ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് കക്ഷികള്‍ വരുംതിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടാന്‍ ഒരു കൂട്ടായ്മക്ക് രൂപംനല്‍കി. ഫെഡറല്‍ മുണിയെന്നാണ് ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. പൊതുതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മുന്‍കാലങ്ങളില്‍ ഉണ്ടാക്കുകയോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്ത മൂന്നാം മുന്നണിയുടെ മറ്റൊരു കോപ്പി. കേന്ദ്രത്തിലെ മുഖ്യകക്ഷികളായ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ ഒരു രാഷ്ട്രീയ മുന്നേറ്റം.
കോണ്‍ഗ്രസിന്റെ അഴിമതി നിറഞ്ഞുതുളുമ്പിയ ഭരണവും ബിജെപിയുടെ വര്‍ഗീയ നിലപാടുകളും തുറന്നുകാട്ടി അധികാരത്തിലെത്താനാകുമോയെന്ന പരീക്ഷണമാണിത്. അല്ലെങ്കില്‍, ദേശീയ രാഷ്ട്രീയത്തിന്റെ ഗതി തങ്ങളുടെ റിമോട്ട്് കണ്‍ട്രോളില്‍ ആക്കാനെങ്കിലും ആവുമോ എന്ന് നോക്കാന്‍.
അചിന്ത്യമായ അഴിമതി ആരോപണങ്ങളില്‍പ്പെട്ട് വലയുമ്പോഴാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. എന്നാല്‍ ചില ആശങ്കകള്‍ അവര്‍ക്ക് ഉണ്ടെങ്കില്‍ തന്നെയും ബിജെപിക്ക് മുന്നിലുളളത് ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുളള സാഹചര്യമാണ്. ഭരണവിരുദ്ധ തരംഗം ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യവും നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും പ്രതീക്ഷ പകരുന്നു. എന്നാല്‍ വര്‍ഗീയതയുടെ ആള്‍ എന്ന ആരോപണം നിരന്തരം നേരിടുന്ന മോദിക്ക് സഖ്യകക്ഷികളെ കാര്യമായി ആകര്‍ഷിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. അവസാനം കാര്യങ്ങളെല്ലാം ശുഭമാവും എന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രത്യാശ.
ഭരണത്തിന്റെ അവസാനനാളുകളില്‍ കൈക്കൊണ്ട ജനപ്രിയ തീരുമാനങ്ങളും യു.പി.എ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ക്ഷേമപദ്ധതികളും വിപുലവും തന്ത്രപരവുമായ പ്രചാരണങ്ങളും കൈമുതലാക്കി എതിര്‍തരംഗങ്ങളെ ലഘൂകരിക്കാനാവുമോയെന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നൂറുശതമാനം ഡി.എ അനുവദിച്ചതും വിമുക്തഭടന്‍മാര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പ്രഖ്യാപിച്ചതും കുറഞ്ഞ ഇ.പി.എഫ് പെന്‍ഷന്‍ ആയിരം രൂപയാക്കിയതുമെല്ലാം ജനവിധിയെ അനുകൂലമാക്കാനുളള കോണ്‍ഗ്രസിന്റെ അവസാനനിമിഷത്തെ കൊണ്ടുപിടിച്ച ശ്രമങ്ങളാണ്.
എന്തായാലും സ്വയം അധികാരശക്തിയാകാനുളള കൂട്ടായശ്രമം ഇടതുപക്ഷവും ഒരുപറ്റം സംസ്ഥാന രാഷ്ട്രീയകക്ഷികളും തുടങ്ങിക്കഴിഞ്ഞു. ഈ കൂട്ടുകെട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം പതിനൊന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തി. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം, ജനോ•ുഖ വികസനം എന്നീ നാല് ത്തത്ത്വങ്ങളെ മുന്‍നിര്‍ത്തിയാണ് മുന്നണിക്ക് രൂപംനല്‍കിയത്. പൊതുമിനിമം പരിപാടിക്ക് ഇവര്‍ രൂപംനല്‍കിയില്ല. കേന്ദ്രസര്‍ക്കാരില്‍ എല്ലാ അധികാരവും കേന്ദ്രീകരിക്കുന്ന വ്യവസ്ഥ മാറണമെന്ന് പറയുന്ന മൂന്നാം ബദലുകാര്‍ തിരഞ്ഞെടുപ്പിന് ശേഷമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയുളളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷ പാര്‍ട്ടികളും ജനതാദള്‍ യുണൈറ്റഡ്, ബിജു ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, എ.ഐ.എ.ഡി.എം.കെ, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, അസംഗണപരിഷത്ത്, ജനതാദള്‍(എസ്) എന്നീ സംസ്ഥാന പാര്‍ട്ടികളും ചേര്‍ന്നാണ് ഫെഡറല്‍ മുന്നണിക്ക് രൂപംനല്‍കിയത്. ചിലരെക്കൂടി ഒപ്പം കൂട്ടാന്‍ കഴിയുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
മൂന്നാം ബദലിന് ശ്രമം തുടങ്ങിയപ്പോള്‍ തന്നെ ഉയര്‍ന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്: അഴിമതിയും വര്‍ഗീയതയും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെയും ബിജെപിയെയും ദുര്‍ബലമാക്കാന്‍ ഫെഡറല്‍ മുണിക്ക് കഴിയുമോ? ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷമുളള രാഷ്ട്രീയഗതിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ അവര്‍ക്കാകുമോ?
മുഖ്യമായും നാല് വെല്ലുവിളികളാണ് ഈ മൂന്നാംബദല്‍ നേരിടുന്നത്. ഒന്ന്, കോണ്‍ഗ്രസ്, ബിജെപി എന്നീ മുഖ്യകക്ഷികളില്‍ നിന്ന് വ്യതരിക്്തമായ രാഷ്ട്രീയശൈലിയോ പ്രവര്‍ത്തനപദ്ധതികളോ പിന്തുടരുന്നവരല്ല ഫെഡറല്‍ മുന്നണിയിലെ മിക്ക കക്ഷികളും. ഈ രണ്ട് കക്ഷികളെയും ഗ്രസിച്ചിരിക്കുന്ന ജീര്‍ണ്ണതയില്‍ നിന്ന് ഇവരാരും മുക്തരുമല്ല. രണ്ട്, വിശ്വാസ്യതയുടെ അഭാവം. മൂന്ന് പൊതുനയങ്ങളില്‍ ഐക്യരൂപേണയുളള നിലപാട് ഇല്ലാത്ത അവസ്ഥ. നാല് ഫെഡറല്‍ മുന്നണിയിലെ കക്ഷികളുടെ സാന്നിധ്യവും സ്വാധീനവും അത്രമേല്‍ വിപുലമല്ലെന്ന യാഥാര്‍ത്ഥ്യം.
രാഷ്ട്രീയ സഖ്യത്തിന്റെ കാര്യത്തില്‍ ഇടതുപാര്‍ട്ടികളും ജനതാദള്‍ യുണൈറ്റഡും ബിജെഡിയും ഒഴിച്ചുളള രാഷ്ട്രീയ കക്ഷികളുടെ വിശ്വാസ്യത ദൃഢമല്ലായെന്നത് പലവട്ടം തെളിയക്കപ്പെട്ടതാണ്. പൊരുത്തത്തേക്കാള്‍ പൊരുത്തക്കേടുകളുടെ കൂടാരമാണ് ഈ മൂന്നാംബദലെന്ന വിമര്‍ശനം ഉന്നയിക്കപ്പെടുന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. വിശ്വാസ്യതയുടെ അഭാവവും പൊതുനയങ്ങളിലെ വ്യക്തതയില്ലായ്മയും യഥാര്‍ത്ഥത്തില്‍ പരസ്പരബന്ധിതമാണ്.
സി.പി.എം നേതൃത്വത്തിലുളള ഇടതുപക്ഷമാണ് മൂന്നാംബദലിന് മുന്‍കൈയ്യെടുത്തതെങ്കിലും മുന്നണിയിലെ പ്രധാന അധികാരകേന്ദ്രങ്ങളാവാന്‍ പോകുന്നത് എ.ഐ.എ.ഡി.എം.കെയും സമാജ്‌വാദി പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡും ബിജെഡിയുമായിരിക്കും. സ്വയം അധികാരത്തിലേറുന്നതിനേക്കാള്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്നകറ്റുകയാണ് ഇടതുപക്ഷത്തിന്റെ മുഖ്യ അജന്‍ഡ. ജനതാദള്‍ യുണൈറ്റഡിന്റെയും ബി.ജെ.ഡിയുടെയും മുഖ്യശത്രു ബിജെപിയാണ്. ഇരുകക്ഷികളും ബിജെപിയുമായി നേരത്തെ ഏറെക്കാലം സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇരുകൂട്ടരും ബി.ജെ.പിയുമായുളള കൂട്ടുകെട്ടില്‍ നിന്ന് സ്വയം അടരുകയായിരുന്നു. ഒറീസയിലെ വര്‍ഗീയസംഘര്‍ഷമാണ് ബിജെഡിയെ ബിജെപിയില്‍ അകറ്റിയതെങ്കില്‍ നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വമായിരുന്നു ജനതാദള്‍ യുണൈറ്റഡിനെ പ്രകോപിപ്പിച്ചത്.
