എന്റെ ബന്ധുവാണ് ശ്രീരാമന്‍.
മദ്യപാനം പോയിട്ട് സിഗററ്റു വലി പോലും ഇല്ലാത്ത തികഞ്ഞ ദൈവവിശ്വാസിയും സാത്വികനും ആരോടും കയര്‍ത്തു സംസാരിക്കാന്‍ പോലും ധൈര്യമില്ലാത്ത പഞ്ചപാവമാണ്.
ഇന്നലെ എന്റെയടുത്തു വന്ന് രഹസ്യമായി ചോദിച്ചു.
ഈ നല്ല ഫോറിന്‍ സ്‌ക്കോച്ച് വിസ്‌ക്കിക്ക് എത്ര രൂപയാകും?
ഞാന്‍ ശരിക്കും ഫ്ലാറ്റ്.
'എന്തു പറ്റി? താന്‍ കുടി തുടങ്ങിയോ?'
'നോ നോ, ഇല്ല അമ്മാവാ, എനിക്കല്ല. വേണം. നല്ലതായിരിക്കണം. ബെസ്റ്റ്. ഇതൊക്കെ വിവരമുള്ള പാര്‍ട്ടിയാ. സാധനം മോശമായാല്‍ പിന്നെ ആകെ കുളമാകും.'
ശ്രീരാമന്‍ കാര്യം വിശദമായി പറഞ്ഞു.
ശ്രീരാമന്‍ കുറച്ചു നാള്‍ മുമ്പ് സാമാന്യം ഭേദമായി ഉണ്ടായിരുന്ന തന്റെ ജോലി കമ്പനി വേണ്ടപോലെ തന്നെ ഗൗനിക്കുന്നില്ല എന്ന് കണ്ട് അവിടെ നിന്ന് രാജി വച്ച് സ്വന്തമായി ബിസിനസ് തുടങ്ങി. ബിസിനസ് അടുക്കി ശരിയാക്കുന്നതിന് സെയില്‍സ് ടാക്‌സ് രജിസ്‌ട്രേഷന്‍ വേണം. രണ്ടു മൂന്നുമാസം ഓടി നടന്ന് ഒരു മാതിരി കടലാസുകള്‍ അവസാന സ്റ്റേജു വരെ എത്തിച്ചു. സെയില്‍സ് ടാക്‌സ് ഓഫീസില്‍ പഴയ ഒരു ക്ലാസ്‌മേറ്റിന്റെ ചേട്ടന്‍ ജോലി ചെയ്യുന്നുണ്ട്. അതു കാരണം ഫയല്‍ താരതമ്യേന എളുപ്പം നീങ്ങി. പക്ഷെ അദ്ദേഹം പറഞ്ഞു.
'ലൈസന്‍സ് ശരിയാകും. പക്ഷെ അവര്‍ക്കു കൊടുക്കാനുള്ളത് കൊടുക്കണം. ഞാന്‍ അതില്‍ ഇടപെടില്ല.'
'എത്രയാ കൊടുക്കേണ്ടത്?'
'അവരോടു ചോദിച്ചോളൂ. അവര്‍ ക്യത്യമായി പറയും.'
അവര്‍ എന്നു വിശേഷിപ്പിച്ചത് വളരെ സൗമ്യയായി പെരുമാറുന്ന ഒരു ദൈവവിശ്വാസിയായ മാഡമാണ്. ശ്രീരാമന്‍ അവരോട് ചോദിച്ചു. അവര്‍ തുക പറഞ്ഞു. മൂന്നാം ദിവസം വരാന്‍ നിര്‍ദ്ദേശിച്ചു. പക്ഷെ ശ്രീരാമന്ന് എന്തോ തിരക്കു കാരണം രണ്ടു ദിവസം കഴിഞ്ഞേ ചെല്ലാന്‍ പറ്രിയുള്ളു. അപ്പോള്‍ അവിടെ നേരത്തെ പറഞ്ഞുറപ്പിച്ച ഉദ്യോഗസ്ഥയുടെ സീറ്റില്‍ ഒരു ചെറുപ്പക്കാരന്‍.
അയാള്‍ ഫയല്‍ പരിശോധിച്ചു.
'കുഴപ്പമില്ല. ചേച്ചി എല്ലാം നോക്കി ശരിയാക്കി വച്ചിട്ടാണ് തീര്‍ത്ഥയാത്രക്ക് പോയത്. ഇനി അടുത്ത മാസമേ വരൂ.'
'ഞാനെന്താ ചെയ്യേണ്ടത്?'
