ജീവലോകത്തെ അതിശയമാണ് അമ്യൂര്‍ പ്രാപ്പിടിയന്‍മാര്‍. തെക്കുകിഴക്കന്‍ സൈബീരിയയിലും വടക്കന്‍ ചൈനയിലും പ്രജനനം നടത്തുന്ന ഈ പക്ഷികള്‍ ശൈത്യകാലം ചെലവഴിക്കാന്‍ ലോകത്തിന്റെ മറ്റേ അറ്റത്തുള്ള തെക്കേ ആഫ്രിക്കയിലേക്കാണു പറക്കുന്നത്. 22,000 കിലോമീറ്റര്‍ നീളും ഈ ലോകസഞ്ചാരം. ലോകത്തില്‍ ഏറ്റവുമധികം ദൂരം ദേശാടനം നടത്തുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ഇവയുടെ സ്ഥാനം.
പ്രാപ്പിടിയന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഏതോ ഭീകര ജീവിയാണെന്നു തോന്നുമെങ്കിലും പാവങ്ങളാണ് അമ്യൂര്‍ ഫാല്‍ക്കണുകള്‍. ചെറു പ്രാണികളെ തിന്നു ജീവിക്കുന്ന കൊച്ചു പക്ഷികള്‍. ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി മൂന്നാഴ്ചക്കാലം ഇവ നാഗാലാന്‍ഡിലെ വൊഖാ, മൊക്കച്ചുങ് ജില്ലകളില്‍ ചേക്കേറും. ബ്രഹ്മപുത്രയുടെ കൈവഴിയായ ദൊയാങ്ങിലെ ജലവൈദ്യുത പദ്ധതിയുടെ ഹൈടെന്‍ഷന്‍ ലൈനുകള്‍ അക്കാലത്ത് ലക്ഷക്കണക്കിനു പക്ഷികളെക്കൊണ്ടു നിറയും.
ദേശാടനക്കിളികളുടെ കൗതുകക്കാഴ്ചകൊണ്ടല്ല, ഈ പ്രദേശങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. അവയുടെ കൂട്ടക്കുരുതിയുടെ പേരിലാണ്. വിരുന്നുകാരായെത്തുന്ന ഈ കിളികളെ നാട്ടുകാര്‍ നിര്‍ദ്ദയം പിടിച്ചു തിന്നുമായിരുന്നു. ഈ വര്‍ഷം പക്ഷേ, നാഗാ ജനത ആ ചരിത്രം തിരുത്തി. അവര്‍ ദേശാടകരുടെ രക്ഷകരായി. പ്രാപ്പിടിയന്റെ ഇറച്ചി വാങ്ങാനല്ല, അവയെ കാണാനാണ് ഇത്തവണ സന്ദര്‍ശകര്‍ ദൊയാങ്ങിലും പാങ്തിയിലുമെത്തുന്നത്. മനോഹരമാണാ കാഴ്ച. അങ്ങോട്ടുള്ള യാത്രയും അങ്ങനെത്തന്നെ.
വൊഖാ ജില്ലയിലെ ദൊയാങ്ങും അയല്‍ ഗ്രാമങ്ങളായ പാങ്തിയും ആശായുമാണ് അമ്യൂര്‍ പ്രാപ്പിടിയന്‍മാരുടെ പ്രധാന ഇടത്താവളങ്ങള്‍. നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരമേയുള്ളൂ വൊഖാ ജില്ലാ ആസ്ഥാനത്തേക്ക്. പക്ഷേ രാവിലെ എട്ടരയ്ക്കു വണ്ടിയില്‍ കയറിയെങ്കിലും അവിടെ എത്തിയത് വൈകീട്ടു മൂന്നരയ്ക്കാണ്.
നാഗാലാന്‍ഡ് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു ബസ്സ് ദിവസവും രാവിലെ വൊഖായിലേക്ക് ഒരു സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നാട്ടുകാര്‍ ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളെയാണ്. പൊളിച്ചടുക്കി വില്‍ക്കാറായ ടാറ്റാ സുമോയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സമാന്തര സര്‍വീസുകാരുടെ വാഹനം. അതു സമയത്ത് നന്നാക്കുകയോ കഴുകുകയോ ഇല്ല. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ് പാത. വളവും തിരിവും കയറ്റവും ഇറക്കവുമല്ലാതെ നിവര്‍ന്നു നേരേ കിടക്കുന്ന റോഡ് എവിടെയുമില്ല. ഈ റോഡിലേക്ക് ഇത്തരം വണ്ടികളേ പറ്റൂ.
സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 4793 അടി ഉയരെയാണ് വോഖ. അങ്ങോട്ടുള്ള വഴി അതിലും ഉയരെയാണ്. തണുപ്പുകാലത്ത് ഇവിടത്തെ താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. തണുപ്പു തുടങ്ങുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. ഇടക്കിടെ പാത കോടമഞ്ഞുവന്നു മൂടി. മേഘപാളികള്‍ തലയ്ക്കു മുകളിലല്ല, മലനിരകള്‍ക്കു താഴെയാണ് പലയിടത്തും. ഇന്നാട്ടുകാര്‍ ആരാധിക്കുന്ന തിയി കൊടുമുടി ഇവിടെയാണ്. മരണമടഞ്ഞവരുടെ ആത്മാക്കളുടെ സങ്കേതമാണീ മലയെന്നാണ് ഇവിടത്തെ ലോഥാ ഗോത്രവര്‍ഗക്കാരുടെ വിശ്വാസം.

വോഖയിലേക്കുള്ള പാതി ദൂരം പിന്നിട്ടപ്പോള്‍ വണ്ടിയുടെ ടയറുപൊട്ടി. അതു നന്നാക്കി കുറച്ചുദൂരം പോയപ്പോള്‍ എഞ്ചിന്‍ പണിമുടക്കി. അതിലും കഷ്ടമായിരുന്നു വൊഖായില്‍ നിന്ന് ദൊയാങ്ങിലേക്കുള്ള യാത്ര. ക്ലച്ചു ഡിസ്‌ക് തേഞ്ഞില്ലാതായ വണ്ടി വലിയ കുഴികളില്‍ ചാടുമ്പോഴെല്ലാം ഓഫാകും. സ്റ്റാര്‍ട്ടാക്കണമെങ്കില്‍ തള്ളണം. വഴിയില്‍ കാണുന്നവരോട് ഡ്രൈവര്‍ അധികാര സ്വരത്തില്‍ത്തന്നെ തള്ളാന്‍ ആവശ്യപ്പെടും. അതു തങ്ങളുടെ ഉത്തരവാദിത്വമാണെന്ന മട്ടില്‍ അവരത് അനുസരിക്കുകയും ചെയ്യും. വഴിയിലാരും ഇല്ലാത്തപ്പോള്‍ ഞങ്ങള്‍ തന്നെ ഇറങ്ങിത്തള്ളും. മടക്കയാത്രയില്‍ അതിന്റെ എന്‍ജിനും നിന്നുപോയി. യാത്രക്കാര്‍ പ്രതിഷേധസ്വരം പുറപ്പെടുവിക്കാതെ മടുപ്പോ നിരാശയോ പ്രകടിപ്പിക്കാതെ തികഞ്ഞ ക്ഷമയോടെ ഏതെങ്കിലുമൊരു വണ്ടി വരുമെന്ന പ്രതീക്ഷയോടെ പുറത്തിറങ്ങി നിന്നു.
ഇവിടെ അങ്ങനെയാണ്. ആര്‍ക്കും വലിയ തിരക്കൊന്നുമില്ല ഗ്രാമത്തില്‍ നിന്ന് അടുത്ത പട്ടണത്തിലേക്കു പുറപ്പെടുന്നവര്‍ നിശ്ചിതസമയത്ത് എത്തണമെന്നു കരുതിയോ അന്നു തിരിച്ചെത്താമെന്നു കരുതിയോ അല്ല പോകുന്നത്. എത്തിയാല്‍ എത്തി. അതുകൊണ്ടുതന്നെ ആര്‍ക്കും പിരിമുറുക്കമില്ല, പിറുപിറുക്കലുകളില്ല. വൊഖായില്‍ നിന്ന് ദൊയാങ്ങിലേക്ക് നാല്‍പതു കിലോമീറ്റര്‍ ദൂരമേയുള്ളൂ. അവിടേയ്ക്ക് ഒരു സര്‍ക്കാര്‍ ബസ്സുണ്ട്. ദിവസവും രാവിലെ അതു വോഖയില്‍ നിന്നു പുറപ്പെടും. ഒരു ദിവസം അവിടെ കിടന്ന് പിറ്റേന്നു രാവിലെയാണ് തിരിച്ചുള്ള സര്‍വീസ്.