മുന്നണിയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുമെന്ന് പൊതുവില്‍ പ്രവചിക്കപ്പെടുന്ന എ.ഐ.എഡി.എം.കെയുടെയും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ ഉത്തര്‍പ്രദേശില്‍ നിന്നുളള സമാജ്‌വാദി പാര്‍ട്ടിയുടെയും നിലപാടുകളായിരിക്കും മൂന്നാംബദലിന്റെ തലവര കുറിക്കുക. ഇരുകക്ഷികളുടെയും നേതാക്കളായ ജയലളിതയുടെയും മുലായം സിങ് യാദവിന്റെയും മുഖ്യലക്ഷ്യം പ്രധാനമന്ത്രി പദമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതേസമയം, വിശ്വാസ്യതയുടെ കാര്യത്തില്‍ ഏറ്റവും ഇടിവുനേരിടുന്നതും ഈ രണ്ട് കക്ഷികളുമാണ്.
ഇന്ത്യ-അമേരിക്ക ആണവകരാറിന്റെ വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മലക്കംമറിച്ചില്‍ രാജ്യം കണ്ടതാണ്. ഇടതുകക്ഷികള്‍ക്കൊപ്പം ആണവകരാറിനെ ശക്തിയുക്തം എതിര്‍ത്ത പാര്‍ട്ടി അവസാന നിമിഷമാണ് മലക്കം മറിഞ്ഞത്. കരാറിന്റെ ആരംഭഘട്ടം മുതല്‍ ആണവകരാര്‍ രാജ്യത്തിന് ദോഷമാണെന്ന വ്യാപക പ്രചാരണം സമാജ്‌വാദി പാര്‍ട്ടി നടത്തിയിരുന്നു. എന്നാല്‍ 2008-ല്‍ വിശ്വാസവോട്ടിന്റെ ഘട്ടമെത്തിയപ്പോള്‍ അവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. അന്ന് ഇടതുപക്ഷത്തെ വഞ്ചിച്ച് യു.പി.എ സര്‍ക്കാരിനെ രക്ഷിച്ചത് സമാജ്‌വാദി പാര്‍ട്ടിയായിരുന്നു. ഇതേത്തുടര്‍ന്ന് സി.പി.എം കുറച്ചുകാലം സമാജ്‌വാദി പാര്‍ട്ടി നേതൃത്വവുമായി പൂര്‍ണ്ണമായ അകലം പ്രാപിച്ചിരുന്നു.
എന്നാല്‍ ക്രമേണ സാഹചര്യങ്ങള്‍ മാറി. യു.പി.എയ്ക്കുളള പിന്തുണ നിലനിര്‍ത്തിയെങ്കിലും കോ ണ്‍ഗ്രസുമായുളള സ്‌നേഹബന്ധത്തിന് ആയുസുണ്ടായില്ല. കോ ണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ചരടുവലിച്ച അമര്‍ സിങ് എസ്.പി.യില്‍ നിന്ന് പുറത്തുപോയി. ആണവകരാര്‍ മറന്നുകഴിഞ്ഞു. എങ്കിലും ഫെഡറല്‍ മുണിയിലെ മറ്റുപല കക്ഷികളെയും പോലെ അധികാരത്തില്‍ കുറഞ്ഞൊരു അജന്‍ഡ സമാജ്‌വാദി പാര്‍ട്ടിക്കുമില്ല. യു.പിയില്‍ മുസ്്‌ലിം വോട്ട്് നിര്‍ണ്ണായകമായതിനാല്‍ എസ്.പി ബി.ജെ.പി.യുമായി കൂട്ടുകൂടില്ലായിരിക്കാം. എന്നാല്‍ മതേതരത്വ സര്‍ക്കാര്‍ രൂപവത്ക്കരിക്കുകയെന്ന പ്രതിബദ്ധതയൊന്നും അവര്‍ക്കില്ല. മുന്നണി കെട്ടിയുണ്ടാക്കുന്നതിന് മുമ്പേ പ്രധാനമന്ത്രിപദം എന്ന മോഹം മുലായംസിങ് ഒന്നിലേറെ തവണ വിളിച്ചറിയിച്ചിരിക്കയാണ്.
ഇനി എ.ഐ.എ.ഡി.എം.കെയുടെ കാര്യമെടുക്കാം. ഫെഡറല്‍ മുണിയുടെ ഭാഗമാകുന്നതോടെ രണ്ട് ലക്ഷ്യങ്ങളാണ് ജയലളിതയ്ക്കുളളത്. ഒന്ന്, ഈ മുണിക്ക് മേല്‍ക്കൈ വരികയാണെങ്കില്‍ അതില്‍ ഏറ്റവും നിര്‍ണ്ണായക പങ്ക് വഹിക്കുക. പ്രധാനമന്ത്രി പദത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് അപക്വമായിരിക്കുമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും അതാണ് മുഖ്യലക്ഷ്യം. ഇനി അത് നടന്നില്ലെങ്കിലും മൂന്നാംബദല്‍ ശക്തിപ്പെടുകയാണെങ്കില്‍ അതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ അവര്‍ക്കാകും. തമിഴ്‌നാട്ടില്‍ നി് പരമാവധി സീറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. അതുവെച്ച് വിലപേശാന്‍ ജയലളിതയ്ക്ക് മിടുക്കുമുണ്ട്. രണ്ടാമത്, ബിജെപിയുമായി തൊട്ടുകൂടായ്മ അവര്‍ക്കില്ല. വാജ്‌പേയിയുടെ നേതൃത്വത്തിലുളള എന്‍.ഡി.എ സര്‍ക്കാരില്‍ എ.ഐ.എ.ഡി.എം.കെ പങ്കാളികളായിട്ടുണ്ട്. അവസരത്തിനൊത്ത് ഇത്തവണയും അതിന് തയ്യാറാണെന്ന് ജയലളിത നേരത്തെ സൂചന നല്‍കിയിട്ടുണ്ട്.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയോട് ഒട്ടും സ്‌നേഹക്കുറവില്ലെന്ന് അവര്‍ ഒന്നിലേറെ തവണ തെളിയിച്ചതാണ്. മോദി മൂന്നാമതും ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ പാര്‍'ിയുടെ പ്രതിനിധിയെ സത്യപ്രതിജ്ഞാച്ചടങ്ങളില്‍ പങ്കെടുക്കാന്‍ ജയലളിത ഗുജറാത്തിലേക്ക് അയച്ചിരുന്നു. മോദിയെ പ്രകീര്‍ത്തിച്ച് മുന്‍പ് പ്രസ്താവനയുമിറക്കി. അപ്പോള്‍ അവസരവാദപരമായിരിക്കും ജയലളിതയുടെ മതേതരത്വം എന്ന് വ്യക്തം.
ജനതാദള്‍(എസ്) ആണ് ഫെഡറല്‍ മുണിയുടെ മുന്‍പന്തിയിലുളള മറ്റൊരു കക്ഷി. ദേവഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും നേതൃത്വത്തിലുളള ജനതാദള്‍(എസ്) രാഷ്ട്രീയ നിലപാടുകളിലെ മലക്കംമറിച്ചില്‍കൊണ്ട് കുപ്രസിദ്ധി നേടിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ബിജെപിയുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയിട്ടുണ്ട്. രാവിലെ പറഞ്ഞത് ഉച്ചയ്ക്കും ഉച്ചയ്ക്ക് പറഞ്ഞത് രാത്രിയും മാറ്റിപ്പറഞ്ഞ അനുഭവമുണ്ട്. ദേവഗൗഡ 1996-ല്‍ പ്രധാനമന്ത്രിയായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ന്നിയുടെ നില ഇപ്പോള്‍ പരുങ്ങലിലാണ്. നിലവില്‍ പാര്‍ലമെന്റിലെ അംഗസംഖ്യ മൂന്നാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മിക്ക ശക്തികേന്ദ്രങ്ങളും കടപുഴകിയിട്ടുണ്ട്.
അസമിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ അസം ഗണപരിഷത്താണ് മറ്റൊരു കൂട്ടാളി. വടക്കുകിഴക്കില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുളള സംസ്ഥാനം അസമാണ്. ഇവിടുത്തെ 14 സീറ്റില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ എജി.പി.യുടെ കൈവശമുളളൂ. രാജ്യത്ത് കോണ്‍ഗ്രസ് വിരുദ്ധ വികാരം അലയടിക്കുമ്പോഴും പാര്‍ട്ടിക്ക് കാര്യമായി പോറലേല്‍ക്കാത്ത സ്ഥലം വടക്കുകിഴക്കന്‍ മേഖലകളാണ്. അവിടുത്തെ എട്ട് സംസ്ഥാനങ്ങളിലുമായി ആകെക്കൂടി 25 സീറ്റുകള്‍ മാത്രമാണ് ഉളളതെങ്കില്‍ കൂടി. എങ്കിലും ഇക്കുറി അസമില്‍ നില അല്പം മെച്ചപ്പെടുത്താമെ പ്രതീക്ഷ അസം ഗണപരിഷത്തിനുണ്ട്.
നിലവില്‍ ഫെഡറല്‍ മുണിയിലെ 11 കക്ഷികളുടെയും ലോക്‌സഭയിലെ ആകെ അംഗബലം 96 ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുളള കക്ഷി സമാജ്‌വാദി പാര്‍ട്ടിയാണ്. അവര്‍ക്ക് 23 അംഗങ്ങളാണുളളത്. 20 എം.പിമാരുളള ജനതാദള്‍ യുണൈറ്റഡാണ് രണ്ടാമത്. നാല് ഇടതുപാര്‍ട്ടികളുടെ അംഗബലം 24 ആണ്. സി.പി.എം(16), സി.പി.ഐ(4), ഫോര്‍വേര്‍ഡ് ബ്ലോക്ക്(2), ആര്‍.എസ്.പി(2) എിങ്ങനെയാണ് ഇടതുപാര്‍ട്ടികളുടെ പ്രാതിനിധ്യം. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇടതുപക്ഷം കഴിഞ്ഞതവണ കാഴ്ചവെച്ചത്. 2004-ല്‍ സി.പി.എമ്മിന് മാത്രം 43 സീറ്റുകള്‍ കിട്ടിയിരുന്നു. സമാജ്‌വാദിപാര്‍ട്ടി(23), ജനതാദള്‍ യുണൈറ്റഡ്(20), ബി.ജെ.ഡി(14), എ.ഐ.എ.ഡി.എം.കെ(9), ജനതാദള്‍ സെക്യുലര്‍(3), അസംഗണപരിഷത്ത്(1), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(1) എിങ്ങനെയാണ് മറ്റ് കക്ഷികളുടെ നിലവിലെ സീറ്റുനില.
2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഈ 11 കക്ഷികളുടെയും നില ഏറെ മെച്ചപ്പെടുകയും പുറത്തുനിന്ന് കോഗ്രസിന്റെയോ മറ്റോ പിന്തുണ തേടി ഒരു സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ പാകത്തില്‍ എത്തിച്ചേരുകയും ചെയ്യുമോ? ഈ വര്‍ഷം ഇതുവരെ പുറത്തുവന്ന സര്‍വെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അത് നടക്കില്ലെന്നാണ്. ഫെഡറല്‍ മുണിയിലെ പല കക്ഷികളുടെയും അംഗബലം ഇപ്പോഴുളളതിലും കുറയുമെന്ന് സര്‍വെകള്‍ പ്രവചിക്കുന്നു. എ.ഐ.എ.ഡി.എം.കെയ്ക്ക് മാത്രമാണ് കാര്യമായ സീറ്റുവര്‍ധനയ്ക്ക് സാധ്യത. വരും തിരഞ്ഞെടുപ്പില്‍ പതിനൊന്ന് കക്ഷികളുടെയും സീറ്റുനില 90നും 105നുമിടയിലായിരിക്കുമെന്നാണ് സര്‍വെ പ്രവചനങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്.
യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ഇരുപതില്‍ താഴെ സീറ്റുകളാണ് മിക്ക സര്‍വെകളും പ്രവചിക്കുന്നത്. ഐ.ബി.എന്‍-ലോക്‌നീതി സര്‍വെപ്രകാരം എട്ട് മുതല്‍ 14 സീറ്റുവരെ മാത്രമേ കിട്ടൂ. ടൈംസ് നൗ-സീ വോട്ടര്‍ സര്‍വെ 23 സീറ്റുകള്‍ കിട്ടുമെന്ന് പ്രവചിക്കുന്നു. ദ ഹിന്ദു-സി.എസ്.ഡി.എസ് സര്‍വെ 17-21 സീറ്റുകള്‍ കിട്ടുമെന്ന് പറയുന്നു. ബിഹാറില്‍ ജനതാദള്‍ യുണൈറ്റഡിന്റെ സീറ്റുകള്‍ നിലവിലെ ഇരുപതില്‍ നിന്ന് കുറയുമെന്നാണ് എല്ലാ സര്‍വെകളും പറയുന്നത്. ടൈംസ് നൗ-സീ വോട്ടര്‍ സര്‍വെ ജെ.ഡി(യു) വിന് വെറും അഞ്ച് സീറ്റുകളാണ് പ്രവചിക്കുന്നത്. സി.എന്‍.എന്‍-ഐ.ബി.ഐന്‍-ലോക്‌നീതി സര്‍വെപ്രകാരം ഇത് 7-13 ആകാം. ദ ഹിന്ദു-സി.എസ്.ഡി.എസ് സര്‍വെപ്രകാരം ഇത് 15-19 ആണ്. ഒഡീഷയില്‍ ബി.ജെ.ഡിക്ക് നിലവിലെ 14 സീറ്റുകളില്‍ നിന്ന് കാര്യമായ വ്യത്യാസം സര്‍വെകള്‍ സൂചിപ്പിക്കുന്നില്ല. 10 മുതല്‍ 16 സീറ്റുവരെയാണ് വിവിധ സര്‍വെകള്‍ ബിജെഡിക്ക് പ്രവചിക്കുന്നത്. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ വലിയ നേട്ടം കൊയ്യുമെന്ന് എല്ലാ സര്‍വെകളും ഒരുപോലെ പ്രവചിക്കുന്നു. 15 മുതല്‍ 27 സീറ്റുവരെ ജയലളിതയുടെ പാര്‍ട്ടി നേടുമെന്നാണ് വിവിധ സര്‍വെകളിലെ പ്രവചനം. നിലവിലെ ഒമ്പത് സീറ്റില്‍ നിന്ന് പാര്‍ട്ടി ഇരട്ടിയിലേറെ നേട്ടം കൊയ്യുമൊണ് കണക്കുകൂട്ടല്‍.
നാല് ഇടതുപക്ഷ പാര്‍ട്ടികളുടെയും നില ഇപ്പോഴത്തെ 24 സീറ്റില്‍ നിന്ന് കുറയുമെന്നാണ് ഭൂരിപക്ഷം സര്‍വെകളുടെയും പ്രവചനം. പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ നില പരിതാപകരമായി തുടരുന്നുവെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. നിലവിലെ 20 സീറ്റുപോലും ഇടതുകക്ഷികള്‍ക്ക് നിലനിര്‍ത്താനാകില്ലെന്ന് സര്‍വെകള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് പതിറ്റാണ്ടുകാലത്തെ വികസനമുരടിപ്പാണ് ബംഗാളില്‍ ഇടതുപക്ഷത്തോടുളള ജനങ്ങളുടെ ആഭിമുഖ്യം കുറയാന്‍ ഇപ്പോഴും കാരണം. ഒപ്പം, തൃണമൂല്‍ കോഗ്രസ് അധികാരത്തില്‍വന്നതോടെ സി.പി.എമ്മിന്റെ സംഘടനാസംവിധാനം ദുര്‍ബലവുമായി.
ഇനി സര്‍വെ റിപ്പോര്‍ട്ടുകള്‍ എന്തുതന്നെയായാലും അതിനുമപ്പുറത്തെ ചില വസ്തുതകള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് മത്സരിക്കുന്ന രാഷ്ട്രീയപോര്‍ട്ടികളുടെ ശേഷിയും സാധ്യതയും സംബന്ധിച്ച പൊതുജനങ്ങളുടെ കണക്കുകൂട്ടലാണ്. മൂന്നാംബദലായി വരുന്ന ഫെഡറല്‍ മുന്നണിക്ക് മുന്നിലെ ഏറ്റവും വലിയ തടസ്സവും ഇതാണ്.
