരുത്തല്‍. ഇത് യൂറോപ്യന്‍ പാര്‍ലമെന്റിലെയും യൂറോപ്യന്‍ യൂണിയനിലെയും ചര്‍ച്ചകളുടെ ഗതിമാറ്റിയേക്കും. യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ ആരിരിക്കണം എന്ന തീരുമാനത്തെയും ഇത് സ്വാധീനിക്കും. എന്നാല്‍, പോപ്പ്യുലിസ്റ്റ് പാര്‍ട്ടികളായ യൂണൈറ്റഡ് കിങ്ഡം ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി, ദ ഫിന്‍സ്, പ്രൊട്ടക്ഷനിസത്തെ തുണയ്ക്കുന്ന ഫ്രണ്ട് നാഷണല്‍ തുടങ്ങിയവ മികച്ച പ്രകടനം നടത്തിയാല്‍ അതു സ്വാധീനിക്കുക ദേശീയ രാഷ്ട്രീയത്തെയാവും. അങ്ങനെവന്നാല്‍, കര്‍ക്കശ സാമ്പത്തിക നിയന്ത്രണങ്ങളല്ല, ജനകീയ നയങ്ങളാണ് ജനങ്ങള്‍ക്കാവശ്യമെന്ന പാഠം സര്‍ക്കാരുകളെയും വമ്പന്‍ രാഷ്ട്രീയകക്ഷികളെയും പഠിപ്പിക്കുന്ന തിരഞ്ഞെടുപ്പാകുമിത്.

5. കൊളംബിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് (മെയ് 25)

കൊളംബിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് അതിന്റെ ഫലമെന്താകുമെന്നതല്ല. ഉപതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഹുവാന്‍ കാര്‍ലോസ് സാന്റോസ് വീണ്ടും തിരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ കാരണമൊന്നുമില്ല. അദ്ദേഹവും മുന്‍ഗാമി അല്‍വാരോ യൂറിബ് വെലെസും തമ്മിലുള്ള കുടിപ്പകയാണ് തിരഞ്ഞെടുപ്പിന്റെ 'ഹൈലൈറ്റ്'. യൂറിബിന്റെ പ്രതിരോധ മന്ത്രിയായിരുന്ന സാന്റോസ് 2010-ല്‍ പ്രസിഡന്റായ ശേഷം തീവ്രനയങ്ങളുപേക്ഷിച്ച് ഫാര്‍ക് (റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ പീപ്പിള്‍ ആര്‍മി) വിമതരുമായി ചര്‍ച്ച തുടങ്ങിയതാണ് ഭിന്നതയ്ക്കിടയാക്കിയത്.

ഇതോടെ യൂറിബ് ഡെമോക്രാറ്റിക് സെന്റര്‍ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. ഓസ്‌കര്‍ ഇവാന്‍ സുലുവാഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുകയും ചെയ്തു. സുലുവാഗ ജയിക്കില്ലെന്നുറപ്പാണ്. കാരണം 'ഫാര്‍ക്കു'മായുള്ള ചര്‍ച്ചയ്ക്ക് അത്രയ്ക്കാണ് ജനപിന്തുണ. പക്ഷേ, കൊളംബിയന്‍ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യൂറിബിനെ അവര്‍ ജയിപ്പിച്ചു. യൂറിബിന്റെ മധ്യവലതു സഖ്യം സെനറ്റിലെ 102 സീറ്റുകളില്‍ 47-ല്‍ ജയിച്ചു. സെനറ്റിലെ അംഗത്വം സാന്റോസിന്റെ നയങ്ങളെ എതിര്‍ത്തുകൊണ്ടിരിക്കുന്ന യൂറിബിന് അതുതുടരാനുള്ള അവസരം ലഭ്യമാക്കിയിരിക്കുകയാണ്.