ഒരു മലയുടെ അപ്പുറവും ഇപ്പുറവുമായി കിടക്കുന്ന ചെറിയോരു പട്ടണമാണ് വൊഖ. ഏതാനും സര്‍ക്കാര്‍ ഓഫീസുകളും കുറച്ചു കച്ചവടസ്ഥാപനങ്ങളും മാത്രമാണ് ജില്ലാ ആസ്ഥാനത്തുള്ളത്. രാവിലെ വൈകിയേ ഉണരൂ എങ്കിലും വൈകുന്നേരം അഞ്ചുമണിയാവുന്നതോടെ പട്ടണം ഉറങ്ങും. കടകള്‍ നേരത്തേ അടയ്ക്കുമെന്നറിയാവുന്നതുകൊണ്ട് വൈകീട്ട് അഞ്ചു മണിക്ക് പുറത്തിറങ്ങി, രാത്രിയിലേയ്ക്കുള്ള ഭക്ഷണം വാങ്ങിവെക്കാന്‍. പക്ഷേ നാലരയ്ക്കു തന്നെ ഹോട്ടലുകളെല്ലാം അടച്ചുപോയിരുന്നു. രണ്ടു പ്രമുഖ ബാങ്കുകളുടെ എ.ടി.എം ഉണ്ട് പട്ടണത്തില്‍. ഞങ്ങള്‍ വൊഖായില്‍ ചെലവിട്ട രണ്ടു ദിവസവും അവ അടഞ്ഞുതന്നെ കിടക്കുകയായിരുന്നു.
വൊഖായില്‍ നിന്നു ദൊയാങ്ങിലേക്കുള്ള പാത ഏറെക്കുറെ വിജനമാണ്. ഇടതൂര്‍ന്ന കാടിനു നടുവിലൂടെയാണ് യാത്ര. മുതുകില്‍ മുളങ്കൂടയും സഞ്ചിയും കൈയില്‍ നാഗാ കത്തിയുമായി നീങ്ങുന്ന കര്‍ഷക സ്ത്രീകളെ ഇടക്കു കാണാം. പിന്നില്‍ തോക്കു തൂക്കി നീങ്ങുന്ന നായാട്ടു സംഘങ്ങളും കുറവല്ല. പട്ടിയെയും പുഴുവിനെയും പൂല്‍ച്ചാടിയെയുമെല്ലാം ഭക്ഷണമാക്കുന്ന നാഗാജനതയ്ക്ക് മൃഗവേട്ട നിത്യജീവിതത്തിന്റെ ഭാഗമാണ്. ദേശാടകരായെത്തുന്ന അപൂര്‍വ പക്ഷികള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന നോട്ടമൊന്നുമില്ല അവര്‍ക്ക്. ദൊയാങ് നദീ തീരത്ത് കൂട്ടത്തോടെയെത്തുന്ന അമ്യൂര്‍ പ്രാപ്പിടിയന്‍മാരെയും അവര്‍ കൊന്നുതിന്നാറാണു പതിവ്. ദൊയാങ് ജലവൈദ്യുത പദ്ധതിയുടെ ഹൈടെന്‍ഷന്‍ വൈദ്യുത ലൈനുകളില്‍ കഴിയുന്ന പക്ഷികള്‍ രാത്രി നിലത്തിറങ്ങും. പകല്‍ അവ തിരിച്ചു പറക്കുന്ന പാതകളില്‍ നാട്ടുകാര്‍ വലവിരിക്കും. രാവിലെയാവുമ്പോള്‍ നൂറു കണക്കിനു പക്ഷികള്‍ വലയില്‍ കുരുങ്ങിക്കിടക്കുന്നുണ്ടാവും. ദൊയാങ്ങിലും പരിസരങ്ങളിലും അക്കാലത്ത് പ്രാപ്പിടിയന്റെ ഇറച്ചി യഥേഷ്ടം കിട്ടുമായിരുന്നു. ഓരോ വര്‍ഷവും ഒന്നേ കാല്‍ ലക്ഷത്തോളം അമ്യൂര്‍ ഫാല്‍ക്കുകള്‍ നാഗാലാന്‍ഡില്‍ വേട്ടയാടപ്പെടുന്നുണ്ടൊണ് അന്താരാഷ്ട്ര സംഘടനകളുടെ കണക്ക്.
കഴിഞ്ഞ വര്‍ഷം ഈ കുരുതിയുടെ ചിത്രങ്ങളും വാര്‍ത്തയും ലോക മാധ്യമങ്ങളില്‍ ഇടംപിടിച്ചു. ദേശാടനക്കിളികളെ സംരക്ഷിക്കുതിനുള്ള അന്താരാഷ്ട്ര ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുള്ള ഇന്ത്യ ഈ പ്രാപ്പിടിയന്മാര്‍ക്ക് സുരക്ഷിത പാതയൊരുക്കാന്‍ ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ നടപടിയെടുക്കുതിന് കേന്ദ്രസര്‍ക്കാറിനും നാഗാലാന്‍ഡ് ഭരണകൂടത്തിനും മേല്‍ കനത്ത സമ്മര്‍ദ്ദമുയരുകയും ചെയ്തു. അതിന്റെ ഫലമായാണ് ഇത്തവണ പ്രാപ്പിടിയന്‍മാരുടെ സംരക്ഷണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടത്.

നാഗാലാന്‍ഡിലെ ഏറ്റവും വലിയ നദിയാണ് ദൊയാങ്. വൈദ്യുതപദ്ധതിയുടെ ജലസംഭരണിയുടെ തീരത്താണ് ദൊയാങ് ഗ്രാമം. ഈ പാലം കടന്നാല്‍ അയല്‍ ഗ്രാമമായ പാങ്്തിയിലെത്താം. പ്രാപ്പിടിയന്‍മാരുടെ സംരക്ഷണമുറപ്പാക്കുതിനായി അവ ചേക്കേറുന്ന പാങ്്തി, സുന്‍ഗ്രോ, ആശാ ഗ്രാമങ്ങളിലെ വില്ലേജ് കൗണ്‍സിലുകളും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും സംസ്ഥാനത്തെ പരിസ്ഥിതി സംഘടനയായ നാച്ചുറല്‍ നാഗാസും ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്്. ഇതനുസരിച്ച് നാട്ടുകാര്‍ ദേശാടനക്കിളികളുടെ സംരക്ഷണം ഉറപ്പാക്കും. മാനസാന്തരപ്പെട്ട വേട്ടക്കാരും കര്‍ഷകരും മീന്‍മിപിടുത്തക്കാരുമടങ്ങുന്ന കാവല്‍ സംഘത്തിനായിരിക്കും അതിന്റെ ചുമതല. ഇവര്‍ക്ക് അധികൃതര്‍ പ്രതിഫലം നല്‍കും. പക്ഷിയുടെ ഇറച്ചി തിന്നു ജീവിച്ചിരുന്നവര്‍ക്ക് ജീവനോപാധിയായി കോഴി വളര്‍ത്തു പദ്ധതിയുണ്ട്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതു കാരണം കൃഷി നശിച്ചവര്‍ക്കു നഷ്ടപരിഹാരം നല്‍കും. വൊഖാ, മൊക്കച്ചുങ് ജില്ലകളില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വന്യമൃഗ വേട്ട പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുതിന് സംസ്ഥാനമൊട്ടാകെ നിരോധനമേര്‍പ്പെടുത്തിയി'ുണ്ട്. പ്രാപ്പിടിയന്‍മാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്് നാട്ടുകാരെ ബോധവത്ക്കരിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
വനംവകുപ്പും ജില്ലാ ഭരണകൂടവുമാണ് ദേശാടനക്കിളികളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മലയാളിയായ ആര്‍. വ്യാസനാണ് വൊഖായിലെ ഡെപ്യൂട്ടി കമ്മീഷണര്‍. ജില്ലാ കളക്ടറല്ല, ഡെപ്യൂട്ടി കമ്മീഷണറാണ് നാഗാലാലന്‍ഡിലെ ജില്ലാ ഭരണാധികാരി.
നാഗാലാന്‍ഡിലെ ഏറ്റവും വിഭവസമൃദ്ധ പ്രദേശം കൂടിയാണ് ദൊയാങ്. ഇവിടത്തെ അണക്കെട്ട് ഒരേ സമയം ജലവൈദ്യുതിയും മത്സ്യ സമ്പത്തും നല്‍കുന്നു. കഴിഞ്ഞ വര്‍ഷം 357 ടണ്‍ മീനാണ് ഇവിടെ നിന്ന് പിടിച്ചത്. ഇവിടത്തെ 300 കുടുംബങ്ങള്‍ കഴിയുന്നത് മീന്‍പിടിത്തത്തിലൂടെയാണ്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കുടൊരുക്കിയും വിത്തെറിഞ്ഞുമാണ് മീന്‍ പിടിക്കുന്നത്. കട്‌ലയും റോഹുവുമാണ് പ്രധാന മീനുകള്‍. ദൊയാങ്ങിലും പരിസരങ്ങളിലും കിലോഗ്രാമിന് നൂറു രൂപയ്ക്കു ഇവ കിട്ടും. ദൊയാങ് മീന്‍ മറ്റിടങ്ങളിലെത്തുമ്പോള്‍ വില 150 രൂപയാവും. ദൊയാങ്ങിലെ മീന്‍ അയല്‍സംസ്ഥാനങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന വ്യാപാരികളുമുണ്ടിവിടെ.
ഇവിടത്തുകാരെ സംബന്ധിച്ചിടത്തോളം വല വീശി മീന്‍പിടിക്കുന്നതും വലയിട്ടു പക്ഷികളെ പിടിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പ്രാപ്പിടിയവേട്ട മിന്‍പിടിത്തം പോലെ തന്നെയായിരുന്നൂ അവര്‍ക്ക്. ദേശാടനപ്പക്ഷികള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന കാര്യം ഇപ്പോഴാണ് അവര്‍ക്കു തോന്നിത്തുടങ്ങിയത്.
ഏതായാലും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടുതുടങ്ങി. ഈ വര്‍ഷം ഇതുവരെ ഇവിടെ ദേശാടനപ്പക്ഷികള്‍ കൊല്ലപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ദൊയാങ്ങിലെത്തുമ്പോള്‍ ദൂരെ നിന്നു തന്നെ വളരെ ഉയരെ വൈദ്യുത ലൈനുകളില്‍ നൂറു കണക്കിനു കിളികള്‍ ഇരിക്കുന്നുന്നതു കാണാം. ഇതിനകം അര ലക്ഷത്തിലേറെ പക്ഷികള്‍ എത്തിക്കഴിഞ്ഞെന്നാണ് കണക്ക്. നവംബര്‍ മാസത്തോടെ ലക്ഷക്കണക്കിനെണ്ണമെത്തും. പകലു മുഴുവന്‍ അവ വൈദ്യുതക്കമ്പികളിലായിരിക്കും. പറന്നു നടക്കുന്നചെറു പ്രാണികളെ അകത്താക്കും. ശബ്ദമുണ്ടാക്കുമ്പോള്‍ അവ ഒന്നുകൂടെ ഉയരേയ്ക്കു പറക്കും. വൈകുന്നേരമേ താഴെയിറങ്ങൂ. അപ്പോഴേ അടുത്തു കാണാനാവൂ.
കഴിഞ്ഞ വര്‍ഷം വരെ പക്ഷികളെ കൊന്നുതിന്നിരുന്ന നാട്ടുകാര്‍ ഇത്തവണ അവയെ കാണാനെത്തുവരുടെ വഴികാട്ടികളായി മാറിയിരിക്കുകയാണ്. മീന്‍പിടിത്തക്കാരായ തോങ് ലോഥയും ടീക്കയുമാണ് ഞങ്ങള്‍ക്കു വഴികാട്ടാന്‍ വന്നത്.
അമ്യൂര്‍ പ്രാപ്പിടിയന്‍മാരുടെ സവിശേഷതകെളെല്ലാം ലോഥ വലിയ ഉത്സാഹത്തോടെ നല്ല ഇംഗ്ലീഷില്‍ വിവരിച്ചു. ഈ പക്ഷികള്‍ തങ്ങളുടെ അഭിമാനമാണെന്നു പറഞ്ഞു.
ഇത്രയും കേട്ടപ്പോള്‍ ലോഥയോടു ചോദിച്ചു. 'പ്രാപ്പിടിയന്റെ ഇറച്ചിയെങ്ങനെ? '
'ഉം... അപാര സ്വാദാണ്.' ലോഥയുടെ മുഖം തിളങ്ങി. 'പക്ഷേ ഈ വര്‍ഷം ഒരൊറ്റയെണ്ണത്തിനെ തിന്നിട്ടില്ല', ഒരു നിമിഷം അവിടെ സങ്കടം മിന്നി മറഞ്ഞു. പക്ഷേ ഉടന്‍ തന്നെ അദ്ദേഹം സമചിത്തത വീണ്ടെടുത്തു. 'ഇല്ല, ഞങ്ങളിനി അവയെ കൊന്നു തിന്നില്ല. അവ ഞങ്ങളുടെ അതിഥികളാണ്.