വിജയസാധ്യതയുളള കക്ഷിക്ക് വോട്ടുചെയ്യുകയെന്ന മാര്‍ഗം നല്ലൊരു ശതമാനം സമ്മതിദായകര്‍ സ്വീകരിക്കും. ഈ വിജയസാധ്യതയുടെ അടിസ്ഥാനമെന്താണ്? രാജ്യത്ത് വിപുലവും പ്രബലവുമായ സാിധ്യവും സ്വാധീനവുമുണ്ടാകുക. മുഖ്യ ദേശീയ കക്ഷികളായ കോഗ്രസിന്റെയും ബിജെപിയുടെയും ശക്തിദുര്‍ഗമിതാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സാന്നിധ്യമുളള രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബിജെപിക്ക് 250 ഓളം പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കാര്യമായ സാന്നിധ്യം ഇപ്പോഴുമില്ല. എങ്കിലും രാജ്യത്തെ വലിയ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയുടെ സ്വാധീനം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ രാജ്യത്താകെ പടര്‍ന്നിട്ടുണ്ട്. ഫെഡറല്‍ മുന്നണിയുടെ സ്ഥിതി അതല്ല. ചില പ്രമുഖ സംസ്ഥാന പാര്‍ട്ടികള്‍ അതിലുണ്ടെന്നത് നേരാണ്. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ച് കൂടിയ 11 കക്ഷികളുടെ സാന്നിധ്യവും സ്വാധീനവും വളരെ പരിമിതമാണ്.
ബിഹാറില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നും ജനതാദള്‍ യുണൈറ്റഡിന്റെ സീറ്റ് കുറയുമെന്നും പ്രവചിക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്. നിതീഷ് കുമാറിന്റെ ഭരണം ബിഹാറിലെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയെന്ന് ജനങ്ങള്‍ക്കറിയാം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ക്രമസമാധാനം, അടിസ്ഥാന സൗകര്യവികസനം, സാമ്പത്തികവളര്‍ച്ച എന്നീ രംഗങ്ങളില്‍ അതുല്യമായ നേട്ടമാണ് നിതീഷിന്റെ ഭരണകാലത്ത് നടന്നത്. എങ്കിലും ശക്തമായ രാഷ്ട്രീയസഖ്യമില്ലാത്ത ഇപ്പോഴത്തെ ദേശീയ സാഹചര്യത്തില്‍ ജനതാദള്‍ യുണൈറ്റഡിന് കാര്യമായ പങ്ക് വഹിക്കാനാവുമോയെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉറപ്പില്ല. എന്നാല്‍ ബി.ജെ.പിയുടെ കാര്യം അതല്ല. അവരുടെ ദേശീയസാന്നിധ്യവും സാധ്യതയും ഇന്ന് വളരെ മുന്നിലാണ്. അതുമൂലം പ്രത്യയശാസ്ത്രത്തിനും നയങ്ങള്‍ക്കുമപ്പുറം സാധ്യതകളിലേക്ക് വോട്ടുചെയ്യാന്‍ ജനങ്ങള്‍ ശ്രമിക്കും. നിതീഷുമായി സഖ്യം വേര്‍പ്പെടുത്തേണ്ടിവന്ന ബിജെപിക്ക് ഇരുപതിലേറെ സീറ്റുകള്‍ ബിഹാറില്‍ നിന്ന് കിട്ടിയേക്കുമെന്ന് സര്‍വെകള്‍ പ്രവചിക്കാന്‍ കാരണവും ഇതാണ്.
ആവശ്യാനുസരണം ഫെഡറല്‍ മുന്നണിയെന്ന ഈ കൂട്ടായ്മയില്‍ നിന്ന് അടരാന്‍ അവസരം കാത്തുനില്‍ക്കുന്ന കക്ഷികളുണ്ട്. മൂന്നാംബദലിന്റെ സ്ഥിരത സംബന്ധിച്ച കയ്‌പ്പേറിയ ഭൂതകാലാനുഭവങ്ങളും വോട്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. പ്രബലമായ സാന്നിധ്യത്തിന്റെ അഭാവവത്തെയും ഏതുനിമിഷവും ഉടലെടുക്കാവുന്ന അനൈക്യത്തെയും അധികാരമത്സരത്തെയും അതിജീവിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഫെഡറല്‍ മുന്നണിക്ക് കഴിയില്ലെന്നതാണ് അവര്‍ക്കു മുന്നിലെ കടുത്ത യാഥാര്‍ത്ഥ്യം.