'ഞാന്‍ ശരിയാക്കാം.'
'സാറിന് എത്രയാ?'
'ഞാന്‍ കൈക്കൂലിക്ക് എതിരാണ്. ചോദിക്കുകില്ല. തന്നാല്‍ വാങ്ങും. അതാണ് എന്റെ പ്രിന്‍സിപ്പിള്‍.'
'സാറിന് എത്രയാ?'
'നിങ്ങള്‍ ചേച്ചിക്ക് കൊടുത്തോ?'
'അന്നേരം പൈസ ഇല്ലായിരുന്നു.'
'നിങ്ങളോട് ക്യത്യമായി വരാന്‍ പറഞ്ഞ ദിവസം വന്നോ?'
'ഇല്ല. അത്.......'
'സാരമില്ല. നിങ്ങള്‍ക്ക് പൂര്‍ണ്ണസമ്മതമുണ്ടെങ്കില്‍ മാത്രം തരിക. തന്നില്ലെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് ലൈസന്‍സ് തരും.'
ശ്രീരാമന്‍ സര്‍ക്കാരിന്റെ ആ പ്രിയപ്പെട്ട ചേച്ചി പറഞ്ഞ തുക അനിയന് നല്‍കി. മനസ്സില്ലാമനസ്സോടെ അദ്ദേഹം അതു വാങ്ങി. പിന്നെ ഉപദേശിച്ചു.
'ഒരു കാര്യം. ഇനി ചിലപ്പോള്‍ ചെക്കിങ്ങിന് വിജിലന്‍സ് സെല്‍ ആള് വരും. സൂക്ഷിക്കണം. അങ്ങേരോട് കയറി എത്ര രൂപ വേണം എന്നൊന്നും ചോദിച്ചു കളയരുത്. ആള് വളരെ ക്ലിയര്‍ പാര്‍ട്ടിയാണ്. കൈക്കൂലിയുടെ കാര്യത്തില്‍.'
'പിന്നെ?'
'നല്ല സ്‌ക്കോച്ച്. അതു നല്ലവനായിരിക്കണം. ഈ നമ്മുടെ ബിവറേജസ് കടയില്‍ കിട്ടുന്നതാകരുത്. അതു ഒരു ഫുള്‍ ബോട്ടില്‍. നിങ്ങള്‍ ബിസിനസ്സുകാരാകുമ്പോള്‍ അറിയാമല്ലോ.'
ആ സ്‌ക്കോച്ച് അന്വേഷിച്ചാണ് വാസു വന്നത്.
എനിക്കൊരു തമാശ തോന്നി. നമ്മുടെ സെയില്‍സ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സുഹ്യത്തുക്കളുമായി പിന്നീട് പലപ്പോഴായി വിവരം തേടി.
അവര്‍ പറഞ്ഞു.
'വര്‍മ്മാജി, ഇന്ന് കേരളത്തില്‍ നൂറു രൂപാ സെയില്‍സ് ടാക്‌സ് ഇനത്തില്‍ നിയമപ്രകാരം കിട്ടേണ്ടിടത്ത് സര്‍ക്കാരിന് കിട്ടുന്നത് വെറും മുപ്പതു രൂപാ. ഇത് തന്നെ ഒരു കണ്‍സര്‍വേറ്റിവ് കണക്കാണ്.
'നൂറില്‍ നാല്‍പ്പതു രൂപാ വ്യാപാരിവ്യവസായി കണക്കില്‍ വരുത്താതെ ഒതുക്കും. മുപ്പത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നിയമം മറി കടക്കാനും സൗഹാര്‍ദ്ദത്തിനും. പത്ത് കരംപിരിവു നടത്തുന്ന ഞങ്ങളെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ക്ക്.'
ശേഷം മുപ്പതു രൂപാ സര്‍ക്കാരിന് .
വേറൊരു സിനേറിയോ.
കാല്‍ക്കുലേറ്ററില്‍ ഗുണനഹരണം ചെയ്തു കണ്ടു പിടിച്ച തുക ഒരു ചെറിയ കടലാസുതുണ്ടില്‍ എഴുതി ഇതിനിടെ അടുത്ത സ്‌നേഹിതനും ഉപദേശകനുമായി മാറിയ കടയുടമ ചിരിച്ചു നമ്മുടെ നേരെ നീട്ടി.
'ബില്ലു വേണോ? എങ്കില്‍ ടാക്‌സ് കൂട്ടണം. വേണോ?'
'ബില്ലില്ലെങ്കില്‍ ഗാരണ്ടി?'
'അത് സാറെ. അതിന് ബില്ലൊന്നും വേണ്ട. നേരെ ഇങ്ങു കൊണ്ടു വന്നാല്‍ മതി. നമ്മളൊക്കെ ഇനിയും കാണേണ്ടവരല്ലേ?'
അതു ശരിയാ.
അപ്പോള്‍ ബില്ലു വേണ്ട.
സന്തോഷമായി ചിരിച്ച് നന്ദി പറഞ്ഞ് വ്യാപാരം നടന്നു. എല്ലാവര്‍ക്കും ലാഭം. വിറ്റവനും വാങ്ങിയവനും. സര്‍ക്കാരിന് നിയമപ്രകാരം ലഭിക്കാമായിരുന്ന ടാക്‌സ് കിട്ടിയില്ല. ബാങ്കില്‍ നിന്ന് ഈ ആവശ്യത്തിനായി നമ്മള്‍ പിന്‍വലിച്ച വൈറ്റ് മണി ബ്ലാക്കായി.
തിരികെ വീട്ടില്‍ വന്ന് ടി വി ഓണ്‍ ചെയ്തപ്പോള്‍ അതിലാകെ അഴിമതിയുടെയും സാമ്പത്തികപ്രതിസന്ധിയുടെയും കള്ളപ്പണത്തിന്റെയും ടാക്‌സ് വെട്ടിപ്പിന്റെയും വാര്‍ത്തകള്‍. ക്യത്യമായ അഴിമതിക്കണക്കുകളുമായി സാമ്പത്തിക വിദഗ്ദ്ധര്‍. വാദപ്രതിവാദം. മാര്‍ക്കറ്റിങ്ങ് ഇക്കോണമി, ഇലക്ഷന്‍ ഫണ്ടിങ്ങ്, ഉദ്യോഗസ്ഥരുടെ കൈക്കൂലി, രാഷ്ട്രീയക്കാരുടെ അഴിമതി.
നൂറില്‍ മുപ്പതു രൂപാ മാത്രം ലഭിക്കുന്ന ഇന്നത്തെ സ്ഥിതിയില്‍ നിന്ന് അറുപതു രൂപായെങ്കിലും ഖജനാവിലെത്തിക്കാന്‍ പറ്റിയാല്‍ ടാക്‌സ് റേറ്റ് ഒട്ടും കൂട്ടാതെ തന്നെ ഇപ്പോഴത്തെ ബജറ്റ് കമ്മിയും സാമ്പത്തികപ്രതിസന്ധിയും ഇല്ലാതാക്കാമെന്ന് ഇക്കണോമിക്‌സ് ജാര്‍ഗന്‍ ഉപയോഗിക്കാതെതന്നെ സാമാന്യബുദ്ധിക്കു മനസ്സിലാകും.
എല്ലാവരെയും അവരുടെ വിഹിതം ഇന്നത്തേതിന്റെ പകുതി ആക്കാനുള്ള സംവിധാനം മതി ഇതിന്. വ്യാപാരിക്ക് ഇരുപത്, രാഷ്ട്രീയത്തിന് പതിനഞ്ച്, ഉദ്യോഗസ്ഥന് അഞ്ച്, ഈ വിധം വന്നാല്‍ ധാരാളമാണ്. സര്‍ക്കാരിന് ഇന്നത്തേതിന്റെ ഇരട്ടി സെയില്‍സ് ടാക്‌സ് നികുതി കിട്ടും. പിന്നെ ബജറ്റില്‍ കരം കൂട്ടാന്‍ പാടു പെടേണ്ട.
പക്ഷെ കുഴപ്പം പൂച്ചയ്ക്ക് ആരു മണി കെട്ടുമെന്നതാണ്.
പൂച്ച ശരിക്കും നമ്മളെല്ലാവരുമാണ്.
കടക്കാരനോട് സാരമില്ല, ബില്ലു വേണ്ട എന്നു പറഞ്ഞ നമ്മള്‍.
ഈ പരിതസ്ഥിതിയില്‍ ഇക്കാര്യത്തില്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും?
രാഷ്ട്രഭരണത്തെ നയിക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കരംപിരിവിലെ ഈ അഴിമതിയെക്കുറിച്ച് ബോധവന്മാരാണ്. പാര്‍ട്ടിയുടെ ശക്തിയെ ബാധിക്കാത്ത., അതിനെ ഉയര്‍ത്താന്‍ പ്രാപ്തമായ ഏതു നീക്കങ്ങളും ഈ അഴിമതിക്കെതിരെ നടത്താന്‍ തയാറുമാണ്. സമൂഹമനസ്സാക്ഷിയെ ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താത്വികമായും ഒരു പരിധി വരെ നേത്യത്വം നല്‍കാനും തയാറുമാണ്.
ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മിഷന്റെ ശേഷന്‍ ഇഫക്ടും, തികച്ചും നമുക്ക് അഭിമാനകരമായ വിവരാവകാശനിയമവും, ആഡിറ്റര്‍ ജനറല്‍ ഈയിടെ കാട്ടാന്‍ ധൈര്യപ്പെടുന്ന സ്വതന്ത്രനിലപാടും, ഫുഡ് സെക്യരിറ്റി ബില്ലും, സി ബി ഐ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യവും, ലോകപാല്‍ ബില്ലും, എല്ലാം ഇതിന്റ ഭാഗമാണ്. ആം ആദ്മിയുടെ ഉദയവും ഇതിന്റെ മറ്റൊരു വശമാണ്. പക്ഷെ കുറ്റവാളികള്‍ക്ക് പെട്ടെന്ന് ശിക്ഷ ലഭിക്കാന്‍ അപര്യാപ്തമായ ഇന്നത്തെ വെസ്റ്റ് മിനിസ്റ്റര്‍ അനുകരണ ലീഗല്‍ സിസ്റ്റവും, ചുവപ്പുനാട ഭരിക്കുന്ന സെക്രട്ടറിയറ്റ് ഭരണയന്ത്ര സിസ്റ്റവും, പുതിയ സ്‌ഫോടനാത്മക വാര്‍ത്തകളില്‍ രമിക്കുന്ന മീഡിയായുടെ പെട്ടെന്നുള്ള മറവിയും മേല്‍പ്പറഞ്ഞ നല്ല നീക്കങ്ങളെ അതിന്റെ ലക്ഷ്യത്തിലെത്തുന്നതില്‍ നിന്നും പുറകോട്ടു പിടിച്ചു നിര്‍ത്തുന്നു.
എവിടെയാണ് പ്രശ്‌നം പിന്‍ പോയന്റു ചെയ്യാവുന്നത്?
പ്രശസ്ത അമേരിക്കന്‍ ഇക്കണോമിസ്റ്റ് ലാന്റ് പ്രിച്ചറ്റ് ഈയിടെ എഴുതി..
ഇന്ത്യ ഒരു പരാജയപ്പെടുന്ന രാഷ്ട്രമല്ല. ഒരു കലക്കല്‍ കാരണം മുന്നോട്ടൊഴുകാന്‍ വയ്യാതെ പതറുന്ന രാഷ്ട്രമാണ്. നയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ലക്ഷ്യപ്രാപ്തിലെത്തിക്കാനും ഉള്ള കഴിവില്‍ ഇന്ത്യ തീരെ പിന്നിലാണ്. പോലീസ്, ടാക്‌സ് പിരിവ്, വൈദ്യുതി, വെള്ളം, കുഞ്ഞുങ്ങളുടെ പ്രാഥമികവിദ്യാഭ്യാസവും പോഷകാഹാരവും എന്നല്ല, ഒരു മാതിരി വെറും സാധാരണവും അടിസ്ഥാനപരവുമായ എല്ലാ ചുമതലകളിലും സര്‍ക്കാര്‍ സംവിധാനം വളരെ പിന്നോക്കമാണ്. അക്ഷന്തവ്യമായ ആബ്‌സന്റിയിസം, അലസത, കഴിവില്ലായ്മ, പിന്നെ അഴിമതിയും.
അഴിമതിയെ അദ്ദേഹം നാലാമതായാണ് കണ്ടത്.
ഒന്നാലോചിച്ചാല്‍ അത് ശരിയല്ലേ?
ഇന്ത്യന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ സ്വാതന്ത്രപ്രാപ്തിക്കു ശേഷം ഒരു വിപ്ലവവും ഉണ്ടായിട്ടില്ല. നാം ഇപ്പോഴും ബ്രിട്ടീഷ് സര്‍ക്കാരിന്റെ കോളനി ഭരിക്കാന്‍ തയാറാക്കിയ ഭരണരീതി ലേശം മുഖം മിനുക്കി തുടരുകയാണ്.
അവിടെ കാതലായ മാറ്റം വരുത്താതെ എത്ര നല്ല നിയമങ്ങള്‍ കൊണ്ടു വന്നാലും അത് പ്രായോഗികമായി പൂര്‍ണ്ണമായ വിജയം കൈവരിക്കില്ല.
ആ വിപ്ലവം ആരു കൊണ്ടു വരും?