6. ഇന്‍ഡൊനീഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ജൂലായ് 9)

ഏപ്രിലില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പിന്നാലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അതിനൊരുങ്ങുകയാണ് ഇന്‍ഡൊനീഷ്യ. മേഗാവതി സുകാര്‍ണോപുത്രിയുടെ ഇന്‍ഡൊനീഷ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍. എന്നാല്‍, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മേഗാവതിയ്ക്ക് ജയസാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ജക്കാര്‍ത്തയുടെ ഒബാമയെന്ന് ജനം വിളിക്കുന്ന അവിടുത്തെ ഗവര്‍ണര്‍ ജോകോ വിഡോഡോ മത്സരിക്കാനിറങ്ങിയാല്‍ ജയം സുനിശ്ചിതമെന്ന് വിശ്വസിക്കുന്നു നാട്ടുകാര്‍. എന്നാല്‍, സ്വന്തം പാര്‍ട്ടിനേതാവ് മേഗാവതി മത്സരിക്കാനുറപ്പിച്ചാല്‍, കളത്തിലിറങ്ങില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് വിഡോഡോ.

രണ്ടുവട്ടം പ്രസിഡന്റായിരുന്ന സുസിലോ ബംബാങ് യുധോയോനോയ്ക്ക് പിന്‍ഗാമിയായി ആരെത്തിയാലും അഴിമതി നിറഞ്ഞ, വളര്‍ച്ച കുറഞ്ഞ, ഖജനാവൊഴിഞ്ഞ രാജ്യത്തയാകും ഏറ്റെടുക്കേണ്ടിവരിക.

7. തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ആഗസ്ത് 10)

തുര്‍ക്കിയിലെ നേരിട്ടുള്ള ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി റെസെപ് തയ്യിപ് എര്‍ഡോഗാന്‍ മത്സരിക്കുമോ എന്നുറ്റുനോക്കുകയാണ് ജനം. ഇതുവരെ പാര്‍ലമെന്റായിരുന്നു പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. എന്നാല്‍, ഭരണഘടന ഭേദഗതി ചെയ്ത് ഇതിനുള്ള അവകാശം പൊതുജനത്തിലെത്തിച്ചു. പ്രസിഡന്റിന്റെ ഏഴുവര്‍ഷ കാലാവധി അഞ്ചായി കുറക്കുകയും ചെയ്തു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അബ്ദുള്ള ഗുലിന് ഒരിക്കല്‍ കൂടി മത്സരിക്കാം. എന്നാല്‍, മത്സരിക്കുമോ ഇല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് എര്‍ഡോഗാന്‍ സൂചിപ്പിച്ചിട്ടുണ്ട്. മൂന്നുതവണ പ്രധാനമന്ത്രിയായിരിക്കാനേ തുര്‍ക്കി ഭരണഘടന അനുവദിക്കുന്നുള്ളൂ. എര്‍ഡോഗാന്‍ അത്രയും തവണ പ്രധാനമന്ത്രിയായി. മൂന്നാം തവണത്തെ കാലാവധി 2015 ജൂണില്‍ കഴിയും.

എന്നാല്‍, പ്രസിഡന്റ് പദവി ഒരലങ്കാരമെന്നതിനുപരി കൂടുതല്‍ അധികാരമുള്ളതാക്കുന്ന വിധത്തില്‍ ഭരണഘട ഭേദഗതി ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അണികള്‍ ഈ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.

2013-ല്‍ നഗരങ്ങളിലുടലെടുത്ത പ്രക്ഷോഭങ്ങളെ എര്‍ഡോഗാന്‍ ഉരുക്കുമുഷ്ടികൊണ്ടാണ് നേരിട്ടത്. ഇത്തരം രീതികള്‍ ജനത്തിലും അണികളില്‍ ഒരുവിഭാഗത്തില്‍തന്നെയും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ പ്രവിശ്യാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതില്‍ അദ്ദേഹത്തിന്റെ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി ജയിച്ചാല്‍, ആഗസ്തിലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഒരുകൈ നോക്കിയേക്കും.

8. ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഒക്ടോബര്‍ 5)

കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങേണ്ട ദില്‍മ റൂസഫ് ഭരണത്തിലിക്കാന്‍ ശ്രമിക്കുന്നതായാണ് ബ്രസീലിയന്‍ രാഷ്ട്രീയം നല്‍കുന്ന സൂചന. പക്ഷേ, ആദ്യ വട്ട വോട്ടെടുപ്പില്‍ തന്നെ ദില്‍മയുടെ മോഹം സഫലമാകുമോ എന്നാണ് ബ്രസീലും ലോകവും ഉറ്റുനോക്കുന്നത്. കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

ബസ്, തീവണ്ടി ടിക്കറ്റ് നിരക്കുകള്‍ കൂട്ടിയതിനെതിരെയുള്ള പരാതിയായി തുടങ്ങിയ പ്രതിഷേധം പണപ്പെരുപ്പത്തിനും സാമ്പത്തിക അസമത്വത്തിനും കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമെതിരെയുള്ള വന്‍ പ്രക്ഷോഭമായി മാറിയത് കഴിഞ്ഞ വര്‍ഷമാണ്. ഇതേത്തുടര്‍ന്ന് ദില്‍മയുടെ ജനപ്രീതിക്ക് ഇടിവുണ്ടായി. അതുമെച്ചപ്പെടുത്താന്‍ അവര്‍ക്ക് കുറച്ചു കഷ്ടപ്പെടേണ്ടിവന്നു. എതിരാളികളുടെ പിടിപ്പുകേടും ഏകോപനമില്ലാത്ത പ്രവര്‍ത്തനവും ദില്‍മയെ സഹായിച്ചു. അവരുടെ മുഖ്യ വിമര്‍ശകരില്‍ ഒരാളായ പരിസ്ഥിതി പ്രവര്‍ത്തകയും മുന്‍ പരിസ്ഥിതി മന്ത്രിയുമായ മരീന സില്‍വയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടിയുടെ (സസ്‌റ്റെയ്‌നബിലിറ്റി നെറ്റ്‌വര്‍ക്ക്) രജിസ്‌ട്രേഷനുറപ്പാക്കാനായില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അവര്‍ മത്സരിക്കുന്നുണ്ട്.

9. യു.എസ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് (നവംബര്‍ 4)

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ഒരേപോലെ പ്രതീക്ഷവെക്കുന്ന തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റിനെ തിരഞ്ഞെടുത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴുള്ള തിരഞ്ഞെടുപ്പ്.

ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടണമെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് 18 സീറ്റ് നേടിയേതീരൂ. അതത്രപ്രയാസമല്ലെന്നു തോന്നാം. എന്നാല്‍, കഴിഞ്ഞ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാം വട്ടം അധികാരത്തിലേറിയ ഒരു പ്രസിഡന്റിന്റെ പാര്‍ട്ടിയും ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടിയിട്ടില്ലെന്നതാണ് വസ്തുത. ഒബാമയുടെ ജനപ്രിതീയിലുള്ള ഇടിവ് ഈ നിലയില്‍ തുടരുകയാണെങ്കില്‍ അദ്ദേഹവും ഈ ചരിത്രത്തിലിടം പിടിക്കും.

10. സ്‌കോട്‌ലന്‍ഡിലെ ഹിതപരിശോധന (സപ്തംബര്‍ 18)

യു.കെയില്‍ നിന്ന് പിരിഞ്ഞ് സ്വതന്ത്ര രാഷ്ട്രമാകണമോയെന്ന് സ്‌കോട്‌ലന്‍ഡ് തീരുമാനിക്കുന്ന ദിനമാണ് സപ്തംബര്‍ 18. സ്വാതന്ത്ര്യാനുകൂലികള്‍ക്ക് അത് അത്ര എളുപ്പമാവില്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന. സ്വതന്ത്ര സ്‌കോട്‌ലന്‍ഡാണ് തന്റെ സ്വപ്‌നമെന്ന് പ്രഖ്യാപിച്ച് 'സ്വാതന്ത്ര്യത്തിന്റെ രൂപരേഖ' പ്രസിദ്ധീകരിച്ചിരിക്കുകയാണ് അവിടുത്തെ ആദ്യ മന്ത്രി അലക്‌സ് സാല്‍മണ്ട്.


 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -