SPECIAL NEWS
  Dec 03, 2013
വംശവെറിയുടെ ജീവിക്കുന്ന അടയാളങ്ങള്‍...
രജീഷ് പി. രഘുനാഥ്, അഗര്‍ത്തല
ഞങ്ങളുടെ മണ്ണില്‍ ഞങ്ങള്‍ മാത്രമെന്നലറിക്കൊണ്ട് പാഞ്ഞടുത്ത മിസോകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ അവര്‍ ജീവനും കൊണ്ട് പാഞ്ഞു. 100 കിലോമീറ്ററോളം നിര്‍ത്താതെ. വഴിയില്‍ വീണുപോയ പെണ്‍കുഞ്ഞുങ്ങളെയും വൃദ്ധകളെയും വരെ മടിക്കുത്ത് അഴിച്ച് അവര്‍ കൂട്ടമായി കശക്കിയെറിഞ്ഞു. ഒടുവില്‍ മദിച്ചൊഴുകുന്ന ലോങ്കായ് നദി കടന്ന് ജംപൂയി മലനിരകളും താണ്ടി ത്രിപുരയുടെ മണ്ണില്‍ അഭയംതേടി. 35000 ഓളം ആളുകളുടെ ആ കൂട്ടപ്പാച്ചിലില്‍ പലരെയും ലോങ്കായ് നദിയുടെ ചുഴികള്‍ കവര്‍ന്നെടുത്തു. മലനിരകളില്‍ വിശപ്പുകൊണ്ടു പലരും തളര്‍ന്നു വീണു മരിച്ചു. അവശേഷിച്ചവരാണ് ജനിച്ച മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ട് അങ്ങകലെ വഴിയരുകില്‍ ജാതകംപിഴച്ച ജന്മങ്ങളെ പ്പോലെ കഴിയുന്നത്. അവരാണ് കാശ്മീരി പണ്ഡിറ്റുകള്‍ക്ക് പിന്നാലെ പിറന്ന നാട് നഷ്ടമായ റിയാങ്ങുകള്‍.

1997-ലെ ജൂണ്‍ മാസം. മിസോറാമിലെ ബ്രൂ എന്നറിയപ്പെടുന്ന റിയാങ്ങുകളുടെ പലായനത്തിന് തുടക്കം കുറിച്ചതന്നായിരുന്നു. ഒരു ലക്ഷത്തിനുമേല്‍ വരുന്ന തങ്ങളുടെ വികസനകാര്യങ്ങള്‍ക്കായി സ്വയംഭരണ കൗണ്‍സില്‍ നല്‍കണമെന്ന ആവശ്യമാണ് റിയാങ്ങുകളെ നാടില്ലാത്തവരാക്കി മാറ്റിയത്. തങ്ങളേക്കാള്‍ എണ്ണത്തില്‍ കുറവുള്ള ചക്മ വിഭാഗത്തിന് 1972 മുതല്‍ സ്വയംഭരണ കൗണ്‍സില്‍ ഉള്ളത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ മിസോറാമില്‍ ഏതു പാര്‍ട്ടി ഭരിച്ചാലും ഭരണത്തെയും അതിന്റെ നയങ്ങളെയും തീരുമാനിക്കുന്ന വൈ.എം.എ (യംഗ് മിസോ അസോസിയേഷന്‍) യും മിസോ സിര്‍ലായ് പോള്‍ എന്നറിയപ്പെടുന്ന എം.എസ്.യുവും (മിസോ സ്റ്റുഡന്റ്‌സ് യൂണിയന്‍) നിയമത്തെയും നീതിപീഠങ്ങളെയും നോക്കുകുത്തികളാക്കി ഇവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. മിസോറം മിസോകളുടേത് മാത്രമെന്ന് പ്രഖ്യാപിച്ച അവര്‍ പിന്നീട് നടത്തിയ നരനായാട്ടിന്റെ ഒടുവിലത്തെ രംഗമാണ് 1997 ഒക്‌ടോബറിലെ കൂട്ടപ്പലായനം.
സ്വയംഭരണം ആവശ്യപ്പെടുന്ന അവര്‍ പിന്നീട് കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കും, അതുകൊണ്ടു തന്നെ അവരെ നാട്ടില്‍ നിന്ന് പുറത്താക്കണമെന്ന ഈ ഭ്രാന്തന്‍ സംഘടനകളുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ നിശബ്ദമായി അംഗീകരിക്കുകയായിരുന്നു.
95 ശതമാനവും ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട മിസോകള്‍ തങ്ങളുടെ പാത സ്വീകരിച്ചേ തീരു എന്ന നിബന്ധനയാണ് റിയാങ്ങുകള്‍ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ഹിന്ദു ആചാര രീതികള്‍ പിന്തുടരുന്ന റിയാങ്ങുകള്‍ മതംമാറാന്‍ തയ്യാറായില്ല. ഇതും കടുത്തവിരോധത്തിന് കാരണമായി.
ഇതിനിടയില്‍ എരിതീയില്‍ എണ്ണ പകരുന്ന പോലെ മിസോ വിഭാഗത്തില്‍പ്പെട്ട ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ റിയാങ്ങുകള്‍ക്ക് ഭൂരിപക്ഷമുള്ള മാമിത് മേഖലയില്‍ വച്ച് കൊല്ലപ്പെട്ടു. റിയാങ്ങുകളെ ആട്ടിപ്പായിക്കാന്‍ കാരണം നോക്കിയിരുന്ന മിസോവിഭാഗത്തിന് ഇത് ധാരാളമായിരുന്നു. അവര്‍ റിയാങ്ങുകളുടെ വംശഹത്യയ്ക്ക് തുടക്കം കുറിച്ചു. അവര്‍ കൂട്ടമായി താമസിക്കുന്ന ലൊലാഷിപ്പ്, മാമിത്, ലുങ്‌ലായി എന്നീ ജില്ലകളിലേക്ക് ചെകുത്താന്മാരെപ്പോലെ മിസോകള്‍ പാഞ്ഞെത്തി. മുളകളും പുല്ലും ഉപയോഗിച്ച് നിര്‍മിച്ച വീടുകള്‍ക്ക് തീയിട്ടു. പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കു മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. ആണ്‍മക്കളെ കണ്‍മുന്നിലിട്ട് കൊത്തിക്കീറി. ഇവരോട് പിടിച്ചു നില്‍ക്കാനാകാതെ റിയാങ്ങുകള്‍ ജീവനും കൊണ്ട് പാഞ്ഞു.
മുന്നു ജില്ലകളില്‍ നിന്നായി 35000 പേരാണ് അന്ന് പലായനം ചെയ്തത്. ബാക്കിയുള്ളവര്‍ അടിമകളെ പോലെ മിേസാകള്‍ക്കു കീഴടങ്ങിയതിനാല്‍ ജീവന്‍ തിരിച്ചുകൊടുത്തു. അവരുടെ മാനവും പണവും എല്ലാം കൊള്ളയടിച്ചു. ഈ ദുരതങ്ങളേറ്റുവാങ്ങിയിട്ടും മതം മാറി മിസോകളുടേതു പോലുള്ള പേരുകള്‍ സ്വീകരിച്ചതിനാലാണ് അവര്‍ക്ക് അവിടെ നില്‍ക്കാന്‍ അവസരം നല്‍കിയത്.
പലായനം ചെയ്യപ്പെട്ടവരുടെ ഭൂമിയും വീടും ഒന്നും അവര്‍ അവശേഷിപ്പിച്ചില്ല. അതൊക്കെയും സര്‍ക്കാരിനെക്കൊണ്ട് മിസോകള്‍ക്കായി പതിച്ചു നല്‍കിച്ചു. റിയാങ്ങുകളുടെ പേരിലുള്ള പട്ടയങ്ങള്‍ കൂട്ടമായി റദ്ദുചെയ്തു. നിയമം നോക്കുകുത്തിയായി നിന്നു. ഇത് പലായനത്തിന്റെ കഥ.
ജീവന്‍ കയ്യില്‍പിടിച്ച് ഓടിയ മനുഷ്യാത്മക്കള്‍ക്ക് പരീക്ഷണങ്ങള്‍ ബാക്കിയിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. മിസോറാമില്‍ നിന്ന് ആട്ടിപ്പായിട്ടപ്പെട്ട അവര്‍ ജംപൂയി മലനിരകള്‍ക്കിപ്പുറത്ത് ത്രിപുരയില്‍ ആറ് പ്രദേശങ്ങളിലായാണ് എത്തിപ്പെട്ടത്. കുറച്ചു പേര്‍ ആസ്സാമിലേക്കും പോയി.
ജംപൂയി മലമുകളില്‍ അവര്‍ ചെറിയ മുളങ്കുടിലുകള്‍ കുത്തിക്കൂട്ടി. അവിടെ അന്തിയുറങ്ങാന്‍ തുടങ്ങി. ഇരുമ്പുകോട്ടയ്ക്കുള്ളില്‍ പോലും അരിച്ചെത്തുന്ന ത്രിപുരയിലെ കൊടും തണുപ്പില്‍ തീക്കുണ്ഡത്തില്‍ വീണ ഈയാംപാറ്റകളെപ്പോലെ പലരും മരണമടഞ്ഞു. കാടിന്റെ മക്കളായതിനാല്‍ ബാക്കിയുള്ളവര്‍ ആ കൊടും തണുപ്പിന്റെ നാളുകളെയും അതിജീവിച്ചു. വടക്കന്‍ ത്രിപുരയിലെ കാഞ്ചന്‍പുര്‍ സബ്ഡിവിഷനില്‍ വരുന്ന നൈസിങ്പാറ, ആശാപാറ, ഹജര്‍ചേര, പാനിസാഗര്‍ സബ്ഡിവിഷനില്‍ വരുന്ന കാസ്‌കൗ, ഖാക്‌ചെങ്, ഹസാപാറ എന്നിവിടങ്ങളിലാണ് ഇവരുടെ ക്യാമ്പുകള്‍. ഇതില്‍ 26000 പേര്‍ താമസിക്കുന്ന നൈസിങ്പാറയാണ് ഏറ്റവും വലിയ ക്യാമ്പ്. ആശാപാറ-600, ഹജര്‍ചേര - 450, കാസ്‌കൗ -400, ഖാക്‌ചെങ് - 400, ഹസാപാറ- 450 എന്നിങ്ങനെയാണ് മറ്റു ക്യാമ്പുകളിലെ അംഗങ്ങള്‍. 2009- ല്‍ അജ്ഞാതരാല്‍ മറ്റൊരു മിസോ കൂടി കൊല്ലപ്പെട്ടതിന്റെ പേരില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. അന്ന് അവിടെ നിന്ന് ഓടിപ്പോന്ന 1600-ഓളം പേര്‍ ലാല്‍ജുറിയില്‍ മറ്റൊരു ക്യാമ്പില്‍ കഴിയുകയാണ്.
അങ്ങനെ നീണ്ട 16 വര്‍ഷം മരണത്തിന്റെ മലനിരകളില്‍ അവര്‍ പാര്‍ക്കുകയാണ്. ഇതിനിടയില്‍ കാലന്‍ പിന്നെയും പലരൂപത്തില്‍ അവര്‍ക്കിടയില്‍ താണ്ടവമാടി. മലേറിയ പോലെയുള്ള മാരകരോഗങ്ങള്‍ ഒരു വശത്ത്. മറുവശത്ത് കൊടിയ ദാരിദ്ര്യം. ഏറ്റവുമൊടുവില്‍ 2011 മാര്‍ച്ചില്‍ ഇവരുടെ മുഴുവന്‍ കുടിലുകളെയും തീയും വിഴുങ്ങി. എവിടെ നിന്നോ പടര്‍ന്ന ഒരു തീപ്പൊരി നിലച്ചത് 1350 കുടിലുകളെയും പൂര്‍ണമായി വിഴുങ്ങിക്കൊണ്ടാണ്. കുടിലുകള്‍ക്കുള്ളില്‍ കിടന്നുറങ്ങിയ അഞ്ചു കുഞ്ഞുങ്ങളടക്കം 17 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. ഈ പരീക്ഷണങ്ങളൊക്കെയും കടന്ന ചിലര്‍ പിറന്ന മണ്ണില്‍ കിടന്ന് മരിക്കണമെന്ന മോഹവുമായി ഒന്നര ദശാബ്ദത്തിന് ശേഷം മിസോറാമിലേക്ക് മടങ്ങി. പഴയതിലും ഭീകരമായിരുന്നു അവരെ കാത്തിരുന്നത്. അന്യനാട്ടില്‍ അഭയാര്‍ഥികളായിക്കഴിഞ്ഞ അവര്‍ക്ക് സ്വന്തം നാട്ടിലും ആട്ടും തുപ്പും കൊടിയ പീഡനവുമേറ്റ് അഭയാര്‍ഥിയായി കഴിയേണ്ടിവരുന്നു.

ത്രിപുര സര്‍ക്കാരിന്റെ 'ഔദാര്യം' കൊണ്ട് ഇവിടെ കഴിയുന്ന ഈ മനുഷ്യര്‍ ഇന്ന് അക്ഷരാര്‍ഥത്തില്‍ ചെകുത്താനും കടലിനുമിടയിലാണ് ജീവിക്കുന്നത്. ആട്ടിപ്പായിക്കപ്പെട്ടപ്പോള്‍ മിസോനാഷണല്‍ ഫ്രണ്ടും ഇപ്പോള്‍ കോണ്‍ഗ്രസും ഭരിക്കുന്ന മിസോറാം സര്‍ക്കാരിന് ഇവര്‍ തിരികെ എത്തണമെന്ന് ആത്മാര്‍ഥമായ ആഗ്രഹമില്ല. 16 വര്‍ഷമായി ഇവിടെ കഴിയുന്ന ഇവര്‍ ഇനി തിരിച്ചുപോയേ പറ്റു എന്നതാണ് സി.പി.എം ഭരിക്കുന്ന ത്രിപുര സര്‍ക്കാരിന്റെ നിലപാട്. അതിന് അവര്‍ പരസ്യമായി പ്രതികരിക്കുന്നത് അഭയാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ മിസോറം സര്‍ക്കാര്‍ താല്‍പര്യം കാട്ടുന്നില്ല എന്ന തുടര്‍ച്ചയായ കുറ്റപ്പെടുത്തലിലൂടെയാണ്.
ഏതു പാര്‍ട്ടിയില്‍ നിന്ന് ഇവര്‍ക്ക് നീതികിട്ടും? ത്രിപുരയുടെ പൗരന്മാര്‍ അല്ലാത്തതിനാല്‍ അഭയാര്‍ഥികള്‍ക്ക് മണ്ണെണ്ണയോ പാചകവാതകമോ വൈദ്യുതിയോ സര്‍ക്കാര്‍ നല്‍കുന്നില്ല. വൈദ്യുതിലൈന്‍ കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലുമായാണ് നൈസിങ്പാറയിലെയും ആശാപാറയിലെയും ഇവരുടെ കുടിലുകള്‍. ഈ വൈദ്യൂതി പോസ്റ്റുകളില്‍ തെരുവു വിളക്കുകള്‍ പോലും ഇടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുപോലും അഭയാര്‍ഥികളെ ത്രിപുരയില്‍ തുടര്‍ന്ന താമസിക്കാന്‍ പ്രേരിപ്പിക്കും എന്ന കാഴ്ചപ്പാട് ആധുനിക ലോകത്തിന് ചേര്‍ന്നതാണോ? പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള മോഷണം നടന്നാല്‍ അത് ഇവരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് സര്‍വ്വ സാധാരണമായിട്ടുണ്ട്. ആരെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ അതിന് ഇവരുടെ സമൂഹത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതി ഇവിടെയുള്ളവരും സ്വീകരിക്കുന്നു.


ഭൂമിയിലെ നരകം
ആയിരക്കണക്കിന് കുട്ടികള്‍, വിളര്‍ച്ച ബാധിച്ച ഗര്‍ഭിണികള്‍. വയോധികര്‍, മലേറിയയുടെ പിടിയിലകപ്പെട്ട് മരണം മുന്നില്‍ കാണുന്ന രോഗികള്‍ ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അത് ഇവിടെയാണെന്ന് തോന്നിപ്പോകും. അതാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ കണ്ട കാഴ്ചകള്‍. വിദ്യാഭ്യാസമില്ലാത്തതുകൊണ്ടുതന്നെ 13, 14 വയസില്‍ പോലും വിവാഹിതരും ഗര്‍ഭിണികളുമാകുന്ന പെണ്‍കുട്ടികള്‍. വിലാസമില്ലാത്തവരുടെ മക്കളായി പിറക്കുന്നതിനാല്‍ പുതിയ തലമുറയ്ക്കും വിലാസമില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ രേഖയില്‍ ഉള്‍പ്പെടുന്നില്ല. സ്‌കൂളുകളില്‍ പഠനം നിഷേധിക്കപ്പെടുന്നു. സര്‍ക്കാര്‍ ജോലിപോയിട്ട് മാന്യമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യകമ്പനിയില്‍ പോലും ജോലി കിട്ടുന്നില്ല.( നല്‍കുന്നില്ല).
വനവാസി കല്യാണാശ്രമം പോലെ ചില സംഘടനകളുടെ ഔദാര്യത്തില്‍ ചിലരൊക്കെ പുറത്ത് പോയി പഠിക്കുന്നു. അവര്‍ പഠനം കഴിഞ്ഞ് തിരികെ എത്തുന്നതോടെ വീണ്ടും ഇരുട്ടിലേക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സപോലും രേഖകളില്ലാത്തതിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നു. റിയാങ്ങുകളുടെ ഇടയില്‍ നിന്ന് ഇതുവരെ ബിരുദം നേടിയിട്ടുള്ളത് 12 പേര്‍ മാത്രമാണ്. അതില്‍ ഒരാളാണ് ഡോ. ധനഞ്‌ജോയ് റിയാങ്. ഡല്‍ഹിയില്‍ ആയുര്‍വേദ ഡോക്ടറായി ജോലി നോക്കുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കളും ഈ ക്യാമ്പില്‍ കഴിയുന്നുണ്ട്.
ധനഞ്‌ജോയ് റിയാങ്ങോടെ ഇവരുടെ ഇടയിലെ ഉന്നതജോലിക്കാര്‍ തീര്‍ന്നു. മറ്റൊരാള്‍ക്കുപോലും മിസോറാമിലോ കേന്ദ്ര സര്‍ക്കാരിനുകീഴിലോ ജോലി നല്‍കിയിട്ടില്ല അഭയാര്‍ഥികള്‍ പറയുന്നു. ത്രിപുരയിലേക്കുള്ള പലായനത്തിന് പിന്നില്‍ റിയാങ്ങുകള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ത്രിപുരയിലെ രണ്ടാമത്തെ വലിയ ആദിവാസി വിഭാഗമായ റിയാങ്ങുകള്‍ തങ്ങളെ കൂടെക്കൂട്ടുമെന്നായിരുന്നു ആ പ്രതീക്ഷ. എന്നാല്‍ കൂടെ കൂട്ടിയില്ലെന്ന് മാത്രമല്ല, തള്ളിപ്പറയുകയും ചെയ്തു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നൈസിങ്പാറ ഉള്‍പ്പെടുന്ന മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ റിയാങ് വംശജനെ കണ്ടപ്പോഴുണ്ടായ പ്രതികരണം ഇതിന് തെളിവാണ്.
സാക്ഷരതയില്‍ 90 ശതമാനവും കടന്ന് കേരളത്തിന് തൊട്ടുപിന്നില്‍ നില്‍ക്കുന്ന മിസോറാമിലെ മനുഷ്യരാണ് സഹജീവികള്‍ക്കെതിരെ കാടത്തം കാട്ടുന്നതെന്നുകൂടി ഓര്‍ക്കണം. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മിസോറമില്‍ റിയാങ്ങുകളുടെ സാക്ഷരത ഒരു ശതമാനത്തിനും താഴെയാണെന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് ഒരാള്‍ പോലും പട്ടിണികിടക്കാതെ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാരിനു മുന്നില്‍ റിയാങ്ങുകളുടെ പ്രതിനിധികള്‍ തൊഴുകൈകളോടെ പലതവണയെത്തി. ചര്‍ച്ച പോയിട്ട് ഇവരുടെ കാര്യം കേള്‍ക്കാന്‍ പോലും ആരും സന്മനസ് കാണിച്ചിട്ടില്ല.
ഭക്ഷ്യസുരക്ഷ ബില്ലില്‍ ഒപ്പു വയ്്ക്കാന്‍ കഴിയാഞ്ഞതിനാല്‍ എന്റെ അമ്മ കരഞ്ഞെന്ന് വികാരം കൊണ്ട രാഹുല്‍ഗാന്ധിയെ ഒരുതവണയെങ്കിലും കാണാന്‍ അഭയാര്‍ഥികളുടെ പ്രതിനിധികള്‍ ദിവസങ്ങളോളം ഡല്‍ഹിയില്‍ കാത്തുകിടന്നു. അഭയാര്‍ഥികള്‍ക്ക് ഒരു കുഴപ്പവുമില്ല എന്ന മിസോറം സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വായിച്ച രാഹുല്‍ ഗാന്ധിക്കെന്നല്ല കേന്ദ്രത്തിലെ പ്രമാണിമാര്‍ക്ക് ആര്‍ക്കും ഇവരെ കാണണമെന്ന് തോന്നിയില്ല. മുന്നില്‍ വന്നു നിന്ന യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ച അവരൊക്കെയും വര്‍ണവെറിമൂത്ത സംഘടനകളുടെ താളത്തിന് തുള്ളുന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിനെ വിശ്വസിച്ചു. കഴിഞ്ഞ വര്‍ഷം ത്രിപുരയിലെത്തിയ കേന്ദ്രമന്ത്രി പി. ചിദംബരം ത്രിപുര സര്‍ക്കാരിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇവരുടെ ക്യാമ്പ് സന്ദര്‍ശിക്കാന്‍ പോയിരുന്നു. നിങ്ങള്‍ക്ക് നാട്ടിലേക്ക് പൊയ്ക്കൂടെ എന്ന് അസഹിഷ്ണുതയോടെ കേന്ദ്രമന്ത്രി അഭയാര്‍ഥികളോട് ചോദിച്ചത് പ്രദേശിക പത്രപ്രവര്‍ത്തകര്‍ ഇന്നുമോര്‍ക്കുന്നു.
വിവിധ സംഘടനകളുടെ കാലങ്ങളായുള്ള ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രം ഔദാര്യം പോലെ ഇവര്‍ക്ക് ഒരു റിലീഫ് കാര്‍ഡ് നല്‍കിയിട്ടുണ്ട്്. ഈ റിലീഫ് കാര്‍ഡുള്ള മുതിര്‍ന്നവര്‍ക്ക് 600 ഗ്രാം അരിയും 5 രൂപയും കുട്ടികള്‍ക്ക് 300 ഗ്രാം അരിയും 2.5 രൂപയും കിട്ടും. കാര്‍ഡില്ലാത്ത നൂറുകണക്കിന് പേര്‍ക്ക് അതുമില്ല. പട്ടണത്തിലെ ഗോഡൗണുകളില്‍ ഇവര്‍ക്ക് അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ ഇവരുടെ ക്യാമ്പിലെത്തിക്കാന്‍ തന്നെ വന്‍ തുക വേണം.
ഒരിടത്തും നീതികിട്ടാത്ത നിങ്ങള്‍ ഇനി എന്തുചെയ്യും. ചോദ്യം കേട്ട ബ്രൂണോ മിസ എന്ന നാല്പതുകാരന്‍ കരഞ്ഞു കല്ലിച്ചുപോയ മുഖത്ത് ചിരിവരുത്താന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു- ''പുതിയ സര്‍ക്കാരിനെ കണ്ട് ചര്‍ച്ച നടത്തും. പ്രതീക്ഷയില്ല. എങ്കിലും.'' അഭയാര്‍ഥികളുടെ കൂട്ടായ്മയായ മിസോറം ബ്രൂ ഡിസ്‌പ്ലേസ്ഡ് പീപ്പിള്‍സ് ഫോറത്തിന്റെ (എം.പി.ഡി.പി.എഫ്) ജനറല്‍ സെക്രട്ടറിയാണ് ബ്രൂണോ മിസ. അച്ഛന്‍ മിസോ വംശജന്‍. അമ്മ റിയാങ് വംശജ. അമ്മ മിസോ അല്ലാത്തതിനാല്‍ സര്‍ക്കാര്‍ ജോലി പോലും നിരസിക്കപ്പെട്ട മനുഷ്യന്‍. റിയാങ്ങുകള്‍ക്കിടയിലെ ആദ്യത്തെ ബിരുദധാരി. ത്രിപുരയില്‍ കഴിയുന്ന അഭയാര്‍ഥികളുടെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എം.ബി.ഡി.പി.എഫ് ആണ്. സര്‍ക്കാര്‍ തലത്തിലും മറ്റും നടക്കുന്ന ചര്‍ച്ചകളില്‍ അഭയാര്‍ഥികളെ പ്രതിനിധീകരിക്കുന്നത് ഇതിന്റെ ഭാരവാഹികളാണ്. എ. സൈയ്ബുങ്ച ആണ് ഫോറത്തിന്റെ പ്രസിഡന്റ്. ക്യാമ്പിന്റെ സുരക്ഷാ കാര്യങ്ങള്‍ക്കായി ക്യാമ്പ് ഡിഫന്‍സ് കമ്മിറ്റി എന്ന ഒരു സംവിധാനം കൂടി ഉണ്ട്. അഭയാര്‍ഥികള്‍ക്കിടയിലെ തര്‍ക്കങ്ങളും മറ്റും പറഞ്ഞു തീര്‍ക്കുന്നത് ക്യാമ്പ് ഡിഫന്‍സ് കമ്മിറ്റി ചേര്‍ന്നാണ്. ഒരു പോലീസിനെപ്പോലെയുള്ള പ്രവര്‍ത്തനം.
സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ മാത്രം കൊണ്ട് ജീവിക്കാന്‍ റിയാങ്ങുകള്‍ക്കാവില്ല. ചെറിയ ജോലികള്‍ക്കായി ഇവര്‍ മറ്റു ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പോകാറുണ്ടെങ്കിലും മിക്കവര്‍ക്കും ജോലി കിട്ടാറില്ല. കിട്ടുന്നവര്‍ക്കാകട്ടെ തുച്ഛമായ ശമ്പളം നല്‍കി പറഞ്ഞു വിടും. ആരും ചോദിക്കാനില്ലെന്നതിനാല്‍ എത്ര കുറഞ്ഞ തുക നല്‍കിയാലും അവര്‍ വാങ്ങിക്കൊള്ളുമെന്ന് ജോലിക്കു നിര്‍ത്തുന്നവര്‍ക്ക് അറിയാം. എം.ബി.ഡി.പി.എഫ് മുന്‍കൈയെടുത്താണ് രോഗികള്‍ക്കുവേണ്ട മരുന്നും മറ്റും സംഘടിപ്പിച്ചുകൊടുക്കുന്നത്. എന്‍.ജി.ഒ കള്‍ നല്‍കുന്ന സംഭാവനകളാണ് ഇതിന് ഉപയോഗിക്കുന്നത്.

രണ്ടു തലമുറ ഈ അഭയാര്‍ഥിക്യാമ്പുകളില്‍ പിറന്നു വീണുകഴിഞ്ഞു. ഇനി മിസോറാമിലേക്ക് തിരികെ പോകണോ എന്ന കാര്യത്തില്‍ ഇവരുടെയിടയില്‍ ആശയക്കുഴപ്പമുണ്ട്. ത്രിപുര സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് എത്രനാള്‍ ഇവിടെ ഇനി കഴിഞ്ഞു കൂടാമെന്ന് അറിയില്ല. മടങ്ങിപ്പോകാമെന്ന് കരുതിയാല്‍ എവിടേക്ക്?. കൊലക്കത്തിയൊരുക്കി കാത്തിരിക്കുന്നവര്‍ക്ക് ഇടയിലേക്ക് ചെന്നാല്‍ സമാധാനമായി ജീവിക്കാന്‍ കഴിയുമെന്ന് ഇവര്‍ക്ക് പ്രതീക്ഷയില്ല.
മിസോറാമില്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി എന്തെങ്കിലും സംസാരിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നത് ബിയാക്‌തോമ, ലാല്‍മിങ്താങ എന്നീ നേതാക്കളെയാണ്. റിയാങ്ങുകളുമായി ബന്ധമുള്ള ഇവര്‍ ഇക്കുറി തിരഞ്ഞെടുപ്പില്‍ അഭയാര്‍ഥികള്‍ക്ക് വോട്ടുള്ള മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. ഇവര്‍ ജയിച്ചാലും ഒന്നും ചെയ്യാന്‍ മിസോകള്‍ അനുവദിക്കില്ല എന്നറിയാം. എങ്കിലും തങ്ങള്‍ക്കുവേണ്ടി ഇവര്‍ സംസാരിച്ചേക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് ഇവര്‍ക്ക് വോട്ടുചെയ്യാന്‍ അഭയാര്‍ഥികള്‍ തയ്യാറായത്.
നീണ്ട നാളുകളായി തുടരുന്ന അഭയാര്‍ഥി പ്രശ്‌നം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പലതവണ ഇയര്‍ന്നു വന്നു. എന്നാല്‍ അപ്പോഴൊക്കെയും പ്രശ്‌നം പരിഹരിക്കണമെന്ന് മിസോറാം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകമാത്രമാണ് കേന്ദ്രം ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് തിരികെ പോകുന്നതിനായി ശരിയായ ഒരു പാക്കേജ് ഒരുക്കാന്‍ പോലും തയ്യാറായിട്ടില്ല. അഭയാര്‍ഥി പ്രശ്‌നം ദേശീയ വേദികളില്‍ നാണക്കേടായി മാറിത്തുടങ്ങിയപ്പോള്‍ ഇവരെ മിസോറാമിലെത്തിക്കാന്‍ നടപടികളെടുത്തെന്ന് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തി. ഇതിന്റെ ഭാഗമായി തിരികെ എത്തുന്നവര്‍ക്ക് ഒരുവര്‍ഷത്തേക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചു. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് തിരിച്ചുചെന്നവര്‍ ചൂണ്ടയിലെ ഇരവിഴുങ്ങിയ മീനുകളെപ്പോലെ കുടുക്കില്‍പ്പെടുകയായിരുന്നു. 1600 -ഓളം പേരാണ് മൂന്നു ക്യാമ്പുകളില്‍ നിന്നായി മിസോറാമിലേക്ക് മടങ്ങിപ്പോയത്. ഇവരെ അവിടെയും നരകയാതനയായിരുന്നു കാത്തിരുന്നത്. ഇവര്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുചോദിച്ചു സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലാന്‍ പോലും അനുവദിച്ചില്ല. അവിടെ ഒരു ഗ്രാമത്തില്‍ തടവു പുള്ളികളെപ്പോലെ ഇവര്‍ കഴിയുകയാണ്.
നൈസിങ്പാറയിലെ ക്യാമ്പില്‍ നാല് ഐ.സി.ഡി.എസ് അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 24 എസ്.എന്‍.പി കേന്ദ്രങ്ങളും (സ്‌പെഷല്‍ ന്യൂട്രീഷന്‍ പ്രോഗ്രാം). ഒരേ ജോലിയാണ് ഇരുകേന്ദ്രങ്ങളിലെയും ജീവനക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഐ.സി.ഡി.എസിനു കീഴിലുള്ള സ്ഥാപനത്തിനു കീഴിലുള്ളവര്‍ 4000 രൂപ വീതം ഹോണറേറിയം വാങ്ങുമ്പോള്‍ എസ്.എന്‍.പി കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് നല്‍കുന്നത് വെറും 500 രൂപ. ഐ.സി.ഡി.എസ് ജീവനക്കാര്‍ ത്രിപുരക്കാരും എസ്.എന്‍.പിയിലെ ജീവനക്കാര്‍ അഭയാര്‍ഥികളായതിനാലാണ് ഈ വേറുകൃത്യം.
ഇവയ്ക്കു പുറമെ ഈ ക്യാമ്പില്‍ ആകെയുള്ളത് ഒരു എല്‍.പി. സ്‌കൂളാണ്. ഉച്ചഭക്ഷണം കിട്ടുമെന്നതിനാല്‍ ഇവിടെ കുട്ടികള്‍ വരുന്നുണ്ട്. അവിടം കൊണ്ട് ക്യാമ്പിലെ കുട്ടികളുടെ പഠനം അവസാനിക്കുന്നു. ഇവിടെ നിന്ന് രണ്ടു കി.മീറ്റര്‍ അകലെ ഒരു ക്രിസ്ത്യന്‍ സ്‌കൂള്‍ ഉണ്ട്. എന്നാല്‍ പണം നല്‍കേണ്ടതിനാല്‍ അവിടേക്ക് ഇവരില്‍ നിന്ന് ആരും പോകാറില്ല.
കൃഷിചെയ്യാനും വീടുവയ്ക്കാനുമുള്ള സ്ഥലം ആണ് മിസോറാം സര്‍ക്കാരിനുമുന്നില്‍ ഇവര്‍ വച്ചിട്ടുള്ള പ്രധാനആവശ്യം. ഒപ്പം സുരക്ഷയും. എന്നാല്‍ ഇവരെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കേന്ദ്രത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇവിടെയെത്തിയ മിസോറം സര്‍ക്കാരിന്റെ പ്രതിനിധി അതൊന്നും നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തങ്ങള്‍ എവിടെ താമസിക്കുമെന്ന ചോദ്യത്തിനും നിങ്ങള്‍ നാട്ടിലേക്ക് മടങ്ങിവരണം എന്ന മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളു. കൃഷിചെയ്ത് ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നേടുന്നവരെ രണ്ടുവര്‍ഷത്തേക്ക് സൗജന്യറേഷന്‍ നല്‍കണമെന്ന ആവശ്യത്തോടും സര്‍ക്കാരിന് പ്രതികരണമില്ല. വീടുവയ്ക്കാന്‍ 1.5 ലക്ഷം രൂപ വീതം നല്‍കണമെന്ന ആവശ്യവും ഇവര്‍ മൂന്നോട്ടു വച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് 80000 രൂപയാണ്. എന്നാല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അവിടെ പോയവര്‍ക്ക് പ്രഖ്യാപിച്ചതുപോലും നല്‍കുന്നില്ലെന്നിരിക്കെ ഈ ആവശ്യങ്ങളൊക്കെ ഇവരുടെ പ്രതീക്ഷകള്‍ മാത്രമായി നിലനില്‍ക്കുകയേയുള്ളൂ.

 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -